നടനും സംവിധായകനും നിര്‍മ്മാതാവുമായ പ്രതാപ് പോത്തന്‍ എണ്‍പതുകളില്‍ തുടങ്ങി സിനിമയില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അതുല്യപ്രതിഭയാണ്. സമാനസ്വഭാവമുള്ള മറ്റൊരാള്‍ നമ്മുടെ സിനിമയിലില്ല. എഴുപതിലെത്തിയ അദ്ദേഹം പെട്ടെന്നൊരു ദിവസം നിനച്ചിരിക്കാതെ ലോകത്തു നിന്നു വിടവാങ്ങുന്നു.
പല ഭാഷകളിലായി മുപ്പതിലധികം സിനിമകള്‍ സംവിധാനം ചെയ്തുവെങ്കിലും നടന്‍ എന്ന നിലയിലാണ് മലയാളി അദ്ദേഹത്തെ കാണുന്നത്. ഭരതന്റെ ആരവത്തില്‍ തുടങ്ങുന്ന നടനജീവിതം. എണ്‍പതുകളിലെ യൂത്ത് ഐക്കണ്‍ തന്നെയായിരുന്നു അയാള്‍. പരീക്ഷണസ്വഭാവമുള്ള കലാസിനിമ കളിലാണ് ഭരതനും പത്മരാജനും കാസ്റ്റ് ചെയ്തത്. അതുകൊണ്ടു തന്നെ നടനും ഏറെക്കുറെ ആ ഇമേജില്‍ കൊരുത്തിടപ്പെട്ടു.
തകരയിലെ തകര ഹിറ്റായിരുന്നു. അതില്‍ നിന്ന് തികച്ചും വേറിട്ട പുരുഷബിംബമായിരുന്നു ചാമരത്തിലെയും നവംബറിന്റെ നഷ്ടത്തിലെയും കോളേജ് വിദ്യാര്‍ത്ഥി. മസ്‌കുലിനിറ്റി കൂടിയ, നെഗറ്റീവ് ഷെയ്ഡുള്ള ഈ നായക വേഷങ്ങള്‍ ആ ശരീരഭാഷയില്‍ കൃത്യമായി ഒതുങ്ങി. പത്മരാജനും ഭരതനും വിദഗ്ധമായി അദ്ദേഹത്തിന്റെ ടാലന്റ് ഉപയോഗിച്ചു. എണ്‍പതുകള്‍ തന്നെയായിരുന്നു ആ സുവര്‍ണ്ണകാലം. തികച്ചും വേറിട്ട സവിശേഷമായ ആ മാനറിസങ്ങള്‍ അഭിനയത്തിലെ റിയലിസത്തിന് മികച്ച സംഭാവനകള്‍ നല്‍കുകയും ചെയ്തു.
പിന്നീട് പെട്ടെന്നൊരു ദിവസം മലയാളസിനിമയില്‍ നിന്ന് അപ്രത്യക്ഷമായി. വളരെക്കാലത്തിനു ശേഷം 22 ഫീമെയ്ല്‍ കോട്ടയം, ബാംഗ്‌ളൂര്‍ ഡെയ്‌സ് എന്നീ സിനിമകളിലൂടെ ഒരു തിരിച്ചുവരവ് നടത്തി. രസകരമായ പലതരം ചര്‍ച്ചകളുമായി ഇടയ്ക്ക് ഫെയ്‌സ്ബുക്കിലും സജീവമായിരുന്നു.തകരയേക്കാള്‍ ചാമരത്തിലെ കാമ്പസ് ഹീറോയാണ് ഓര്‍മ്മയിലെ പോത്തന്‍ ബ്രില്യന്‍സ്. ടീച്ചറെ പ്രണയിക്കുന്ന വിദ്യാര്‍ത്ഥി മലയാള സിനിമയില്‍ അന്നാദ്യമായിരുന്നു. കാമ്പസ്സിലും പുറത്തും വലിയ ചര്‍ച്ചയായി. സിനിമ സൂപ്പര്‍ഹിറ്റുമായി. കലാപകലുഷിതമായ കോളേജ് ഡേയും അതിനിടയിലെ നായകന്റെ അപകടമരണവുമാണ് ക്ലൈമാക്‌സ്. തിരക്കിലും തന്നെ കാത്തുനില്‍ക്കുന്ന സറീനയോട് അഞ്ചുമിനിറ്റ് എന്നോ മറ്റോ ആംഗ്യം കാണിക്കുന്ന നായകന്‍. ആ അഞ്ചു മിനിറ്റില്‍ അയാള്‍ മരണപ്പെടുന്നു.
ഓര്‍മ്മയില്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന ആ നായകബിംബത്തിന് ആദരപൂര്‍വം അന്ത്യാഞ്ജലി.!