മലയാള സിനിമയ്ക്കും സാംസ്കാരിക കേരളത്തിനും മികച്ച കലാകാരന്മാരെ സമ്മാനിച്ച ഒരു കലാരൂപമാണ് മിമിക്രി പക്ഷേ പതിറ്റാണ്ടുകളായി കലകളുടെ പട്ടികയിൽ മിമിക്രി പടിക്ക് പുറത്തായിരുന്നു. മിമിക്രിയെ കലാരൂപമായി അംഗീകരിക്കണമെന്നത് കഴിഞ്ഞ പത്ത് വർഷങ്ങളായുള്ള ആവശ്യമാണ്. സംഗീത നാടക അക്കാദമി ഈ ആവശ്യം അംഗീകരിച്ച് മിമിക്രി കലാകാരനായ കെ.എസ്. പ്രസാദിനെ ഭരണസമിതിയായ ജനറൽ കൗൺസിലിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് 2010 ൽ മിമിക്രി അംഗീകരിക്കപ്പെടുകയും ആദ്യത്തെ മിമിക്രി കലാകാരനുള്ള സംഗീത നാടക അക്കാദമിയുടെ അവാർഡ് മിമിക്രി കലാകാരനും അഭിനേതാവുമായ കോട്ടയം നസീറിന് ലഭിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ആ അവാർഡ് അക്കാദമി എടുത്തു മാറ്റുകയാണ് ഉണ്ടായത്. ഇതൊരു ഒരു കലയല്ല അനുകരണം മാത്രമാണെന്ന് പറഞ്ഞാണ് പലപ്പോഴായി പലയിടങ്ങളിലും മിമിക്രി മാറ്റിനിർത്തപ്പെട്ടിട്ടുള്ളത്. യുവജനോത്സവങ്ങളിൽ മത്സരവിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഒരു കലയായി മിമിക്രിയെ അംഗീകരിച്ച് അമ്പത് വർഷം പിന്നിടുമ്പോഴാണ് അതിനെ ഒരു കലാരൂപമായി അംഗീകരിക്കുന്ന സർക്കാർ ഉത്തരവ് പുറത്തു വന്നിരിക്കുന്നത്.
ഒരു അഭിനേതാവിന് ഏറ്റവും വേണ്ട കഴിവുകളിൽ ഒന്നാണ് നിരീക്ഷണ പാടവം എന്നത്. അത്തരത്തിലുള്ള ഒബ്സർവേഷന്റെ ഭാഗമായിട്ടുള്ള കലയാണ് മിമിക്രി. മലയാളത്തിൽ നിന്നും നാഷ്ണൽ അവാർഡ് അടക്കമുള്ള അംഗീകാരങ്ങൾ നേടിയ കലാകാരന്മാരിൽ പലരും മിമിക്രി എന്ന പാതയിലൂടെ സിനിമയിൽ എത്തിവരാണ്. ഒരുപാട് പേരുടെ ജീവതമാർഗമായ ഈ കാലാരൂപത്തിന് അംഗീകാരം കിട്ടിയിരുന്നില്ല എന്നത് വേദനയുണ്ടാക്കിയിരുന്ന വസ്തുതാണെന്നും എന്നാൽ ഇന്ന് മിമിക്രി അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും മലയാളത്തിലെ മികച്ച മിമിക്രി കലാകാരന്മാരും മിമിക്രിയിലൂടെ സിനിമയിലെത്തിയെ അഭിനേതാക്കളും പറയുന്നു.
അനുകരണം ചെറുതല്ല, ഒബ്സർവേഷനാണ്.
ആദ്യം മുതൽക്കേ തന്നെ ഇത്തരത്തിൽ അക്കാദമിയിൽ മെമ്പർഷിപ്പ് കിട്ടണം എന്ന് നമ്മൾ ആവശ്യപ്പെട്ടിരുന്നുവെന്ന് ടിനി ടോം പറയുന്നു. പക്ഷേ ഇതൊരു കലയല്ല അനുകരണം മാത്രമാണെന്ന് പറഞ്ഞാണ് പലരും മാറ്റി വച്ചത്. സ്കൂളിലും കോളേജിലും ഒക്കെ മത്സര വിഭാഗത്തിൽ പെടുന്ന ഒന്നാണ് മിമിക്രി. അതുവഴി അഡ്മിഷൻസും ഗ്രേസ് മാർക്കും ഒക്കെ കിട്ടുന്നുണ്ട്. പക്ഷേ കലയായി അംഗീകരിച്ചിട്ടുണ്ടായിരുന്നില്ല. സിനിമയിലേക്കുള്ള ഒരു പാസ്സ്പോർട്ട് തന്നെയാണ് മിമിക്രി. പണ്ട് കാലം മുതലുള്ള ആൾക്കാരെ എടുത്ത് നോക്കിയാൽ അത് അറിയാൻ പറ്റും. അടുത്തായി മമ്മൂക്കയുടെ കൂടെ അഭിനയിച്ച അസീസ് വരെ മിമിക്രിയിൽ നിന്ന് വന്നതാണ്. ഇതിൽക്കൂടി ഒരുപാട് ജീവതങ്ങൾ മാറും. ഇത് ഒരുപാട് പേരുടെ ജീവിത മാർഗ്ഗം കൂടിയാണ്. അതിനെ ഒരു കലയായി അംഗീകരിക്കാത്തതിലും മെമ്പർഷിപ്പ് കിട്ടാത്തതിലും പുരസ്കാരം കൊടുക്കാത്തതിലും നമുക്ക് വിഷമം ഉണ്ടായിരുന്നുവെന്നും ടിനി ടോം ദ ക്യുവിനോട് പറഞ്ഞു.
അംഗീകാരങ്ങൾ കിട്ടേണ്ട സമയത്ത് നമുക്ക് കിട്ടിയിട്ടുണ്ട്. പിന്നാലെ വരുന്നവർക്ക് വേണ്ടിയിട്ടാണ് നമ്മൾ ഫെെറ്റ് ചെയ്തത്. കാരണം നമ്മൾ എത്തേണ്ടുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. പക്ഷേ നമ്മൾ രക്ഷപെട്ട് കഴിഞ്ഞതിന് ശേഷം പിന്നാലെ വരുന്നവരെ മറന്നു കളയുക എന്നതല്ല, പിന്നാലെ വരുന്നവർക്ക് കൂടി വഴിയൊരുക്കുക എന്നതാണ്. എന്നെക്കാൾ മികച്ചത് എന്റെ പിന്നാലെ വരുന്ന ആൾക്കാരാണ്. അവർക്ക് വേണ്ട സമയത്ത് അംഗീകാരങ്ങൾ കൊടുത്തുവരികയാണെങ്കിലേ അവർ അതുല്യ കലാകാരന്മാരായിട്ട് മാറുകയുള്ളൂ.. പുരസ്കാരങ്ങൾ എന്നത് എപ്പോഴും മുന്നോട്ട് കുതിക്കാനുള്ള ആർജവ്വം കിട്ടുന്ന ഒരു കാര്യമാണല്ലോ?
ടിനി ടോം (അഭിനേതാവ്, മിമിക്രി കലാകാരൻ )
ഈ ആക്ടർ എന്ന ഇംഗ്ലീഷ് പദത്തിന്റെ 'O' എന്ന അക്ഷരം അർത്ഥമാക്കുന്നത് ഒബ്സർവേഷനാണ്. ഒരു ആക്ടറിന് ഏറ്റവും വേണ്ട കഴിവാണ് ഒബ്സർവേഷൻ എന്നത്. ആ ഒബ്സർവേഷന്റെ ഭാഗമായിട്ടുള്ള ഒരു കലാരൂപമാണ് മിമിക്രി. ഈ സർക്കാർ ഇത് അംഗീകരിച്ചു എന്നതിൽ വളരെ സന്തോഷമുണ്ട്. സാംസ്കാരിക മന്ത്രിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും ടിനി ടോം കൂട്ടിച്ചേർത്തു.
പത്തല്ല, അമ്പത് വർഷങ്ങൾ..
2010 ൽ എം എ ബേബി സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് മിമിക്രി അക്കാദമിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ അക്കാദമിക്ക് കൗൺസിലായിരുന്ന കെ.എസ് പ്രസാദ് കത്ത് നൽകിയിരുന്നു. തുടർന്ന് അത് അംഗീകരിക്കുകയും ആ പ്രാവശ്യം തന്നെ രണ്ട് പേർക്ക് അവാർഡ് നൽകുകയും ചെയ്തിരുന്നു. കോട്ടയം നസീറും രമേഷ് പിഷാരടിയുമായിരുന്നു പുരസ്കാരം നേടിയത്. എന്നാൽ അന്ന് അക്കാമദി ബൈലോയിൽ അത് സംബന്ധിച്ച തിരുത്തലുകൾ വരുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ പിന്നീട് പുരസ്കാരം കൊടുക്കാതെയായെന്ന് സംഗീത നാടക അക്കാദമി അംഗം കൂടിയായ കെ.എസ് പ്രസാദ് പറയുന്നു. ബൈലോ ഭേദഗതി സർക്കാർ അംഗീകരിച്ചതാണ് ഇപ്പോൾ നിയമപരമായി ഓഡറായിട്ട് വന്നിരിക്കുന്നത്.
13 വർഷം എന്നതല്ല ശരിക്കും പറഞ്ഞാൽ 1973 ലാണ് കേരളാ യൂണിവേഴ്സിറ്റി കോളേജ് യുവജനോത്നസവത്തിൽ മിമിക്രി ഉൾപ്പെടുത്തുന്നത്. അങ്ങനെ നോക്കുമ്പോൾ അമ്പത് വർഷം കഴിഞ്ഞു ജനങ്ങൾ അതിനെ അംഗീകരിച്ചിട്ട്. സിലബസ്സിലാത്ത ഒരേയൊരു കലാരൂപം മിമിക്രിയാണ്. വളരെ കാലങ്ങളായിട്ടും ഇതിന് ഒരു അപ്രൂവൽ കിട്ടാതെ നീണ്ടു പോയിട്ടുണ്ട്.
കെ. എസ് പ്രസാദ് (സംഗീതനാടക അക്കാദമി അംഗം, മിമിക്രി കലാകാരൻ)
സംഗീത നാടക അക്കാദമിയുടെ കീഴിൽ മിമിക്രി ഉൾപ്പെടുന്നതോടെ മിമിക്രി കലാകാരന്മാർക്ക് മറ്റ് പലരെയും പല ആനുകൂല്യങ്ങളും ലഭ്യമാകുമെന്നും കെ.എസ് പ്രസാദ് പറയുന്നു. നാടകവും സംഗീതവും നൃത്തവുമെല്ലാം പോലെ നിരവധി ആനുകൂല്യങ്ങൾ മിമിക്രി കലാകരന്മാർക്കും ലഭ്യമാകും. ഇവർ മിമിക്രി കലാകാരന്മാരാണെന്നതിന് പ്രൂഫ് വേണം. മറ്റ് കലാരൂപങ്ങൾക്ക് കോഴ്സുകളും ഡിഗ്രികളും ഒക്കെയുണ്ടല്ലോ? അത്തരത്തിലൊരു ഡിഗ്രി ഇതിനില്ല, ഇതിനെക്കുറിച്ചുള്ള നിമയ പരമായിട്ടുള്ള തീരുമാനങ്ങൾ എങ്ങനെയാണ് സംഗീത നാടക അക്കാദമി എടുക്കുന്നത് എന്ന് എനിക്ക് അറിയില്ല. നിയമപരമായിട്ട് ഇതിന്റെ ഗ്രേഡ് എങ്ങനെ കണക്കാക്കും എന്ന് എനിക്ക് അറിയില്ല. അതിനെക്കുറിച്ച് ഇനി ചർച്ച ചെയ്യേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് മുമ്പ് മിമിക്രിയെ ഒരു കലയായിട്ട് അംഗീകരിച്ച സമയത്ത് അവാർഡ് കിട്ടിയത് എനിക്കാണ്. 2010 ലാണ് എന്ന് തോന്നുന്നു. അതിൽ തന്നെ പുതുമുഖ കലാകാരൻ എന്ന നിലയിൽ പിഷാരാടിക്കും അവാർഡ് ലഭിച്ചിരുന്നു. എന്നാൽ അത് കഴിഞ്ഞ് പിന്നീടാണ് അറിയുന്നത് മിമിക്രിയുടെ അവാർഡ് എടുത്തു കളഞ്ഞു എന്ന്. അതിന് ശേഷം വീണ്ടും കലയെ അംഗീകരിക്കുന്നത് തീർച്ചയായും സന്തോഷം തരുന്നുണ്ട്.
കോട്ടയം നസീർ (അഭിനേതാവ്, മിമിക്രി കലാകാരൻ )
മിമിക്രി അക്കാദമി അംഗീകരിക്കുന്നൊരു വലിയ കലയായി മാറുന്നത് വളർന്ന് വരുന്ന ഒരുപാട് കലാകാരന്മാർക്ക് ഇത് ഏറ്റവും വലിയ അംഗീകാരമാണെന്ന് കലാഭവൻ പ്രചോദ് പറയുന്നു. മിമിക്രിയിലുള്ള കലാകാരന്മാർക്ക് കോമഡി അവർഡ് പോലും പല ചാനലുകളും നടത്തിയിട്ടാണ് വന്നത്. സുരാജിനെപ്പോലെ സുരഭിയെപ്പോലെ അല്ലെങ്കിൽ സലീമേട്ടനെപ്പോലെയുള്ള ആളുകളൊക്കെ മിമിക്രിയിൽ നിന്ന് വന്നിട്ടുള്ള ആൾക്കാരാണ്. ഇവരെയൊക്കെ നമുക്കിവിടെ പ്രത്യേകമായിട്ടുള്ള അവാർഡ് കൊടുത്ത് അംഗീകരിക്കാൻ സാധിക്കാത്തതിന്റെ വിഷമം മറ്റുള്ളവരെക്കാൾ നമുക്കുണ്ട്, കാരണം അവർ നാഷ്ണൽ അവാർഡ് വാങ്ങിയവരാണ്, അവർക്ക് വെറും ഒരു കോമഡി അവാർഡ് കൊടുക്കേണ്ടവരല്ല എന്ന് അവർ തെളിയിച്ചതാണ്. ഇത് വലിയൊരു പ്രചോദനമാണെന്നും പ്രചോദ് പറയുന്നു.
മഹേഷ് കുഞ്ഞുമോനെപ്പോലെയുള്ള കലാകാരമാർക്ക് ഒക്കെ ഇങ്ങനെ ഒരു അവാർഡ് കൊടുത്ത് അംഗീകരിക്കേണ്ട ഒരു ഇതിലേക്ക് വന്നിട്ടുണ്ട്. മിമിക്രി അക്കാദമി അംഗീകരിക്കുന്നൊരു വലിയ കലയായി മാറിയപ്പോൾ വളർന്ന് വരുന്ന ഒരുപാട് കലാകാരന്മാർക്ക് ഇത് ഏറ്റവും വലിയ അംഗീകാരമാണ്. നമ്മൾ അതിന് വേണ്ടി തന്നെയാണ് ശ്രമിച്ചു കൊണ്ടിരുന്നത് അങ്ങനെ അംഗീകരിച്ചു കിട്ടിയതിൽ നമ്മളെല്ലാവരും ഒരുപാട് സന്തോഷവാന്മാരാണ്.
കലാഭവൻ പ്രചോദ് (അഭിനേതാവ്, മിമിക്രി കലാകാരൻ )
കഴിഞ്ഞ ദിവസം പുറത്തു വന്ന സാംസ്കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ ഉത്തരവിലാണ് കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയെയും ഉൾപ്പെടുത്തിയത്. ഇതോടെ മിമിക്രി കലാകാരന്മാർക്ക് സംഗീതനാടക അക്കാദമിയുടെ ഭരണസമിതിയായ 33 അംഗ ജനറൽ കൗൺസിലിൽ പ്രാതിനിധ്യം ലഭിക്കുകയും മറ്റു കലാരൂപങ്ങൾക്ക് അക്കാദമി ഏർപ്പെടുത്തുന്ന പുരസ്കാരങ്ങളിലും ക്ഷേമപദ്ധതികളിലും ഈ മേഖലയിലെ കലാകാരന്മാർക്ക് പരിഗണന ലഭിക്കുകയും ചെയ്യും. മിമിക്രി ഉപജീവനമാർഗമായി കണക്കാക്കുന്ന വലിയൊരു പറ്റം കലാകാരന്മാരാണ് ഈ ഉത്തരവിലൂടെ അംഗീകരിക്കപ്പെടുന്നത്. വിനോദത്തിന് വേണ്ടി ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ അനുകരിക്കാനുള്ള കഴിവിനെയാണ് മിമിക്രിയായി അക്കാദമിയുടെ നിയമാവലിയിൽ ചേർത്തിരിക്കുന്നത്.