ഗായകനാകുന്ന, ഗാനമാകുന്ന, മോഹൻലാൽ

മോഹൻലാൽ പാട്ടുകൾക്ക് ചുണ്ടനക്കുമ്പോൾ നമ്മളിവിടെ ദാസേട്ടനെ മറക്കുന്നു, ജയചന്ദ്രനെ മറക്കുന്നു, ഹരിഹരനെ മറക്കുന്നു.. സർവ്വ പാട്ടുകാരെയും മറന്നിട്ട് ഇത് മോഹൻലാൽ ആണ് പാടുന്നത് എന്ന് നമുക്ക് തോന്നിപ്പോകാറുണ്ട്... രവീന്ദ്രൻ മാഷിത് പറയുമ്പോൾ തിരുത്താൻ പോകാത്തവരാണ് മലയാളികൾ. തിരുത്തുന്നത് പോയിട്ട് ആ വാക്കുകൾ ആവർത്തിക്കുന്നവരാണ് നമ്മളിൽ മിക്കവരും. മറ്റാരെ വിശ്വസിച്ച് പടകാളി പോലൊരു പാട്ട് എഴുതാനോ, ചിട്ടപ്പെടുത്താനോ സാധിക്കും? എംജി ശ്രീകുമാർ പരിഭവം കൊണ്ട് മറ്റാരെയെങ്കിലും ഒറ്റ ടേക്കിൽ സ്വരങ്ങൾ പാടിക്കൊള്ളണം എന്ന് ചട്ടം കെട്ടുമായിരുന്നോ? അങ്ങനെയാണെങ്കിൽ തന്നെ മറ്റാർക്കെങ്കിലും അത് സാധ്യമാകുമായിരുന്നോ? മലയാള സിനിമയുടെ ചിരകാലയാത്രയിൽ തിരശ്ശീലയിൽ ആ ചുണ്ടിൽ നിന്നാണ് സംഗീതം പൊടിയുന്നതെന്ന് തോന്നിപ്പിക്കാൻ മോഹൻലാലിനോളം മറ്റാർക്കെങ്കിലും സാധിച്ചിട്ടുണ്ടോ?

ഇല്ലെന്ന് പറയേണ്ടി വരും. മോഹൻലാലും സംഗീതവും മലയാള സിനിമയിലെ മറ്റൊരു ഹിറ്റ് കോമ്പിനേഷൻ ആണെന്ന് വരെ പറയാം. ചിത്രം, ഹിസ് ഹൈനസ് അബ്ദുള്ള, ദേവദൂതൻ, ഭരതം തുടങ്ങി അയാളും സംഗീതവും കൈകോർത്തഭിനയിച്ച ചിത്രങ്ങൾ പലതുണ്ട്. താൻ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് നസീറിന് വേണ്ടിയിട്ടാണ് എങ്കിലും തന്റെ പാട്ട് പാടിയഭിനയിച്ച് തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് മോഹൻലാൽ ആണെന്ന് പറഞ്ഞത് മലയാളിയുടെ ഗാനഗന്ധർവ്വനാണ്. അയാൾ നമ്മളെയും അത്ഭുതയപ്പെടുത്തിയിട്ടില്ലേ? ആനന്ദം ആനന്ദാനന്ദം പാടി കണ്ണീരിലൊപ്പിച്ച് തലയുയർത്തിയിരിക്കുന്ന അബ്ദുല്ലയെ നോക്കി അത്ഭുതം എന്ന് പറഞ്ഞു കൂടെ?

എങ്ങനെയാണ് അയാൾക്ക് അത് സാധിക്കുന്നത്? അയാളുടെ സംഗീതത്തിന്റെ അഭിരുചി കൊണ്ടാണ് എന്നാണ് സംഗീത ലോകം പറയുന്നത്. പക്ഷെ അതൊന്ന് തിരുത്തിക്കോട്ടെ? അതയാൾക്ക് സിനിമയിലുള്ള അറിവുകൊണ്ട് കൂടെയാണ്. നിശ്ചയമായും അയാൾക്കറിയാം കാമറ എവിടെയാണ് എന്ന്. അതനുസരിച്ച് തല വെട്ടിക്കാനും, തിരിഞ്ഞു നിൽക്കാനും വരെ അയാൾക്കറിയാം. പക്ഷെ അതിനെല്ലാം അപ്പുറം അയാളിലുള്ള കല അയാളെയും താണ്ടി പുറത്തു വരും പലപ്പൊഴും. സദയത്തിൽ കഥാന്ത്യത്തിൽ കുഞ്ഞിനെ കൊന്നു കളയുമ്പോൾ അയാളുടെ കണ്ണുകളിൽ ഗ്ലിസറിനില്ലാതെ വന്ന തിളക്കത്തെ സിബി മലയിൽ ഓർത്തെടുക്കുന്നുണ്ട്. അത്തരം മൊമെന്റ്‌സ് മോഹൻലാൽ പാട്ടുകളിൽ നൽകാറുണ്ട്. സംഗീതമെന്ന മഹാസാഗരത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന ചെറിയ കുട്ടി, പാടി തിമിർക്കുമ്പോൾ ആ കടലിലേക്ക് മുങ്ങാംകുഴിയിട്ട് പോകുന്ന പോലെ അയാളിൽ സംഗീതം അലയടിക്കുന്നത് കാണാം. എംജിആർ ആകുമ്പോൾ അയാളുടെ മുഖത്ത് വരുന്ന ചുരുക്കം പോലെ, ജാള്യത പോലെ അബ്ദുല്ലയാകുമ്പോഴും, ഗോപിനാഥൻ ആകുമ്പോഴും, സംഗീതം അയാളുടെ അഭിനയത്തിന്റെ ഭാഗമാണ്. കരയാത്ത എംജിആർ മോഹൻലാലിലെത്തിയപ്പോൾ കരഞ്ഞ പോലെ, ഗ്ലിസറിൻ ഇല്ലാത്ത നേരത്ത് കണ്ണിൽ വന്ന വിഭ്രാന്തി പോലെ സ്വാഭാവികമായി കഥാപാത്രത്തിന്റെ സംഗീതം അയാളിൽ വരും.

ഭരതത്തിലേക്ക് വരുമ്പോൾ അയാളിലെ നടൻ പാടണം, ഉള്ളിൽ ഒരു കടൽ വച്ച്. തന്റെ ചേട്ടന് മുന്നിലിരുന്ന് പാടുമ്പോൾ അയാളിലുണ്ടാകുന്ന സകലമാന ഉൾവലിവുകളെയും കൂടെ അഭിനയിക്കണം. സ്വരങ്ങൾക്ക് ചുണ്ടുകൊടുക്കയെന്നതേ ബാലികേറാമല, കൂടെ ആ സന്ദർഭ ഭാരവും. മോഹൻലാൽ എന്ന ഒരുത്തരമേ ആ സാധ്യതയ്ക്കുള്ളൂ. ഹിസ് ഹൈനസ് അബ്ദുല്ല മുഴുവനായും അയാളെന്ന പെർഫോമറിൽ അധിഷ്ഠിതമാണ്.

ഇതെല്ലാം വെറുതെ സംഭവിക്കുന്ന കൺകെട്ടൊന്നുമല്ല. അയാളെന്ന അഭിനേതാവ് എന്തിൽ നിന്നെല്ലാമോ ആർജ്ജിച്ചെടുത്ത കഴിവിന്റെ ഡറിവേഷൻ ആകാം. മുൻപ് പറഞ്ഞ സിനിമയെന്ന ആവിഷ്കാരത്തെ അയാൾ മനസ്സിലാക്കിയതിന്റെ ബാക്കിപത്രങ്ങൾ. ഇത് അയാളിൽ സംഭവിക്കുന്ന മാജിക്. എന്നാൽ ടെക്നിക്കലി മോഹൻലാൽ എന്ന നടൻ ചെയ്തെടുക്കുന്ന കാര്യങ്ങളുണ്ട്. കാമറ വച്ച ഇടം നോക്കി അയാൾ തലയൊടിക്കും, വാക്കുകൾ അയാൾ പറയുന്ന പോലെ പാടും.

ഏറ്റവും പ്രസിദ്ധമായതും, ഏറ്റവും സിനിമാറ്റിക് ആയതും ചിത്രത്തിലെ സ്വാമിനാഥയുടെ കഥയാണ്. ചെറുപ്പകാലത്തിലെ അടിയുടെ മധുരപ്രതികാരമായി പാടിയൊപ്പിക്കാൻ പോലും ബുദ്ധിമുട്ടാകുന്ന സ്വരങ്ങൾ അയാളോട് ഒറ്റ ടേക്കിൽ പാടാൻ പറഞ്ഞ എംജി ശ്രീകുമാറിന്റെ വാശിക്കഥ. ആ കഥ കേട്ടയാരും പിന്നീട് മോഹൻലാൽ ആ സ്വരങ്ങൾക്ക് ചുണ്ടനക്കുന്നത് ശ്രദ്ധിക്കാതെ പോയിട്ടുണ്ടാകില്ല. വലത്തോട്ട് തല ചരിച്ച് അയാൾ നോക്കുന്നത് എംജി ശ്രീകുമാർ പിടിച്ചു നിൽക്കുന്ന ചാർട്ടിലേക്കാണ് എന്നോർത്തു നോക്കൂ. 365 ദിവസം തിയറ്ററിലോടിയ ആ സിനിമയുടെ കഥയോളം മധുരമാണ് ആ പാട്ടിന് പിന്നിലെ കഥക്ക്. സ്വാമിനാഥ എന്ന കീർത്തനത്തിൻറെ ചിത്രത്തിലെ ഭംഗിയുടെ മുഴുവൻ ക്രെഡിറ്റും എംജി ശ്രീകുമാർ മോഹൻലാലിന് നൽകി. തന്റെ കരിയർ ഡെഫൈനിങ് ആയ ആ സംഗീതത്തിന്റെ സർവ്വതും അയാൾ നൽകിയത് ആ അഭിനേതാവിനാണ്.

എന്നാൽ അതു മാത്രമല്ല താളവട്ടത്തിലൂടെ തുടങ്ങിയ എംജി ശ്രീകുമാർ മോഹൻലാൽ വണ്ടർ എവർഗ്രീൻ ആണ്. എംജി ശ്രീകുമാറിന്റെ ശബ്ദം ഏറ്റവും ഇണങ്ങുന്നത് മോഹൻലാൽ എന്ന നടനാണ് എന്ന് തോന്നിപ്പോകും. എംജി തന്നെ പറയുന്നുണ്ട്, ലാൽ എങ്ങനെ അഭിനയിക്കും എന്നറിഞ്ഞു കൊണ്ടു കൂടെയാണ് താൻ പാടുന്നത് എന്ന്. പാട്ടിനിടയിൽ ചിരിക്കാനും, ഭാവങ്ങൾ നൽകാനും അയാൾ ധൈര്യപ്പെടുന്നത് ലാൽ എങ്ങനെ പെർഫോം ചെയ്യും എന്ന് ചിന്തിച്ചിട്ടു കൂടെയാണ് എന്ന്. മന്ദാരച്ചെപ്പുണ്ടോ, ചിങ്കാരക്കിന്നാരം,ചന്ദനമണി സന്ധ്യകളുടെ, അന്തിപ്പൊൻവെട്ടം തുടങ്ങി എണ്ണിയൊതുക്കാൻ കഴിയാത്ത ഒരു പറ്റം ഗാനങ്ങൾ. സ്പോട്ടിഫൈയും യൂട്യൂബും ഒരു എന്റർ ബട്ടൺ അപ്പുറത്ത് ഈ കോമ്പിനേഷന്റെ പാട്ടുകൾ കൊണ്ട് തരും. പ്രണയതുരമായ വരികളും, ഇന്നും ആഘോഷമാക്കുന്ന ഡാൻസ് നമ്പറുകളും, വേദനയേറുന്ന ഗാനങ്ങളും ഈ കോമ്പിനേഷൻ നമുക്ക് കൊണ്ട് തന്നിട്ടുണ്ട്.

ഈ പറയുന്ന അതിതീക്ഷ്ണ രംഗങ്ങളും, ക്ലാസിക്കൽ - സെമി ക്ലാസ്സിക്കൽ പാട്ടുകളും, നിർത്താതെ ഒഴുകുന്ന സ്വരങ്ങളും മാത്രമാണ് ലിപ് സിങ്ക് എന്നില്ലല്ലോ. ഏറ്റവും അനായാസമായി ഏത് പാട്ടും അയാളുടേതാക്കുന്ന വൈഭവം മോഹൻലാലിനുണ്ട്. യോദ്ധയിലെ പടകാളി ആകട്ടെ, അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ മാനേ ആകട്ടെ അയാൾ അഭിനയിക്കുന്നുണ്ട്, പാടുന്നുണ്ട്. ഹരിമുരളീരവം പാടുമ്പോൾ പറയുന്നുണ്ട്, പാടുന്നുണ്ട്, പാട്ടാസ്വദിക്കുന്നുണ്ട്.

പടകാളിയിലൊക്കെ വെറുതേയിരുന്ന് പാടിയാൽ പോലും നാക്കുളുക്കുന്ന വരികൾ മോഹൻലാൽ അഭിനയിച്ചു തകർക്കുന്നുണ്ട്. വേൽമുരുകാ, ചന്ദനമണി, ചെട്ടികുളങ്ങര തുടങ്ങി അയാളിലെ അഭിനേതാവും, നർത്തകനും പാടിയഭിനയിച്ച രംഗങ്ങൾ ഇന്നും ഫ്രഷ് ആണ്. ചന്ദനമണി സന്ധ്യകളുടെ അന്നും ഇന്നും ട്രെൻഡ് ആണ്. നാക്കുളുക്കികളുടെ കൂട്ടത്തിൽ മുന്തിയതായിട്ടും, അതിന് ചുവട് വച്ച് പാടിയഭിനയിച്ചതും നമ്മുടെ മോഹൻലാൽ ആണ്.

അങ്ങനെ തിമിർത്താടുന്ന അയാൾ തന്നെയാണ് രമേശൻ നായരായി മക്കളെ കൊഞ്ചിക്കുന്നത്. കാട്ര് വെളിയിടയ് കണ്ണമ്മ പാടുമ്പോൾ കാമുകനായും, അച്ഛനായും പരിണമിക്കുന്നത് കാണാം. ആ പാട്ടിൽ അയാൾ മൂന്ന് പേരുടെ ശബ്ദങ്ങൾക്ക് മുഖമാകുന്നുണ്ട്. കുഞ്ഞാടുകൾക്ക് കൂട്ടായിടുന്ന ഇടയന്റെ പുല്ലാങ്കുഴൽ നാദമെന്നാകുമ്പോഴും അയാളെയല്ലാതെ മറ്റാരെ സങ്കല്പിക്കാനാണ് നാം?

മറ്റൊന്ന് മോഹൻലാലും പ്രണയഗാനങ്ങളുമാണ്. പാടം പൂത്ത കാലം, കൂട്ടിൽ നിന്നും മേട്ടിൽ വന്ന തുടങ്ങിയെത്രയോ പാട്ടുകൾ. പക്ഷെ ഒന്ന് നോക്കി നോക്കൂ, നാമാഘോഷിക്കുന്ന പല പാട്ടുകൾക്കും അയാൾ ചുണ്ടനക്കിയിട്ടെയില്ല. വൈശാഖ സന്ധ്യേ പോലൊരു ഗാനം. അതിലെവിടെയാണ് അയാൾ പാടുന്നത്? പക്ഷെ ആ പാട്ട് കേൾക്കുമ്പോഴേ മോഹൻലാലും ശോഭനയും ഉള്ളിൽ വരും. സത്യൻ അന്തിക്കാടോ മോഹൻലാൽ തന്നെയോ, രണ്ടിൽ ആരുടേതാണ് ആ മുദ്ര എന്നറിഞ്ഞുകൂടാ. പക്ഷെ ഇന്നത്തെ പ്രേമങ്ങൾക്കും ആ പാട്ട് ബാക്ഗ്രൗണ്ട് മ്യൂസിക് ആണ്. പവിഴം പോൽ, ഒന്നാം രാഗം പാടി, കണ്ണീർ പൂവിന്റെ തുടങ്ങി എത്രയെത്രയോ പാട്ടുകൾക്ക് അയാൾ ചുണ്ട് ചലിപ്പിക്കാതെ തന്നെ മുഖമാണ്. പെർഫോമൻസ് ഡ്രിവിൺ ആണ് ആ പാട്ടുകളത്രയും. പിന്നാമ്പുറത്ത് മോഹൻലാലിന്റെ തന്നെ ശബ്ദത്തിൽ 'ഈ ഓർമ്മ പോലുമൊരുത്സവം ജീവിതം ഗാനം' എന്ന് കേൾക്കുമ്പോഴും അയാളുടെ നാക്ക് മേലോട്ട് പിടിച്ച്, കണ്ണു നിറഞ്ഞു കിടക്കുന്ന മുഖമല്ലേ ഓർമ്മ വരിക? അങ്ങനെ പാടിയില്ലെങ്കിലും അയാളുടേതാക്കുന്ന പാട്ടുകൾ എത്രയെത്ര.

ആദ്യമേ പറഞ്ഞ പോലെ, മോഹൻലാലും പാട്ടും ഒരു ഴോണർ തന്നെയാണ്. ചിരിപ്പിച്ചും, പ്രണയിച്ചും, കരയിപ്പിച്ചും, താലോലിച്ചും അയാൾ പാടിയഭിനയിച്ച എത്രയെത്രയോ പാട്ടുകൾ. മലയാളത്തിൽ മാത്രമല്ല ഏത് ഭാഷയിൽ ആണെങ്കിലും മോഹൻലാൽ ആ ആർട്ഫോമിന്റെ രാജാവാണ്. നറുമുഗയെ പാടുന്നത് എംജിആർ തന്നെയല്ലേ?

അയാൾ സംഗീതത്തിന്റെ രാജാവായിരുന്നു എന്നതിന്റെ ലിറ്റററി പാരലൽ ആകാം മോഹൻലാൽ എന്ന അഭിനേതാവ് തിരശ്ശീലയിൽ. അയാളുടെ തൊണ്ടക്കുഴിയിലാണ് അയാൾ ചുണ്ടനക്കുന്ന ഗാനങ്ങളുടെ ഉറവിടമെന്ന് വിശ്വസിക്കുന്ന കുട്ടികൾ ഇനിയുമുണ്ടാകും. അത് തിരുത്താനുതിരാത്ത മറ്റൊരു തലമുറ അവരെ ആ കൺകെട്ട് അനുഭവിക്കാൻ വിടുകയും ചെയ്യും. അത് അയാളിലെ മാജിക് ആണ്.

logo
The Cue
www.thecue.in