സിദ്ദീഖ് സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥയാണ് 'പൊറാട്ട് നാടകം', രചയിതാവ് സുനീഷ് വാരനാട്‌ അഭിമുഖം

സിദ്ദീഖ് സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥയാണ് 'പൊറാട്ട് നാടകം', രചയിതാവ് സുനീഷ് വാരനാട്‌ അഭിമുഖം
Published on

വലിയ ഒരിടവേളയ്ക്ക് ശേഷം ആക്ഷേപ ഹാസ്യത്തിലൂടെ കഥ പറയുന്ന ഒരു സിനിമ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. അതുല്യ സംവിധായകൻ സിദ്ദീഖ് അവതരിപ്പിക്കുന്ന പൊറാട്ട് നാടകമാണ് പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമായി തിയറ്ററുകളിലേക്കെത്തുന്നത്. സിദ്ധീഖിന്റെ ശിഷ്യൻ കൂടിയായ നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും കൂടിയായ സുനീഷ് വാരനാടാണ്. സിനിമയെക്കുറിച്ച് സുനീഷ് വാരനാട്‌ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

'പൊറാട്ട് നാടകവും' സമകാലിക രാഷ്ട്രീയവും

ഈ സിനിമയെ ഏതൊരു രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കുന്ന ആളുകൾക്ക് അതിന്റെതായ സ്പിരിറ്റിൽ എടുക്കാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അടച്ചാക്ഷേപങ്ങൾ ഒന്നും സിനിമയിലില്ല. സിനിമയുടെ അടിത്തറ തന്നെ ഒരു സാധാരണക്കാരനെ 21 ദിവസം രാഷ്ട്രീയം എങ്ങനെ സ്വാധീനിക്കുന്നു എന്നുള്ളതാണ്. അത് ഒരു രാഷ്ട്രീയമല്ല പല രാഷ്ട്രീയത്തിന്റെ വെളിച്ചത്തിൽ പറയുന്നുണ്ട്. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരു സാധാരണക്കാരന് നേരിടുന്ന ജീവിത പ്രശ്നമാണ് സിനിമ. അറിഞ്ഞോ അറിയാതെയോ ആണ് നായകന്റെ പ്രശ്നങ്ങൾക്കിടയിലേക്ക് ഒരു പശു വന്നു കയറുന്നത്. ആ പശുവും നായകനും തമ്മിലുണ്ടാകുന്ന ആത്മബന്ധമാണ് പിന്നീട്. ആ ആത്മബന്ധം വലുതാകുന്നിടത്ത് മറ്റൊരു രീതിയിൽ രാഷ്ട്രീയം കടന്നുവരുന്നതാണ് സിനിമയിലുള്ളത്. പലപ്പോഴായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന സമൂഹത്തിലെ അവസ്ഥയാണ് 'പൊറാട്ട് നാടകം' എന്ന സിനിമയിലും പറയുന്നത്.

പൊറാട്ട് നാടകത്തിലെ പ്രധാനപ്പെട്ട ഘടകം മതമല്ല, രാഷ്ട്രീയമാണ്. മതവും രാഷ്ട്രീയവുമായി ബന്ധപ്പെടുത്താൻ തുടങ്ങിയിട്ട് തന്നെ കാലം കുറെയായി. മതമില്ലാതെ രാഷ്ട്രീയവും രാഷ്ട്രീയമില്ലാതെ മതവും നിലനിൽക്കില്ല എന്നതാണ് ഇന്ത്യയുടെ വർത്തമാന കാലം സൂചിപ്പിക്കുന്നത്. മതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിച്ചത് എഴുത്തുകാരോ സിനിമക്കാരോ അല്ല. രാഷ്ട്രീയക്കാരാണ്. രാഷ്ട്രീയത്തിന്റെ വികാസത്തിന് വേണ്ടി മതത്തെ ഉപയോഗിക്കുന്ന ഒരവസ്ഥയുണ്ട്. അതിനെല്ലാം എതിരെ കാർട്ടൂണുകളും ട്രോളുകളും നമ്മൾ കാണാറുണ്ട്. സിനിമയിൽ അതുപോലെ ചില സറ്റയറുകളാണ് പറയുന്നത്. ഇന്ത്യ വിഷനിൽ പൊളിട്രിക്ക്സ് എന്ന പരിപാടി നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആ പരിപാടിയുടെ സംവിധായകനും നിർമ്മാതാവും അവതാരകനുമായിരുന്നു. രാഷ്ട്രീയപരമായി ചില ആളുകൾ ചെയ്യുന്ന കാര്യങ്ങൾ നമുക്ക് തമാശയായി കാണാൻ കഴിയാറില്ലേ. പണ്ട് കാർട്ടൂണുകൾ നിർവഹിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ തന്നെ. അതിനെ രസകരമായി അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുകയാണ് സിനിമയിൽ.

സിദ്ദീഖ് സാറും 'പൊറാട്ട് നാടകവും'

സിദ്ധീഖ് സാർ ഈ സിനിമയുടെ തുടക്കം മുതലേ ഉണ്ടായിരുന്നു. സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ ഞാൻ പറഞ്ഞ കഥയാണ് പൊറാട്ട് നാടകം. ഹിന്ദിയിൽ ചെയ്യാൻ കഴിയുന്ന കഥ എന്ന രീതിയിലാണ് ഞാൻ അന്ന് സാറിനോട് കഥ പറഞ്ഞത്. ഹിന്ദിയിൽ 'ബോഡി ഗാർഡ്' എന്ന സിനിമ ചെയ്ത് പരിചയമുള്ള ആളാണല്ലോ സിദ്ദീഖ് സാർ. നമുക്കൊരു ഹിന്ദി സിനിമ ചെയ്യാം, ഇങ്ങനെ ഒരു കഥയുണ്ടെന്ന് പറഞ്ഞാണ് പൊറാട്ട് നാടകത്തിന്റെ കഥ ഞാൻ സിദ്ദീഖ് സാറിനെ കേൾപ്പിക്കുന്നത്. കേരളത്തിന്റെ ഒരു ബോഡറിൽ നടക്കുന്ന കഥയായി മലയാളത്തിലേക്ക് അതിനെ മാറ്റാൻ പറഞ്ഞത് അദ്ദേഹം തന്നെയാണ്. മലയാളത്തിൽ ഒരു പ്രൊഡക്ഷൻ വന്നിട്ടുണ്ട് അതൊന്ന് എഴുതിക്കൊണ്ട് വരാൻ സിദ്ദീഖ് സാർ എന്നോട് ഒരു ദിവസം പറഞ്ഞു. അദ്ദേഹത്തിന്റെ തന്നെ ശിഷ്യന് വേണ്ടിയിട്ടാണെന്ന് പിന്നീട് പറഞ്ഞു. പിന്നീട് പ്രൊഡക്ഷനിൽ എന്റെ കൂടെ സുഹൃത്തായ വിജയൻ പള്ളിക്കര എത്തി.

തിരക്കഥ എഴുതുന്നതിനിടയിൽ ഒരുപാട് സംഭാവനകൾ സിദ്ദീഖ് സാറിന്റേതായി ഉണ്ടായിട്ടുണ്ട്. ഇന്നത് പോലെ വേണം എന്നൊന്നും അദ്ദേഹം നിർബന്ധം പിടിക്കാറില്ല മറിച്ച് ഇങ്ങനെയൊക്കെ വന്നാൽ നന്നായിരിക്കും എന്നെ പറയുള്ളു. കാരണം ഇത് എന്റെ സ്ക്രിപ്റ്റാണ് പൂർണമായും. ഷൂട്ടിങ്ങിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചില തിരുത്തലുകൾ നടത്തി അദ്ദേഹത്തെ കാണിച്ചപ്പോൾ 'ഇപ്പൊ നന്നായിട്ടുണ്ട്, ഇനിയും നന്നാവും കേട്ടോ' എന്നാണ് സാർ പറഞ്ഞത്. സത്യം പറഞ്ഞാൽ അദ്ദേഹത്തിന് തൃപ്തി ആകുന്ന രീതിയിൽ നമ്മളൊന്നും വളർന്നിട്ടില്ല എന്നുള്ളതാണ്. ഗോഡ്ഫാദർ പോലെ ഗംഭീരമായ സ്ക്രിപ്റ്റ് എഴുതിയ ആളാണ്. കോമഡി സിനിമയുടെ ഇന്റർനാഷണൽ ലെവലിലുള്ള സ്ക്രിപ്റ്റ് ആണ് ആ സിനിമയെല്ലാം.

ഷൂട്ടിങ് സമയത്ത് ആദ്യത്തെ മൂന്ന് നാല് ദിവസം സാർ ഉണ്ടായിരുന്നു. ക്ലൈമാക്സ് ഷൂട്ട് ചെയ്യുമ്പോൾ അദ്ദേഹം വേണം എന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. കാസർഗോഡ് ഒരുപാട് പൊടിക്കാറ്റുള്ള സമയമായിരുന്നു അത്. അദ്ദേഹത്തിന് ആസ്ത്‌മയുടെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് ഷൂട്ടിങ്ങിന് നിൽക്കാനായില്ല. അതിന് ശേഷം എഡിറ്റിങ്ങിൽ ഉണ്ടായിരുന്നു. എഡിറ്റിങ്ങിൽ കുറെ ഭാഗങ്ങൾ കളഞ്ഞ് സിനിമയെ മെച്ചപ്പെടുത്തി. ഡബ്ബിങ് പകുതി ആയപ്പോഴാണ് അദ്ദേഹം ആശുപത്രിയിൽ പോകുന്നത്. സിനിമയ്ക്ക് പശ്ചാത്തല സംഗീതം ചെയ്തത് അദ്ദേഹം കണ്ടിട്ടില്ല. ഡബ്ബ് ചെയ്തതിന് ശേഷം പൂർണ്ണമായ ഒരു സിനിമയായി അദ്ദേഹം പൊറാട്ട് നാടകം കണ്ടിട്ടില്ല.

ഈ സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും അദ്ദേഹം ഇടപെട്ടിട്ടുണ്ട്. ഡബ്ബ് ചെയ്യുമ്പോൾ സൈജു കുറുപ്പിന് കാര്യങ്ങൾ പറഞ്ഞു കൊടുത്തിട്ടുണ്ട്. അദ്ദേഹം അവതരിപ്പിക്കുന്ന സിനിമ കൂടി ആകുമ്പോൾ സിനിമയുടെ എല്ലാ തലത്തിലും സ്വാധീനിച്ചിട്ടുണ്ട്. സിനിമയുടെ ചാർട്ടിങ് മേഖലയിൽ അദ്ദേഹത്തിന്റെ നിർണ്ണായകമായ ഇടപെടൽ നടന്നിട്ടുണ്ട്. ചിലവ് പരമാവധി കുറയ്ക്കുന്നത് പോലെ കാര്യങ്ങൾ ക്രമീകരിക്കാൻ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ സഹായിച്ചിട്ടുണ്ട്. 45 ദിവസം ചാർട്ട് ചെയ്ത് 70 ദിവസം ഷൂട്ട് ചെയ്യുക എന്നുള്ളത് നടക്കില്ല എന്ന് കർശനമായി പറഞ്ഞിരുന്നു. ഈ സിനിമ 32 ദിവസത്തേക്കേ ചാർട്ട് ചെയ്യാവൂ എന്ന് സിദ്ദീഖ് സാറിന്റെ നിർദേശമുണ്ടായിരുന്നു. 29 ദിവസ്സം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണിത്. 'എന്തുകൊണ്ടാണ് ഇത്ര സമയം കൊണ്ട് തീരാത്തത്' എന്ന് കൃത്യമായി അന്വേഷിക്കുന്ന ആളായിരുന്നു സാർ. അതെല്ലാം സിനിമയ്ക്ക് നല്ല രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്. സിനിമ ചെയ്ത് വർഷങ്ങളോളം പരിചയം ഉള്ളതുകൊണ്ടാണ് ആ രീതിയിൽ ചോദിക്കാൻ കഴിയുന്നത്.

സിനിമയും സൗഹൃദങ്ങളും

പൊറാട്ട് നാടകം സിനിമയിൽ അഭിനയിച്ച 70 ശതമാനം ആളുകളും നേരത്തെ സുഹൃത്തുക്കളായിരുന്നു. സിനിമയിലെ നായകനായ സൈജു കുറുപ്പ് വർഷങ്ങളായി എന്റെ സുഹൃത്താണ്. സാധാരണക്കാരനായി അഭിനയിക്കാൻ മിടുക്കുള്ള നടനാണ് സൈജു. ജയ് മഹേന്ദ്രനും ഭാരത നാട്യവും എല്ലാം നമ്മൾ കണ്ടതാണ്. സൈജുവിന്റെ കൂടെയുള്ളത് ധർമജനാണ്. ധർമജൻ സിനിമയിൽ ഒരു കറവക്കാരനായിട്ടാണ് എത്തുന്നത്. ധർമജൻ കറവ പഠിച്ചിട്ടൊക്കെയാണ് സിനിമയിലേക്ക് വന്നത്. സിനിമയിൽ പൊറാട്ട് നാടകക്കാരനായി എത്തുന്നതും ധർമജനാണ്. ബഡായി ബംഗ്ലാവ് എഴുതുന്നതിന് മുൻപ് തന്നെ എനിക്ക് ധർമജനെ അറിയാം. ഒരുപാട് കഴിവുള്ള ആർട്ടിസ്റ്റാണ് അദ്ദേഹം. പിന്നെയുള്ളത് രമേശ് പിഷാരടിയാണ്. പിഷാരടി എനിക്ക് സഹോദര തുല്യനാണ്. ഒരു വർഷമായി ഞാനും പിഷാരടിയും വേദികൾ പങ്കിട്ടിട്ടുണ്ട്. രാഹുൽ മാധവിനൊപ്പവും വിദേശത്ത് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. മറ്റുള്ള അഭിനേതാക്കളെ കാസർഗോഡ് നിന്ന് ഒരു വർക്ക് ഷോപ്പ് നടത്തി സിദ്ദീഖ് സാർ തിരഞ്ഞെടുത്തതാണ്. 44 ആളുകളെയാണ് സാർ വർക്ക് ഷോപ്പിലൂടെ തിരഞ്ഞെടുത്തത്.

ഒരുപാടു പുതിയ ആളുകൾ സിനിമയിലുണ്ട്. കുറെ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തവരാണ് പ്രധാനപ്പെട്ട കഥാപാത്രങ്ങളായി സിനിമയിലുള്ളത്. 'എന്നാ താൻ കേസ് കൊടുക്ക്' സിനിമയിലുള്ള ഷുക്കൂർ വക്കീൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം സിനിമയിൽ കൈകാര്യം ചെയ്യുന്നുണ്ട്. പുതിയ ആളുകൾ അഭിനയിക്കുന്നതിന്റെ ഫ്രഷ്‌നെസ്സ് സിനിമയ്ക്ക് ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വാസം. പുതിയ ആളുകളെ അവതരിപ്പിക്കാം എന്ന് നിർദ്ദേശിച്ചതും സിദ്ദീഖ് സാർ തന്നെയാണ്. സാറിന്റെ നിർദ്ദേശപ്രകാരമാണ് വർക്ക്ഷോപ്പ് നടത്തിയതും ആളുകളെ തിരഞ്ഞെടുത്തതും.

മതവികാരവും പൊളിറ്റിക്കൽ കറക്ട്നെസ്സും

മതവികാരത്തെ വ്രണപ്പെടുത്തി എന്ന് പറഞ്ഞ് ആളുകൾ പ്രശമുണ്ടാക്കിയ ചിത്രമാണ് ഈശോ എന്ന എന്റെ മുൻപത്തെ സിനിമ. ഈശോ എന്ന പേര് തന്നെ വലിയ പ്രശ്നമാക്കിയിരുന്നു. ആ സിനിമയുടെ എഴുത്തുകാരൻ എന്ന നിലയിൽ ഞാനും സംവിധായകൻ എന്ന നിലയിൽ നാദിർഷിക്കയും അന്ന് പറഞ്ഞത് ഈ സിനിമ നിങ്ങൾ കണ്ടു നോക്കൂ എന്നായിരുന്നു. ആരെയും വ്രണപ്പെടുത്താനുള്ള ഉദ്ദേശം ആയിരുന്നില്ല മറിച്ച് രക്ഷകൻ എന്ന അർത്ഥത്തിലാണ് ഞങ്ങൾ അങ്ങനെ പേര് വെച്ചത്. മതവും മത വികാരങ്ങളും വ്രണപ്പെടുത്താൻ ആരും തമാശയ്ക്ക് പോലും ഒന്നും പറയില്ലല്ലോ. മറ്റൊരു മതത്തെ ബഹുമാനിക്കാൻ തന്നെയാണ് ഈ സമൂഹം നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. മതത്തേക്കാൾ വലുതാണ് മനുഷ്യൻ എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം മത വികാരം മാത്രമല്ല മറ്റുള്ളവരുടെ ഒരു വികാരത്തെയും മുറിവേൽപ്പിക്കുന്ന തമാശകൾ പറയാൻ പാടില്ല എന്നുള്ളതാണ്. മറ്റുള്ളവർക്ക് ദോഷകരമായ രീതിയിൽ ഒരു തമാശ പറയേണ്ടതില്ല.

മിമിക്രി എഴുത്തിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് വരാത്തത് സോഷ്യൽ മീഡിയയിൽ ഒരു സമയത്ത് വലിയ ചർച്ചയായിരുന്നു. മൊബൈലുകൾ ഓരോ വർഷങ്ങൾ കഴിയുന്തോറും അപ്ഡേറ്റ് ആകാറുണ്ട്. അതുപോലെ മനുഷ്യനും അപ്ഡേറ്റാവണം. പണ്ട് ഉണ്ടായിരുന്ന കാര്യങ്ങളിൽ നിന്ന് അവസ്ഥകൾക്ക് കുറെ മാറ്റം വന്നിട്ടുണ്ട്. ഒറ്റ ടച്ചിൽ ലോകത്തെ എല്ലാ വിവരങ്ങളും അറിയാൻ കഴിയുന്ന രീതിയിൽ നമ്മളും വളർന്നിട്ടുണ്ട്. അതുപോലെ നമ്മളുടെ തമാശകളും മാറണം. ഇപ്പോഴത്തെ തമാശ എഴുത്തുകാർ എല്ലാം ആ കാര്യത്തിൽ ശ്രദ്ധിക്കാറുണ്ട്. മറ്റൊരാളുടെ മാനസികാവസ്ഥ, നിറം, ജാതി, പൊക്കക്കുറവ് പോലെയുള്ള കാര്യങ്ങളെ വെച്ച് തമാശകൾ എഴുതാൻ പാടില്ല. മിമിക്രിക്കാരുടെ ഇടയിൽ അത് അറിയാതെ വന്നു പോകുന്നതാണ്.

ആക്ഷേപ ഹാസ്യം എഴുത്തിലും സിനിമയിലും

ത്രില്ലർ പാറ്റേണിലാണോ ഹ്യൂമർ പാറ്റേണിലാണോ ഴോണർ എന്നുള്ളത് എഴുതുന്നതിനിടയിൽ ശ്രദ്ധിക്കുന്ന ഒരു കാര്യമല്ല. ഹ്യൂമർ പാറ്റേണിൽ കഥ പറഞ്ഞിട്ടുള്ള എത്രയോ ത്രില്ലർ സിനിമകളുണ്ട്. സിനിമയിൽ ഹാസ്യം എഴുതുന്നതും പുസ്തകത്തിനു വേണ്ടി ഹാസ്യം എഴുതുന്നതും തീർത്തും വ്യത്യസ്തമായ കാര്യമാണ്. എന്നിരുന്നാലും ഒരു കഥ എഴുതുമ്പോൾ അത് ദൃശ്യങ്ങളായി വായനക്കാരന്റെ മനസ്സിൽ എത്തണം എന്നാണല്ലോ ഏതൊരു എഴുത്തുകാരനും ആഗ്രഹിക്കുക. പുതിയ എഴുത്തുകാരെല്ലാം ഭാഷയിലാണ് കൂടുതലും ശ്രദ്ധിക്കുന്നത്. മലയാള ഭാഷയെക്കുറിച്ച് ധാരാളം അറിവുള്ളതുകൊണ്ടാണ് അവർക്ക് ആ രീതിയിൽ ഭാഷ ഉപയോഗിക്കാൻ കഴിയുന്നത്. സാധാരണക്കാരന് മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് ഞാൻ എഴുതാറുള്ളത്. വായിക്കുന്ന ആളുകൾക്ക് സിനിമയിലേതുപോലെ ചിത്രങ്ങൾ കാണാൻ കഴിയുന്ന രൂപത്തിലാണ് എഴുത്ത്.

കുറെ കാലം ടെലിവിഷനിലും, സ്റ്റേജിലും ജോലി ചെയ്തിട്ടുള്ള പരിചയമാണ് എനിക്കുള്ളത്. 15 വർഷത്തോളം മാധ്യമ പ്രവർത്തകനായിരുന്നു. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ആളുകൾ കൂടുതൽ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതിയിൽ ആളുകളോട് ചേർന്ന് നിൽക്കുന്ന എഴുത്താണ് കൂടുതൽ ഇഷ്ടം. സിനിമയിലായാലും ഹാസ സാഹിത്യ രചനയിൽ ആയാലും വളരെ നിർദോഷകരമായ തമാശകൾ പറയാനാണ് താൽപ്പര്യം. വായിക്കുന്നവർക്ക് ചിരി കിട്ടിയാൽ അത് എഴുത്തുകാരന്റെ ഭാഗ്യമാണ്. പുസ്തകത്തിൽ ഞാൻ എഴുതിയിട്ടുള്ള കാര്യങ്ങൾ ഏതാണ്ട് സിനിമാറ്റിക് രീതിയിലാണ്. ഭാഷാപരമായി അല്ലാതെ ചിത്രങ്ങൾ മനസ്സിൽ വരുന്നത് പോലെയാണ് എഴുതാറുള്ളത്. ഞാൻ എഴുതിയ പുസ്തകങ്ങളിലെ കഥകൾ ചേർത്ത് വെച്ച് സിനിമ സംവിധാനം ചെയ്യാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ.

പ്രേക്ഷകരോട്

വലിയ അമിത പ്രതീക്ഷയോടെ സമീപിക്കേണ്ട സിനിമയല്ല പൊറാട്ട് നാടകം. കുട്ടികളും കുടുംബവുമായി വന്ന് കണ്ട്, ചെറുതായി ചിരിച്ച് പോകാവുന്ന ചെറിയ ഒരു സിനിമയാണ് പൊറാട്ട് നാടകം. 2 മണിക്കൂർ മാത്രമാണ് സിനിമയ്ക്ക് ദൈർഖ്യമുള്ളത്. ചെറിയ സിനിമകളെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം പ്രേക്ഷകർക്കുണ്ട്. ഭരതനാട്യം പോലെ ഒരു സിനിമ തിയറ്ററിൽ മെച്ചമുണ്ടാകാതെ പോകുകയും ഒടിടി യിൽ വലിയ അഭിപ്രായം നേടുകയും ചെയ്‌തു. സിനിമ ഒടിടി യിൽ വരുന്നത് വരെ കാത്തരിക്കരുത്. വലിയ സിനിമകൾ തിയറ്ററിൽ കാണുകയും ചെറിയ സിനിമകളെ ഒഴിവാക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. ഞങ്ങളെ പോലെയുള്ള ചെറിയ കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കണം എന്നാണ് പറയാനുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in