ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരന്റെയും കഥയാണ് രാമചന്ദ്ര ബോസ്സ് ആർഡ് കോ എന്ന ഹനീഫ് അഥേനി ചിത്രം പറയുന്നത്. നിവിൻ പോളി നായകനായി എത്തുന്ന ചിത്രം പ്രവാസി ഹൈസ്റ്റ് എന്ന ടാഗ് ലൈനോട് കൂടി ഒരു ഹൈസ്റ്റ് കോമഡി എന്റെർറ്റൈനെർ ആയി ആണ് ഒരുങ്ങുന്നത്. മാജിക് ഫ്രെയിംസും നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്ന് നിർമിക്കുന്ന സിനിമ ഓണം റിലീസ് ആയി ഓഗസ്റ്റ് 25 ന് തിയറ്ററുകളിലെത്തും. വളരെ ബ്രൈറ്റ് ആയ, ലൗഡ് ആയ, കളർഫുൾ ആയ മ്യൂസിക് ആണ് രാമചന്ദ്ര ബോസ് ആൻഡ് കോയിൽ ഉപയോഗിച്ചിരിക്കുന്നതെന്നും സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ. ഹനീഫ് അഥേനി സിനിമ ആയത്കൊണ്ട് കുറച്ച് സ്റ്റൈലൈസിഡ് ആയുള്ള വിഷ്വൽസ് സിനിമയിൽ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെന്നും വളരെ കൺവെൻഷണൽ ആയിട്ടുള്ള അപ്രോച് ആണ് ബോസ് ആൻഡ് കോയിൽ ഉപയോഗിച്ചിരിക്കുന്നതെന്നും മിഥുൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാമചന്ദ്ര ബോസ് ആൻഡ് കോയിലേക്ക്
എന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമകൾ റോഷാക്കും ഗരുഡ ഗമന വൃഷഭ വാഹന പോലെ ഡാർക് ആയ സിനിമകൾ ഒക്കെയാണ്. അതുകൊണ്ട് തന്നെ രാമചന്ദ്ര ബോസ് ആൻഡ് കോ പോലെ വളരെ ബ്രൈറ്റ് ആയ സിനിമകൾ ചെയ്യാൻ ആഗ്രഹമായിരുന്നു. ഞാൻ ഇതുപോലത്തെ എന്റെർറ്റൈനെർ സിനിമകൾ ഒരുപാട് ആസ്വദിക്കുന്ന ആളാണ്. അതുകൊണ്ട് അങ്ങനെയുള്ള ഒരു സിനിമക്ക് സ്കോർ ചെയ്യാനും അതിന്റെ ഒരു എക്സ്സൈറ്റ്മെന്റ് പ്രേക്ഷകർക്ക് കൊടുക്കാൻ പറ്റാനും കഴിയുന്നതും എനിക്ക് താല്പര്യമുള്ള ഫാക്ടർ ആയിരുന്നു. അതുകൊണ്ടാണ് ഈ സിനിമ കമ്മിറ്റ് ചെയ്തത്. ഒരു മ്യൂസിക് ഡയറക്ടർ എന്ന നിലയിൽ നമ്മളെ തന്നെ ചാലഞ്ച് ചെയ്യാൻ നമുക്ക് ആഗ്രഹമുണ്ടാകും. ഹനീഫ് അഥേനി സിനിമ ആയത്കൊണ്ട് കുറച്ച് സ്റ്റൈലൈസിഡ് ആയുള്ള വിഷ്വൽസ് ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതൊക്കെ മനസ്സിൽ വച്ചാണ് രാമചന്ദ്ര ബോസ് ആൻഡ് കോ കമ്മിറ്റ് ചെയ്തത്.
രാമചന്ദ്ര ബോസ്സിലെ മ്യൂസിക്
വ്യത്യസ്ത കാണിക്കാൻ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. റോഷാക്കിൽ നിസ്സാം ബഷീർ എന്ന സംവിധായകന് കൃത്യമായ വിഷൻ ഉണ്ടായിരുന്നു. സിനിമയെ കുറിച്ച് ആദ്യം സംസാരിക്കുമ്പോഴേ അതിൽ കുറച്ച് ഇംഗ്ലീഷ് പോയം വരുമെന്ന് പറഞ്ഞിരുന്നു. പിന്നെ അത് വർക് ചെയ്ത് ഡെവലപ്പായി വന്നപ്പോഴാണ് പാട്ടായി മാറിയത്. ഓരോ സിനിമ ഡിമാൻഡ് ചെയ്യുന്നൊരു ടോൺ ഉണ്ട്. രാമചന്ദ്ര ബോസ്സിൽ റോഷാക്കിലേത് പോലെ ഇംഗ്ലീഷ് സോങ്‌സ് ആവശ്യമില്ല. എപ്പോഴും സ്റ്റിക് ടു ദി ഫിലിം ആവണം പിന്നെ ആ സിനിമ ആവശ്യപ്പെടുന്ന തരത്തിൽ മാത്രമായിരിക്കണം മ്യൂസിക്. ആവശ്യമുള്ള ഇടത്ത് ഇമോഷണൽ ആക്കുക, ആവശ്യമുള്ളടത് എലിവേറ്റ് ചെയ്യുന്ന ഹെല്പിങ് എയ്ഡ് ആണ് മ്യൂസിക്. രാമചന്ദ്ര ബോസ്സിൽ വളരെ ബ്രൈറ്റ് ആയ, ലൗഡ് ആയ, കളർഫുൾ ആയ മ്യൂസിക് ആണ് ആവശ്യം. നമ്മുടെ തല ഒക്കെ കുലുക്കുന്ന തരം മ്യൂസിക് ആണ് രാമചന്ദ്രനിലേത്. പിന്നെ കോമഡിയുമുണ്ട് അതുകൊണ്ട് അതിന് ചേരുന്ന മ്യൂസിക്കും വേണം. ആളുകൾ എന്റെർറ്റൈൻ ആകണം അതാണ് എന്റെ ഒരേ ഒരു ഫിലോസഫി.
കംഫേർട്ട് സോണിനെ പറ്റി
ഒരു ലവ് സോങ് എന്ന സിറ്റുവേഷൻ എനിക്ക് തന്നാലോ അല്ലെങ്കിൽ മലയാളത്തിലെ മറ്റു സംഗീത സംവിധായകരായ ആയ ജസ്റ്റിൻ വർഗീസ്, സുഷിന് ശ്യാമിനോ കൊടുത്താലും ഓരോരുത്തർക്കും അവരവരുടെ കാഴ്ചപ്പാട് മ്യൂസിക്കിൽ ഉണ്ടാകും. റോഷാക്കും ഗരുഡ ഗമനയും കാണുന്ന ഒരു സംവിധായകന് ഞാൻ ഡാർക് ആയിട്ടുള്ള സിനിമക്ക് ആണ് കൂടുതൽ അനുയോജ്യമാണെന്ന് തോന്നിക്കാണും. എനിക്ക് അങ്ങനെയൊരു കംഫോർട്ട് സോൺ ഒന്നുമില്ല. റോഷാക്കിനും രാമചന്ദ്ര ബോസിനും ഇടയിൽ പൂവൻ എന്നൊരു സിനിമ ചെയ്തിരുന്നു. അതിൽ വളരെ ലൈറ്റ് ആയിട്ടുള്ള സിംപിൾ ആയ പാട്ടുകളും സ്കോറും ആയിരുന്നു. അതും ഞാൻ വളരെ ആസ്വദിച്ചാണ് ചെയ്തത്. സംവിധായകനും സ്ക്രിപ്റ്റും എനിക്ക് നല്ലൊരു ഇൻസ്പിറേഷൻ ആയി മാറുകയാണെങ്കിൽ ഏത് ഴോണരും എനിക്ക് കംഫർട്ടബിൾ ആണ്. ആ ഇൻസ്പിറേഷൻ കിട്ടാതെ വരുമ്പോഴാണ് നമ്മൾ ബുദ്ധിമുട്ടുന്നത്.
രാമചന്ദ്ര ബോസ്സിലെ ബാക്ക്ഗ്രൗണ്ട് സ്‌കോറുകൾ
രാമചന്ദ്ര ബോസ്സിൽ വളരെ കൺവെൻഷണൽ ആയിട്ടുള്ള അപ്രോച് ആണ് ഞങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. പ്രത്യേകമായി ഒരു ഒ എസ് ടി റിലീസിനെ പറ്റിയൊന്നും ഞങ്ങൾ ചിന്തിച്ചിട്ടില്ല. ഇതൊരു ഫാമിലി എന്റർടൈനറാണ്. എല്ലാ സോഷ്യൽ സ്റ്റാറ്റസിലുള്ള ആളുകൾക്കും എൻജോയ് ചെയ്യാൻ പറ്റുന്നൊരു സിനിമ. ഒരുതരത്തിലുള്ള ഒഫൻസീവ് കണ്ടെന്റുകളും ഇതിൽ ഇല്ല. നല്ല തമാശയുണ്ട്, നല്ല സ്റ്റൈലൈസിഡ് വിഷ്വൽസ് ഉണ്ട്. അതൊക്കെയാണ് ബോസ് ആൻഡ് കോയുടെ പാക്കേജിങ്. റോഷാകിനെ വച്ച് നോക്കുമ്പോൾ രാമചന്ദ്ര ബോസ്സിന്റെ സ്കോർ വളരെ ലൗഡ് ആണ് കാരണം ഇതൊരു ഫാസ്റ്റ് പേസ്ഡ് ഫിലിം ആണ്. സ്കോറിലൂടെ കഥ പറയുന്ന ഒരു രീതിയല്ല രാമചന്ദ്ര ബോസ്, അതിനുള്ള സാധ്യത സിനിമയിലില്ല. കഥ നടക്കുന്നു അതിനെ സപ്പോർട്ട് ചെയ്ത് ബാക്ക്ഗ്രൗണ്ട് സ്കോർ വരുന്നു അത്ര മാത്രം.
രണ്ടു സിനിമകൾ ഒരേ ദിവസം
എന്റെ കരിയറിൽ ആദ്യമായിട്ടാണ് ഒരേ സമയം രണ്ടു സിനിമകൾ റിലീസ് ആകുന്നത്. മലയാളത്തിൽ നിന്ന് നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് ആൻഡ് കോ പിന്നെ കന്നടയിൽ നിന്ന് ടോബി. സത്യത്തിൽ വളരെ സ്ട്രെസ്സ്ഫുൾ ആയിരുന്നു അത്. സാധാരണ ഒരു സിനിമ ചെയ്യുമ്പോൾ അതിൽ ഞാൻ മുഴുവനായും മുഴുകും. റോഷാക്ക് ഒക്കെ 35 ദിവസം കൊണ്ട് ചെയ്തെടുത്ത സ്കോർ ആണ്. പക്ഷെ അത് നല്ല ക്വാളിറ്റിയിൽ വന്നതിന് കാരണം മുഴുവൻ സമയവും എന്റെ ശ്രദ്ധ ആ സിനിമയിൽ ആയിരുന്നു. 35 ദിവസം ആ ലോകത്തുനിന്ന് ഞാൻ പുറത്തേക്ക് വന്നിട്ടില്ല. രണ്ടു സിനിമകളുടെയും ഇടയിൽ സ്വിച്ച് ചെയ്യേണ്ടി വരുന്നത് ചില സമയങ്ങളിൽ ബുദ്ധിമുട്ടാണ്, ചില സമയങ്ങളിൽ റിലാക്സിങ്ങും ആണ്. കാരണം ഒരിടത് സ്റ്റക്ക് ആയി നിൽക്കുമ്പോൾ മറ്റേതിലേക്ക് പോകുമ്പോൾ ക്രീറ്റിവിറ്റി ഒന്നുകൂടെ ബൂസ്റ്റ് ആകും. ടൈംലൈനും ഡെഡ്‌ലൈനും ഒക്കെ വരുമ്പോൾ കുറച്ച് സ്ട്രെസ്സ്ഫുൾ തന്നെയാണ്. ഏതു വർക്ക് ആണെങ്കിലും നമ്മുടെ 100 ശതമാനം കൊടുത്തേ നമ്മൾ ചെയ്യൂ. പക്ഷെ ആ സ്ട്രെസ്സിനുള്ളിൽ നമുക്ക് നഷ്ട്ടപെടുന്നത് ഈ ഒരു പ്രൊഫഷൻ നമ്മൾ ചൂസ് ചെയ്യാൻ കാരണമായ മ്യൂസിക്കിനോടുള്ള സ്നേഹവും പാഷനും ഒന്നും എന്ജോയ് ചെയ്യാൻ കഴിഞ്ഞ ഒന്നര മാസമായി പറ്റുന്നില്ല. ഒരു സിനിമക്കായി ഒരു ദിവസം സംവിധായകനോട് സംസാരിക്കുന്നത് പത്തും പതിനഞ്ചും തവണ ആയിരിക്കും. അതേ അറ്റെൻഷൻ ഞാൻ ഒരു ദിവസം രണ്ടു സംവിധായകർക്കും ടീമിനും കൊടുക്കണം എന്നുള്ളപ്പോൾ നമ്മുടെ എനർജി പോകും. അത്തരത്തിലൊരു ലിമിറ്റേഷൻ ഞാൻ ആദ്യമായി അനുഭവിക്കുന്നത് ഇപ്പോഴാണ്. അവസാനം ഓൾ വെൽ ദാറ്റ് എൻഡ്‌സ് വെൽ എന്ന് പറയുന്ന പോലെ എല്ലാം ഓക്കേ ആയി.