ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മിന്നല്‍ മുരളി കലാസംവിധായകന്‍ മനു ജഗതുമായി പൊന്നു ടോമി നടത്തിയ അഭിമുഖം
ഒരുദിവസമെങ്കിലും ഞങ്ങള്‍ക്കൊപ്പം പണിയെടുത്തിരുന്നെങ്കില്‍ അവര്‍ അത് പൊളിക്കില്ലായിരുന്നു
മനസ്സ് നൊന്ത് ഒരു മനുഷ്യന്‍ പറയുന്ന പൊള്ളുന്ന വാക്കുകള്‍ ആണ്. കുറേ മനുഷ്യരുടെ അധ്വാനമാണ് നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ തകര്‍ത്തെറിഞ്ഞത്. എന്തിനുവേണ്ടിയായിരുന്നു എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.തനിക്കും ചോദിക്കാനുള്ളത് അതുതന്നെയാണെന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ മനു ജഗത്. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിനു വേണ്ടി കാലടി മണപ്പുറത്ത് തയ്യാറാക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ഹിന്ദുത്വ തീവ്രവാദ സംഘടന രാഷ്ട്രീയ ബജ്‌റംഗ്ദള്‍ തകര്‍ത്തത് കനത്ത ആഘാതമാണ മിന്നല്‍ മുരളി ടീമില്‍ ഉണ്ടാക്കിയിരിക്കുന്നത്.
കേരളത്തില്‍ ചിലപ്പോള്‍ ഇതുപോലൊരു ഒരു സംഭവം ആദ്യമായിരിക്കും, മതഭീകരവാദം നമ്മുടെ നാട്ടിലും അഴിഞ്ഞാടുന്ന സാഹചര്യമായാണോ ഇതിനെ കാണുന്നത്
അതെ,കേരളത്തില്‍ ഇതുപോലെ ഒരു അവസ്ഥ ഒരു സിനിമയ്ക്കും ഇതിന് മുമ്പ് സംഭവിച്ചിട്ടുണ്ടാകില്ല. എന്തിനാണ് അവര്‍ അത് ചെയ്തത് എന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. ഒരു ചിത്രത്തിന് വേണ്ടി ഇട്ട സെറ്റ് മാത്രമാണത്.പക്ഷേ അതിന്റെ പേരില്‍ കുറെ മനുഷ്യരുടെ അധ്വാനം ഇടിച്ചു പൊളിച്ചു നിരത്താന്‍ അവര്‍ക്ക് എങ്ങനെ സാധിക്കുന്നു.ഇതില്‍ എവിടെയാണ് മതനിന്ദയും നിഷേധവും ഒക്കെ. ചിത്രീകരണം കഴിഞ്ഞാല്‍ പൊളിച്ചു മാറ്റുന്ന കേവലമൊരു പ്രോപ്പര്‍ട്ടി മാത്രമാണ് ആ പള്ളി.പൊരിവെയിലത്തു നിന്ന് നൂറുകണക്കിന് പേര്‍ അഹോരാത്രം പണിയെടുത്തിട്ടാണ് അത് അവിടെ ഉയര്‍ത്തിയത്. ഒരുദിവസമെങ്കിലും ഞങ്ങള്‍ക്കൊപ്പം അവര്‍ പണിയെടുത്തിരുന്നെങ്കില്‍ അത് പൊളിക്കില്ലായിരുന്നു. അത്രയ്ക്കും കഷ്ടപ്പാടും ബുദ്ധിമുട്ടും ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. സെറ്റ് തകര്‍ത്ത വിവരമറിഞ്ഞ് ചെന്നൈയില്‍നിന്നും എനിക്കൊപ്പം ജോലി ചെയ്തവരൊക്കെയും വിളിച്ചു, എല്ലാവരുടെയും ഹൃദയം തകര്‍ത്ത വാര്‍ത്തയായിരുന്നു അത്. വര്‍ഗീയതയുടെ വേരുകള്‍ ആഴ്ത്തിയ ഉത്തരേന്ത്യയിലെ ഏതെങ്കിലും നാട്ടില്‍ അല്ല നമ്മുടെ സ്വന്തം കേരളത്തിലാണ് ഇത് നടന്നത് എന്നോര്‍ക്കുമ്പോള്‍ വിഷമം സഹിക്കാനാവുന്നില്ല. ദൈവം മനുഷ്യനെയല്ല, മനുഷ്യര്‍ ദൈവത്തെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്.
നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പോ ഇടയിലോ ഭീഷണികള്‍ ഉണ്ടായിരുന്നോ? ആരെങ്കിലും എതിര്‍പ്പുമായി വന്നിരുന്നോ?
പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ആണിത്. അല്ലാതെ ഞങ്ങള്‍ക്ക് അവിടെ ആരുടെയും ഭീഷണിയോ എതിര്‍പ്പോ ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഇത് പൊളിച്ചു കളഞ്ഞവര്‍ എന്തുകൊണ്ട് ഞങ്ങള്‍ പണി ആരംഭിച്ചപ്പോള്‍ വന്നില്ല. അവര്‍ അന്നേ എതിര്‍പ്പും വഴക്കും ആയിട്ട് വന്നിരുന്നെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ അവിടെ പണിയിലായിരുന്നു.വേറെ സ്ഥലവും നോക്കുമായിരുന്നു.ലക്ഷക്കണക്കിന് രൂപ മുടക്കി ഞാനടക്കം ഇരുന്നൂറോളം പേര്‍ രാത്രിയും പകലുമില്ലാതെ നിന്ന് പണിതുയര്‍ത്തിയതാണത്. ഒറ്റപ്പകല്‍ കൊണ്ട് ഇത്രയും പേരുടെ അധ്വാനം അവര്‍ ഇല്ലായ്മയില്‍ താഴ്ത്തി കളഞ്ഞു. ഇത് പൊളിച്ചു കളയാന്‍ നേതൃത്വം നല്‍കിയ പ്രസ്ഥാനത്തെക്കുറിച്ച് ഞാന്‍ ഇന്നുവരെ കേട്ടിട്ടുപോലുമില്ല. ഇത്തരം ആളുകളെ നമ്മുടെ നാട്ടില്‍ വളരാന്‍ അനുവദിക്കരുത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ചിലര്‍ പൊലീസ് പിടിയിലായിട്ടുണ്ട് എന്ന വാര്‍ത്ത കണ്ടു.നല്ലത്.പക്ഷേ ഞങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മനപ്രയാസവും വിഷമതകളും എത്ര പറഞ്ഞാലും തീരില്ല.
ഇനി വീണ്ടും സെറ്റ് ഇടേണ്ടി വരില്ലേ? ഇവിടെ തന്നെ ചെയ്യുമോ,അതോ വേറെ ഇടം നോക്കുമോ?
ഇനിയിങ്ങനെ ഒന്ന് ചെയ്യുമോ എന്ന് പോലും അറിയില്ല. ചിത്രത്തിന്റെ ക്ലൈമാക്സിന് വേണ്ടിയിട്ട സെറ്റാണത്. ഇത്രയും നഷ്ടം സംഭവിച്ചിട്ട് വീണ്ടും പണം മുടക്കി ഇതുപോലെ ഒന്ന് ഉണ്ടാക്കിയെടുക്കുമോ എന്ന് എനിക്കറിയില്ല. ചിലപ്പോള്‍ ക്ലൈമാക്സില്‍ തന്നെ മാറ്റം വന്നേക്കാം. ഒരു പള്ളിയുടെ പശ്ചാത്തലമായിരുന്നു സിനിമയ്ക്ക് വേണ്ടിയിരുന്നത്.അതു അതുകൊണ്ട് പള്ളി പണിതു,ഇനി അമ്പലം ആയിരുന്നുവെങ്കില്‍ അതായിരുന്നു അവിടെ പണിയുക.അവര്‍ ആരോപിക്കുന്നതുപോലെ ഒരു മുഴുവന്‍ പള്ളി ഒന്നും അവിടെ പണിതിട്ടില്ല.അത് ആര്‍ക്കും കണ്ടാല്‍ മനസ്സിലാകുന്ന കാര്യമാണ്.ഒരു പള്ളിയുടെ കുറച്ചു ഭാഗങ്ങള്‍ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ.ബാക്കിയൊക്കെ വെറുതെ കെട്ടി ഉയര്‍ത്തിയിരിക്കുന്നതാണ് ഒരു സപ്പോര്‍ട്ടിന് വേണ്ടി.പിന്നെ എങ്ങനെയാണ് അത് മതവികാരത്തെ വ്രണപ്പെടുത്തുന്നത്.
നിര്‍മ്മാതാവിനടക്കം സംഭവിച്ച നഷ്ടം ഇനി എങ്ങനെ നികത്തിയെടുക്കാനാകും എന്ന് ഒരു പിടിയുമില്ല. ഇത് തകര്‍ത്തെന്നറിഞ്ഞപ്പോള്‍ ഒരു സുഹൃത്തിനെയും കൂട്ടി ഞാന്‍ അവിടെ വരെ പോയിരുന്നു. ചങ്ക് തകര്‍ന്നു പോകുന്ന കാഴ്ചയാണത്. എത്ര പറഞ്ഞാലും ആര്‍ക്കും മനസ്സിലാകണമെന്നില്ല. അദ്ധ്വാനത്തിന്റെ, വിയര്‍പ്പിന്റെ,കഷ്ടപ്പാടിന്റെയൊക്കെ വിലയാണവിടെ തകര്‍ന്നടിഞ്ഞു കിടക്കുന്നത്. ആദ്യം ആലപ്പുഴയില്‍ സെറ്റല്ലാതെ തന്നെ ഒരു പള്ളി കിട്ടിയതാണ്.ഷൂട്ടിംഗിന് പെര്‍മിഷനും കിട്ടി.പക്ഷേ ക്ലൈമാക്സ് രംഗം പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ളതാണ്.അതില്‍ ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്നുണ്ട്.അവരെയൊക്കെ ആലപ്പുഴയില്‍ എത്തിക്കാനുള്ള ബുദ്ധിമുട്ടും അധികച്ചെലവും കണക്കാക്കിയാണ് ആലുവയില്‍ തന്നെ ഈ സ്ഥലം കണ്ടെത്തിയത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍, ഈ കൊവിഡ്കാലത്ത് വീണ്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമോ?സിനിമ മേഖല പോലും പ്രതിസന്ധിയിലായിരിക്കുന്ന ഒരു ഘട്ടം ആണല്ലോ ഇപ്പോള്‍?
അതെ തീര്‍ച്ചയായും ഇനിയുള്ള വെല്ലുവിളിയുമതാണ്.കൊറോണയെ അതിജീവിച്ച് നമ്മളൊക്കെ എന്നാണ് പഴയസ്ഥിതിയിലെത്തുക എന്ന് ആര്‍ക്കുമറിയില്ല.ഒരു സിനിമയുമായി ബന്ധപ്പെട്ട് എത്രകുടുംബങ്ങളാണ് ജീവിക്കുന്നത്. സോഫിയ പോള്‍ ആണ് മിന്നല്‍ മുരളിയ്ക്കായി പണം മുടക്കുന്ന നിര്‍മ്മാതാവ്.ഒരു സിനിമ പൂര്‍ത്തിയായി തീയറ്ററുകളില്‍ റിലീസ് ചെയ്യുമ്പോഴാണ് നിര്‍മ്മാതാക്കള്‍ രക്ഷപ്പെടുന്നത്. ചില സിനിമ പരാജയപ്പെടാം ചിലത് വിജയിക്കാം.പക്ഷേ ഇവിടെ സംഭവിച്ചത് നോക്കു,ചിത്രീകരണം പോലും പൂര്‍ത്തിയാക്കാനായിട്ടില്ല.നിര്‍മ്മാതാവിന്റെ അവസ്ഥയൊന്നുനോക്കു.നഷ്ടങ്ങളുടെമാത്രം കണക്കാണ് അവര്‍ക്കുള്ളത്. കൊറോണയെ പിന്നിലാക്കി സിനിമാ ലോകം വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമോ എന്നോ ചിത്രം ഇറക്കാനാകുമോ എന്നൊന്നും അറിയില്ല. ഇനി വീണ്ടുമൊരു നഷ്ടം സഹിക്കാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ അവരെ കുറ്റം പറയാനും പറ്റില്ല. ചലചിത്രമേഖലയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലായ സമയത്താണ് ഈ ദുരന്തവും സംഭവിച്ചിരിക്കുന്നത്. പല വലിയ സിനിമകളും കേരളത്തില്‍ നിര്‍മ്മിക്കാതെ പുറത്ത് ഷൂട്ട് ചെയ്യുന്നുണ്ട്. അതൊക്കെ സൗകര്യവും മറ്റുമൊക്കെ നോക്കിയിട്ടാണ്. എന്നാല്‍ ഇപ്പോഴത്തെ ഈ സംഭവം ഇനി നമ്മുടെ നാട്ടില്‍ ഷൂട്ടിംഗ് നടത്താന്‍ പലരേയും രണ്ടാമതൊന്ന് ആലോചിക്കാന്‍ പ്രേരിപ്പിക്കും. ഇത്തരം പ്രവണതകളെ വളരാന്‍ അനുവദിച്ചാല്‍ സിനിമ മേഖലയ്ക്ക് മാത്രമല്ല നാടിന് തന്നെ വലിയൊരു ഭീഷണിയായി മാറുമെന്നുറപ്പാണ്.