നവ്യ തീ കൊളുത്തുന്ന 'ചെക്ക്', അതാണ് വിനായക വിവാദത്തിടെ അട്ടിമറിക്കപ്പെട്ടത്

നവ്യ തീ കൊളുത്തുന്ന 'ചെക്ക്', അതാണ് വിനായക വിവാദത്തിടെ അട്ടിമറിക്കപ്പെട്ടത്
Published on

സിനിമയിൽ തീയണയാത്ത ഒരു പെണ്ണിടം എന്നത് എത്രമേൽ ദുഷ്ക്കരമാണെന്നതിന്റെ ആദ്യത്തെ കാഴ്ച 1928 ൽ ജെ.സി.ഡാനിയേൽ "വിഗതകുമാരൻ " ചെയ്തതിൽ നിന്നും തുടങ്ങുന്നു . ആദ്യ നായിക പി.കെ. റോസിയോട് അന്നത്ത ഉത്തമ പുരുഷ സർവ്വനാമക്കൂട്ടം ചെയ്തതെന്തോ അതു തന്നെയാണ് പുതിയ മാധ്യമക്കൂട്ടം വി.കെ. പ്രകാശിന്റെ " ഒരുത്തീ " യോടും വിവാഹശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ നവ്യയോടും ചെയ്തത്. മലയാള സിനിമയിലെ കാണിക്കൂട്ടത്തിന്റെയും മാധ്യമക്കൂട്ടത്തിന്റെയും കണ്ണ് അടിസ്ഥാനപരമായി ഒന്നാണ്. ആൺകണ്ണാണത്. പെണ്ണിനെതിരായി കിട്ടുന്ന ഓരോ " സുവർണ്ണാവസര "വും എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് വെമ്പൽ പൂണ്ട് നടക്കുന്ന നോട്ടങ്ങൾ അതിൽ നിന്നുണ്ടാകുന്നു. " ഒരുത്തീ " യെ മുക്കിക്കൊന്ന് അതിന്റെ പ്രചരണവേദി ഉപയോഗപ്പെടുത്തി ഒരു വിനായകവിവാദം കെട്ടിപ്പൊക്കുകയാണ് ഈ മാധ്യമക്കൂട്ടം ചെയ്തത്. അതൊരു ദുരന്തമാണ്. പുതിയ മാധ്യമ സംസ്കാരം അത്തരം ദുരന്ത നിർമ്മിതിയുടെ പിറകെയാണെന്നത് മാധ്യമങ്ങൾ അകപ്പെട്ട മത്സരക്കെണിയുടെ ബാക്കിപത്രമാണ്. അതിൽ നിന്നും അവർക്ക് രക്ഷയില്ല. ചാനൽ ചർച്ചയായാലും പത്രസമ്മേളനമായാലും അതിനാണ് റേറ്റിങ് കൂടുതൽ എന്നാണ് അധികാരമതം. അത് നിരന്തര വിമർശനം അർഹിക്കുന്നു ,തിരുത്തപ്പെടും വരെ .

ഒരുത്തീ
ഒരുത്തീ

വി.കെ. പി.യുടെ "ഒരുത്തീ " നായികക്ക് പ്രാധാന്യം കൊടുക്കുന്ന സിനിമയാണ്. കൂടാതെ നവ്യയെപ്പോലെ കരുത്തുള്ള ഒരു നായിക വിവാഹശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്ന സിനിമയുമാണ്. എന്നാൽ നമ്മുടെ മാധ്യമങ്ങൾ എന്നും താരനായകരെ ഏകപക്ഷീയമായി പിന്തുടരുന്ന രീതിയാണ് അവലംബിക്കുന്നത്. അതാണ് കമ്പോളമതം. കമ്പോളമാണ് സിനിമയുടെ ദൈവം , മാധ്യമങ്ങളുടെയും . എന്തുകൊണ്ട് പെൺ സിനിമ ഇവിടെ ഉണ്ടാകുന്നില്ല എന്നതിനുത്തരം കമ്പോളം ആരു നിയന്ത്രിക്കുന്നു എന്നതിൽ വ്യക്തമായും എഴുതിയിട്ടുണ്ട്. അപ്പോൾ "ഒരുത്തീ " പോലൊരു സിനിമ വി.കെ.പി.യെപ്പോലൊരു സംവിധായകൻ എടുക്കാൻ തുനിഞ്ഞു എന്നത് തന്നെ ഒരു വിപ്ലവപ്രവർത്തനമാണ്. നിലനിൽക്കുന്ന പുരുഷാധിപത്യ ചലച്ചിത വ്യവഹാരത്തിനകത്തെ തിരുത്തൽ യത്നമാണ്. എല്ലാ നിലക്കും അത് പിന്തുണ അർഹിക്കുന്നു. അതാണ് വിനായക വിവാദത്തിടെ അട്ടിമറിക്കപ്പെട്ടത്.

സൂഷ്മമായി പരിശോധിച്ചാൽ "ഒരുത്തീ " പലതും പറയാതെ പറയുന്നുണ്ട്. നാം വാങ്ങിക്കൂട്ടുന്ന സ്വർണ്ണം സ്വർണ്ണം തന്നെയാണോ? സ്വർണ്ണവ്യാപാര ശൃംഖലയുടെ വളർച്ച പരിശോധിച്ചാൽ ഞെട്ടിപ്പോകും. കേരളത്തിൽ നിയമപ്രകാരം ഉല്പാദിപ്പിക്കുന്ന കള്ളിന്റെ എത്രയോ മടങ്ങാണ് വിറ്റഴിയ്ക്കപ്പെടുന്ന കള്ള്. അതുപോലെ നിയമ വിധേയമായി എത്തപ്പെടുന്ന സ്വർണ്ണത്തിന്റെ എത്രയോ മടങ്ങാണ് വിറ്റഴിയ്ക്കപ്പെടുന്ന സ്വർണ്ണം. സ്വർണ്ണക്കടത്താകട്ടെ അനാദികാലമായി തുടരുന്നു. എല്ലാ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി ഓരോ ദിവസവും കടത്തിക്കൊണ്ടുവരുന്ന ഈ സ്വർണ്ണം എങ്ങോട്ടാ പോകുന്നത് ? ആർക്ക് വേണ്ടിയാ അത് കടത്തുന്നത് ? ആകാശത്തേക്കോ? അവിടെയാണ് ഒരുത്തീയുടെ രാഷ്ട്രീയത്തെ മുക്കിക്കൊല്ലേണ്ട ആവശ്യം മുഖ്യധാരാ മാധ്യമങ്ങൾക്ക് മുഴുവനും ഉണ്ടാകുന്നത്. ഒരുത്തീ ചാനൽ ചർച്ചയാവില്ല. പരമാവധി നവ്യ ഉഷാറായി എന്ന് മാത്രം തഴുകും മാധ്യമങ്ങൾ . ഉള്ളിലേക്ക് ചികയില്ല. അതിന്റെ മറുപുറമാണ് സ്വർണ്ണ വ്യാപാരികൾ പത്രമാധ്യമങ്ങൾക്ക് നൽകുന്ന കോടാനുകോടിയുടെ പരസ്യം . ആരു മിണ്ടും അപ്പോൾ. ആരൊക്കെയാണ് ആ പരസ്യത്തെ വഹിക്കുന്നത് ? നമ്മുടെ പ്രധാന താരനായകരൊക്കെ സ്വർണ്ണക്കടകളുടെ ബ്രാന്റ് അംബാസ്സഡർമാരാണ്. ആരും മിണ്ടില്ല.

ഒരുത്തീ
ഒരുത്തീ
ഇരിയ്ക്കാനുള്ള അവകാശം മനുഷ്യാവകാശമാണ് എന്നായിരുന്നു എഴുതിയതിന്റെ കാതൽ. എന്നാൽ എം.ഡി. വിളിച്ചു വരുത്തി ചോദിച്ചത് ധാർമ്മികത മാത്രം മതിയോ ശബളവും വേണ്ടേ എന്നാണ് ? ഒപ്പമുണ്ടായിരുന്ന പരസ്യം മാനേജർ വർഷം തോറും ആ ജ്വല്ലറി ഗ്രൂപ്പ് നൽകി വരുന്ന പരസ്യത്തിന്റെ അമ്പരപ്പിക്കുന്ന കണക്കും എന്നെ കേൾപ്പിച്ചു.

എന്റെ മാധ്യമ ജീവിതത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ ചില അവസരങ്ങളിലാണ് മാതൃഭൂമി മാനേജിങ് ഡയറക്ടറായിരുന്ന ശ്രീ എം.പി.വീരേന്ദ്രകുമാർ നേരിട്ട് വിളിച്ചു വരുത്തി താക്കീത് നൽകിയിട്ടുള്ളത്. അതിലൊന്ന് എഡിറ്റ് പേജിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് പെൺകുട്ട് വിജിയുടെ നേതൃത്വത്തിൽ ഇരിയ്ക്കൽ സമരം നടത്തിയതിന് പിരിച്ചു വിട്ട അസംഘടിത തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെ പിന്തുണച്ച് ഒരു എഡിറ്റോറിയൽ എഴുതിയതിനാണ്. ഇരിയ്ക്കാനുള്ള അവകാശം മനുഷ്യാവകാശമാണ് എന്നായിരുന്നു എഴുതിയതിന്റെ കാതൽ. എന്നാൽ എം.ഡി. വിളിച്ചു വരുത്തി ചോദിച്ചത് ധാർമ്മികത മാത്രം മതിയോ ശബളവും വേണ്ടേ എന്നാണ് ? ഒപ്പമുണ്ടായിരുന്ന പരസ്യം മാനേജർ വർഷം തോറും ആ ജ്വല്ലറി ഗ്രൂപ്പ് നൽകി വരുന്ന പരസ്യത്തിന്റെ അമ്പരപ്പിക്കുന്ന കണക്കും എന്നെ കേൾപ്പിച്ചു. പരസ്യങ്ങൾ എന്നാൽ വെറും പരസ്യങ്ങളല്ല, അത് വായ മൂടിക്കെട്ടാനുള്ള സാമ്പത്തീക രാഷ്ട്രീയ ഇക്കിളികൾക്കായുള്ള നിക്ഷേപങ്ങൾ കൂടിയാണ്. അതിന്റെ ഉപോല്പന്നങ്ങളാണ് ഇന്ന് ചാനലുകളും സിനിമയും. രാഷ്ട്രീയ സിനിമകളും പെൺ സിനിമകളും മാത്രമല്ല ചലച്ചിത നിരൂപണവും മുഖ്യധാരാ മാധ്യമങ്ങളിൽ തീർത്തും അസാധ്യമായത് തൊണ്ണൂകളിൽ ആഗോളവൽക്കരണം പരസ്യാധിപന്മാർ പത്രാധിപന്മാരേക്കാൾ ശക്തരാക്കിയതോടെയാണ്. നാമറിയാതെ വിഷയങ്ങൾ ചുവടു മാറ്റം നടത്തി കഴിഞ്ഞു.

വിനായകൻ പ്രിയ സുഹൃത്തും ആക്ടിവിസ്റ്റുമായ എസ്. മൃദുലാദേവിയോട് ചെയ്തതും പോരാട്ടത്തിന്റെ പെൺഅവകാശ രേഖയായ മീടൂ പ്രസ്ഥാനത്തെ അപഹസിച്ച് പത്രസമ്മേളനത്തിൽ സംസാരിച്ചതും ഒക്കെ കടുത്ത അന്യായങ്ങൾ ആണ്. എന്നാൽ അതിന്റെ ചിലവിൽ വി.കെ.പി.യുടെ ഒരുത്തീ എന്ന സിനിമ മുന്നോട്ടുവക്കുന്ന പെൺഊർജ്ജത്തെ കെടുത്താനും മുക്കിക്കൊല്ലാനുമുള്ള ശ്രമങ്ങളെ ചെറുത്ത് തോല്പിക്കേണ്ടതുണ്ട്.

പിന്നെ അതേ പത്ര സമ്മേളനത്തിൽ വിനായകൻ പ്രസക്തമായ മറ്റു ചില കാര്യങ്ങൾ കൂടി പറഞ്ഞു. സിനിമയെ തുരന്നുതിന്നുന്ന ഫനാറ്റിക്കുകളായ ഫാൻസിനെ തള്ളിപ്പറയാൻ വിനായകൻ ധൈര്യം കാട്ടി. ഒപ്പം കറുപ്പിന്റെ ശക്തിയുള്ള ഒരു ദളിത് നടനെ എന്നും കള്ളിമുണ്ടിലും ഗുണ്ടായിസത്തിലും തളച്ചിട്ടുന്ന മലയാള സിനിമയുടെ ജാതി വരേണ്യതയെ അട്ടിമറിച്ചാണ് വിനായകന് അതി ശക്തമായ ഒരു പോലീസ് ഓഫീസറായി ഒരുത്തീയിൽ വേഷമിടാൻ കഴിഞ്ഞത്. ആ വേഷം വിനായകനിൽ ഭദ്രമായിരുന്നു. നമ്മുടെ പരമ്പരാഗത ലാലു അലക്സ്, മമ്മൂട്ടി, മോഹൻലാൽ , സുരേഷ് ഗോപി , പൃഥ്വിരാജ് പേലീസ് വേഷങ്ങളോട് കിടപിടിച്ച് അതിനേക്കാൾ മുകളിലേക്ക് പോകുന്ന ഉജ്ജ്വലമായ അഭിനയമാണ് വിനായകൻ കാഴ്ചവച്ചത്. അതിന് വിനായകൻ അഭിനന്ദനം അർഹിക്കുന്നു. കയ്യടിയും. ഒപ്പം എഴുത്തുകാരൻ എസ്.സുരേഷ് ബാബു പ്രത്യേക പരാമർശമർഹിക്കുന്നു. അടിസ്ഥാനപരമായി സ്ത്രീ വിരുദ്ധഭാവനകളിൽ വേരാണ്ടു കിടക്കുന്ന മലയാള സിനിമയുടെ തിരക്കഥാ പാരമ്പര്യത്തിന്മേൽ പതിച്ച ഒരു തിരുത്താണ് സുരേഷ്ബാബുവിന്റെ രചന . അതിഭാവുകത്വം കലരാത്ത സംഭാഷണങ്ങളും തിരക്കഥക്ക് മാറ്റുകൂട്ടുന്നു.

അടുത്ത കാലത്ത് മലയാളത്തിന്റെ വെള്ളിത്തിര കണ്ട ഏറ്റവും ഉജ്ജ്വലമായ അഭിനയം കാഴ്ചവച്ച നായിക നവ്യയെ അനുമോദിക്കാനും അത് ഉയർത്തിപ്പിടിയ്ക്കാനുമുള്ള ഉത്തരവാദിത്വം പെൺ സിനിമ ഇവിടെ പുലർന്നു കാണണം എന്നാഗ്രഹിക്കുന്ന എല്ലാവരുടെതുമാണ്. കൊച്ചു കൊച്ചു അഹങ്കാരങ്ങൾ കൊണ്ട് അത് മൂടി വയ്കുന്നത് അന്യായമാണ്. വി.കെ.പി.ക്കും നവ്യക്കും എന്റെ അഭിവാദ്യങ്ങൾ. താരനായക മിസ്സൈൽ വ്യൂഹമായ ആർ.ആർ.ആർ. തരംഗത്തിൽ ഒരുത്തീക്ക് വീണു പോകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു . നവ്യ തീ കൊളുത്തുന്ന " ചെക്ക് " പോരാട്ടത്തിന്റെ ചെക്കാണ്. അതിന് അതിലെഴുതിയ സ്വർണ്ണത്തേക്കാൾ വിലയുണ്ട്. ഒരുത്തീയുടെ പ്രസക്തിയും അതു തന്നെ. അത് സ്ത്രീപക്ഷ കേരളം കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട ഒരു സിനിമ തന്നെയാണ്

Related Stories

No stories found.
logo
The Cue
www.thecue.in