'ടി എസ് സുരേഷ് ബാബു സാർ ഒരുപാട് ഫ്രീഡം നൽകി, ഡിഎൻഎ വലിയ റോളുകൾ ചെയ്യാൻ പറ്റുമെന്ന കോൺഫിഡൻസ് തന്ന സിനിമ' ; പത്മരാജ് രതീഷ് അഭിമുഖം

'ടി എസ് സുരേഷ് ബാബു സാർ ഒരുപാട് ഫ്രീഡം നൽകി, ഡിഎൻഎ വലിയ റോളുകൾ ചെയ്യാൻ പറ്റുമെന്ന കോൺഫിഡൻസ് തന്ന സിനിമ' ; പത്മരാജ് രതീഷ് അഭിമുഖം
Published on

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, ഉപ്പുകണ്ടം ബ്രദേർസ് തുടങ്ങി നിരവധി സിനിമകളൊരുക്കിയ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് ഡിഎന്‍എ. പോലീസ് ആയി ഞാനെത്തുന്ന അഞ്ചാമത്തെ സിനിമയാണ് ഡിഎൻഎ. സിനിമ കണ്ടിട്ട് പലരും പറയുന്ന പ്രതികരണം ഇതുവരെ കാണാത്ത ഒരു പെർഫോമൻസ് എന്നിൽ നിന്ന് കണ്ടു എന്നാണെന്ന് നടൻ പത്മരാജ് രതീഷ്. വലിയ റോളുകൾ ചെയ്യാൻ എനിക്ക് പറ്റുമെന്ന കോൺഫിഡൻസ് ഡിഎൻഎ എന്ന സിനിമ തന്നു. ടി എസ് സുരേഷ് ബാബു സാറിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ നല്ല ഫ്രീഡം തന്നിരുന്നു. വളരെ സീനിയറായ സംവിധായകനാണ് അദ്ദേഹം. ആദ്യമായിട്ട് ഒരു സംവിധായകൻ എന്നോട് എന്താണ് ചെയ്യേണ്ടത് എന്നുവച്ചാൽ ചെയ്തോ എന്ന് പറഞ്ഞപ്പോൾ ഞാൻ കോൺഫിഡന്റ് ആയെന്നും പത്മരാജ് രതീഷ് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പത്ത് വർഷത്തെ സിനിമാജീവിതം

സിനിമയിലേക്ക് ഒരു അഭിനേതാവായി എത്തുമ്പോൾ വില്ലൻ ആകണം എന്ന കോൺസെപ്റ് ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ഞാൻ അച്ഛന്റെ കാണുന്ന ആദ്യ സിനിമ കമ്മീഷണർ ആണ്. വില്ലനായി അച്ഛനെ ആദ്യം സിനിമയിൽ കണ്ടത് മുതൽ വില്ലനാകണം എന്ന ചിന്തയോടെയാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ഞാൻ അന്നത്തെ ആർട്ടിക്കിൾസിൽ എല്ലാം വില്ലനാകണം എന്ന് പറഞ്ഞിരുന്നു. ആ സമയത്താണ് ദീപു കരുണാകരൻ സിനിമയിലേക്ക് ഒരു പുതിയ മുഖത്തിനെ തേടിക്കൊണ്ടിരുന്നത്. അങ്ങനെയാണ് ഞാൻ ഫയർമാനിലേക്ക് എത്തുന്നത്. ഈ പത്ത് വർഷത്തിൽ ഒരു അഭിനേതാവെന്ന നിലയിൽ എന്റെ മച്യുരിറ്റി എന്ന് പറയുന്നത് നമുക്ക് ഒരു കഥാപാത്രം മാത്രമേ ചെയ്യാൻ കഴിയുള്ളു എന്ന് വിചാരിച്ച് നിൽക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയതാണ്. നമ്മൾ പരമാവധി എക്സ്പ്ലോർ ചെയ്യണം. ഡിഎൻഎയിൽ ഞാൻ പോലീസ് വേഷമാണ് ചെയ്യുന്നത്. പോലീസ് വേഷത്തിൽ ഞാനെത്തുന്ന അഞ്ചാമത്തെ സിനിമയാണ് ഇത്. വളരെ ബോൾഡ് ആയ ഒരു പോലീസ് ഓഫീസർ ആണ് അയാൾ. സിനിമ കണ്ടിട്ട് പലരും പറയുന്ന പ്രതികരണം ഇതുവരെ കാണാത്ത ഒരു പെർഫോമൻസ് എന്നിൽ നിന്ന് കണ്ടു എന്നാണ്. ഇവിടെ നിന്ന് ഇനിയും ഇമ്പ്രൂവ് ചെയ്യാൻ കഴിയണം എന്നാണ് എനിക്ക് ഈ പത്ത് വർഷത്തിൽ എനിക്ക് കിട്ടിയ എക്സ്പീരിയൻസ്.

സുരേഷ് ബാബു സാറിന്റെ പടം ചെയ്യാൻ പറ്റിയതിൽ സന്തോഷം

കഥയുടെ ഔട്ട്ലൈൻ എനിക്ക് ആദ്യമേ അറിയാമായിരുന്നു കാരണം അത് അറിയാതെ നമുക്കൊരിക്കലും അഭിനയിക്കാൻ സാധിക്കില്ല. പലർക്കും അതിൽ പല സംശയങ്ങളും ഉണ്ടായിരുന്നു. ഇതൊരു ക്രൈം ത്രില്ലർ ആണ്. മലയാളത്തിൽ ഒരുപാട് ക്രൈം ത്രില്ലറുകൾ ഇറങ്ങാറുണ്ട്. ഇപ്പോഴും ഒരു ക്രൈം ത്രില്ലർ എടുത്ത് ഹിറ്റാക്കണമെന്നത് എളുപ്പമുളള കാര്യമല്ല. അതിനായി ടി എസ് സുരേഷ് ബാബു സാർ ഒരു സസ്പെൻസ് നിലനിർത്തിയിരുന്നു. എന്റെ കഥാപാത്രത്തിന് കഥ അറിയണമെന്ന് ഉണ്ടായിരുന്നു അതുകൊണ്ട് ആൾമോസ്റ്റ് കഥ എനിക്ക് അറിയാമായിരുന്നു. സാറിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ ഒരു ഫ്രീഡം അദ്ദേഹം തന്നിരുന്നു. വളരെ സീനിയറായ സംവിധായകനാണ് അദ്ദേഹം. ആദ്യമായിട്ട് ഒരു സംവിധായകൻ എന്നോട് എന്താണ് ചെയ്യേണ്ടത് എന്നുവച്ചാൽ ചെയ്തോ എന്ന് പറഞ്ഞപ്പോൾ ഞാൻ കോൺഫിഡന്റ് ആയി. പ്രേക്ഷകരുടെ ഇടയിൽ ഇരുന്നു എന്റെ അഭിനയം ബിഗ് സ്‌ക്രീനിൽ കാണാൻ കഴിഞ്ഞപ്പോൾ സന്തോഷമായി. പലരും ഇതുവരെ അച്ഛനെ പോലെ കാണാൻ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പെർഫോമൻസിൽ പറയുന്നത് ആദ്യമാണ്. സുരേഷ് ബാബു സാറിന്റെ പടം ചെയ്യാൻ പറ്റിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. വലിയ റോളുകൾ ചെയ്യാൻ എനിക്ക് പറ്റുമെന്ന കോൺഫിഡൻസ് ഈ സിനിമ എനിക്ക് തന്നു.

ഡിഎൻഎ നൽകിയ കോൺഫിഡൻസ്

ഡിഎൻഎ ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ജോഷി സാറിന്റെ ആന്റണി എന്ന സിനിമയും ഞാൻ ചെയ്യുന്നുണ്ടായിരുന്നു. ഒരേ സമയം അച്ഛനെ വച്ച് ഹിറ്റ് സിനിമകൾ ചെയ്തിട്ടുള്ള രണ്ടു സംവിധായകർക്കൊപ്പം വർക്ക് ചെയ്യാനായി. രണ്ടു പേർക്കും രണ്ട് സ്റ്റൈൽ ആണ്. ഇവരുടെ രണ്ട് പേരുടെ ഒപ്പവും വർക്ക് ചെയ്ത് അവരിൽ നിന്ന് അപ്പ്രിസിയേഷൻ കിട്ടി എന്നതാണ് എൻ്റെ കോൺഫിഡൻസ്. ഡിഎൻഎ റിലീസിന് ശേഷം ആളുകൾക്ക് അത് ഇഷ്ട്ടമായി എന്ന് പറയുമ്പോൾ അത് എനിക്ക് കൂടുതൽ സന്തോഷമാണ്. ഇതുവരെ ഞാൻ എന്ത് ചെയ്യണം, ഏത് കഥാപാത്രം ചെയ്യണമെന്ന കൺഫ്യൂഷനിൽ നിന്ന് എനിക്ക് ഒരു മാറ്റമുണ്ടായി.

ഡിഎൻഎലെ പോലീസ് കഥാപാത്രം

പോലീസ് കഥാപാത്രം ഇതിന് മുൻപ് ഞാൻ ചെയ്തിട്ടുണ്ട്. മഹാവീര്യർ ചെയ്യുമ്പോൾ എബ്രിഡ് ഷൈൻ സാർ ഒരു സിഐയെ പരിചയപ്പെടുത്തി തന്നിരുന്നു. അദ്ദേഹത്തിന്റെ പക്കൽ നിന്നും നോട്സ് ഒക്കെ തയ്യറാക്കിയാണ് ആ കഥാപാത്രം അന്ന് ചെയ്തത്. അതുകൊണ്ട് തന്നെ ഡിഎൻഎയിലെ പോലീസ് കഥാപാത്രം ചെയ്യുമ്പോൾ അയാളുടെ മാനറിസം ഒക്കെ എനിക്ക് അറിയാമായിരുന്നു. അതിൽ നിന്നെല്ലാം മാറി ഈ കഥാപാത്രത്തിന് എന്നിൽ നിന്ന് ഡിമാൻഡ് ചെയ്യുന്നൊരു കാര്യം ഉണ്ടായിരുന്നു. അത് സിനിമയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു എലമെന്റ് ആയിരുന്നു. അതിനുവേണ്ടി ചില ഹോംവർക്കുകൾ ചെയ്തിരുന്നു. പക്ഷെ അത് എനിക്ക് പുറത്തുപറയാൻ പറ്റില്ല. സിനിമ ആളുകൾ കണ്ടിട്ട് വേണം എനിക്ക് അതിനെ പറ്റി സംസാരിക്കാൻ.

അച്ഛനോട് നീതി പുലർത്താനായി

ഇന്നലെ ഡിഎൻഎ കാണാൻ വേണ്ടി ലുലുവിൽ പോയിരുന്നു, അവിടെ എത്തുമ്പോൾ സിനിമയുടെ ക്ലൈമാക്സ് നടക്കുകയാണ്. ഒരു സീറ്റ് ഫ്രീ ആയിരുന്നത് കൊണ്ട് ഞാൻ അവിടെ ഇരുന്നു. എന്റെ അടുത്തിരുന്നത് പ്രായം ഉള്ള ഒരാളായിരുന്നു. സിനിമ കഴിഞ്ഞു പുള്ളി എന്നെ കണ്ടിട്ട് നിങ്ങളല്ലേ ആ പോലീസ് കഥാപാത്രം ചെയ്തതെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞത് ഇവിടെ എല്ലാരോടും ചോദിച്ചിരുന്നു ആരാണ് ആ പോലീസ് കഥാപാത്രം ചെയ്തതെന്ന്. അത്രയും ഭംഗിയായിട്ടാണ് താങ്കൾ ചെയ്തത് എന്ന് എന്നോട് പറഞ്ഞു, പിന്നീടാണ് അറിയുന്നത് ഞാൻ രതീഷിന്റെ മകനാണെന്ന്. ഞാൻ അച്ഛനോട് നീതി പുലർത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്റെ പത്ത് വർഷത്തെ കരിയറിൽ ഇങ്ങനെ നടന്നിട്ടില്ല. ഞാൻ സിനിമയിൽ വന്നത് മുതൽ അച്ഛനുമായി താരതമ്യപ്പെടുത്തുമായിരുന്നു. ഇരുപത് സിനിമക്കും ഇൻഡസ്ട്രിയിൽ പത്ത് വർഷത്തിനും ശേഷം ഈ സിനിമയിലാണ് എനിക്ക് ആദ്യമായി അത് ബ്രേക്ക് ചെയ്യാൻ സാധിച്ചത്. പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും അതാണ്. അതിന് ജസ്റ്റിസ് ചെയ്യണമെന്നതായിരുന്നു എന്റെ ഏറ്റവും വലിയ ബാഗേജ്. ഇപ്പോൾ ഞാൻ അതിൽ നിന്ന് ഫ്രീ ആയി. ഇനി ഏതു കഥാപാത്രവും എനിക്ക് ചെയ്യാമെന്ന കോൺഫിഡൻസ് വന്നു. എന്റെ മനസ്സിലുള്ളൊരു വില്ലൻ കഥാപാത്രം എനിക്കിതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഒരു അഭിനേതാവെന്ന നിലയിൽ എല്ലാവർക്കും ഒരു ഡ്രീം റോൾ ഉണ്ടാകുമല്ലോ, അത് എന്നിലേക്ക് ഇതുവരെ എത്തിയിട്ടില്ല. പക്ഷെ ഈ പ്രോസസ്സിൽ ഞാൻ അവിടേക്ക് എത്തുമെന്ന് എനിക്ക് ഉറപ്പാണ്.

അടുത്ത പ്രൊജക്റ്റുകൾ

അടുത്തതായി റിലീസ് ചെയ്യാൻ പോകുന്നത് പുഷ്പക വിമാനം എന്ന സിനിമയാണ്. സിജു വിൽസനും, ബാലു വർഗീസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉല്ലാസ് എന്ന പുതിയ സംവിധായകനാണ് സിനിമ ഒരുക്കുന്നത്. മറ്റൊരു ചിത്രം ഈ മാസം ആരംഭിക്കും. ധ്യാൻ ആണ് നായകൻ ചിത്രത്തിന്റെ ടൈറ്റിൽ ഇതുവരെ ഇട്ടിട്ടില്ല. ഇതിലൊക്കെ ഞാൻ തിരഞ്ഞെടുക്കുന്നത് വളരെ ബോൾഡും കുറച്ച് എക്സ്പിരിമെന്റൽ ആയ കഥാപാത്രങ്ങൾ ആണ്. വില്ലൻ മാത്രമല്ലാതെ മറ്റു കഥാപാത്രങ്ങളിലേക്കും തിരിഞ്ഞു പോകുന്നുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളോടൊപ്പം തന്നെ ഇതെല്ലാം എക്സ്പിരിമെന്റൽ സിനിമകൾ ആണ് സാധാരണ കൊമേർഷ്യൽ സിനിമകൾ അല്ല.

Related Stories

No stories found.
logo
The Cue
www.thecue.in