മലയാള സിനിമ വ്യവസായത്തിലെ ഈ ഇടിവിനെ മറികടക്കാൻ സൂപ്പർ താരങ്ങൾ പ്രതിഫലം വാങ്ങുന്ന രീതിയിൽ നിന്ന് ലാഭം പങ്കിടുന്ന തരത്തിലേക്ക് മാറണണം
2024ലെ ആദ്യ പകുതി പിന്നിടുമ്പോൾ മലയാള സിനിമയുടെ ബോക്സ് ഓഫീസ് മുന്നേറ്റത്തിനിടയിലും ഒടിടി-സാറ്റലൈറ്റ് വിപണി പ്രതിസന്ധിയിലാണെന്ന നിർമ്മാതാക്കളുടെ ആശങ്ക പ്രധാന ചർച്ചയാവുകയാണ്. തിയറ്റർ റിലീസിനപ്പുറം വെളിച്ചം കാണാതെ പോകുന്ന എണ്ണമറ്റ സിനിമകൾ ഏറെ. സൂപ്പർ താരങ്ങൾ അടക്കമുള്ളവരുടെ ചിത്രങ്ങളെയും ഒടിടിയുടെ ഈ താൽപര്യമില്ലായ്മ വല്ലാതെ ബാധിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് ഒടിടി പ്ലാറ്റ്ഫോമുകളിൽ മലയാള സിനിമയ്ക്ക് സംഭവിച്ച കുതിച്ച് ചാട്ടത്തിന് പിറകെ ഒടിടിക്ക് വേണ്ടി മാത്രമായി നിരവധി പ്രൊജക്ടുകളാണ് നിർമിക്കപ്പെട്ടത്. എന്നാൽ വമ്പൻ തുക കൊടുത്ത് വാങ്ങിയ പല സിനിമകൾക്കും ഒടിടിയിൽ വലിയ തരത്തിലുള്ള പ്രേക്ഷകരെയോ സബ്സ്ക്രെെബഴ്സിനെയോ സൃഷ്ടിക്കാൻ സാധിച്ചില്ല. ഇതോടെ ഒടിടിക്ക് മലയാള സിനിമയോടുള്ള കമ്പം വലിയ തരത്തിൽ കുറഞ്ഞു. മുൻനിര പ്ലാറ്റ്ഫോമുകൾ വെബ് സീരീസുകളിലേക്കും ഒറിജിനലുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചതും ഒടിടി വിൽപ്പനക്ക് തിരിച്ചടിയായി.
സിനിമകളുടെ ഒടിടി സാറ്റലൈറ്റ് വിൽപ്പനകളിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന നിർമ്മാതാക്കളുടെ സംഘടനയുടെ വിലയിരുത്തലിന‍്റെ പശ്ചാത്തലത്തിൽ തിയറ്ററുടമയും വിതരണക്കാരനുമായ സുരേഷ് ഷേണോയ് സംസാരിക്കുന്നു.
തിയറ്ററിൽ പ്രദർശന വിജയം നേടിയ ശേഷം മാത്രമേ സിനിമകളുടെ ഒടിടി-സാറ്റലൈറ്റ് അവകാശം സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും സാറ്റലൈറ്റ് ചാനലുകളിലും വിറ്റ് പോകൂ എന്ന സാഹചര്യമുണ്ടായിട്ടുണ്ട്. എന്തുകൊണ്ട് മലയാള സിനിമയ്ക്ക് ഒടിടി സാറ്റലൈറ്റ് തുക കിട്ടുന്നില്ല?
ഈ കഴിഞ്ഞ ഒരു അഞ്ച് വർഷത്തെ കാലയളവ് എടുക്കുകയാണെങ്കിൽ കൊവിഡിന്റെ സമയത്താണ് ഒ.ടി.ടി എടുക്കുന്ന സിനിമകളുടെ കച്ചവട തുക വലിയ തോതിൽ വർദ്ധിച്ചത്. അന്ന് വലിയ ജാക്ക്പോട്ടാണ് എന്ന് കരുതി അവർ പത്ത് രൂപയുടെ സാധനം നാൽപത് രൂപയ്ക്കും അമ്പത് രൂപയ്ക്കും എടുത്തു. പിന്നീടാണ് ഇതിന് വിചാരിച്ചത്ര മൂല്യമില്ല എന്ന് അവർക്ക് മനസ്സിലായത്. അതായത് അവർ അത്രയും രൂപ ഇൻവസ്റ്റ് ചെയ്തതിന് ആനുപാതികമായി സബ്സ്ക്രിപ്ഷനോ, അധികലാഭമോ ആ സിനിമകളിൽ നിന്നും സൃഷ്ടിക്കാൻ ഈ പ്ലാറ്റ്ഫോമുകൾക്ക് സാധിച്ചില്ല. ഇപ്പോഴുള്ള പ്രധാന പ്രശ്നം അവർക്ക് മലയാള സിനിമയോട് താൽപര്യം ഇല്ല എന്നതാണ്. വളരെ കുറഞ്ഞ നിരക്കാണ് മലയാളത്തിൽ നിന്നുള്ള ചിത്രങ്ങൾക്ക് ഒടിടിക്കാർ പറയുന്നത്. അതുകൊണ്ടാണ് ഒടിടി വ്യവസായത്തിൽ ഇടിവ് സംഭവിച്ചത്. നിർമാതാവ് തന്റെ ചിത്രത്തിന് 25 കോടി രൂപ വേണം എന്ന് ആവശ്യപ്പെടുമ്പോൾ അവർ 5 കോടി മാത്രമേ കൊടുക്കാൻ തയ്യാറാവുന്നുള്ളൂ. അത് മാത്രമല്ല കാണികളുടെ എണ്ണം കൂട്ടാനോ അല്ലെങ്കിൽ സബ്സ്ക്രിപ്ഷനുകളുടെ എണ്ണത്തിൽ കുതിപ്പ് സൃഷ്ടിക്കാനോ മലയാളം സിനിമൾ കൊണ്ട് കഴിയുന്നില്ലെന്ന വിലയിരുത്തലിലാണ് മിക്ക പ്ലാറ്റ്ഫോമുകളും. പ്രാദേശിക ഭാഷകളിലടക്കം അവർ വെബ് സീരീസുകളിലാണ് ഇപ്പോൾ താൽപര്യം കാണിക്കുന്നത്.
മലയാളത്തെക്കാൾ കൂടുതൽ തെലുങ്കിനോടും തമിഴിനോടും ഒടിടി പ്ലാറ്റ്ഫോമുകൾ താൽപര്യം കാണിക്കുന്നുണ്ട്. തമിഴിൽ മികച്ച തിയറ്റർ വിജയം നേടുന്ന സിനിമകളെയാണ് അവർ വിൽപ്പനക്ക് പരിഗണിക്കുന്നത്. ആടുജീവിതത്തിന്റെ പോലും ഒടിടി വിൽപ്പന ഇതുവരെ നടന്നിട്ടില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്.
വെബ് സീരീസുകളിലേക്കുള്ള മാറ്റം മാത്രമാണോ മലയാള സിനിമയുടെ ഡിമാന്റില് ഇടിവ് സംഭവിക്കാൻ കാരണം?
തീർച്ചയായും. അതാണ് പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്. അവർക്ക് വെബ് സീരീസിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട തരത്തിലുള്ള കാഴ്ച്ചക്കാരെയും സബ്സ്ക്രെെബേഴ്സിനെയും ലഭിക്കുന്നുണ്ട്. മാത്രമല്ല സിനിമ താരങ്ങളും വെബ് സീരിസിലേക്ക് എത്തുന്നുണ്ട്, എനിക്ക് തോന്നുന്നു പ്രധാനപ്പെട്ട താരങ്ങളുടെ വെബ് സീരീസും ഇനി മുതൽ വരാൻ തുടങ്ങും.
തിയറ്റർ ശൃംഖല ഉടമ കൂടിയാണല്ലോ താങ്കൾ, സിനിമ തിയറ്ററിൽ ഓടിത്തന്നെ മുടക്കുമുതൽ തിരിച്ചുപിടിക്കണമെന്ന സാഹചര്യമാണോ നിലനിൽക്കുന്നത്?, തിയറ്റർ റണ്ണിലൂടെ മാത്രം മുടക്കുമുതലും ലാഭവും നേടുക എന്നത് പോസിബിളാണോ?
തീർച്ചയായിട്ടും. അത്തരം ഒരു പ്രതിസന്ധി മലയാള സിനിമ ഇപ്പോൾ നേരിടുന്നുണ്ട്. കാരണം മറ്റ് വരുമാന സ്രോതസ്സുകൾ മുമ്പത്തെക്കാൾ കുറഞ്ഞത് കൊണ്ട് മലയാള സിനിമയ്ക്ക് ഇപ്പോൾ തിയറ്ററിൽ നിന്ന് ലഭിക്കുന്ന കളക്ഷനെയാണ് കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത്. ഒരു സിനിമയുടെ ചിലവ് എത്രയാണോ ഉയരുന്നത് അത്ര തന്നെ റിസ്കാണ് അത് ചുരുങ്ങിയ ദിവസത്തിനുള്ളിൽ തിരിച്ചുപിടിക്കുക എന്നത്. ഉദാഹരണത്തിന് ഒരു സൂപ്പർ താര ചിത്രം എടുക്കുകയാണെങ്കിൽ ആ സിനിമയുടെ ഏതാണ്ട് മുക്കാൽ ഭാഗത്തോളം ചിലവ് ആ സൂപ്പർ താരത്തിന്റെ പ്രതിഫലമായിരിക്കും.സിനിമയുടെ ഉള്ളടക്കത്തെക്കാൾ പണം ചെലവാക്കുന്നത് താരങ്ങളുടെ പ്രതിഫലത്തിന് വേണ്ടിയാകും. അങ്ങനെ വരുമ്പോൾ മുടക്കുമുതൽ തിയറ്ററിൽ ഓടി തിരിച്ചുപിടിക്കുക എന്നത് എളുപ്പമാകില്ല. ഒടിടി മാർക്കറ്റ് ഇടിഞ്ഞു, സാറ്റലൈറ്റ് മാർക്കറ്റ് എന്നത് ഏതാണ്ട് ഇല്ലാതായി എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ പൂർണ്ണമായും തിയറ്ററിനെ ആശ്രയിക്കേണ്ട ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. അങ്ങനെ നോക്കുമ്പോൾ സൂപ്പർതാരങ്ങൾ വൻതുക പ്രതിഫലം പറ്റുന്നതിന് പകരം ലാഭവിഹിതം പങ്കിടുക എന്നതായിരിക്കും പരിഹാര മാർഗം. ഹോളിവുഡിൽ ഇത് ഒരു പത്ത് വർഷം മുന്നേ പ്രാവർത്തികമാക്കിയ കാര്യമാണ്. അവിടുത്തെ താരങ്ങൾ പ്രതിഫലത്തിന് പകരമായി സിനിമയുടെ ലാഭ വിഹിതമാണ് പങ്കിടുന്നത്. ബോളിവുഡിലും ഇത് സംഭവിക്കുന്നുണ്ട്. തമിഴിലും ഇത് സംഭവിക്കാൻ തുടങ്ങിയിട്ടുണ്ട്. കേരളത്തിലും അത് സംഭവിക്കുകയാണെങ്കിൽ നല്ലതാണ്. പ്രൊഡ്യൂസേഴ്സിന്റെ വൻ റിസ്കിനെ മറികടക്കാൻ ഇതിലൂടെ മാത്രമേ സാധിക്കൂ
ഒടിടി- സാറ്റലൈറ്റ് വിൽപ്പനയിൽ ഇത്രയും വലിയ ഇടിവ് സംഭവിച്ചിട്ടും ആഴ്ചയിൽ മൂന്ന് സിനിമയെങ്കിലും മിനിമം റിലീസിനെത്തുന്നത് എന്ത് കൊണ്ടാണ്?
ഞാൻ ഇതിന് മുമ്പും ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കൊവിഡിന്റെ സമയത്ത് ഒടിടിയിൽ ഒരു കുതിച്ചുചാട്ടം സംഭവിച്ചപ്പോൾ എല്ലാവരും ഒടിടിക്ക് വേണ്ടി സിനിമ പ്രൊഡ്യൂസ് ചെയ്തു. അത്തരത്തിൽ ഒരുപാട് സിനിമകൾ ഷൂട്ട് ചെയ്ത് വച്ചിട്ടുണ്ട്. അന്നത്തെ പ്ലാൻ പ്രകാരമുള്ള സിനിമകളാണ് ഇപ്പോഴും തിയറ്ററുകളിലെത്തുന്നത്. അത് അവസാനിക്കാൻ ഏകദേശം 2025 ന്റെ പകുതിയെങ്കിലും ആകണം. അത്രയ്ക്ക് സിനിമകളുണ്ട്. അതുകൊണ്ടാണ് ആഴ്ചയിൽ നാലും മൂന്നും സിനിമകൾ ഇറങ്ങുന്നത്. കഴിഞ്ഞ ആഴ്ച റിലീസിനെത്തിയത് (ജൂലൈ 5ന് )ഏട്ട് പടങ്ങളാണ്. അതിൽ ആറെണ്ണവും മലയാള സിനിമയാണ്. അതിൽ പലതിന്റെയും പേര് പോലും ആർക്കും അറിയില്ല. തിയറ്ററിൽ റിലീസ് ചെയ്യാത്ത സിനിമകൾ ഒടിടി പരിഗണിക്കുക പോലുമില്ല. തിയറ്ററിലുള്ള പ്രതികരണം നോക്കിയിട്ട് മാത്രമേ അവർ വില പറയുകയുള്ളൂ.
പണം നൽകി ഇടനിലക്കാർ വഴി തിയറ്ററിൽ ആളെ കയറ്റുകയും കളക്ഷൻ പെരുപ്പിച്ച് കാട്ടുന്നുവെന്നതുമായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കണ്ടെത്തൽ എത്രത്തോളം ഗൗരവമേറിയതാണ്?
അത് വളരെ സത്യമായ കാര്യമാണ്. അതേ സമയം വളരെ ഗൗരവത്തോട് കൂടി കാണേണ്ടുന്ന ഒരു വിഷയം കൂടിയാണ്. സിനിമക്കായി പണം മുടക്കുന്നവർ തന്നെ സിനിമാ കാണാനായി പ്രേക്ഷകരെ സംഘടിപ്പിക്കുക എന്നത് നല്ല പ്രവണതയായി കാണാനാകില്ല. അതൊരു തെറ്റായ മാർഗമാണ്. ഒപ്പം അത് ഇൻഡ്സ്ട്രിക്കും അത് ദോഷമാണ്. ഞാൻ ഈ ഇൻഡസ്ട്രിക്ക് പുറത്തു നിന്നുള്ള ഒരാളാണ് എന്ന് കരുതൂ. എനിക്ക് എല്ലാ ആഴ്ചയിലും ഒരു സിനിമയുടെ ടിക്കറ്റ് കിട്ടുന്നുണ്ട് എന്ന് കരുതുക അങ്ങനെ നൂറ് കണക്കിന് ആൾക്കാരുണ്ടാവും ആ കൂട്ടത്തിൽ. അവരാരും പിന്നീട് പണം കൊടുത്ത് ടിക്കറ്റ് വാങ്ങി തിയറ്ററിലേക്ക് വരില്ല. 1970 കളിലും 80 കളിലും ഈ പ്രവണതയുണ്ടായിരുന്നു. സിനിമ നീട്ടിവയ്ക്കാൻ വേണ്ടി ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്യുക എന്നത്. അത് തന്നെയാണ് ഇപ്പോഴും നടക്കുന്നത്. എന്നാൽ പണ്ടത്തെപ്പോലെ സിനിമ തിയറ്ററിൽ നിന്ന് നീട്ടീ വയ്ക്കാനല്ല, പകരം ആദ്യ ദിനത്തിലും ആദ്യ ഷോയ്ക്കും ആളുകളെ കയറ്റാനാണ് ഈ ശ്രമിക്കുന്നത്. അത് പഴയതിനെക്കാൾ മോശമാണ്. ഇത് തുടരുകയാണ് എങ്കിൽ ഇൻഡസ്ട്രി മുന്നോട്ട് പോകില്ല. ഒടിടിക്ക് വേണ്ടി നിർമ്മിച്ച ഈ സിനിമകളുടെ ഒഴുക്ക് നിന്നു കഴിഞ്ഞാൽ മികച്ച സിനിമകൾ മലയാളത്തിൽ വന്ന് തുടങ്ങും. അതിൽ സംശയമില്ല. പക്ഷേ ഈ സിനിമകൾ തീരുന്നത് വരെ പരാജയപ്പെടുന്ന സിനിമകളുടെ ഒരു സീസൺ തന്നെയുണ്ടാവും.
നിലവിലെ ഈ പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണും?
ഈ പ്രശ്നം രൂക്ഷമായി തുടങ്ങിയിട്ട് ഒരു വർഷത്തിലേക്ക് അടുക്കുന്നു. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ വളരെ ശ്രദ്ധയോടെയാണ് ഇപ്പോൾ സിനിമകൾ തിരഞ്ഞെടുക്കുന്നത്. മാത്രമല്ല കുറഞ്ഞ നിരക്കാണ് നിശ്ചയിക്കുന്നത്. അത് മനസ്സിൽ കണ്ട് വേണം ഓരോ നിർമ്മാതാവും സിനിമയെടുക്കാൻ. അല്ലെങ്കിൽ പ്രതിഫലത്തിന് പകരം ലാഭം പങ്കിടുന്ന തരത്തിലേക്ക് ഇൻഡസ്ട്രി മാറണം. അങ്ങനെ ചെയ്യാത്ത പക്ഷം പ്രൊഡ്യൂസർക്ക് ഒന്നും തന്നെ ലഭിക്കില്ല. ലാഭ വിഹിതം പങ്കിടുന്നതിലൂടെ സിനിമയുടെ ബഡ്ജറ്റ് കുറയ്ക്കുക ഒപ്പം മികച്ച ഉള്ളടക്കമുള്ള സിനിമകൾ നിർമിക്കുക എന്നതാണ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള വഴി. കൊവിഡിന്റെ സമയത്ത് അത്രയും നിയന്ത്രണങ്ങളുണ്ടായിട്ടും അമ്പത് സിനിമകളുടെ വരെ ഷൂട്ടിംഗ് നടന്നിട്ടുണ്ട്. അതൊക്കെ മാറി ഇപ്പോൾ പതിനഞ്ച് പതിനെട്ട് സിനിമകളിലേക്ക് കുറഞ്ഞിട്ടുണ്ട്. അവയെല്ലാം വളരെ ജനുവിനായ പ്രൊജക്ടുകളുമാണ്. ആ സിനിമകൾ വന്ന് കഴിഞ്ഞാൽ രണ്ട് വർഷത്തിനുള്ളിൽ എല്ലാം പഴയ പോലെ ആകാനുള്ള സാധ്യതയുണ്ട്.