'My films are a personal reflection on the impact that the state - the system and the world - has on me' : Vetrimaaran
2011ല്‍ ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു സംഭവമുണ്ടായി, ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഒരു 'തമിഴനെ' 45 മിനിറ്റോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുവെച്ചു. മാതൃഭാഷയായ ഹിന്ദി അറിയില്ലേ എന്ന് ചോദിച്ചപ്പോള്‍ എന്റെ മാതൃഭാഷ തമിഴ് ആണെന്നും, തമിഴ് അറിയാത്തവരോട് ഞാന്‍ ഇംഗ്ലീഷില്‍ സംസാരിക്കുമെന്നും അയാള്‍ പറഞ്ഞു. പക്ഷേ പ്രകോപിതനായ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഉള്ളില്‍ നിന്നും ഞൊടിയിടയില്‍ വംശീയതയും തീവ്ര ദേശീയതയും പുറത്തേക്ക് വന്നു. കാശ്മീരികളും തമിഴരുമാണ് ഇന്ത്യയെ വിഭജിക്കുന്നതെന്നും നിങ്ങളെല്ലാം തീവ്രവാദികളാണെന്നുമായിരുന്നു മറുപടി. സുരക്ഷാ ഉദ്യോഗസ്ഥന്‍ തടഞ്ഞുവെച്ച ആ 'തമിഴന്‍', മോണ്‍ട്രിയല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആടുകളം സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വെട്രിമാരനായിരുന്നു.
പൊല്ലാതവന്‍, ആടുകളം, വിസാരണൈ, വടചെന്നൈ, അസുരന്‍ എന്നീ സിനിമകളുടെ സംവിധായകന്‍. കാക്ക മുട്ടൈ എന്ന സിനിമയുടെ പ്രൊഡ്യൂസര്‍. രണ്ട് ദേശീയ പുരസ്‌ക്കാരങ്ങള്‍. വെട്രിമാരന്‍ എന്ന ഫിലിം മേക്കറെക്കുറിച്ച് പറയുമ്പോള്‍ ഇത്രയും കാര്യത്തില്‍ തുടങ്ങാം.
രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാളായി വെട്രിമാരന്‍ സിനിമയിലേക്ക് വരുന്നത്. ഈ കാലഘട്ടങ്ങളിലാണ് ദേശീയ നെടുഞ്ചാലൈ 47 എന്ന വെട്രിമാരനെഴുതിയ കഥ ധനുഷ് കേള്‍ക്കാനിടവരികയും തുടര്‍ന്ന് സിനിമ ചെയ്യാം എന്ന ഉറപ്പില്‍ എത്തുകയും ചെയ്യുന്നത്. എന്നാല്‍ നിര്‍മ്മാതാക്കളെ കിട്ടാനില്ലാത്ത സാഹചര്യം വന്നതുകൊണ്ട് ആ പ്രോജക്റ്റ് ഡ്രോപ്പ് ആവുകയും ചെയ്തു. തുടര്‍ന്ന് വെട്രിമാരന്‍ മറ്റൊരു കഥ ധനുഷിനോട് പറയുന്നു. സാധാരണക്കാരനായ, എന്നാല്‍ എല്ലാ കഷ്ടപ്പാടിലും ഒരു ബൈക്ക് വേണമെന്ന് മാത്രം ആഗ്രഹിച്ചൊരു ചെറുപ്പക്കാരന്റെ ബൈക്ക് മോഷണം പോകുന്നൊരു കഥ. അതായിരുന്നു ധനുഷ് - വെട്രിമാരന്‍ കോമ്പിനേഷന്റെയും വെട്രിമാരന്‍ എന്ന ഫിലിം മേക്കറുടെയും തുടക്കം.
ഒരു മിഡില്‍ ക്ലാസ് ഫാമിലിയ്ക്കകത്ത് നിന്നുകൊണ്ടായിരുന്നു വെട്രിമാരന്റെ ഫ്രെയിമുകള്‍. തൊഴിലില്ലാത്ത അലസനായ ബജാജ് പള്‍സറിന് വേണ്ടി സ്വപ്‌നം കാണുന്നൊരു മകനും, ഒരുനിമിഷം പോലും ജോലി ചെയ്യാതിരിക്കാത്ത കുടുംബത്തിന് വേണ്ടി എണ്ണയിട്ട പോലെ ചലിച്ചുകൊണ്ടിരിക്കുന്ന അച്ഛനും, രണ്ട് തലമുറയായിരുന്നു. പ്രേക്ഷകര്‍ കണ്ടിട്ടുള്ള ഒരു കാലഘട്ടവും ജീവിതവും അതിലുണ്ടായിരുന്നു. പിന്നീട് ചിത്രം മറ്റൊരു ടേണിലേക്ക് പോകുമ്പോഴും വയലന്‍സിലേക്ക് ട്രാക്ക് മാറ്റുമ്പോഴുമെല്ലാം നവാഗതസംവിധായകന്‍ എന്ന തരത്തിലുള്ള ഒരു പതര്‍ച്ച വെട്രിമാരനുണ്ടായിരുന്നില്ല. കാരണം വയലന്‍സ് അയാള്‍ പുറത്ത് നിന്നെടുത്ത് വെച്ചതല്ലായിരുന്നു, വയലന്‍സുള്ള മനുഷ്യരിലേക്ക് അയാള്‍ കാമറ വെക്കുകയായിരുന്നു. ആഖ്യാനപരമായി ഒരുപാട് പ്രശംസകള്‍ വെട്രിമാരന്‍ ഈ സിനിമയിലൂടെ തന്നെ നേടിയിരുന്നു.
പ്രണയം-പക-കോഴിപ്പോര്
നാല് വര്‍ഷത്തിന് ശേഷം 2011-ല്‍ ആടുകളവുമായാണ് പിന്നീട് വെട്രിമാരന്‍ വരുന്നത്. ഇത്തവണയും ധനുഷ് തന്നെയായിരുന്നു നായകന്‍. പരമ്പരാഗതമായി കോഴിപ്പോര് നടത്തി വരുന്ന രണ്ട് പ്രാദേശിക സംഘങ്ങള്‍ തമ്മിലുള്ള പകയും കോണ്‍ഫ്‌ലിക്റ്റുകളുമാണ് സിനിമയുടേത്. കോഴിപ്പോരില്‍ താന്‍ അത്രയും കാലം കൊണ്ടുണ്ടാക്കിയെടുത്ത സ്ഥാനവും ബഹുമാനവും തന്റെ ശിഷ്യനായ കെ.പി കറുപ്പ് നേടിയെടുക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന ഈഗോയെ പ്രതികാരം ചെയ്യാന്‍ വേണ്ടി രണ്ടുപേരെ തമ്മിലടിപ്പിക്കുക എന്നതിലൂടെയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്.
വെട്രിമാരന്‍ എന്ന സംവിധായകന്റെ ക്രാഫ്റ്റ് എത്രത്തോളമുണ്ടെന്ന് ഈ ഒരൊറ്റ സിനിമ കൊണ്ട് അളക്കാന്‍ സാധിക്കും. വെറുമൊരു ഈഗോ ക്ലാഷ് എന്നതിന് പകരം ഒരു തമിഴ്‌നാടന്‍ ഉള്‍ഗ്രാമത്തെ, അവിടത്തെ മനുഷ്യരെ, അവരുടെ സൗഹൃദത്തെ, വൈരത്തെ, സംസ്‌കാരത്തെയെല്ലാം ഒരു കോഴിപ്പോരിന്റെ കളത്തിനകത്ത് നിര്‍ത്തി വെട്രിമാരന്‍ വരച്ചുകാണിക്കുന്നുണ്ട്. ആ കളത്തിനകത്ത് പകയും പ്രതികാരവും പ്രണയവും പടര്‍ന്ന് കിടക്കുന്നുണ്ട്. അതില്‍ റിയലിസ്റ്റിക് ലൈഫുകളുണ്ട്, എന്നാല്‍ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന തരത്തില്‍ എന്‍ഗേജ് ചെയ്യിപ്പിക്കുന്ന സിനിമാറ്റിക് സ്വഭാവവുമുണ്ട്. പതിഞ്ഞ താളത്തില്‍ തുടങ്ങിയ സിനിമ, കുറച്ച് കഴിയുമ്പോള്‍ കൈവരിക്കുന്ന ഒരു വേഗമുണ്ട്, പ്രേക്ഷകനും സിനിമയോട്, അതിലെ സാഹചര്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരവസ്ഥ. അത് തന്നെയാണ് ആടുകളത്തിന്റെ വിജയം എന്ന് പറയുന്നത്.
ധനുഷിന് തന്റെ കരിയറിലെ ആദ്യത്തെ ദേശീയ പുരസ്‌കാരം കിട്ടാന്‍ ആടുകളം വരെ കാത്തിരിക്കേണ്ടി വന്നു. ധനുഷിന്റെ അഭിനയ ജീവിതത്തെ ആടുകളത്തിന് മുന്‍പും ശേഷവും എന്ന് കൃത്യമായി തരം തിരിക്കാന്‍ പറ്റും. ധനുഷിന്റെ താര ശരീരത്തെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുക എന്ന ദൗത്യം മാത്രമാണ് ഇവിടെ വെട്രിമാരന് ചെയ്യാനുണ്ടായിരുന്നത്. മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച നടന്‍ തുടങ്ങീ 6 നാഷണല്‍ അവാര്‍ഡുകളാണ് ആടുകളം ആ വര്‍ഷം വാരിക്കൂട്ടിയത്.
ഇല്ലങ്ങളിലും തറവാടുകളിലും മാത്രമായി ഭൂരിപക്ഷ മലയാള സിനിമകള്‍ 'പടര്‍ന്നു പന്തലിച്ച്' നില്‍ക്കുമ്പോള്‍, പോലീസ് സേനയെ റൊമാന്റിസൈസ് ചെയ്തുകൊണ്ട് ഭരത് ചന്ദ്രന്‍ ഐപിഎസും ആക്ഷന്‍ ഹീറോ ബിജുവും പുരോഗമന കൈയ്യടി നേടുമ്പോള്‍ വിസാരണൈ എന്ന സിനിമയിലേക്കും വെട്രിമാരന്‍ എന്ന ഫിലിംമേക്കറിലേക്കും ജാതികേരളത്തിനുള്ള ദൂരം എത്രയോ അകലെയാണ്.
വിസാരണൈ : ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ഭരണകൂടങ്ങള്‍ക്ക് എപ്പോഴും ഒരേ മുഖച്ഛായയാണ്, അധികാരത്തിന്റെ മുഖച്ഛായ. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലേക്ക് തൊഴിലന്വേഷിച്ച് പോയ കുടിയേറ്റ തൊഴിലാളികളായ പാണ്ടി, മുരുകന്‍, അഫ്‌സല്‍, കുമാര്‍ എന്നീ നാല് യുവാക്കളെ മോഷണകുറ്റമാരോപിച്ച് അറസ്റ്റ് ചെയ്യുകയും അതിനെതുടര്‍ന്ന് അവര്‍ നേരിടേണ്ടി വരുന്ന ലോക്കപ്പ് മര്‍ദ്ദനങ്ങളും അതിന്റെ തുടര്‍ച്ചകളുമാണ് വിസാരണൈ എന്ന സിനിമ. പോലീസ് എന്ന് പറയുന്നത് എല്ലാ കാലത്തും സ്റ്റേറ്റിന്റെ മര്‍ദ്ദനോപകരണം മാത്രമാണെന്ന് സിനിമ ഒരു മറയുമില്ലാതെ പറയുന്നുണ്ട്.
എം ചന്ദ്രകുമാറിന്റെ ലോക്കപ്പ് എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് വിസാരണൈ നിര്‍മ്മിച്ചിരിക്കുന്നത്. ഭരണകൂട ഹിംസകളിലും മനുഷ്യാവകാശ ലംഘനങ്ങളിലും എല്ലായിപ്പോഴും ദലിതരും ന്യൂനപക്ഷങ്ങളും ഇരയാക്കപ്പെടുന്ന സ്വാഭാവികത എങ്ങനെയാണ് ഇവിടെ രൂപപ്പെട്ടതെന്ന് സിനിമ കാണുമ്പോള്‍ മനസ്സിലാവും. ആഭ്യന്തര കുടിയേറ്റത്തെ മുന്‍നിര്‍ത്തി വിസാരണൈ എന്ന സിനിമ ചെയ്യുമ്പോള്‍ വെട്രിമാരന്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ട്.
വെട്രിമാരന്‍ മുന്‍ചിത്രങ്ങളില്‍ കാണിച്ചിരുന്ന മനുഷ്യരിലെ വയലന്‍സ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു സഡണ്‍ ടേണ്‍ എടുത്തത് വിസാരണൈയിലാണ്. രണ്ടാമതൊരിക്കല്‍ സിനിമ കാണാന്‍ തോന്നിക്കാത്ത വിധത്തില്‍ പൊലീസ് ഭീകരതയെ, സ്റ്റേറ്റിന്റെ വയലന്‍സിനെ പ്രേക്ഷകരുടെ കണ്ണിലേക്ക് ഇരച്ചുകേറ്റുന്നുണ്ട് വിസാരണൈ. പൊല്ലാതവനിലും ആടുകളത്തിലുമുണ്ടായിരുന്ന ഒരു ഹീറോ ഡ്രിവണ്‍ നരേറ്റീവിനെയും അവരെത്തിപ്പെടുന്ന സിറ്റുവേഷനുകളിലൂടെയുള്ള കോണ്‍ഫ്‌ലിക്ടിനുമെല്ലാം പകരം നാല് മനുഷ്യര്‍ക്കൊപ്പം അഞ്ചാമനായി അത് കണ്ട് നില്‍ക്കുന്ന പ്രേക്ഷകനെ കൊണ്ട് വന്നുനിര്‍ത്തി, അവരനുഭവിക്കുന്നതെല്ലാം കാണുന്ന എന്നാല്‍ അതിലേക്ക് ഇടപെടാന്‍ കഴിയാത്ത വിധം അധികാരമോ ശബ്ദമോ ഇല്ലാത്ത സാക്ഷിയാക്കി മാറ്റിയാണ് വെട്രിമാരന്‍ വിസാരണൈയിലൂടെ കഥ പറയുന്നത്.
വടചെന്നൈ എന്ന ചോരക്കളം
A good film usually begins after the last frame. It slows you down, it follows you around, it disturbs you, it wakes you up, it shows you more. More than you just saw..!
സിനിമ എന്നത് കേവലമൊരു കാഴ്ച എന്നതിനപ്പുറത്തേക്ക് ഒരു അനുഭൂതിയായി മാറുന്നത് ഒരു പ്രേക്ഷകനെ വീണ്ടും വീണ്ടും സിനിമകളിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരും. അതിഗംഭീരമായ തിരക്കഥയും സംവിധാനവും കൊണ്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രധാനപ്പെട്ട ഒരു സിനിമയായി അടയാളപ്പെടുത്താന്‍ സാധിക്കുന്ന ഒന്നാണ് വെട്രിമാരന്റെ വടചെന്നൈ.
1987 കാലഘട്ടത്തില്‍ നടക്കുന്ന ഒരു കൊലപാതകവും അതിനെതുടര്‍ന്ന് കുറ്റവാളികള്‍ ജയിലിലെത്തുന്നതും തുടര്‍സംഭവങ്ങളുമായാണ് സിനിമ പുരോഗമിക്കുന്നത്, ആരാണ് കൊല്ലപ്പെട്ടതെന്ന് കാണിക്കാത്തതുകൊണ്ട് തന്നെ പ്രേക്ഷകനില്‍ അവിടെ നിന്നും ആകാംക്ഷ ജനിക്കുന്നു. പിന്നീട് സിനിമ മുന്നേറുന്നത് നോണ്‍ ലീനിയര്‍ നരേനിലൂടെയാണ്. എങ്ങനെയാണ് സാഹചര്യങ്ങള്‍ വ്യക്തികള്‍ തമ്മിലുള്ള കോണ്‍ഫ്‌ലിക്റ്റുകളിലേക്കും പകയിലേക്കും നീങ്ങുന്നതെന്നും, ഒരു വ്യക്തി എങ്ങനെയാണ് ഒരു നാടിന്റെ നായകന്‍ ആയി മാറുന്നതെന്നും സിനിമ പറയുന്നു. സമൂഹത്തില്‍ ഹിംസ നിലനില്‍ക്കുമ്പോള്‍ സിനിമയിലും അതിന്റെ പ്രതിഫലനം കാണാന്‍ സാധിക്കും. ആ വയലന്‍സ് വട ചെന്നൈയിലും ആവര്‍ത്തിക്കുന്നു.
അതിഗംഭീരമായ സിനിമാറ്റിക് എക്‌സ്പീരിയന്‍സാണ് വടചെന്നൈ. വെട്രിമാരന്‍ എന്ന ക്രാഫ്റ്റ്മാനെ പൂര്‍ണമായി അടയാളപ്പെടുത്തുന്ന സിനിമ. മുന്‍ ചിത്രങ്ങളിലെ പോലെ കഥാപാത്രങ്ങളുടെ ഡെപ്തിലും, സംഘര്‍ഷങ്ങളുണ്ടാക്കുന്ന മൂഡിനും ഒപ്പം തന്നെ സിനിമാറ്റോഗ്രഫിയിലും സൗണ്ട് ഡിസൈനിലുമെല്ലാം വെട്രിമാരനുള്ള നിര്‍ബന്ധങ്ങള്‍ സിനിമയില്‍ കാണാം. സിനിമ തുടങ്ങുന്ന ഓപ്പണിംഗ് ഷോട്ടിലുണ്ട്, ടേബിളിലേക്ക് വീഴുന്ന ചോരപുരണ്ട വാക്കത്തിയിലുണ്ട്, പിന്നീട് പറയാനുള്ള സിനിമയുടെ തീവ്രത. ഷോട്ട് ഡിസൈനില്‍ കളര്‍ടോണില്‍, കാലഘട്ടം ഒരുക്കിയിരിക്കുന്നതില്‍, കോസ്റ്റ്യൂമിൽ എല്ലായിടത്തും അയാളുടെ ഇടപെടലുണ്ട്. വെട്രിമാരന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് വട ചെന്നൈ. ആ വലുപ്പത്തില്‍, മാസില്‍ മുങ്ങിപ്പോകാത്ത തരത്തില്‍ രാഷ്ട്രീയവും സിനിമയിലുണ്ട് . ഭരണകൂടവും കുത്തകകമ്പനികളുടെ അധിനിവേശവും ഭൂമിക്ക് വേണ്ടിയുള്ള ഒരു പ്രദേശത്തിന്റെ ചെറുത്തുനില്‍പ്പ് സിനിമയിലുണ്ട്.
രാജന് വേണ്ടി അന്‍പിലൂടെ ചന്ദ്ര ചെയ്യുന്ന പ്രതികാരത്തിന്റെ കഥയാണ് സിനിമ. അന്‍പിന്റെ ഭൂതകാലവും എങ്ങനെയാണ് ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നത് എന്നുള്ള ഒരു ആമുഖം മാത്രമാണ് വടചെന്നൈ. സിനിമയുടെ രണ്ടാം ഭാഗത്തിയിനായി ഓരോ പ്രേക്ഷകനും കാത്തിരിപ്പിലാണ്.
രാമന്റെ കാലത്തെ അസുരന്‍
വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രമാണ് 2019 ല്‍ പുറത്തിറങ്ങിയ അസുരന്‍. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ശിവസാമിയില്‍ നിന്നും അസുരനിലേക്കുള്ള ട്രാന്‍സ്‌ഫോര്‍മേഷനാണ് അസുരന്‍ എന്ന സിനിമ. മകനെയും ഭാര്യയെയും മരണത്തിന് വിട്ടുകൊടുക്കാത്ത അസുരനായുള്ള പകര്‍ന്നാട്ടത്തില്‍ വയലന്‍സ് എന്നത് അനിവാര്യമായ ഒന്ന് തന്നെയാണ്. പൂമണിയുടെ 'വെക്കല്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. പക- പ്രതികാരം-അതിജീവനം എന്നത് തന്നെയാണ് അസുരന്‍. അതിജീവനം എന്ന് പറയുമ്പോള്‍ അതില്‍ വിദ്യാഭാസത്തിന്റെയും അധികാരത്തിന്റെയും ഭൂമിയുടെയും എല്ലാം രാഷ്ട്രീയവും.
''നമ്മക്കിട്ടെ കാട് ഇരുന്താ.. എടുത്ത്ക്കിടുവാനുങ്ക..!
രൂപാ ഇരുന്താ പുടുങ്കിക്കിടുവാനുങ്ക..!
ആനാല്‍.. പഠിപ്പ് മട്ടും നമ്മക്കിട്ടെയിരുന്ത് എടുത്തുക്കിടവേ മുടിയാത് ചിദമ്പരം..!
നീ അവങ്കളെ എതിര്‍ത്ത് ജയിക്കണംന്ന് നെനച്ചീങ്കന്നാ പഠീ ..!
നല്ലാ പഠിച്ച് ഒര് അധികാരത്തിലെ പോയി ഉക്കാറ്..!
ആനാല്‍.. അധികാരത്ത്ക്ക് വന്ത പിറക്.. അവനുങ്ക നമ്മക്ക് പണ്‍ട്രതെ നീ യെവനുക്കും പണ്ണാമ ഇര്..!
പകയെ വളര്‍ക്കിറതെ വിട.. അതെ കടക്കിറത് താന്‍ മുഖ്യം..''
അസുരന്‍ സിനിമ അവസാനിക്കുന്നത് ശിവസാമിയുടെ ഈ സംഭാഷണത്തോടു കൂടിയാണ്. സിനിമ പറഞ്ഞ എല്ലാ രാഷ്ട്രീയവും ഇതില്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്. വെട്രിമാരന്‍ മുന്‍സിനിമകളില്‍ പറഞ്ഞ രാഷ്ട്രീയത്തിന്റെ ആവര്‍ത്തനം സിനിമയിലുണ്ട്. കാലഘട്ടം അത് ആവശ്യപ്പെടുന്നുവെന്ന് തോന്നിയതുകൊണ്ടായിരിക്കാം മുന്‍ ചിത്രങ്ങളേക്കാള്‍ അസുരനില്‍ ജാതിയുടെ രാഷ്ട്രീയം കുറച്ചുകൂടെ വിസിബിള്‍ ആയി ലൗഡ് ആക്കുന്നുണ്ട്.
തമിഴ്‌നാട്ടിലെ ജാതി കൊലപാതകങ്ങളും അതിനെതിരെയുള്ള ദലിതരുടെ ചെറുത്തുനില്‍പ്പും തന്നെയാണീ സിനിമ. അസുരന്‍ കാണുമ്പോഴൊക്കെയും 44 ദലിത് കര്‍ഷകരെ സവര്‍ണ്ണ ജന്മികള്‍ ജീവനോടെ ചുട്ടുകൊന്ന കീഴ് വെണ്മണി കൂട്ടക്കൊല ഓര്‍മ്മ വരും. അവരുടെ നിസ്സഹായമായ നിലവിളികള്‍ ഓര്‍മ്മ വരും. 2021 ലെ ദേശീയ പുരസ്‌കാരങ്ങളില്‍ മികച്ച സിനിമയ്ക്കും മികച്ച നടനുമുള്ള പുരസ്‌കാരം അസുരനായിരുന്നു.
വെട്രിമാരന്‍ സിനിമകളിലെ 'വയലന്‍സ്'
വയലന്‍സുള്ള സിനിമകള്‍ കാണുന്നത് കുട്ടികളെയും യുവതലമുറയെയും വഴി തെറ്റിക്കും എന്ന ഒരു നരേറ്റീവ് പൊതുവേ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതിനൊപ്പം തന്നെ ഇത്രയും വയലന്‍സ് ഉള്ള ഒരു ആധുനിക സമൂഹത്തിലാണ് നമ്മളിന്നും ജീവിക്കുന്നത് എന്ന് പലപ്പോഴും വിസ്മരിക്കുന്ന ഒരു കാര്യമാണ്.
''Literature is the mirror of society ന്ന് സൊള്‍വാങ്കേ. That goes through in films also. But on the role, people in general are angry that they are suffering. കളക്റ്റീവാ എങ്കയോ ഒരു തപ്പ് ഇര്ക്ക്. യാര് മേലെ ഇര്ക്ക് തെരിയലെ. It's making a common man very angry and equality എങ്ക്‌റത് അവളോ ദൂരത്തിലെ ഇര്ക്ക്. എവ്‌ളോ മുയര്‍ച്ചി പണ്ണാലും, രണ്ട് തലമുറെ ആനാലും അങ്ക പോക മുടിയാത്. അന്ത divide അധികമാകുമ്പോത്, I'm very angry about that, യാര് മേലെ അന്ത കോപത്തെ കാട്ടണോംന്ന് തെരിയലേ. ഇത് എല്ലാം സേര്‍ന്തത് താന്‍ ഇന്ത വയലന്‍സ്. സിനിമാലെ ഇര്ക്ക്‌റ വയലന്‍സ് വന്ത് അത്ക്കാന ഒരു ടൂളാ താന്‍ നാ പാക്ക്‌റേ.'
വയലന്‍സിന്റെ അതിപ്രസരം എന്ന് തന്റെ സിനിമകളോടുള്ള വിമര്‍ശനമായി ഉയറന്നു വന്നതിനെ വെട്രിമാരന്‍ നോക്കികാണുന്നത് ഇങ്ങനെയാണ്. പൊല്ലാതവന്‍, ആടുകളം, വിസാരണൈ, വടചെന്നൈ, അസുരന്‍ അഞ്ചു സിനിമകളിലും ഹിംസ എന്നത് ഒഴിച്ചുനിര്‍ത്താനാവാത്ത ഒരു ഘടകമാണ്. വ്യക്തികള്‍ തമ്മിലുള്ള കോണ്‍ഫ്‌ലിക്റ്റുകള്‍ വലിയൊരു വയലന്‍സിലേക്ക് നീങ്ങുന്നത് എല്ലാ സിനിമകളിലും നമുക്ക് കാണാന്‍ കഴിയും. വിസാരണൈയില്‍ അത് ഭരണകൂട ഭീകരതയുടെ രൂപത്തിലായിരുന്നു. കസ്റ്റഡി മരണങ്ങളെയും പോലീസിന്റെ മൂന്നാം മുറയെയും റൊമാന്റിസൈസ് ചെയ്തു വെച്ചിരിക്കുന്ന ഒരു സമൂഹത്തിലേക്കാണ് വെട്രിമാരന്‍ വിസാരണൈ എന്ന സിനിമയുമായി വരുന്നത്. അത് തന്നെ ഒരു രാഷ്ട്രീയ നിലപാടായിരുന്നു.
ആടുകളത്തിലും പൊല്ലാതവനിലും ഹിംസ എന്നത് കഥാപാത്രങ്ങളുടെയും സാഹചര്യങ്ങളുടെയും അനിവാര്യതയാണ്. വടചെന്നൈയിലേക്ക് വരുമ്പോള്‍ ഹിംസ എന്നത് വ്യക്തികള്‍ തമ്മില്ലുള്ള കോണ്‍ഫ്‌ലിക്റ്റുകളും ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള കുടിപ്പകയും ഒരു ജനതയുടെ അധിനിവേശത്തോടുള്ള ചെറുത്തുനില്‍പ്പും കൂടിയാണ്, അതില്ലാതെ സിനിമ ഒരിക്കലും പൂര്‍ണമാവില്ല.
അസുരനിലെ ഹിംസ എന്ന് പറയുന്നത് കാലാകാലങ്ങളായി ജാതീയമായി അടിച്ചമര്‍ത്തപ്പെടുന്ന ദലിത് ജനതയുടെ പ്രതിരോധമാണ്. ആ വയലന്‍സിന്റെ നീതി ന്യായ അന്വേഷണങ്ങള്‍ കൃത്യമായി നടത്തുകയും അടയാളപ്പെടുത്തുകയും ചെയ്യുമ്പോഴാണ് വെട്രിമാരന്‍ സിനിമയോടും കഥാപാത്രങ്ങളോടും ചരിത്രത്തോടും നീതി പുലര്‍ത്തുന്നത്.
വെട്രിമാരന്റെ കഥാപാത്രങ്ങള്‍ എപ്പോഴും ദലിത്-ബഹുജനങ്ങളാണ്. അവരെല്ലാം ഒരു തരത്തിലെല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനീതികളെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ ജീവികളാവുന്നു. ധനുഷ് എന്ന താരശരീരത്തിന്റെ കൃത്യമായ ഉപയോഗപ്പെടുത്തല്‍ എല്ലാത്തിലും നമ്മുക്ക് കാണാന്‍ സാധിക്കും. സിനിമകളുടെ സ്ഥലവും കാലവും അടിച്ചമര്‍ത്തലുകളുടെയും സമരങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും കഥകള്‍ പറയുന്നു.
''I do films for the common man and identify myself one among them.' എന്ന് പറഞ്ഞുകൊണ്ട് വെട്രിമാരന്‍ സിനിമകള്‍ ചെയ്യുമ്പോള്‍ അത് സമൂഹത്തിന്റെ തന്നെയൊരു പ്രതിഫലനമായി മാറുന്നു. ബാബസാഹേബ് ജാതിയെ നിര്‍വചിച്ചത് ശ്രേണീകൃത അസമത്വം എന്നാണ്. ആധുനിക സമൂഹത്തില്‍ ജാതി പ്രവര്‍ത്തിക്കുന്നത് വളരെ സൂക്ഷ്മമായാണ്. ജാതി എന്നത് അധികാരത്തിന്റെ മറ്റൊരു രൂപമാവുന്നു. വെട്രിമാരന്റെ സിനിമകള്‍ അത്തരം വ്യവസ്ഥിതിയോടുള്ള നിരന്തര കലഹമാവുന്നു.
രാഷ്ട്രീയം എന്നത് എങ്ങനെയാണ് സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാന്‍ അനിഷേധ്യമായ പങ്കുവഹിക്കുന്നതെന്ന് തന്റെ ഓരോ സിനിമയിലൂടെയും അദ്ദേഹം ഉച്ചത്തില്‍ പറയുന്നു, അത് ചിലപ്പോള്‍ ഹിംസയുടെ രൂപത്തിലാവാം, അയാളുടെ ഉള്ളിലെ തന്നെ രോഷമാണ് കഥാപാത്രങ്ങളിലൂടെ പുറത്തേക്ക് വരുന്നത്. 2020 ല്‍ പുറത്തിറങ്ങിയ അന്തോളജി ഫിലിം 'പാവ കഥൈകള്‍' എന്ന ചിത്രത്തിലെ 'ഊര്‍ ഇരവ്' എന്ന ചിത്രം എത്ര കയ്യടക്കത്തോടെയാണ് വെട്രിമാരന്‍ ചെയ്തിരിക്കുന്നത്. ഹ്രസ്വമായ സമയത്തിനുള്ളില്‍ നിന്നുകൊണ്ട് ജാതിയുടെ ഭീകരമായ മുഖം തന്നെ അതില്‍ വരച്ചിടുന്നുണ്ട്. അതിലും നിങ്ങള്‍ക്ക് ജാതിയുടെ 'വയലന്‍സ്' കാണാന്‍ സാധിക്കും. സിനിമാറ്റിക് ട്രീറ്റ്‌മെന്റ് വെച്ച് നോക്കിയാല്‍ അണ്‍പ്രഡിക്ടബിളി അധികമില്ലാത്തൊരു കൊച്ചു സിനിമയില്‍ കൊല്ലുന്നതിനേക്കാള്‍ കൊല്ലാന്‍ പോകുന്നുവെന്ന് പ്രേക്ഷകനെ മനസിലാക്കിച്ചുകൊണ്ട് അതിന്റെ പെയ്ന്‍ ഇന്‍ജക്ട് ചെയ്യുന്നൊരു സമീപനമുണ്ട്. ആന്തോളജിയിലെ മറ്റ് ചിത്രങ്ങളൊന്നും തന്നെ അത്തരത്തിലൊരു ഹോണ്ടിംഗ് എക്‌സ്പീരിയന്‍സ് പ്രേക്ഷകന് നല്‍കിക്കാണില്ല.
സിനിമകളില്‍ മാത്രമല്ല ജീവിതത്തിലും തന്റെ രാഷ്ട്രീയ നിലപാടുകള്‍ വെട്രിമാരന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു വെട്രിമാരന്‍. മണി രത്‌നം സിനിമയായ പൊന്നിയിന്‍ സെല്‍വനെതിരെ, അതിലെ രാജ രാജ ചോളനൈ ഹിന്ദുരാജാവാക്കി ചിത്രീകരിക്കുന്നതിനെതിരെയും മറ്റും ശക്തമായ നിലപാടുകള്‍ വെട്രിമാരന്‍ സ്വീകരിച്ചിട്ടുണ്ട്. തുറന്ന് പറഞ്ഞിട്ടുണ്ട്.
നിലവില്‍ മലയാള സിനിമയും തമിഴ് സിനിമയും തമ്മിലുള്ള പ്രധാന വ്യത്യാസം മലയാള സിനിമയ്ക്ക് ഒരു വെട്രിമാരന്‍ ഇല്ലാതെപോയി എന്നത് തന്നെയാണ്. പക്ഷേ സിനിമ യൂണിവേഴ്‌സല്‍ ആയതുകൊണ്ട് തന്നെ അത് ഭാഷയുടെ അതിര്‍ത്തികള്‍ മായിച്ചുകളയുന്നുണ്ട്.
സൂരിയെയും വിജയ് സേതുപതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിടുതലൈ (പാര്‍ട്ട് 1) എന്ന സിനിമയാണ് വെട്രിമാരന്റെ അടുത്ത പ്രോജക്റ്റ്. അതിന് ശേഷം ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഇക ചെല്ലപ്പ രചിച്ച വാടിവാസല്‍ എന്ന നോവലിനെ ആസ്പദമാക്കി വാടിവാസല്‍ എന്ന സിനിമ സൂര്യയെ നായകനാക്കി പുറത്ത് വരാനുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വടചെന്നൈയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ്. അന്‍പിന്റെയും രാജന്റെയും ചന്ദ്രയുടെയും കഥ കേള്‍ക്കാന്‍ വേണ്ടി.
വെട്രിമാരന്‍ ഇനിയും സിനിമകള്‍ ചെയ്തുകൊണ്ടേ ഇരിക്കും,നീതിയുടെ വിതരണം തുല്യമല്ലാത്ത ഒരു സമൂഹത്തില്‍ അതെല്ലാം വ്യവസ്ഥിതിയോടുള്ള നിരന്തര കലഹങ്ങള്‍ തന്നെയായിരിക്കും.
ലോക്കല്‍ ഈസ് ഇന്റര്‍നാഷണല്‍ എന്ന് അടിവരയിടുന്ന സിനിമകള്‍ .