പത്ത് സിനിമകൾക്ക് ശേഷമെത്തുന്ന ഫഹദിന്റെ എന്റർടെയിനർ സിനിമ ഇതായിരിക്കും, അച്ഛന്റെ ഹാപ്പി ഫേസ് ടെൻഷൻ മാറ്റി: അഖിൽ സത്യൻ അഭിമുഖം

പത്ത് സിനിമകൾക്ക് ശേഷമെത്തുന്ന ഫഹദിന്റെ എന്റർടെയിനർ സിനിമ ഇതായിരിക്കും, അച്ഛന്റെ ഹാപ്പി ഫേസ് ടെൻഷൻ മാറ്റി: അഖിൽ സത്യൻ അഭിമുഖം
Published on
Summary

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ രചനയും സംവിധാനവും എഡിറ്റിം​ഗും നിർവഹിച്ച 'പാച്ചുവും അത്ഭുതവിളക്കും' ഏപ്രിൽ 28ന് പ്രേക്ഷകരിലെത്തുകയാണ്. അവധിക്കാലത്തെത്തുന്ന എന്റർടെയിനർ ചിത്രമെന്ന നിലക്കാണ് ട്രെയിലർ സ്വീകരിക്കപ്പെട്ടത്. ഒരാളുടെ പല പല സ്ഥലങ്ങളിലൂടെയും പല മനുഷ്യരിലൂടെയുമുള്ള യാത്രയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് അഖിൽ സത്യൻ പറയുന്നു. മുംബൈയിലും ​ഗോവയിലുമാണ് പ്രധാനമായും സിനിമ ചിത്രീകരിച്ചത്. അഖിൽ സത്യൻ സിനിമയെക്കുറിച്ച് സംസാരിച്ചത്.

Q

'പാച്ചുവും അത്ഭുത വിളക്കും' ചിത്രീകരിച്ച് തിയേറ്ററുകളിലെത്തിക്കാന്‍ മൂന്ന് വര്‍ഷമെടുത്തു. മൂന്ന് വര്‍ഷമെടുത്തപ്പോള്‍ ഷൂട്ട് ചെയ്ത സിനിമയിലും സ്‌ക്രിപ്റ്റിലും മാറ്റങ്ങളുണ്ടായോ?

A

പാച്ചുവും അല്‍ഭുതവിളക്കും സ്‌ക്രിപ്റ്റില്‍ ഒരു വരി പോലും ഞാന്‍ മാറ്റിയിട്ടില്ല. 2019 ല്‍ എഴുതിയ അതേ കഥ തന്നെ ഒരു വരി പോലും മാറ്റാതെയാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് കാലം ഉണ്ടാക്കിയ പ്രാക്ടിക്കല്‍ ഇഷ്യൂസ് ഈ സിനിമയെ സംബന്ധിച്ച് വളരെ കൂടുതലായിരുന്നു. ഫഹദ് ഫാസില്‍ ഉള്‍പ്പെടാത്ത ബോംബെ പോര്‍ഷന്‍സ് ഉണ്ട്. അതെല്ലാം ബോംബെയിലെ യഥാര്‍ത്ഥ ചേരികളായ അന്ധേരിയിലൊക്കെ തന്നെയാണ് ഷൂട്ട് ചെയ്തത്. അവിടെ അത്രയും ചിലവേറിയ ഷൂട്ട് നടക്കുന്ന സമയത്താണ് ലോക്ക് ഡൗണ്‍ സംഭവിക്കുന്നത്. സിനിമക്ക് വേണ്ടി ഒരു ട്രെയിൻ ഹൈദരാബാദില്‍ സെറ്റ് ഇട്ടിരുന്നു. ആ ട്രെയിൻ പിന്നീട് ചീത്തയായിപ്പോയി. അങ്ങനെ നിരവധി പ്രാക്ടിക്കല്‍ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഒന്നേകാല്‍ വര്‍ഷത്തോളം നമുക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല കോവിഡ് കഴിഞ്ഞെത്തിയ മിക്ക സിനിമകളും ഒരു വീടിനകത്തുള്ള കഥ പോലെ ക്ലോസ്ഡ് സ്പേയ്സിനെ എക്സ്പ്ലോർ ചെയ്യുന്ന കഥകളായിരുന്നു. ഈ സിനിമ അത്തരത്തിലൊന്നല്ല. ഒരു ഫ്രെയിമില്‍ തന്നെ മിനിമം അന്‍പതോ അറുപതോ ആളുകൾ എപ്പോഴും കാണും. 150 ഓളം ക്രൂ ഉണ്ട്, അതിനാല്‍

കൊവിഡ് കാലത്തെ സേഫ്റ്റി നോക്കാതെ ഷൂട്ട് പുനരാരംഭിക്കാൻ സാ​ധിക്കില്ലായിരുന്നു. അങ്ങനെ കുറച്ചുകൂടി നാള്‍ സിനിമ തള്ളി വയ്ക്കേണ്ടി വന്നു. എല്ലാം ശരിയായി വരുന്ന സമയത്താണ് വിക്രം, പുഷ്പ എന്നീ രണ്ട് സിനിമകള്‍ സംഭവിക്കുന്നത്. രണ്ടിലും ഫഹദ് സുപ്രധാന റോളിലാണ്.

വലിയ സിനിമകളുമാണ്. ഈ രണ്ട് സിനിമകള്‍ക്ക് വേണ്ടിയും ഫഹദിനെ വിട്ടു കൊടുക്കേണ്ടതായി വന്നു. അങ്ങനെ അതെല്ലാം കൂടി കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു വര്‍ഷം കഴിഞ്ഞു. ഇതെല്ലാം കഴിഞ്ഞ് ഫഹദ് തിരികെ പാച്ചുവിൽ ജോയിന്‍ ചെയ്തത് 2022 ഏപ്രിലാണ്. അതിന് മുന്നേ ഏറെക്കുറെ തയ്യാറെടുപ്പുകളെല്ലാം നടത്തിക്കഴിഞ്ഞതിനാല്‍ പിന്നെയങ്ങോട്ട് വളരെ സ്മൂത്തായ ഷൂട്ട് ആയിരുന്നു. കേരളത്തില്‍ വളരെക്കുറച്ച് മാത്രമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. ഗോവയിലും ബോംബയിലുമാണ് പ്രധാനമായും സിനിമ നടക്കുന്നത്. പിന്നെയെല്ലാം റിയല്‍ ലൊക്കേഷനുകള്‍ ആയിരുന്നു.

അഖിൽ സത്യൻ
അഖിൽ സത്യൻ
Q

ട്രാവല്‍ മൂവിയാണ്, അതിൽ തന്നെ മൂന്ന് ജേര്‍ണികളുണ്ട് ,നായികമാരിലൊരാളായ അഞ്ജന പറഞ്ഞൊരു കാര്യം ഇത്രയും സമയം എടുത്തെങ്കിലും ഇത് പോലൊരു സിനിമ സാധ്യമാക്കുക എളുപ്പമായിരുന്നില്ലെന്നാണ്. അസിസ്റ്റന്റായും അസോസിയേറ്റ് ഡയറക്ടറായുമുള്ള അഖിലിന്റെ എക്‌സ്പീരിയന്‍സ്‌ ആണ് പാച്ചു പോലൊരു വലിയ സിനിമ പുൾ ഓഫ് ചെയ്യാൻ സഹായകമായിട്ടുണ്ടാവുക എന്നാണ് എന്തായിരുന്നു ഈ സിനിമയിലെ ടാസ്ക്?

A

ആർട്ടിസ്റ്റിന്റെയും ടെക്നീഷ്യൻസിന്റെയും ഡേറ്റുകൾ മാറിപ്പോയെങ്കിലും സിനിമയുടെ മേക്കിങ്ങ് എനിക്ക് വളരെ ക്ലാരിറ്റിയുള്ളതായിരുന്നു. എന്തായിരിക്കണം ഈ സിനിമയെന്ന കാര്യത്തിൽ കൃത്യമായ പ്ലാനിം​ഗ് തുടക്കം മുതൽക്കേ ഉണ്ടായിരുന്നു. അച്ഛന്റെ കൂടെ (സത്യൻ അന്തിക്കാട്) പത്ത് വര്‍ഷം വര്‍ക്ക് ചെയ്തതുകൊണ്ടായിരിക്കാം അതിലെനിക്ക് യാതൊരുവിധ സംശയങ്ങളും ഉണ്ടായിരുന്നില്ല. മേക്കിങ്ങില്‍ ഞാന്‍ വളരെ കോണ്‍ഫിഡന്റ് ആയിരുന്നു. ഞാന്‍ പ്രകാശനടക്കമുള്ള സിനിമകളില്‍ അച്ഛന്‍ എനിക്ക് തന്നിട്ടുള്ള ഫ്രീഡം എന്നത് വളരെ വലുതായിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമയുണ്ടാക്കുന്ന ടാസ്ക് കൈകാര്യം ചെയ്യാന്‍ കഴിയും എന്നതില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഇത്രയും ആള്‍ക്കാരുടെയും ഡേറ്റും മറ്റ് കാര്യങ്ങളും മാത്രമാണ് ശരിക്കും പറഞ്ഞാല്‍ നമ്മളെ ബുദ്ധിമുട്ടിച്ചത്. നല്ല രീതിയിലുള്ള ടീം സപ്പോര്‍ട്ടും ഉണ്ടായിരുന്നതിനാല്‍ തന്നെ വളരെയധികം എന്‍ജോയ് ചെയ്തിട്ടുള്ള പ്രോസസ് ആയിരുന്നു പാച്ചുവിന്റെ ഷൂട്ടിങ്. രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമയാണ് ഇത്, അതുകൊണ്ട് തന്നെ സമയം വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു. സ്പോട്ട് എഡിറ്റ് എന്ന ഒരു കാര്യമേ ഉണ്ടായിരുന്നില്ല. ഇപ്പോ എല്ലാ സിനിമയിലും ചെയ്യുന്നത് സ്പോട്ട് എഡിറ്റാണ്, പല ക്യാമറകളില്‍ ഷൂട്ട് ചെയ്ത് എഡിറ്റിലാണ് സിനിമ ഉണ്ടാകുന്നത്. ഇവിടെ അങ്ങനെയായിരുന്നില്ല. റിവേഴ്സിലായിരുന്നു എന്റെ പ്രോസസ് ഒക്കെയും. ചെയ്യേണ്ടത് ഓരോന്നും മനസ്സില്‍ വച്ചാണ് ഷൂട്ട് ചെയ്തത് അതുകൊണ്ട് തന്നെ ആവശ്യമുള്ളത് മാത്രമേ ഷൂട്ട് ചെയ്തിരുന്നുള്ളൂ. മാത്രമല്ല ഞാന്‍ തന്നെയാണ് ഇതിന്റെ എഡിറ്ററും. അത് ഒരു തരത്തില്‍ വലിയ ആശ്വാസമായിരുന്നു. ശരിക്കും ഞാന്‍ ഭയങ്കര സന്തോഷവനാണ് അച്ഛന്റെ കൂടെ പ്രവര്‍ത്തിച്ച ആ പത്ത് വര്‍ഷമാണ് ഈ സിനിമ ഇത്രയും നല്ല നിലക്ക് പൂർത്തിയാക്കാൻ എനിക്ക് ആത്മവിശ്വാസമുണ്ടാക്കിയത്.

Q

ട്രെയ്‌ലറില്‍ നിന്നും തന്നെ ഇതൊരു ഫീല്‍ ഗുഡ് സിനിമയാണെന്ന് പിടി കിട്ടും. പക്ഷേ പാച്ചുവും അത്ഭുതവിളക്കും എന്ന പേരിൽ നാടോടിക്കഥയുടെയും ഫാന്റസിയുടെയും എലമെന്റുമുണ്ട്?

A

എനിക്ക് മലയാളത്തില്‍ തന്നെ സിനിമയുടെ പേര് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കാരണം ഞാന്‍ ഇത് എഴുതുന്ന സമയത്ത് ഇറങ്ങിയ സിനിമകളിലെല്ലാം മലയാളം പേരുകള്‍ വളരെ കുറവായിരുന്നു. വേണമെങ്കില്‍ ഈ സിനിമയ്ക്ക് പാച്ചു എന്ന് പേരിടാം. പാച്ചു എന്ന പേര് ഇതിന് വളരെ ഉചിതമാണ്. പക്ഷേ ആ സമയത്താണ് ജോജിയെല്ലാം വന്നത്. ഈ പറഞ്ഞപോലെ ഒരു നാടോടിക്കഥ പോലെ പണ്ടൊക്കെ ബാലരമ വായിക്കുമ്പോള്‍ നല്ലൊരു തലക്കെട്ട് കണ്ടാല്‍ നമ്മള്‍ കഥ വായിക്കില്ലേ? അതുപോലെ കുട്ടികള്‍ക്കിഷ്ടമാകുന്ന പേര് വേണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് ഈ പേരിട്ടത്. പക്ഷേ ഈ സിനിമ കണ്ട് കഴിഞ്ഞാല്‍ മനസ്സിലാകും എന്തുകൊണ്ടാണ് പാച്ചുവിനൊപ്പം അത്ഭുതവിളക്ക് വരുന്നതെന്ന്. ഈ അത്ഭുത വിളക്ക് ആരാണെന്ന് കൂടി മനസ്സിലാകും. അല്ലാതെ ഇതില്‍ ഫാന്റസി എലമെന്റുകള്‍ ഒന്നുമില്ല. ഒരാളുടെ പല പല സ്ഥലങ്ങളിലൂടെയും പല മനുഷ്യരിലൂടെയുമുള്ള യാത്രയാണ് പാച്ചുവും അത്ഭുതവിളക്കും. ആരാണ് അയാളുടെ ജീവിതം മാറ്റാന്‍ പോകുന്നത് എന്നതിലാണ് അത്ഭുത വിളക്ക് എന്ന വിശേഷണം ഇരിക്കുന്നത്. ആ അത്ഭുതവിളക്ക് ആരാണെന്ന് സിനിമ കണ്ട് തന്നെ മനസിലാക്കണം.

അഖിൽ സത്യൻ
അഖിൽ സത്യൻ
Q

സത്യന്‍ അന്തിക്കാട്, അനൂപ് സത്യന്‍ ഇപ്പോള്‍ അഖില്‍ സത്യന്‍ രണ്ട് തലമുറകളും ഇതുവരെ പിന്തുടരുന്നത് ഫീല്‍ ഗുഡ് സിനിമ എന്ന പാറ്റേൺ ആണ്. തലമുറകള്‍ താണ്ടി നിലനില്‍ക്കുന്ന തരത്തിലേക്ക് ഫീല്‍ ഗുഡ് സിനിമകളിലേക്ക് ആര്‍ഷിക്കപ്പെടാനുള്ള കാരണം?

A

എനിക്ക് ഫീല്‍ ഗുഡ് അല്ലാത്ത സിനിമകള്‍, അതായത് ഈ തോക്കും ബോംബും കൊലപാതകവും ഇല്ലാത്ത സിനിമയെല്ലാം ഫീല്‍ ഗുഡ് ആണ്. അല്ലെങ്കില്‍ ഒരു സൈക്കോ കൊലയാളി, കുറേ കൊലപാതകങ്ങള്‍ നടക്കുന്നു, അവസാനം അയാള്‍ എന്തുകൊണ്ട് കൊല ചെയ്യുന്നുവെന്ന് കാണിക്കുന്നു അവിടെ സിനിമ കഴിയുന്നു. ഇത് ഞാന്‍ ചെയ്താല്‍ എനിക്കൊരിക്കലും ഈ ഫീല്‍ ഗുഡ് ടാഗ് വരില്ല. അല്ലെങ്കില്‍ കൊച്ചിയില്‍ താമസിക്കുന്ന രണ്ട് കുടുബങ്ങളുടെ കുടിപ്പക അങ്ങോട്ടും ഇങ്ങോട്ടും കൊല്ലുന്നു അവസാനം നായകന്‍ വില്ലനെ കൊല്ലുന്നു. ഇതെല്ലാം എനിക്ക് വളരെ ക്ലീഷേയായിട്ട് തോന്നുന്ന കാര്യങ്ങളാണ്. ഇതിനുള്ളിൽ യാതൊരു വിധത്തിലുമുള്ള എക്സ്പിരിമെന്റും ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നില്ല. ഇതെല്ലാം ആളുകള്‍ ആസ്വദിക്കുന്നുണ്ടാവും. പക്ഷേ എനിക്കിത് കാണുമ്പോള്‍ കുട്ടികള്‍ കാര്‍ട്ടൂണ്‍ കാണുന്നത് പോലെയാണ് തോന്നുന്നത്. മാസ്സ് മസാല പടങ്ങളില്‍ ഒരു സംവിധായകന് ചാലഞ്ചിങ്ങായ ഒന്നും തന്നെയില്ല. എന്നെ സംബന്ധിച്ച് റീവാച്ച് ക്വാളിറ്റിയാണ് ഞാന്‍ നോക്കുന്നത്. അച്ഛന്റെ ആയാലും അനൂപിന്റെ ആയാലും ഫീല്‍ ഗുഡ് എന്നതിന് അപ്പുറത്തേക്ക് ആ സിനിമകൾക്ക് റീവാച്ച് ക്വളിറ്റിയുണ്ട്. അതിന് മാത്രമാണ് ഞാന്‍ ശ്രമിക്കുന്നതും. ഒരു സിനിമയിലെ സീനിൽ ഒരു സ്ത്രീയോ അല്ലെങ്കില്‍ ഒരു പ്രായമുള്ള ആളോ ചിരിച്ച് സംസാരിച്ച് കഴിഞ്ഞാല്‍ ആ ഇത് ഫീല്‍ ഗുഡാണല്ലോ എന്ന് പറഞ്ഞ് ഈസിയായിട്ട് നമ്മൾ അതിനെ തള്ളും. പക്ഷേ അങ്ങനെയല്ല, മനസ്സിനക്കരെ പോലെ ഒരു സിനിമയില്‍ കെ.പി.എ.സി ലളിതയുടെ കഥാപാത്രം പലഹാരം വലിച്ചെറിയുമ്പോള്‍ കരഞ്ഞോണ്ട് ഇറങ്ങിപ്പോകുന്ന സീന്‍ ഉണ്ട്. അത് ഫീല്‍ ഗുഡ് സീനാണെന്നാണ് ഇപ്പോഴത്തെ ആളുകള്‍ പറയുന്നത്. പക്ഷേ അതിനകത്തുള്ള ബുദ്ധിയും ക്രാഫ്റ്റും അതിഭീകരമാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആ സീന്‍ നമ്മളെ ഫീൽ ചെയ്യിക്കും പീകു എന്ന സിനിമ ഫീല്‍ ഗുഡ് സിനിമയാണ്, മണിരത്നത്തിന്റെ സിനിമകളെല്ലാം ഫീല്‍ ഗുഡ് സിനിമകളാണ്, ഇതെല്ലാം എന്തുകൊണ്ട് കാലത്തെ അതിജീവിക്കുന്നു എന്ന് മാത്രമേ ഞാന്‍ ചിന്തിക്കുന്നുള്ളൂ. അല്ലാതെ ഇതിന്റെ മേക്കിങ് സ്‌റ്റൈലോ മറ്റെന്തെങ്കിലുമോ അല്ല ഫാക്ടര്‍. ഓരോ മൊമന്റിലും സിംപിൾ ആയി കാര്യങ്ങളെ കാപ്ചർ ചെയ്യുന്നതിൽ കാര്യമായ ക്രാഫ്റ്റ് ഉണ്ടല്ലോ. അതിനാണ് ഞാന്‍ ശ്രമിക്കുന്നത്. അത് വളരെ ബുദ്ധിമുട്ടുള്ളതും വളരെയധികം ആലോചിച്ച് ചെയ്യേണ്ട കാര്യവുമാണ്. അത് തന്നെയാണ് എനിക്ക് വ്യക്തിപരമായി ഏറ്റവും എക്സൈറ്റിങ്ങായി തോന്നിയിട്ടുള്ളതും അതുകൊണ്ടാണ് അത് തുടരുന്നതും.

Q

സത്യന്‍ അന്തിക്കാട് സ്‌കൂള്‍ എന്ന് പറഞ്ഞാല്‍ ഫീല്‍ ഗുഡ് സ്വഭാവം എന്ന തരത്തിലാണ് എപ്പോഴും ഓഡിയന്‍സ് വിധിയെഴുതുക, അത് ഏതെങ്കിലും വിധത്തില്‍ ബാധ്യതയാകുന്നുണ്ടോ, അത് മനപ്പൂര്‍വ്വം മാറ്റാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?

A

ട്രെയിലറിലും പോസ്റ്ററിലും കാണാത്ത ഒരു എലമെന്റ് ഈ സിനിമയിലുണ്ട്. ഈ സിനിമ ശരിക്കും ഒരു കുടുംബകഥ പറയുന്ന സിനിമ പോലുമല്ല. ആളുകള്‍ ഫാമിലി സിനിമ എന്ന് പറയുമെങ്കില്‍ പോലും ഈ കഥയില്‍ ഫാമിലി ഇല്ല. പല സ്വഭാവങ്ങളിലുള്ള മനുഷ്യരിലൂടെയുള്ള യാത്രയാണ് അതില്‍ ആക്ഷനുണ്ട്, ത്രില്ലറുണ്ട്, മിസ്റ്ററിയുണ്ട്, നമുക്കൊന്നും അനുമാനിക്കാന്‍ കഴിയാത്ത ഗ്രേ ഷേയ്ഡുണ്ട്. ശരിക്കും മുപ്പത് ശതമാനം പോലും മലയാളമല്ല സിനിമ. ഈ സിനിമയുടെ മുപ്പത് ശതമാനത്തോളം ഹിന്ദിയാണ്, ഒരു പാട്ട് മുഴുവന്‍ ഹിന്ദിയിലാണ് ചെയ്തിരിക്കുന്നത്. ഇതൊന്നും നമ്മള്‍ സാധാരണ കാണുന്ന സത്യന്‍ അന്തിക്കാട് സിനിമ അല്ലേയല്ല. ഒരു കണക്കിന് ആളുകളുടെ ഇത്തരത്തിലുള്ള പ്രതീക്ഷകള്‍ നന്നായി എന്ന് തന്നെയാണ് കരുതുന്നത്. കാരണം ഇങ്ങനത്തെ ഒരു എക്സ്പറ്റേഷനില്‍ ഈ സിനിമ കാണുമ്പോള്‍ ആളുകള്‍ കാണാന്‍ പോകുന്ന കാഴ്ച വേറെയായിരിക്കും.

Q

ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ രണ്ടു പേരും സത്യന്‍ അന്തിക്കാട് സിനിമകളില്‍ പ്രര്‍ത്തിച്ചവരാണ്. അനൂപ് സത്യന്റെ ചോയിസ് ദുല്‍ഖര്‍ ആയിരുന്നെങ്കില്‍ ഇന്ന് അഖിലിന്റെ ചോയിസ് ഫഹദാണ്. ഒരു ഇന്ത്യന്‍ പ്രണയ കഥയും ഞാന്‍ പ്രകാശനുമെല്ലാം ഈ ചോയിസിനെ തീര്‍ച്ചയായും സ്വാധീനിച്ചിട്ടുണ്ടാവുമല്ലോ?

A

ശരിക്കും എനിക്ക് ഏറ്റവും അറിയുന്നതും ഏറ്റവും കംഫര്‍ട്ടബിളുമായ നടനാണ് ഫഹദ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ എനിക്ക് ഏറ്റവും കണക്ട് ചെയ്യാന്‍ കഴിയുന്ന, എന്റെ സെന്‍സ് ഓഫ് ഹ്യൂമറിന്റെ പരിധിയില്‍ വരുന്ന ഒരാളുമാണ് അദ്ദേഹം. എനിക്ക് എന്തും പറയാന്‍ പറ്റുന്ന എന്തും പറഞ്ഞ് ചിരിക്കാന്‍ പറ്റുന്ന ഒരാള്‍. ആ കംഫര്‍ട്ട് തന്നെയാണ് ഇതിന്റെ ഫസ്റ്റ് പ്രയോരിറ്റി. ഫഹദ് അതിഗംഭീര നടനാണെന്ന കാര്യം വളരെ സെക്കന്ററിയാണ്. അത് ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്. പക്ഷേ പാച്ചുവിന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല പാച്ചു എന്ന കഥാപാത്രം ശരിക്കും നിവിന്‍ പോളിക്ക് വേണ്ടി ഉണ്ടാക്കിയിരുന്നതാണ്‌. നിവിൻ ആയിരുന്നു ആദ്യത്തെ പാച്ചു. പക്ഷേ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അത് നടക്കാതെ പോയി. പിന്നീട് വളരെ സാധാരണമായ ഒരു കൂടിക്കാഴ്ചയില്‍ ഞാന്‍ ഫഹദിനോട് ഈ കഥ പറഞ്ഞു. കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഫഹദ് ഈ സിനിമ ചെയ്യാമെന്നറിയിക്കുകയായിരുന്നു. അതിന് ശേഷം ഫഹദിന് വേണ്ടി സിനിമ മൊത്തത്തില്‍ ഞാന്‍ മാറ്റി എഴുതി. സീന്‍ ഒന്ന് മുതല്‍ തന്നെ പുതിയ പാച്ചുവായി മാറ്റി എഴുതി. കാരണം എനിക്ക് ഫഹദിന്റെ ഒരോ മാനറിസവും അറിയാം. ഞാൻ പ്രകാശനിലും പ്രണയകഥയിലും ഞാനത് കണ്ടിട്ടുണ്ട്. എന്തോ എന്റെ ഭാഗ്യത്തിന് പ്രകാശന്‍ കഴിഞ്ഞു വന്ന പത്ത് സിനിമകളും, ഞാന്‍ എണ്ണി നോക്കിയിട്ടുണ്ട് ഏകദേശം പത്ത് സിനിമകളിലും ഫഹദ് ബാക്ക് ടു ബാക്ക് വളരെ കോംപ്ലക്സ് ആയ കഥാപാത്രങ്ങളായിരുന്നു ചെയ്തു കൊണ്ടിരുന്നത്. അത് എനിക്ക് ഭയങ്കര അനുഗ്രഹമായിരുന്നു. ഫ്രീയായിട്ട് കിട്ടുന്ന ഒരു ഗോള്‍ പോസ്റ്റാണ് അത്. എനിക്കും അച്ഛനും മാത്രം ഗോളടിക്കാനാകുന്ന ഒരു ഗോള്‍ പോസ്റ്റായിരുന്നു അത്. ഫഹദ് ശരിക്കും ഇതിന് വേണ്ടി യാതൊരു വിധ പ്രിപ്പറേഷന്‍സും ചെയ്തിരുന്നില്ല. ആദ്യത്തെ നരേഷനില്‍ തന്നെ ഫഹദിന്റെ മനസ്സില്‍ ഈ കഥ കയറിയിരുന്നു. ഫഹദിന് അത്രയും വിശ്വാസവും ബോധ്യവും ഈ കഥാപാത്രത്തെക്കുറിച്ച് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെ സുഖമായിട്ട് കൈയ്യും വീശി വന്ന് അഭിനയിച്ചിട്ട് പോയ സിനിമയായിരുന്നു ഇത്. ആ പ്രോസസ് ഞങ്ങള്‍ ഒരു ആസ്വദിക്കുകയും ചെയ്തു.

Q

ഫഹദിന്റെ ലുക്കില്‍ എല്ലാം ജോജിയുടെ ഛായ ആളുകള്‍ കാണുന്നുണ്ട്. പക്ഷേ ഹ്യൂമറുള്ള ഓപ്പോസിറ്റ് സൈഡുള്ള കാരക്ടറാണ്, ഫഹദിനെ പ്ലേസ് ചെയ്യുക, അതും ഇതുവരെ കാണാത്ത തരത്തില്‍ ചെയ്യുക എന്നത് ബാധ്യതയായിരുന്നോ.. ?

A

അത് ശരിക്കും ഫഹദിന്റെ ശരീരഘടന മാറിപ്പോയതാണ്. മാലിക്ക് എന്ന ചിത്രത്തിന് ശേഷം സംഭവിച്ച ഒരു കാര്യമാണ് അത്. ഒന്നും ബോധപൂര്‍വ്വമായിരുന്നില്ല. എനിക്ക് ശരിക്കും പാച്ചു എങ്ങനെയിരുന്നാലും എന്റെ സിനിമയെ അത് ബാധിക്കില്ല. പാച്ചുവിന് തടി കുറഞ്ഞാലും മെലിഞ്ഞാലും പാച്ചു, പാച്ചു തന്നെയായിട്ടുള്ള ഒരു ഫേസ് ഫഹദിനുണ്ട്. പക്ഷേ ഷൂട്ട് ചെയ്ത സമയത്ത് മാലിക്കിന് വേണ്ടിയും ജോജിക്കുവേണ്ടിയും മെലിഞ്ഞത് പിന്നങ്ങോട്ട് മാറിയിട്ടില്ല. അപ്പോ പിന്നെ നമ്മളത് തുടര്‍ന്നു എന്ന് മാത്രമേയുള്ളൂ. ഫഹദ് എങ്ങനെയായിരുന്നോ അങ്ങനെ തന്നെ ഷൂട്ട് ചെയ്തു എന്ന് മാത്രം.

Q

ഇക്കൊല്ലം മലയാള സിനിമയില്‍ നിന്നും ഒരൊറ്റ ഹിറ്റ് ചിത്രം മാത്രമേ ഉണ്ടായിട്ടുള്ളൂ, അതുകൊണ്ടു തന്നെ നിലവിലെ സാഹചര്യത്തില്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്നും അകന്ന് നില്‍ക്കുകയാണ് ഏത് തരത്തിലുള്ള മാര്‍ക്കറ്റിങ്ങ് ആസ്‌പെക്ടിലൂടെയാണ് ഈ സിനിമ അതിനെ മറികടക്കാന്‍ ഉദ്ധേശിക്കുന്നത്?

A

ശരിക്കും ഞങ്ങള്‍ മാര്‍ക്കറ്റിങ്ങ് ഒന്നും ചെയ്തിട്ടില്ല. ഒന്നാമത് പടത്തിന്റെ തിരക്കുകളിലായിരുന്നതിനാലും ഫഹദ് മറ്റൊരു സിനിമയുടെ എക്സ്‌ക്ലൂസീവ് ലുക്കിലായതിനാലും നമുക്ക് പ്രീ മാര്‍ക്കറ്റിങ്ങ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല സിനിമയ്ക്ക്. ആകെയുള്ള പ്രതീക്ഷ എനിക്ക് മൗത്ത് പബ്ലിസ്റ്റിയാണ്. അതില്‍ എനിക്ക് നല്ല വിശ്വാസമാണ്. കാരണം എനിക്ക് ഉറപ്പ് പറയാന്‍ പറ്റും അടുത്ത കാലത്തുണ്ടായിട്ടുള്ള ക്വാളിറ്റി മലയാളം എന്റര്‍ടെയ്ന്‍മെന്റ്സില്‍ ഒന്നായിരിക്കും ഈ സിനിമയെന്ന്. എന്റെ അത്രയും എഫര്‍ട്ട് ഈ സിനിമയില്‍ ഉണ്ട്. അത്രയും ബഡ്ജറ്റും നമ്മള്‍ ചെലവാക്കിയിട്ടുണ്ട്. ഇതൊന്നുമല്ലാതെ ഒരോ സീനും ഒരു സാധാരണക്കാരന് കണക്ട് ആകുന്ന രീതിയിലാണ് സമീപിച്ചിട്ടുള്ളത്. ഏതെങ്കിലും ജോണറിലേക്ക് ചുരുങ്ങുന്ന ഒരു സിനിമയല്ല, മാറിക്കൊണ്ടേയിരിക്കുന്ന സിനിമയാണ്, ഒരു പൊതു സ്വഭാവമില്ല ഈ സിനിമയ്ക്ക്. ഇതില്‍ പ്രണയമുണ്ട്, ഇമോഷന്‍സ് ഉണ്ട്, വലിയ തരത്തിലുള്ള മിസ്റ്ററിയുണ്ട് കൂടെ ആക്ഷനുമുണ്ട്. ഫീല്‍ ഗുഡ് എന്ന് പറയുമെങ്കിലും കണ്ട് കഴിയുമ്പോള്‍ നമുക്ക് മനസ്സിലാവും ഇത് ഫീല്‍ ഗുഡ് അല്ലെന്ന്.

ഇതുവരെ കാണിക്കാത്ത ഒരു പുതുമ ചിത്രത്തില്‍ കൊണ്ട് വന്നിട്ടുണ്ടെന്ന് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് തോന്നിയിട്ടുണ്ട്. അതാണ് എന്റെ പ്രതീക്ഷ. പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഒരു റീവാച്ച് ക്വാളിറ്റി മെറ്റിരീയലാണ് ഈ സിനിമ. ഒരു പത്ത് വര്‍ഷം കഴിഞ്ഞാലും ആള്‍ക്കാര്‍ക്ക് ഈ സിനിമ ഇഷ്ടപ്പെടും എന്നൊരു പ്രതീക്ഷയുണ്ട് എനിക്ക്.

Q

സിനിമ ഇന്‍ഡസ്ട്രി പലതരത്തിലുള്ള പ്രശ്‌നത്തിലൂടെ കടന്നു പോകുന്ന സമയത്താണ് റിലീസ് വരുന്നത്, താരങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമല്ല, സിനിമയുടെ വിജയ പരാജയങ്ങളെക്കുറിച്ചുള്ള പല ചര്‍ച്ചകള്‍ നടക്കുന്നു. മലയാള സിനിമയുടെ ഈ പ്രതിസന്ധിക്ക് എന്തായിരിക്കാം കാരണമെന്നാണ് കരുതുന്നത്? പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തെ ഇത് മോശമായി ബാധിക്കാം എന്ന ചിന്തയുണ്ടോ?

A

ആള്‍ക്കാര്‍ക്ക് തിയേറ്ററുകളില്‍ പോകാന്‍ ഒരു കുഞ്ഞ് മടിയുണ്ടായി എന്നത് സത്യമാണ്. അവരുടെ കംഫര്‍ട്ട് സോണ്‍ ഇപ്പോള്‍ വീടാണ്. അതിനപ്പുറം തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഒരു ഘടകം എന്നത് അതീഗംഭീരമായ ഒരു സിനിമയായിരിക്കണം അതെന്നത് മാത്രമാണ് പോംവഴി. ഇപ്പോ രോമാഞ്ചം എന്ന സിനിമ ഒരു രീതിയില്‍ ഭയങ്കരമായി കണക്ട് ചെയ്ത സിനിമയായിരുന്നു. ശരിക്കും നെക്സറ്റ് ലെവല്‍ സിനിമകള്‍ മാത്രമേ ഇപ്പോള്‍ തിയേറ്ററുകളില്‍ വിജയിക്കുന്നുള്ളൂ. സിനിമയുടെ ക്വാളിറ്റി പ്രധാനപ്പെട്ട ഒരു ഘടകമാണ്. ആളുകളെ കുറ്റം പറയാനും കഴിയില്ല പരാജയപ്പെട്ട സിനിമകളില്‍ പലതും മോശം സിനിമകളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എണ്ണം കുടുന്നു എന്നതനുസരിച്ച് കോണ്‍ടെന്റെും ക്വാളിറ്റിയും നന്നാവണമെന്നില്ലല്ലോ? കോണ്‍ടെന്റുകള്‍ നമ്മള്‍ ബോധപൂര്‍വ്വം നന്നാക്കുക എന്നത് മാത്രമേ ഇതിന് പരിഹാരമുള്ളൂ. എത്രയും നന്നാക്കാന്‍ കഴിയുമോ അത്രയും നന്നാക്കുകയും എഫര്‍ട്ട് എടുക്കുകയും വേണം.

Q

സർക്കാസ്റ്റിക് രീതിയിൽ ബ്ലോ​ഗിലും ഫേസ്ബുക്കിലും അഖിൽ മുമ്പ് തന്നെ അനുഭവങ്ങൾ എഴുതാറുണ്ടായിരുന്നു. സിനിമയെഴുത്തിൽ അത് ​ഗുണം ചെയ്തിട്ടുണ്ടോ?

A

എഴുത്ത് ഞാന്‍ സത്യത്തില്‍ ഫെയ്സ് ബുക്കിലാണ് എഴുതിക്കൊണ്ടിരുന്നത്. എഴുതാന്‍ എനിക്ക് കഴിയുമോയെന്ന് എനിക്ക് അറിയുമായിരുന്നില്ല. എഴുത്തഭ്യാസം എന്ന് തന്നെയാണ് പേജിന്റെ പേര് പോലും. എഴുതി തെളിയാന്‍ വേണ്ടി ചെയ്തതാണ് അത്. പക്ഷേ ആദ്യം എനിക്ക് വളരെ സംശയമുണ്ടായിരുന്നു കാരണം ഒരു വരി പോലും എഴുതാന്‍ കഴിവുള്ള ആളല്ല ഞാന്‍ എന്നാണ് വിചാരിച്ചിരുന്നത്. എഴുതി തുടങ്ങിയപ്പോള്‍ ഫെയ്സ് ബുക്കില്‍ പല സുഹൃത്തുക്കളും വായിച്ച് നല്ലതാണെന്ന് അഭിപ്രായം പങ്കുവച്ചപ്പോൾ സന്തോഷമുണ്ടായി. അന്ന് എഴുതിയതൊക്കെ ഇപ്പോഴും വായിച്ചിട്ട് പലരും എനിക്ക് മെസേജ് അയക്കാറുണ്ട്. അച്ഛന്റെ എഴുത്ത് എനിക്ക് ഇഷ്ടമാണ് വളരെ ലളിതമായ രീതിയിലാണ് അച്ഛൻ ഓരോ കാര്യങ്ങളെ കുറിച്ചും എഴുതുന്നത്. അത് വേ​ഗത്തിൽ കണക്ട് ചെയ്യും നമുക്ക്. കൂടുതലും ഓര്‍മ്മകളാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ വായിക്കുന്നതും അത് തന്നെയാണ്. ചിലപ്പോള്‍ വന്‍ ഷോക്കിങ്ങായ ഒരു സംഭവമായിരിക്കും പക്ഷേ അത് എഴുതുമ്പോള്‍ ആകർഷകമായി അവതരിപ്പിക്കുക എന്നത് ഒരു കഴിവാണ്. ഒരു ചെറിയ കാര്യമാണെങ്കില്‍ പോലും ഒരു വൈകാരികപരമായ ഒരു ബന്ധം ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്നതാണെങ്കില്‍ അതെനിക്ക് എഴുതിപ്പിടിപ്പിക്കാന്‍ പറ്റും എന്ന് തോന്നാറുണ്ട്. ആള്‍ക്കാരെ രസിപ്പിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്.

Q

ഫേസ്ബുക്ക് എഴുത്തിലെ ലാളിത്യം പാച്ചുവിലും പ്രതീക്ഷിക്കാമെന്നാണോ?

A

ശരിക്കും ഒരു വരിയില്‍ പറയാന്‍ പറ്റുന്ന കഥയാണ് പാച്ചുവിന്റേത്. ഒരു വരിയില്‍ ഒരു കഥ പറഞ്ഞ് ആള്‍ക്കാര്‍ക്ക് അത് വർക്ക് ആകുന്നുണ്ടോ എന്ന് നോക്കും. വര്‍ക്കാവുന്നുണ്ടെങ്കില്‍ പിന്നെ റിവേഴ്സ് ഓർഡറിലാണ് കഥ ഉണ്ടാക്കുക. സിനിമ ആകുമ്പോൾ നമ്മൾ ബോധപൂർവം ചെയ്യുന്ന സിനിമാറ്റിക്ക് ആയിട്ടുള്ള ചില കാര്യങ്ങള്‍ ഉണ്ട്. ഈ സിനിമയില്‍ ഹ്യൂമര്‍ കൊണ്ട് വരണമെന്ന് എനിക്ക് വ്യക്തിപരമായി തന്നെ ആഗ്രഹം ഉണ്ടായിരുന്നു. അത് പോലെ തന്നെ സെക്കന്റ് ഹാഫില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു എലമെന്റാണ്, പാച്ചുവിലെ റൊമാന്റിക് സീനുകൾ. ഇതെല്ലാം ഒത്തുവരുന്നൊരു സിനിമ വളരെ സ്വാഭാവികമായി സംഭവിച്ചു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ഇങ്ങനെയൊരു സിനിമ ഇനി എനിക്ക് എഴുതാന്‍ പറ്റുമോയെന്ന് പോലും ഉറപ്പില്ല. മൂന്ന് സ്ത്രീകള്‍ക്ക് അടുത്തേക്ക് പാച്ചു എന്ന ഒരു കോമണ്‍ ഫാക്ടര്‍ വരുന്നതോടെയാണ് പാച്ചുവും അത്ഭുതവിളക്കും പൂര്‍ണ്ണമാകുന്നത്.

Q

അച്ഛന്‍ സിനിമ കണ്ടിരുന്നോ? എന്തായിരുന്നു അഭിപ്രായം?

A

അച്ഛന്‍ ഫസ്റ്റ് കട്ട് കണ്ടിരുന്നു. വളരെ ഹാപ്പിയായിരുന്നു. അച്ഛന്റെ മുഖത്ത് ഒരു അഭിമാനം മിന്നിമാഞ്ഞു പോയപോലെ ആണ് എനിക്ക് തോന്നിയത്. അതോടെ എന്റെ ആദ്യത്തെ ടെന്‍ഷന്‍ തീര്‍ന്നു. അച്ഛന്റെ അപ്രൂവലാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പേടിച്ചിരുന്നത്. അത് കിട്ടിക്കഴിഞ്ഞതുകൊണ്ട് തന്നെ ഇനി വലിയ ടെന്‍ഷനില്ല. ശരിക്കും റിലീസ് തലേന്ന് പോലും എനിക്ക് സീറോ ടെന്‍ഷനാണ്. എന്താണെന്നറിയില്ല. പല ഘട്ടത്തിലും ഈ സിനിമ പാതിയിൽ നിര്‍ത്തേണ്ടി വരുമോയെന്ന് ഞങ്ങള്‍ ഭയന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് പൂർത്തിയായപ്പോൾ ടെന്‍ഷന് അപ്പുറം വലിയ ആശ്വാസമാണ് തോന്നിയത്. വ്യക്തിപരമായി ഞാന്‍ പ്രതീക്ഷിച്ചതിലും ഒരു പടി മികച്ച രീതിയില്‍ സിനിമ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ടെന്‍ഷന്‍ തീരെയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in