ആനപ്പുറവും പൂരവും ഒറ്റത്തന്തയും പിതൃധികാരവും

ആനപ്പുറവും പൂരവും 
ഒറ്റത്തന്തയും  പിതൃധികാരവും
Published on

മലയാളത്തിലെ ചലച്ചിത്രനിരൂപണരംഗം ഇന്ന് ഒരു അന്തരാളഘട്ടത്തിലാണ്. സാഹിത്യമുഖ്യധാരയുടെ പിന്നാമ്പുറത്തുമാത്രം പ്രവേശനമുണ്ടായിരുന്ന ഒരധകൃതത്വമായിരുന്നു ആദ്യകാലത്ത് മലയാളസിനിമാ നിരൂപണത്തിനുണ്ടായിരുന്നത്. നൃത്തക്കലവി നന്നായില്ല അഥവാ നന്നായി എന്നൊക്കെ എഴുതി സാഹിത്യച്ചുവടൊപ്പിക്കാൻ പാടുപെട്ട ആ നിരൂപണബാലിശതയെ അപ്രസക്തമാക്കിക്കൊണ്ട്; എഴുപതുകളിൽ ചലച്ചിത്ര നവീകരണത്തോടൊപ്പം നിരൂപണവും മുതിരുകയും ഉൾക്കരുത്ത് നേടുകയും ചെയ്തു. ചലച്ചിത്ര ലാവണ്യമെന്നതുപോലെ സൂക്ഷ്മരാഷ്ട്രീയവും സകലതത്വശാസ്ത്രങ്ങളും ചർച്ച ചെയ്യപ്പെടുന്ന ഒരു സംവാദസ്ഥലമായി പിൽക്കാലത്ത് മലയാളചലച്ചിത്രനിരൂപണം വികസിച്ചു. ഫിലിം സൊസൈറ്റികളാണ് ഈ പുതിയ ഭാവുകത്വത്തിന് അടിസ്ഥാനവും പശ്ചാത്തലവുമൊരുക്കിയത് എന്നതിനാൽ, ജനകീയവും പുരോഗമനപരവുമായ ദിശാബോധം ചലച്ചിത്ര നിരൂപകർ മുറുകെ പിടിച്ചു. പിറകെവന്ന നവലിബറൽ/കരിയറിസ്റ്റിക്ക് മൂല്യങ്ങൾ, ചലച്ചിത്ര നിരൂപണം മുതൽ പഠനം വരെയുള്ള എല്ലാ വ്യവഹാരങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനമേഖലകളുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. യുജിസി ചട്ടപ്പടിയിലുള്ള ഗവേഷണപടങ്ങളായിരിക്കണം ചലച്ചിത്രപഠനങ്ങൾ എന്ന തിട്ടൂരമൊക്കെ ഉച്ചത്തിൽ ആജ്ഞാപിക്കപ്പെടുന്നത് ഇതിന്റെ ഭാഗമാണ്. അതോടൊപ്പം, ഫാസിസ്റ്റ് ഏജന്റന്മാരും ഇവിടെ നുഴഞ്ഞുകയറിത്തുടങ്ങിയിട്ടുണ്ട്. ഈ വിഷമവൃത്തത്തിനിടയിൽ; തുറന്ന കണ്ണും കാതും, തെളിഞ്ഞ ചരിത്ര/പ്രത്യയശാസ്ത്ര ബോധങ്ങളും ഉള്ളവർ അവരുടെ വഴിയേ നിർഭയമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതു മാത്രമാണ് ആശ്വാസം. അക്കൂട്ടത്തിലാണ്, അധ്യാപകനും കവിയും കഥാകൃത്തുമൊക്കെയായ ഡോ. മുഹമ്മദ് റാഫി എൻ വിയുടെ ചലച്ചിത്രാലോചനകളും ഇടം പിടിക്കുന്നത്.   

മാതൃദായക്രമത്തെ പിറകിലുപേക്ഷിച്ച് ആധുനികരായി മാറാൻ തീരുമാനിച്ച കേരളീയർ, അദൃശ്യ പിതൃത്വത്തെ പാട്രിയാർക്കൽ പിതൃത്വമായി ദൃഢപ്പെടുത്തുകയായിരുന്നു എന്നാണ് മുഹമ്മദ് റാഫി ഈ സമാഹാരത്തിൽ പ്രാഥമികമായി വിലയിരുത്തുന്നത്. അദൃശ്യനായിരുന്ന അച്ഛന്റെ സാന്നിദ്ധ്യവും വീണ്ടെടുപ്പും എന്ന സംക്രമണ പ്രക്രിയയുടെ സാംസ്ക്കാരിക വെളിച്ചപ്പെടലുകളാണ് പൊതുബോധത്തിലെന്നതുപോലെ, സിനിമയിലും ആധികാരിക ബന്ധനിർമ്മിതിയെ ഭാവന ചെയ്യുന്നത്. ഈ ഭാവനയാണ്, ഒറ്റത്തന്ത സമം അഭിമാനം സമം അന്തസ്സ് സമം കുലീനത സമം ശുദ്ധരക്തം എന്നിങ്ങനെ ഫാസിസ്റ്റ് പവിത്രതാസങ്കല്പനത്തെ ഊട്ടിയുറപ്പിക്കുന്നതും. ഒറ്റപ്പാലമായും വള്ളുവനാടായും ആനപ്പുറമായും പൂരം നടത്തലായും കോവിലകമായും സവർണ്ണ-ജാത്യഹങ്കാര-തറവാട്ടു വാഴ്ചയായും ഒക്കെ ഈ പ്രതിലോമ പരാക്രമത്തെ മഹത്വവത്ക്കരിച്ച പതിറ്റാണ്ടുകളെ തിരുത്തിക്കൊണ്ട് കടന്നുവന്ന ന്യൂജെൻ പിള്ളേർ; ദശകങ്ങൾ നീണ്ടു നിന്ന സൂപ്പർ താരാധികാരപരവും ആണധികാരപ്രമത്തവും ആയ തമ്പുരാൻ വാഴ്ചയെ കളിയാക്കിയും കല്ലെടുത്തെറിഞ്ഞും കൂക്കി വിളിച്ചും വഴി മാറി നടന്നു. അവരുടെ സിനിമകളെ സംബന്ധിച്ച് സാമാന്യവും സൂക്ഷ്മവുമായ വിശകലനങ്ങളും വിമർശനങ്ങളും നടത്താൻ പഴയ തലമുറക്കാരും പുതുക്കക്കാരും ആയ നിരൂപകരും സാധാരണജനങ്ങളും നടത്തുന്ന പരിശ്രമങ്ങളെയും സഹിഷ്ണുതയോടെയും ക്ഷമയോടെയും അഭിമുഖീകരിക്കേണ്ടതുമുണ്ട്. അതേ സമയത്തുതന്നെ, നവമാധ്യമങ്ങളിലൂടെ വ്യാപകമായ ഉടനടി പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന പുകമറകളും അതിശയോക്തികളും കാര്യങ്ങളെയും നിലപാടുകളെയും അവധാനതയോടെ സമീപിക്കാനാവാത്ത വിധത്തിൽ സാമാന്യബോധം നമ്മെ പൊതിയുന്ന സ്ഥിതിയുമുണ്ട്.

പല തന്തക്കു പിറന്നവർ അല്ലെങ്കിൽ തന്തക്കു പിറക്കാത്തവൻ എന്നതൊക്കെ, നമ്മുടെ സിനിമയുടെ സ്ഥിരം അധിക്ഷേപനിഘണ്ടുവിലെ പ്രയോഗങ്ങളാണ്. കുമ്പളങ്ങി നൈറ്റ്സിൽ തന്റെ കാമുകനായ ബോബിയെക്കുറിച്ച് ഇത്തരമൊരാക്ഷേപം ഉയരുമ്പോൾ കാമുകിയായ ബേബിമോൾ പറയുന്നത്, പല തന്തക്കു പിറക്കുന്നത് ടെക്നിക്കലായി പൊസിബിളല്ല എന്നാണ്. നാടുവാഴിത്ത-ജാത്യധീശത്വ കാലത്ത് ബ്രാഹ്മണരിൽ താഴെയുള്ള ജാതികളിൽ പെട്ട സ്ത്രീകളെ അതിനായി നിശ്ചയിക്കപ്പെട്ട ക്രമങ്ങളനുസരിച്ച് മേൽ ജാതിയിലുള്ളവർക്ക് പ്രാപിക്കാമായിരുന്നു. ഇതിനെ ദാമ്പത്യം, വിവാഹബന്ധം എന്നതിനു പകരം സംബന്ധം എന്ന പേരിലാണ് കേരള സമൂഹം വിളിച്ചിരുന്നത്. പിന്നീട് ഇന്ന് പരിചയമുള്ള തരത്തിൽ ഏക പതീ പത്നി വ്രത ദാമ്പത്യം, അതും അതാത് ജാതിക്കകത്ത് നാട്ടു നടപ്പായപ്പോൾ, തൊട്ടു മുൻകാലത്തെ ആളുകളെ; അതായത് പുതിയകാലത്തെ കുട്ടികളുടെ അച്ഛനമ്മ, അമ്മാമൻ തലമുറയിൽ പെട്ടവരെ വിശേഷിപ്പിക്കാനാണ് തന്തയില്ലാത്തവൻ(ൾ), പല തന്തക്കുപിറന്നവൻ(ൾ) എന്നൊക്കെ അധിക്ഷേപം പ്രചാരത്തിലായത്. അതായത്, തങ്ങൾ യഥാർത്ഥവും വിശുദ്ധ-പരിശുദ്ധവും ആയ സദാചാരം നേടിയെടുത്തിരിക്കുന്നു എന്നും അതാണ് ശാശ്വതം എന്നും പ്രഖ്യാപിച്ചുറപ്പിക്കുന്നതിനു വേണ്ടിയാണ് തൊട്ടു മുൻ തലമുറയിൽ പെട്ടവരടക്കമുള്ള അപരരെ ഈ അധിക്ഷേപത്തിലൂടെ അപഹസിച്ചിരുന്നത്. ഭാഷയിലെ ഈ സദാചാര മർദനത്തെയാണ് ഒറ്റ മറുപടിയിലൂടെ കുമ്പളങ്ങി നൈറ്റ്സ് വെറും വെയ്സ്റ്റാക്കി മാറ്റിക്കളഞ്ഞത്. കുമ്പളങ്ങിനൈറ്റ്സ് പുതിയ കാലത്തെ മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരിക്കില്ല; എന്നാൽ, പല മട്ടിൽ നോക്കിക്കാണാനും വിലയിരുത്താനും വിശദീകരിക്കാനും മനസ്സിലാക്കാനുമുള്ള തരത്തിൽ എഴുത്തുകൾ വികസിപ്പിക്കാവുന്ന ഒരു തുറസ്സ് അഥവാ ചെത്തിത്തേക്കാത്ത പരുക്കൻ പ്രതലം (ആ സിനിമയിലെ വീടു പോലെ) അതിനുണ്ട്. ഈ സാധ്യത സാധൂകരിക്കുന്ന സാംസ്ക്കാരിക വായനയാണ് മുഹമ്മദ് റാഫി നിർവഹിക്കുന്നത്.

ജല്ലിക്കട്ടിൽ മാവോയിസ്റ്റ് എന്ന കഥ മുഴുവനായി കിട്ടിയില്ല എന്ന് പരാതിപ്പെടുന്നവർ ആ കഥ മാവോയിസ്റ്റിൽ തന്നെ മുഴുവനായുണ്ടോ എന്നുമന്വേഷിക്കുന്നത് നന്നായിരിക്കും. പ്രകൃതിയും സമൂഹവുമായി ബന്ധിപ്പിച്ച്, ജല്ലിക്കട്ട് തുറന്നുപറയുന്ന വീക്ഷണം തീർത്തും സുവ്യക്തമാണ് എന്ന് മുഹമ്മദ് റാഫി ഇതുസംബന്ധമായ ലേഖനത്തിൽ സൂചിപ്പിക്കുന്നു. കാലിക ഇന്ത്യൻ അവസ്ഥയുടെ ആൾക്കൂട്ട ഹിംസാത്മക പ്രത്യയശാസ്ത്രത്തെ പ്രശ്നവത്ക്കരിക്കുന്ന സിനിമയാണ് ജല്ലിക്കട്ട് എന്നാണ് ഗ്രന്ഥകാരന്റെ വിലയിരുത്തൽ. തൊണ്ണൂറുകളിൽ തമ്പുരാൻ-മാടമ്പി-നാടുവാഴിത്തെമ്മാടി സിനിമകളിലൂടെ കേരളീയ യുവത്വത്തെ ഹിന്ദുത്വ-സവർണ-ബ്രാഹ്മിണിക്കൽ ഫാസിസത്തിന്റെ വൈറസ് ബാധകരും വാഹകരും വിതരണക്കാരുമാക്കിയ ചരിത്ര സന്ദർഭം ഇവിടെ ആവർത്തിക്കുന്നില്ല എന്നതു തന്നെയാണ് ഇതു സംബന്ധമായി ചൂണ്ടിക്കാണിക്കാനുള്ള പ്രബല നിരീക്ഷണം. അത്തരം മനുഷ്യത്വ വിരുദ്ധ, ചരിത്ര വിരുദ്ധ, സിനിമകൾക്കെതിരെ വിമർശകർ നടത്തിയ ജീവന്മരണപ്പോരാട്ടം അവകളുടെ ഉള്ളുകള്ളികളും കള്ളനാട്യങ്ങളും രാഷ്ട്രീയമറിമായങ്ങളും തുറന്നു കാട്ടി. പിന്നീട് രാജ്യത്തു തന്നെ ഫാസിസം ശക്തിപ്പെട്ടപ്പോഴും തങ്ങളുടെ സിനിമാരഥയാത്രകളുമായി നിർബാധം മുന്നോട്ടു പോകാൻ അവർക്കു സാധ്യമല്ലാത്ത വിധത്തിൽ അവരെ പ്രതിരോധിക്കാൻ കേരളീയർക്കു കഴിഞ്ഞു എന്നത് അഭിമാനജനകമാണ്. ചലച്ചിത്ര നിരൂപണ-പഠന-വ്യാഖ്യാന-വിമർശന ജനാധിപത്യത്തെ അംഗീകരിക്കാതിരിക്കുകയും; അത്തരമൊരു ജനാധിപത്യവത്ക്കരണത്തിനായുള്ള കഠിനശ്രമങ്ങളിൽ രൂപപ്പെടുത്തിയെടുത്ത പരിശോധനാമാതൃകകളെ വികലമായും യാന്ത്രികമായും അനുകരിക്കുകയും പാരഡിവത്ക്കരിക്കുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യാനുള്ള കുടിലശ്രമങ്ങളെയും നമുക്ക് പ്രതിരോധിക്കേണ്ടി വന്നു.

റാഫിയുടെ നിരീക്ഷണം നോക്കുക: "മലയോര/കുടിയേറ്റ ഗ്രാമം എന്ന സ്ഥലാഖ്യാനത്തിൽ കൂടി റിയലിസത്തിന്റെ പ്രതീതി ജനിപ്പിക്കുകയും ഫാന്റസിയുടെ എൻഡിങ്ങിൽ കൊണ്ട് നിർത്തി മനുഷ്യൻ(മനുഷ്യൻ എന്ന പദത്തെ ഇവിടെ പുരുഷൻ എന്ന് വായിക്കണം) എന്ന സംവർഗത്തിന്റെ ടോട്ടാലിറ്റിയുടെ പരിണാമദശകളെ വിചാരണക്കെടുക്കുകയുമാണ് സിനിമ. ഭൂമിയിലെ ഏതൊരു ജീവിക്കും ആത്മാവുണ്ട് (Animism) എന്ന ബൗദ്ധഫിലോസഫിയെ വകവെക്കാതെ ഇതരജിവികളുടെ ആവാസവ്യവസ്ഥ കുടിയേറിയ മനുഷ്യൻ, പ്രണയമില്ലാതെ പെണ്ണുടൽ പ്രാപിക്കാൻ ആസക്തിയുമായി തക്കം പാർത്തു നടക്കുന്ന മനുഷ്യൻ (പ്രണയം എന്നത് ആധുനികതയുടെ മാനസികാനുഭവമാണ്), അധികാരത്തിന്റെ ഈറ്റില്ലങ്ങൾ തേടി കെട്ടിക്കിടക്കുന്ന മനുഷ്യൻ ഇവരെല്ലാം കൂടിച്ചേർന്ന കേന്ദ്രതത്വത്തെ വിചാരണക്കെടുക്കുകയും ഫാന്റസിയുടെ സങ്കേതത്തിന്റെ വാലറ്റത്തിൽ കൂടി മുകളിലേക്ക്, ജീവനാവസ്ഥയിലേക്ക് വെളിച്ചപ്പെടുകയും ചെയ്യുകയാണ് ഉപസംഹാരത്തിലെ സീക്വൻസുകൾ' (ജെല്ലിക്കെട്ടിലെ മഹിഷ പുരുഷാരം എന്ന ലേഖനത്തിൽ നിന്ന്) ജൈവികമായ മുസ്ലിം ജീവിതപരിസരത്തെ ഭാഷയുടെയും പ്രയോഗങ്ങളുടെയും തലത്തിൽ കൃത്രിമമായി ഉപയോഗിക്കുന്ന ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്ര സിനിമകളെ വിലയിരുത്തുന്ന ലേഖനമാണ് ഇൗ സമാഹാരത്തിലെ ഏറ്റവും മികച്ച ലേഖനം. "നന്മമരക്കാട് " എന്ന വിധത്തിൽ മലപ്പുറം ജില്ലയെ പൈങ്കിളി വത്ക്കരിക്കുന്ന ഇൗ ദുസ്സൂത്രവിദ്യയിൽ പെട്ടുപോകുന്നവരായി സംവിധായകരും അഭിനേതാക്കളും കാണികളുമെല്ലാമുണ്ട്. ജ്ജ്, ബല്ലാത്ത ജാതി, മയ തുടങ്ങി മുസ്ലിം ജനവിഭാഗത്തെയാകെയും മലപ്പുറത്തെ മുസ്ലിമിങ്ങളെ പ്രത്യേകമായും അപമാനിക്കാനായി മിമിക്രിക്കാരും പൊതുബോധക്കാരും കെട്ടിയുണ്ടാക്കുന്ന കല്പിതപരിഹാസങ്ങൾ തന്നെയാണ് ഇക്കൂട്ടരും പിന്തുടരുന്നത്. നിപ പ്രതിരോധ സമയത്ത് കാര്യക്ഷമതയോടെ പ്രവർത്തിച്ച വനിതാ മന്ത്രിയെ അപ്രസക്തയുടെ ഗസ്റ്റ് റോളിലേക്ക് ചവിട്ടിത്താഴ്ത്തുന്ന വൈറസ് എന്ന വ്യാജ ഡോക്കുഫിക്ഷൻ സിനിമയെ രൂക്ഷമായി വിമർശിക്കുന്ന മുഹമ്മദ് റാഫിയുടെ ലേഖനം ഇസ്ലാമിസ്റ്റ്/വഹാബിസ്റ്റ് വ്യാഖ്യാനങ്ങളുമായി പ്രണയത്തിലായ മുഖ്യധാരാ മാധ്യമങ്ങൾ അക്കാലത്ത് തടഞ്ഞു വെക്കുക പോലുമുണ്ടായി. ഇറാനിയൻ സിനിമയുടെ ചുവടു പിടിച്ചാണ് മലപ്പുറം നന്മമരലേബലിൽ ഇറങ്ങുന്ന ഒളിച്ചുകടത്തൽ സിനിമകൾ എന്ന വ്യാജപ്രസ്താവത്തെ തുറന്നു കാണിക്കുന്നതിനു വേണ്ടിയെന്നോണം, ഇറാനിലെ സമകാലിക ചലച്ചിത്രജീവിതത്തിലേക്കാണ് മുഹമ്മദ് റാഫി തന്റെ അടുത്ത ലേഖനത്തിൽ സഞ്ചരിക്കുന്നത്: "ജാഫർ പനാഹിയുടെ പെണ്ണുങ്ങൾ പർദക്കുള്ളിൽ നിന്നും വീർപ്പുമുട്ടുന്ന ഭാര്യാബഹുത്വത്തിന്റെ വാർപ്പുമാതൃകകളല്ല. മറിച്ച് അതിശക്തവും സൂക്ഷ്മവുമായ രാഷ്ട്രീയ പ്രമേയങ്ങളാണ്, ആ പെണ്ണുങ്ങൾ. അവർക്ക് സ്വയം നിർണ്ണയാവകാശങ്ങളെപ്പറ്റിയുള്ള കൃത്യമായ ബോധ്യങ്ങളുണ്ട്. സ്വപ്നങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്, മോഹങ്ങളുണ്ട്, ലക്ഷ്യപ്രാപ്തിക്കു വേണ്ടി പ്രവർത്തിക്കാനുള്ള ഊർജ്ജമുണ്ട്. അവർ സമശീർഷതയോടെയും തുല്യതയോടെയും മറ്റ് മനുഷ്യരോട് ഇടപെടുന്നു. അവരുടെ ഭാഷയും ജീവിതമനോഭാവവും ലിംഗപദവിയിലെ കീഴാള നിലയുടേതല്ല' (പുസ്തകത്തിൽ നിന്ന്)

ഇറാനിൽ സിനിമക്ക് ഇത്തരത്തിൽ ആകർഷണീയമായ ഒട്ടനവധി അവസ്ഥകളുണ്ടെങ്കിലും വിപ്ലവത്തിനു മുമ്പും പിമ്പുമായി പല തരത്തിൽ സജീവമായ സെൻസർഷിപ്പ് കടുത്ത നിബന്ധനകൾ അടിച്ചേൽപിച്ച് ചലച്ചിത്രകാരന്മാരുടെ സ്വാതന്ത്ര്യത്തെ പ്രശ്നഭരിതമാക്കി. അതോടൊപ്പം, ഇറാനിയൻ സിനിമകളോട് ചില രാജ്യങ്ങളിലുള്ള വിദ്വേഷവും പഠനവിധേയമാക്കേണ്ടതുണ്ട്. പല ഇറാനിയൻ സിനിമകളും രാജ്യത്തിനകത്ത് പ്രദർശനം നിരോധിക്കപ്പെട്ടവയാണ്. ഇസ്ലാമിക വിപ്ലവത്തിനു ശേഷം സെൻസർഷിപ്പ് കൂടുതൽ ശക്തമായി. ജാഫർ പനാഹിയുടെ എല്ലാ ചിത്രങ്ങളും രാജ്യത്തിനകത്ത് നിരോധിക്കപ്പെട്ടവയാണ്. വനിതകൾ ഫുട്ബാൾ കാണാൻ നടത്തുന്ന ശ്രമത്തെക്കുറിച്ചുള്ള ഒാഫ്സൈഡ് (2006) എന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്. കാനിൽ പാം ദ ഓറും വെനീസ് മേളയിൽ ഗോൾഡൻ ലയണും ബെർലിനിൽ സിൽവർ ബിയറും അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയ ജാഫർ പനാഹിയെപ്പോലൊരു ചലച്ചിത്രകാരനെ തടവിലിട്ടത് ലോകമാനവികതയെതന്നെ തടവിലിട്ടതിന് തുല്യമാണ്. ഇറാനിലും പുറത്തും വേട്ടയാടപ്പെടുന്ന കലാകാരനായ ജാഫർ പനാഹി സമകാലിക ലോകാവസ്ഥയുടെ കൃത്യമായ ഒരു നിദർശനം തന്നെയാണ്. ഇറാനകത്ത് യാഥാസ്ഥിതികത്വം ദൈനംദിനജീവിതത്തെ ദുസ്സഹവും പീഡാത്മകവുമാക്കുന്നു. ഈ യാഥാസ്ഥിതികത്വത്തിനെതിരായ പോരാട്ടത്തിൽ അണി ചേർന്നാൽ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെന്ന ഭാവേന അമേരിക്കൻസാമ്രാജ്യത്വം നിങ്ങളെ ഒരു ഭാഗത്ത് പ്രയോജനപ്പെടുത്തുകയും മറു ഭാഗത്ത് പീഡിപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്നു തന്നെയാണ് ഈ ദുരന്തം തെളിയിക്കുന്നത്.

ഇറാനിലെ ഷാ ഭരണകൂടം സിനിമയെ പ്രചാരണാവശ്യങ്ങൾക്ക് ദുരുപയോഗപ്പെടുത്തിയിരുന്നു എന്നതുകൊണ്ട് ഇസ്ലാമിസ്റ്റുകൾ സിനിമക്കെതിരായി അക്രമാസക്തമായ കലാപങ്ങൾ തന്നെ സംഘടിപ്പിച്ചിരുന്നു. നിരവധി സിനിമാശാലകൾ തീയിട്ടും ബോംബിട്ടും തകർത്തു. ഇക്കൂട്ടത്തിൽ അബദാൻ നഗരത്തിലെ സിനിമാ റെക്സ് അകത്തുള്ള പ്രേക്ഷകരെ പുറത്തുവിടാതെ തീയിട്ടതായിരുന്നു ഏറ്റവും ദാരുണമായ സംഭവം. നൂറുകണക്കിന് നിരപരാധികളാണ് 1979ൽ നടന്ന ആ കുരുതിയിൽ ചുട്ടു കൊല്ലപ്പെട്ടത്. ഇസ്ലാമിക വിപ്ലവത്തിനു ശേഷം പുതിയ ഭരണകൂടം അധികാരത്തിൽ വന്നതോടെ പ്രതിപക്ഷാവിഷ്ക്കാരത്തിനുള്ള ഒരു സ്ഥലമായി സിനിമാശാലകൾ പരിണമിക്കുന്നതിന് ഇസ്ലാമിസ്റ്റുകളുടെ ഈ മനോഭാവവും ഒരു കാരണമായിട്ടുണ്ട്. നിയമത്തെ ഉല്ലഘിക്കാനുള്ള ഒരു നിമിത്തവും സ്ഥലവുമെന്ന അതിയാഥാർത്ഥ്യമായി സിനിമാതിയറ്ററുകൾ മാറിത്തീർന്നു. ഇരുട്ടിൽ കൈകോർക്കാനും ചുംബിക്കാനും ദേശീയഗാനം പാടുമ്പോൾ എഴുന്നേൽക്കാതിരിക്കാനും ഉള്ള നിഷേധത്തിന്റെ ആഘോഷസ്ഥലമായി സിനിമാശാലകൾ കൊണ്ടാടപ്പെട്ടു. അസാധാരണമായ ഒരു നൂതനത്വം, ആകർഷണം, നിരോധത്തെ മറികടക്കൽ, അപ്രതീക്ഷിതത്വം എല്ലാം കൂടിച്ചേർന്നതായിരുന്നു സിനിമ. 2015ൽ ജാഫർപനാഹി പൂർത്തിയാക്കിയ ടാക്സി എ- ഡോക്യുഫിക്ഷൻ; സിനിമയെ സംബന്ധിച്ചും തടവിനെ സംബന്ധിച്ചും സ്വാതന്ത്ര്യത്തെ സംബന്ധിച്ചും അധികാരത്തെ സംബന്ധിച്ചും തീർച്ചയായും സദാചാരത്തെയും ധാർമികതയെയും സംബന്ധിച്ചും ആഴത്തിലുള്ള ആലോചനകളും വിചിന്തനങ്ങളും പങ്കു വെക്കുന്നതിലൂടെ മഹത്തായ ഒരു സിനിമയായി മാറിയിരുന്നു. ജാഫർ പനാഹിയുടെ സിനിമകളെ സംബന്ധിച്ച വിശദമായ വിശകലനം ഇൗ പുസ്തകത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്.

വിശുദ്ധ രാത്രികളിലെയും ഗ്രേറ്റ് കിച്ചണിലെയും പ്രിവിലേജ്ഡ് വിദഗ്ദ്ധരും സാറയിലെ പ്രസവിക്കാൻ തയ്യാറാവാത്ത പെൺകുട്ടിയും എന്ന ലേഖനത്തിൽ അടുത്തിടെ ശ്രദ്ധ പിടിച്ചു പറ്റുകയും പറ്റാതിരിക്കുകയും ചെയ്ത വിശുദ്ധരാത്രികൾ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, സാറാസ് എന്നീ സിനിമകളാണ് അവലോകനം ചെയ്യുന്നത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ നായരടുക്കളയെക്കുറിച്ചുള്ള ഒരു വിമർശനസിനിമ മാത്രമാണെന്ന പരിമിത പൊതുബോധത്തെയാണ് ഗ്രന്ഥകാരനും പിന്തുടരുന്നത്. യഥാർത്ഥത്തിൽ , ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടു പുറപ്പെടുവിക്കപ്പെട്ട സുപ്രീംകോടതി വിധിയുടെ മറവിൽ കേരളീയ പൊതുമണ്ഡലത്തിൽ അഴിഞ്ഞാടിയ ഫാസിസ്റ്റ് നേതൃത്വത്തിലുള്ളതും നാമജപ-കുലസ്ത്രീ-കുഞ്ഞു മാളികപ്പുറങ്ങൾ എന്നിവരെ അണിനിരത്തിയതുമായ സവർണ-ശൂദ്ര കലാപത്തിനെതിരായ ജനാധിപത്യ പ്രതിരോധമാണ് ഈ സിനിമ. അതുകൊണ്ടുതന്നെയാണ് മലപ്പുറം നൻമമര സിനിമകൾ രണ്ടു കൈയും നീട്ടി സ്വീകരിച്ച അമേരിക്കൻ കോർപ്പറേറ്റുകളുടെ ഒ ടി ടി ആദ്യ ഘട്ടത്തിൽ ഈ സിനിമയെ നിരാകരിച്ചതും. എന്നാൽ, അഭൂതപൂർവ്വമായ ജനപ്രീതി കൈവരിച്ചതിനെ തുടർന്ന് ചിത്രം പ്രദർശിപ്പിച്ചിരുന്ന പ്രാദേശിക ഒ ടി ടി ഹാങ്ങാവുക പോലും ചെയ്തു. ഇതിനെ തുടർന്ന് അമേരിക്കൻ കോർപ്പറേറ്റുകളായ ആമസോണിന് ചിത്രം തിരിച്ചു വിളിക്കേണ്ടിവന്നു. മാറ്റിയെഴുതപ്പെട്ട പൊതുബോധ അഗ്രഗേറ്റർ ചാർട്ടിന്റെ പശ്ചാത്തലത്തിൽ സാറാസ് തങ്ങളുടെ മെനുവി. പിന്നീട് അവർ ഉൾപ്പെടുത്തുകയും ചെയ്തു. കോർപ്പറേറ്റുകളും ഫാസിസ്റ്റുകളും അവരുടെ പ്രതിബിംബ ഏജന്റന്മാരും പിതൃ അധികാരരഥയാത്രയിലൂടെ പൊതുബോധത്തെ നിർണയിക്കുന്ന ഈ കേരളീയ അനുഭവം മുഹമ്മദ് റാഫി മറ്റൊരവസരത്തി. വിശദീകരിക്കുമായിരിക്കും.

ഭരതന്റെ പെണ്ണുടലുകൾ- കാമനകളും ആസക്തികളും, വെള്ളിത്തിരയിൽ പൊളിഞ്ഞുവീഴുന്ന പിതൃ അധികാര രൂപങ്ങൾ, സന്തോഷത്തിന്റെ ഒന്നാംരഹസ്യവും ഷെർണിയിലെ ഇക്കോ ഫെമിനിസ്റ്റ് രാഷ്ട്രീയവും, നവ മലയാള സിനിമയിലെ രാഷ്ട്രീയവും ദർശനവും(അനുബന്ധം), മലയാള സിനിമയിലെ ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങളും മാലിക്കിലെയും ധ്രുവത്തിലെയും രണ്ടു മുസ്ലിങ്ങളും, കുരുതി അഥവാ മുസ്ലിമിന്റെ കയ്യിൽ എറിഞ്ഞു പിടിപ്പിച്ച ഹിന്ദുത്വ കത്തി തുടങ്ങിയ ലേഖനങ്ങളും ഈ സമാഹാരത്തിലുണ്ട്. സെക്കുലറിസത്തിന് കനത്ത ഭീഷണിയായ എത്നിസിറ്റി ആണ് മുസ്ലിമിന്റേത് എന്ന അബോധത്തെ ഉൾവഹിക്കുന്ന സിനിമയാണ് കുരുതി എന്ന് മുഹമ്മദ് റാഫി കൃത്യമായി അടയാളപ്പെടുത്തുന്നു. ധ്രുവം മുതൽ മാലിക്ക് വരെയുമുള്ള സിനിമകളിലും, പിന്നീട് കുരുതിയിലും മുസ്ലിം വംശീയ വാർപ്പു മാതൃകകളെ പ്രതിസ്ഥാനത്തടിച്ചുറപ്പിക്കുന്നതിലൂടെ പൊതുസമൂഹത്തിന്റെ വിചാര-വികാര അഭിപ്രായങ്ങളെയും ബോധോബോധങ്ങളെയും ഫാസിസ്റ്റുകളുടെ കളിഭൂമിയാക്കുന്നതിന്റെ വിശദാംശങ്ങൾ ഈ ലേഖനങ്ങളിലുണ്ട്.

രവീന്ദ്രനും ടി കെ രാമചന്ദ്രനും എ സോമനും തുടങ്ങിവെച്ച രാഷ്ട്രീയ നിരൂപണങ്ങളുടെ പാതയിൽ തന്നെയാണ് മുഹമ്മദ് റാഫിയും സഞ്ചരിക്കുന്നത്. ബഹുസ്വരജീവിതം അതിനിഷ്ഠൂരമായ വിധത്തിൽ ആക്രമണങ്ങൾ നേരിടുന്ന സമകാലികാവസ്ഥയിൽ സിനിമ പോലുള്ള പൊതുബോധ-ജനപ്രിയ മാധ്യമത്തെ എല്ലായ്പോഴും വിശദവും സൂക്ഷ്മവുമായ പരിശോധനയ്ക്ക് വിധേയമാക്കേതുണ്ട്. ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മുന്നോട്ടു വരുന്ന മുഹമ്മദ് റാഫിയെ അഭിനന്ദിക്കുന്നതോടൊപ്പം, ഈ സമാഹാരത്തിലെ ലേഖനങ്ങളെ ഗൗരവമായ വായനയ്ക്കും ചർച്ചയ്ക്കും വേണ്ടി വായനക്കാർക്കു മുമ്പിൽ അവതരിപ്പിക്കാനും കഴിയുന്നതിൽ അഭിമാനമുണ്ട്.

Summary

മുഹമ്മദ് റാഫി എന്‍.വി എഴുതിയ ' പിതൃഅധികാരം, വെള്ളിത്തിരയിലെ വിചാരണകള്‍' എന്ന പുസ്തകത്തിന് നിരൂപകന്‍ ജി.പി രാമചന്ദ്രന്‍ എഴുതിയ പ്രവേശിക.

പിതൃ അധികാരം വെള്ളിത്തിരവിചാരണകൾ

പ്രസാധനം: ഡി.സി.ബുക്സ് കോട്ടയം.

വില : 199 രൂപ. 

പേജ് : 178

Related Stories

No stories found.
logo
The Cue
www.thecue.in