പാപ്പച്ചനിലെ ജയിംസ് എന്നെ മനസ്സില്‍ കണ്ട് സിന്റോ എഴുതിയ കഥാപാത്രം; പ്രശാന്ത് അലക്സാണ്ടർ‌‌ അഭിമുഖം

പാപ്പച്ചനിലെ ജയിംസ് എന്നെ മനസ്സില്‍ കണ്ട് സിന്റോ എഴുതിയ കഥാപാത്രം; പ്രശാന്ത് അലക്സാണ്ടർ‌‌ അഭിമുഖം
Published on

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്'. 'പൂക്കാലം' എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ പാപ്പച്ചന്റെ ശത്രുവും സിവിൽ പോലീസ് ഓഫീസറുമായ ജയിംസ് എന്ന കഥാപാത്രത്തിന് തുടക്കം മുതൽ തന്നെയാണ് സംവിധായകൻ സിന്റോ ആന്റണി മനസ്സിൽ കണ്ടിരുന്നത് എന്ന് നടൻ പ്രശാന്ത് അലക്സാണ്ടർ. പുരുഷപ്രേതം എന്ന സിനിമയക്ക് മുമ്പാണ് സിന്റോ ഈ കഥ പറയാൻ വരുന്നതെന്നും ജയിംസ് ഇല്ലെങ്കിൽ പാപ്പച്ചനോ, പാപ്പച്ചൻ ഇല്ലെങ്കിൽ ജയിംസോ ഇല്ലെന്ന തരത്തിലാണ് കഥാപാത്രത്തിനെ സിന്റോ നരേറ്റ് ചെയ്ത് തന്നതെന്നും പ്രശാന്ത് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

പാപ്പച്ചനിലെ ജയിംസ്

ഞാൻ കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽസ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സിന്റോ എന്നെ കാണാൻ വേണ്ടി വരുന്നത്. അദ്ദേഹം അന്ന് പറയുന്നത് എന്നെ മനസ്സിൽ കണ്ടാണ് ആ കഥാപാത്രം എഴുതിയത് എന്നാണ്. എന്നെ സംബന്ധിച്ച് അന്ന് ഞാൻ പുരുഷ പ്രേതം ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ആദ്യമായിട്ടാണ് ഒരാൾ എന്നെ മനസ്സിൽ കണ്ട് ഒരു കഥാപാത്രം എഴുതിയ എന്ന് എന്നോട് പറയുന്നത്. എന്താണ് ക്യാരക്ടർ എന്ന് ചോദിച്ചു, അപ്പോഴാണ് പറയുന്നത് ഇത് അവരുടെ നാട്ടിൽ നടന്നൊരു സംഭവമാണ് എന്ന്. ഒരു കാട്ടു പോത്തിനെ വെടിവച്ചതിന്റെ പേരിൽ നാട്ടുകാരെ മഴുവൻ പോലീസ് പ്രതിയാക്കി കേസ് എടുക്കുകയും വെടിവച്ച ആള് ഒളിവിൽ പോവുകയും പിന്നീട് അതിന്റെ സത്യാവസ്ഥ പുറത്തു വരികയും ചെയ്യുന്ന ഒരു സംഭവം നാട്ടിൽ നടന്നിരുന്നു. അതിനെ ബേസ് ചെയ്ത് ചെയ്ത കഥയാണ് പാപ്പച്ചൻ ഒളിവിലാണ്. ഇതിലെ നായക കഥാപാത്രത്തിന് ചെറുപ്പം മുതൽക്കേ അയാൾക്ക് പാരകൾ പണിയുകയും തടസ്സങ്ങളുണ്ടാക്കുകയും ചെയ്യുന്നൊരു ക്യാരക്ടറാണ് ജെയിംസ്. ജയിംസില്ലെങ്കിൽ പാപ്പച്ചനില്ല, പാപ്പച്ചനില്ലെങ്കിൽ ജയിംസില്ല എന്ന രീതിയിലാണ് കഥ പോകുന്നത്. എനിക്ക് നരേറ്റ് ചെയ്ത് തന്ന സീൻസിലെല്ലാം ഹ്യുമർ ഉണ്ടായിരുന്നു. അങ്ങനെയാണ് പാപ്പച്ചൻ ചെയ്യാം എന്ന് തീരുമാനിക്കുന്നത്. പ്രത്യക്ഷത്തിൽ ശത്രുക്കളാണെങ്കിലും ഒരു തമാശ നിറഞ്ഞ വളരെ ക്യൂട്ടായിട്ടുള്ള ശത്രുതയാണ്. ഇരുവർക്കുമിടയ്ക്കുള്ള ശത്രുതയ്ക്ക് മാന്യമായ കാരണങ്ങളുമുണ്ട്.

സിന്റോ എന്ന നവാഗത സംവിധായകൻ

ഇരുപത്തിയൊന്ന് വർഷമായി ഞാൻ സിനിമയിലെത്തിയിട്ട്. എന്റെ മനസ്സിൽ ഇപ്പോഴും ഞാൻ ഒരു പുതിയ ആളെപ്പോലെയാണ്. എനിക്ക് ഇപ്പോഴും എന്റെ അവസരങ്ങൾക്ക് വേണ്ടി ചാൻസ് ചോദിക്കേണ്ടി വരുന്നുണ്ട്. ഞാൻ എനിക്ക് അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കാറുമുണ്ട്. ഒരു പുതുമുഖം എന്ന നിലയ്ക്ക് എന്തെല്ലാം അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടോ അതൊക്കെ അത്രയും അളവിൽക്കൂടി അല്ലെങ്കിൽ പോലും ഫേസ് ചെയ്തു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടു തന്നെ എപ്പോഴും ഇതിന്റെ ഒരു സ്ട്രഗിൾ എനിക്ക് മനസ്സിലാവും. സിന്റോയെ സംബന്ധിച്ച് സിന്റോ ഒരു പുതിയ ആളാണ്. ഒരു പുതിയ ആളെന്ന് പറയുമ്പോഴും സ്വന്തമായിട്ട് സംവിധാനം ചെയ്യുന്ന ആദ്യത്തെ സിനിമ എന്നെ ഉള്ളൂ. ജിബു ജേക്കബ് സാറിന്റെ വളരെ മിടുക്കനായ അസോസിയേറ്റാണ് അദ്ദേഹം. ജിബു ജേക്കബ്ബും സിന്റോയും തമ്മിലുള്ള ബന്ധം കാണുമ്പോൾ അത് മനസ്സിലാവും. ലൊക്കേഷനിൽ വച്ച് കണ്ടപ്പോഴും പിന്നീട് പടം റിലീസ് ചെയ്ത കഴിഞ്ഞ് കണ്ടപ്പോഴുമൊക്കെ സ്വന്തം സിനിമ പോലെയാണ് ജിബു സാർ അവിടെ വന്ന് നിൽക്കുന്നുണ്ടായിരുന്നത്. സ്വന്തം സിനിമ റിലീസാകുമ്പോൾ ജിബു സാറിന് ഉണ്ടാകുന്ന ടെൻഷൻ ഈ സിനിമയിലും സാറിന് ഉണ്ടായിരുന്നു. സിന്റോ അത്രയും മിടുക്കനായ ഒരു അസോസിയേറ്റായതുകൊണ്ടാവും അങ്ങനെ. അതിനെക്കാളുപരി സിന്റോ നല്ലൊരു മനുഷ്യനായത് കൊണ്ടു കൂടിയാവും ജിബു ചേട്ടന് ആ ഒരു ടെൻഷൻ ഫീൽ ചെയ്യുന്നത്. എല്ലാ ഗുരുക്കന്മാരും ഒന്നും ശിഷ്യന്റെ പടം റിലീസാകുമ്പോൾ തിയറ്ററിൽ വന്ന് നിൽക്കുന്നത് ഒന്നും നമ്മൾ കണ്ടിട്ടില്ല.

സിന്റോ വളരെ മിടുക്കനാണ്, വളരെ നല്ല മനുഷ്യനാണ്, സിന്റോയ്ക്ക് സിന്റോയുടെ കയ്യിലൊരു സബ്ജക്ട് ഉണ്ടായിരുന്നതുകൊണ്ട് അതൊരു പ്രൊജക്ട് ആക്കാനും സിനിമയാക്കാനും ഒക്കെ പെട്ടന്ന് സാധിച്ചു. അതിൽ തന്നെ സിന്റോയ്ക്ക് സൈജു കുറുപ്പ് എന്ന നടനെ നായകനാക്കി ആദ്യത്തെ സിനിമ ചെയ്യണം എന്നൊരു ബോധ്യമുണ്ടായിരുന്നു. ഈ സിനിമ ചെയ്യുമ്പോൾ കുറേ തടസ്സങ്ങൾ ഉണ്ടായിരുന്നിരിക്കാം. ബഡ്ജറ്റിന്റെ പരിമിതി, ഡേറ്റ് എല്ലാ കൃത്യമായി പാലിക്കണം, അയാളൊരു നല്ല അസോസിയേറ്റ് ആയിരുന്നത് കൊണ്ട് തന്നെ അദ്ദേഹം പ്ലാൻ ചെയ്തത് പോലെ അദ്ദേഹത്തിന് ഷൂട്ട് ചെയ്യാൻ പറ്റി. പറഞ്ഞ ബഡ്ജറ്റിലും പറഞ്ഞ ദിവസങ്ങളിലും ആ സിനിമ തീർക്കാൻ കഴിഞ്ഞു. പിന്നെ കുറച്ചുകൂടി വലിയ ക്യാൻവാസിൽ ചെയ്യാൻ സിന്റോയ്ക്ക് സധിച്ചിരുന്നെങ്കിൽ ഇതിനെക്കാളും ഒക്കെ മികച്ച സിനിമ സിന്റോയ്ക്ക് ഉണ്ടാക്കാൻ സാധിക്കും.

വിജയവും പരാജയവും

ഒരു സിനിമ നന്നാവുന്നതിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട് ഉണ്ട്. മോശമാകുന്നതിന് പിന്നിലും അതുപോലെ തന്നെ അല്ലെങ്കിൽ അതിനെക്കാൾ ഇരട്ടി ഘടകങ്ങളുണ്ട്. ഈ സ്ട്രഗിളുകളെയൊക്കെ ഫേസ് ചെയ്ത് അതിനെയൊക്കെ ടാക്കിൾ ചെയ്ത് വിജയം കൈവരിക്കുക എന്നുള്ളതാണ് ഒരു സിനിമയിൽ വർക്ക് ചെയ്യുന്ന ഒരാളുടെ പ്രധാനപ്പെട്ട ചുമതല. ഇന്ന് ഒരു സക്‌സസ് ഉണ്ടാവുമ്പോൾ അതാണ് സക്‌സസ് എന്ന് വിചാരിക്കാൻ പാടില്ല. ഇന്നൊരു പരാജയം ഉണ്ടാകുമ്പോൾ അതാണ് പരാജയം എന്ന് വിചാരിക്കാനും പാടില്ല. കാരണം നമ്മുടേത് ഒരു ലോങ്ങ് കരിയറാണ്. ആ കരിയറിൽ മുന്നോട്ടു പോമ്പോൾ വിജയവും പരാജയവും എല്ലാം ഉണ്ടാകും. പക്ഷേ മികച്ച മികച്ച സിനിമകളുണ്ടാക്കിക്കൊണ്ടിരിക്കുക എന്നുള്ളതാണ്. മികച്ച സിനിമകൾ പലതും പരാജയപ്പെട്ടിട്ടുണ്ട് മോശം സിനിമകൾ വിജയിച്ചിട്ടുണ്ട്, വിജയ പരാജയങ്ങളിലല്ല, നമ്മുടെ ക്വാളിറ്റി ഓഫ് ഫിലിം മേക്കിങ്ങിലാണ്. അത് നമ്മൾ നന്നാക്കിക്കൊണ്ടിരിക്കുക എന്നുള്ളതാണ്. അതിന് സിന്റോയ്ക്ക് കഴിയട്ടെ എന്നുള്ളതാണ് ഞാൻ ആശംസിക്കുന്നത്.

കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന രീതി

വേഷങ്ങൾ മാറി മാറി പരീക്ഷിക്കുന്നത് ഞാനല്ല, പരീക്ഷണം നടത്താനുള്ള ശക്തി എനിക്ക് ആയിട്ടില്ല, ഞാൻ എനിക്ക് കിട്ടുന്ന വേഷങ്ങൾ ചെയ്യുന്നു എന്നേയുള്ളൂ. സീരിയസ്സ്, ചൊറിയൻ, ചെറിയ കോമഡി, ഇതൊക്കെയാണ് എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. അതിനിടയ്ക്ക് വളരെ ചുരുക്കം പേര് മാത്രമാണ് ആ വന്നുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളിൽ തന്നെ കുറച്ചുകൂടി സ്വഭാവവിശേഷത തരാൻ നോക്കുന്നത്. ആക്ഷൻ ഹീറോ ബിജുവിലെ ചൊറിയൻ രാഷ്ട്രീയക്കാരനിൽ നിന്ന് അങ്ങേയറ്റം സീരിയസ്സ് ചൊറിയനായിട്ടുള്ള ബഷീറിലേക്ക് തരുൺ എന്നെ ത്രൂ ഔട്ട് പ്ലേസ് ചെയ്തു. പുരുഷപ്രേതത്തിൽ ഒരു ലീഡ് റോൾ കൃഷാന്ത് തന്നു. ഇതൊന്നും ഞാൻ തിരഞ്ഞെടുക്കുന്നതല്ല, അതൊക്കെ അവർ എന്നെ തിരഞ്ഞെടുത്തതാണ്. അതുപോലെ തന്നെ പാപ്പച്ചൻ ഒളിവിലാണ് സിനിമയിലും സിന്റോ എന്നെ തിരഞ്ഞെടുത്തതാണ്. പ്രശാന്ത് അലക്‌സാണ്ടറിനെ മനസ്സിൽ കണ്ടാണ് എഴുതിയത് എന്ന് പറയുമ്പോൾ എനിക്ക് അതിന് മുമ്പിൽ എന്ത് ചെയ്യാൻ സാധിക്കും. അപ്പോ തന്നെ സംഷ്ടാംഗം വീണ് പ്രണമിച്ചു.

അടിത്തട്ടിന് അർഹിക്കുന്ന ശ്രദ്ധ കിട്ടിയിരുന്നില്ല

അടിത്തട്ട് ഒരു സാധാരണ ചലച്ചിത്രമല്ല. അടിത്തട്ടിന്റെ തിരക്കഥാ രചന എനിക്ക് വളരെ പുതുമ നിറഞ്ഞ ഒന്നായിട്ട് തോന്നി. അതായത് നമ്മൾ കണ്ട് കണ്ട് കഥ മനസ്സിലാക്കി പോകുന്ന രീതിയാണ് അതിന്റേത്. ഒന്നും തുറന്ന് പറയുന്നില്ല, എന്നാൽ സൂചനകളിലൂടെ, കുത്തുകളിലൂടെ പൂരിപ്പിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. അടിത്തട്ട് എന്ന സിനിമ ഒരു ബോട്ടിൽ അഞ്ച് പേർ മീൻ പിടിക്കാൻ പോകുന്നതാണ്. ഈ അഞ്ച് പേരും തമ്മിൽ ചില പ്രശ്‌നങ്ങളും അടുപ്പങ്ങളുമൊക്കെയുണ്ട്. ഈ അടുപ്പങ്ങളും പ്രശ്‌നങ്ങളുമൊന്നും ഇതാണെന്ന് ചിത്രം പറഞ്ഞു പോകുന്നില്ല, ഏതൊക്കെയോ പോയിന്റിൽ ആളുകൾ അത് മനസ്സിലാക്കി വരുന്നതാണ്. വളരെ റോ ആയിട്ട് ജീവിക്കുന്ന ആളുകളാണ് മത്സ്യത്തൊഴിലാളികൾ. പച്ചയായ ജീവിതമാണ് അവരുടേത്. പറയാനുള്ളത് പറഞ്ഞും, വികാരങ്ങൾ പ്രകടിപ്പിച്ച് തീർത്തും പോകുന്ന മനുഷ്യർ, ഒരു ലക്ഷ്യത്തിലേക്ക് അവർ യാത്ര തിരിക്കുകയും ആ ലക്ഷ്യത്തിൽ അവരുടെയൊക്കെ ജീവിതത്തിലെ ചില സംഭവങ്ങൾ അവിടെ പ്രതിപാദിക്കപ്പെടുകയും അതിനോട് അവർ പ്രതികരിക്കുകയും ഒക്കെ ചെയ്ത് തിരിച്ച് കടലിൽ നിന്നും കരയിലേക്ക് എത്തുന്നതാണ് സിനിമ. ആ ബോട്ടിന്റെ പേര് ഇന്ത്യ എന്നാണ്. അടിത്തട്ട് എന്ന സിനിമ കൃത്യമായി അതിനെ മാർക്കറ്റ് ചെയ്യേണ്ട വിധത്തിൽ മാർക്കറ്റ് ചെയ്തിരുന്നില്ല. കോവിഡ് കഴിഞ്ഞ് തിയറ്ററുകൾ തുറന്ന കാലഘട്ടമായതു കൊണ്ടാണ് അതിന് വേണ്ട വിധത്തിലുള്ള ശ്രദ്ധ കിട്ടാതെ പോയത്. അതൊരു ടിപ്പിക്കൽ സിനിമ ആയിരുന്നില്ല, അതിൽ ഒരു നായികയില്ല. കടലാണ് പ്രധാന പശ്ചാത്തലം. ആ സിനിമ ഇനി ഏതെങ്കിലും രീതിയിൽ പ്രേക്ഷകർക്ക് കാണാൻ അവസരം കിട്ടിയാൽ അവരത് ഉദ്ധ്യോഗത്തോടെ കണ്ടിരിക്കും. പല അർത്ഥങ്ങളും നമുക്ക് കണ്ടെത്താൻ സാധിക്കുന്ന ഒരു സിനിമയാണ് അടിത്തട്ട്.

ഇപ്പോഴുള്ള സിനിമകൾ ഒടിടിക്ക് വേണ്ടിയെന്ന വാദത്തെക്കുറിച്ച്

സിനിമയെ സ്‌നേഹിക്കുന്ന അതിനെ ഒരു പാഷനായി കൊണ്ടു നടക്കുന്ന ഒരു ഫിലിം മേക്കറും സിനിമ ഏതെങ്കിലും ഒരു പ്രത്യേക പ്ലാറ്റ്‌ഫോമിന് വേണ്ടി എന്ന രീതിയിൽ നിർമിക്കില്ല. സിനിമ ഉണ്ടാക്കുന്നത് പ്രേക്ഷകന് വേണ്ടിയിട്ടാണ്. ആ പ്രേക്ഷകൻ ഒടിടിയിലാവാം തിയറ്ററിലാവാം. പ്രേക്ഷകന് വേണ്ടിയിട്ടാണ് സിനിമ ഉണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ എങ്ങനെ ഇത് കാണുന്നു എന്നതല്ല, പ്രേക്ഷകർ കാണണം എന്ന ആഗ്രഹമാണ് ആത്യന്തികമായി ഉള്ളത്. സിനിമയെ ഒരു ബിസിനസ്സായി കാണുന്നവരാണ് അതിന്റെ ലാഭനഷ്ടങ്ങൾ നോക്കി ഇത് ഒടിടിക്ക് ഇത് തിയറ്ററിന് എന്നിങ്ങനെ തീരുമാനിക്കുന്നത്. നമ്മൾ ഇത് തിയറ്ററിൽ കാണാനാണ് ആഗ്രഹിക്കുന്നത്, നമ്മൾ കണ്ടു വന്നിട്ടുള്ള മാധ്യമവും അത് തന്നെയാണ്. സിനിമ കുടുംബമായി പോയി കാണുന്നത് ഒരു ട്രിപ്പിന് പോകുന്നത് പോലെ ആസ്വദിച്ചിരുന്ന ആൾക്കാരാണ് ഞങ്ങൾ ഒക്കെ, എന്റെയൊക്കെ വീട്ടിൽ നിന്ന് തിയറ്ററിൽ പോകാൻ വല്ലപ്പോഴും മാത്രമേ അവസരം ലഭിച്ചിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അതൊരു ആഘോഷമായിരുന്നു. എന്നെ സംബന്ധിച്ച് എനിക്ക് സിനിമ തിയറ്ററിൽ കാണാൻ തന്നെയാണ് ഇഷ്ടം. പക്ഷേ എന്റെ ആദ്യത്തെ ലീഡായിട്ടുള്ള ചിത്രം പുരുഷപ്രേതം ഒടിടിയിലാണ് റിലീസ് ആയത്. അത് ഇന്നത്തെ കാലത്തിന്റെ ഒരു യാഥാർത്ഥ്യമാണ്. അത് ഒടിടി റിലീസ് ആയതു കൊണ്ട് അത് കൂടുതൽപ്പേർ കണ്ടു എന്ന ചാരിതാർഥ്യം എനിക്കുണ്ട്.

ചെറിയ സിനിമകൾക്കുള്ള വെല്ലുവിളി..

മാസ്സ് നായകനും മാസ്സ് ഓഡിയൻസും ആരാധകരുമുള്ള വലിയ സിനിമകളും താരതമ്യേന അത്രയും ആരാധകവൃന്ദം ഇല്ലാത്ത നടന്മാരായിട്ടുള്ള ചെറിയ സിനിമകളും വച്ച് നോക്കുകയാണ് എന്നുണ്ടെങ്കിൽ ചെറിയ സിനിമകൾക്ക് അന്നും ഇന്നും ഒരേ ഓഡിയൻസാണ് ഉള്ളത്. ഉദാഹരണം പറയുകയാണെങ്കിൽ ഒരു പത്ത് വർഷം മുമ്പ് ചെറിയ സിനിമ റിലീസ് ചെയ്യുമ്പോൾ കാണാൻ നൂറ് പേരുണ്ടെങ്കിൽ ആ സിനിമ കാണാൻ ആ നൂറ് പേരും കയറുന്നത് ഒരു തിയറ്ററിലാണ്. ഇന്ന് അതേ നൂറ് പേര് മുപ്പത്തിയഞ്ചോ മുപ്പത്തിയാറോ സ്‌ക്രീനുകളിലാണ് കയറുക, അതായത് അന്ന് ഒരു സ്‌ക്രീനിൽ നൂറ് പേര് കയറുമ്പോൾ ഇന്ന് ആ നൂറ് പേര് തന്നെ മുപ്പത്താറ് സ്‌ക്രീനിൽ കയറുന്നു, അങ്ങനെ വരുമ്പോൾ ഒരു തിയറ്ററിൽ എത്ര പേര് കാണും? സ്‌ക്രീനുകളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. എന്നാൽ ഇത് കാണാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം കുറവാണ്. ഈ കണ്ടു പോകുന്ന ചെറിയ വിഭാഗം ആളുകൾ മൗത്ത് പബ്ലിസ്റ്റിയിലൂടെ ഗംഭീര സിനിമയാണെന്ന് വരുത്തിയിട്ട് വേണം ചെറിയ സിനിമകൾക്ക് തിയറ്ററിലേക്ക് ആളുകളെ കൊണ്ടുവരാൻ. പിന്നെ വലിയൊരു ഗ്രൂപ്പിനൊപ്പം ഇരുന്ന് സിനിമ കാണുമ്പോൾ ഒരു ചെറിയ തമാശ പോലും ചിലപ്പോൾ ഒരു വലിയ തമാശയായിട്ട് മാറാം. എന്നാൽ ചുരുങ്ങിയ ആളുകൾ മാത്രമുള്ളിടത്ത് ആ തമശ ചിലപ്പോൾ വർക്കായി എന്ന് വരില്ല, ഇതൊക്കെ ബാധിക്കുന്നുണ്ട്. ചെറിയ സിനിമകൾ ഇത്തരത്തിൽ സ്‌ക്രീനുകളുടെ എണ്ണം കൂടിയതു കൊണ്ടും അത് കാണാൻ വരുന്ന ആളുകളുടെ എണ്ണം കുറഞ്ഞതു കൊണ്ടും ഇങ്ങനെയുള്ള പല വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ട്. നല്ലാതാണെന്ന് കേൾപ്പിക്കുകയും സിനിമ മികച്ചതാക്കി കൊണ്ടിരിക്കുകയും ചെയ്യുക മാത്രമേ ചെറിയ സിനിമകൾക്ക് ചെയ്യാനുള്ളൂ.. ചെറിയ സിനിമകൾ ചെയ്യുമ്പോൾ പ്രമേയം കൊണ്ട് വ്യത്യസ്തമാകുക, ആളുകളെ ആകർഷിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in