അയണ്‍മാന്‍ വേരിയന്റ്, പ്രൊഫസര്‍ എക്‌സ്, ബ്ലാക് പാന്തര്‍; 'മള്‍ട്ടിവേഴ്‌സ് മാഡ്‌നസി'ല്‍ മാര്‍വല്‍ കരുതിവെച്ചിരിക്കുന്നതാരെയൊക്കെ

അയണ്‍മാന്‍ വേരിയന്റ്, പ്രൊഫസര്‍ എക്‌സ്, ബ്ലാക് പാന്തര്‍; 'മള്‍ട്ടിവേഴ്‌സ് മാഡ്‌നസി'ല്‍ മാര്‍വല്‍ കരുതിവെച്ചിരിക്കുന്നതാരെയൊക്കെ
Published on

മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്‌സിലെ നാലാം ഫേസിലെ ഏറ്റവും കാത്തിരിക്കുന്ന ചിത്രമാണ്, 'ഡോക്ടര്‍ സ്‌ട്രേഞ്ച് ഇന്‍ ദ മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നസ്'. 'സ്‌പൈഡര്‍മാന്‍ നോ വേ ഹോമി'ലൂടെയും , 'വാട്ട് ഈഫി'ലൂടെയും മള്‍ട്ടിവേഴ്‌സ് ഔദ്യോഗികമായ സ്ഥിരീകരിക്കപ്പെട്ട നിലയ്ക്ക് ഡോക്ടര്‍ സ്‌ട്രേഞ്ചില്‍ എന്തെല്ലാം സര്‍പ്രൈസുകള്‍ പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നുവെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുതിയ ട്രെയിലര്‍ റിലീസ് ചെയ്തതില്‍ പിന്നാലെ ഡീകോഡിങ്ങും, അതിനകത്തൊളിച്ചിരിക്കുന്ന കഥാപാത്രങ്ങളെയും സോഷ്യല്‍ മീഡിയ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ആരെല്ലാമാണ് 'മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നസി'ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന കഥാപാത്രങ്ങള്‍.

അയണ്‍മാന്‍ വേരിയന്റ്

റോബര്‍ട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിച്ച അയണ്‍മാനായിരുന്നു മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്‌സിലെ ആദ്യ മൂന്ന് ഫേസിലെയും നെടുംതൂണ്‍ എന്ന് വേണമെങ്കില്‍ പറയാം. എന്‍ഡ് ഗെയിമില്‍ കഥാപാത്രം വിടപറഞ്ഞതോടെ ആരാധകര്‍ നിരാശയിലായിരുന്നു. എന്നാല്‍ മള്‍ട്ടിവേഴ്‌സ് ചര്‍ച്ചകള്‍ തുടങ്ങിയതോടെ തന്നെ അയണ്‍മാന്‍ തിരിച്ചെത്തുമെന്നും, അത് മറ്റൊരു യുണിവേഴ്‌സിലെ അയണ്‍മാന്‍ ആകുമെന്നും ചര്‍ച്ചകള്‍ കണ്ടിരുന്നു. സുപ്പീരിയര്‍ അയണ്‍മാന്‍ വേരിയന്റ് ആയി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതാകട്ടെ, ടോം ക്രൂസിനെയാണ്. ട്രെയിലറിലെ ഒരു ദൃശ്യം ടോം ക്രൂസ് ആണെന്ന് ആരാധകര്‍ ഉറപ്പിച്ചും കഴിഞ്ഞിട്ടുണ്ട്.

പ്രൊഫസര്‍ എക്‌സ്

മാര്‍വല്‍ കോമിക്‌സിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് പ്രൊഫസര്‍ എക്‌സ്, അഥവാ ചാള്‍സ് സേവ്യര്‍. എക്‌സ്‌മെന്‍ സീരീസിലെ പാട്രിക് സ്റ്റുവര്‍ട്ട് അവതരിപ്പിച്ച കഥാപാത്രം മള്‍ട്ടിവേഴ്‌സിലേക്കെത്തിയാല്‍ അത് എക്‌സ് മെന്‍ സീരീസിന്റെയും ഇന്‍ഫിനിറ്റി സാഗയുടെയും ഔദ്യോഗികമായ ക്രോസ് ഓവറാകും. അതോടെ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളുടെ എണ്ണം കൂടുകയും ചെയ്യും. ട്രെയിലറില്‍ മുഖം കാണിക്കാത്ത ഒരു കഥാപാത്രം ചാള്‍സ് സേവ്യറാണെന്നും ആരാധകര്‍ ഉറപ്പിച്ചു കഴിഞ്ഞു.

ബ്ലാക്ക് പാന്തര്‍

മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്‌സിലെ എല്ലാ പാറ്റേണുകളെയും പൊളിച്ചെഴുതിയ ചിത്രമായിരുന്നു ബ്ലാക് പാന്തര്‍. ചാഡ്വിക് ബോസ്മാന്‍ അവതരിപ്പിച്ച ബ്ലാക്ക് പാന്തര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സൂപ്പര്‍ ഹീറോ ആവുകയും ചെയ്തു. ബ്ലാക് പാന്തര്‍ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് മാര്‍വല്‍ മുന്‍പ് അറിയിച്ചിട്ടുണ്ടെങ്കിലും ചാഡ്വിക് ബോസ്മാന്റെ മരണത്തിന് ശേഷം ആ കഥാപാത്രമായി ഇനിയാരായിരിക്കും സ്‌ക്രീനിലുണ്ടാവുക എന്നത് ചോദ്യമായി തുടരുകയാണ്. ട്രെയിലറിലെ മുഖം വ്യക്തമാകാത്ത ഒരു കഥാപാത്രം ബ്ലാക്ക് പാന്തറാണെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വാദിക്കുന്നത്.

വോള്‍വറിന്‍, മഗ്നീറ്റോ

എക്‌സമെന്‍ സീരീസ് ക്രോസ് ഓവര്‍ ഉണ്ടായാല്‍ അതില്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് വോള്‍വറിനും മഗ്നീറ്റോയും. വോള്‍വറിന്‍ എന്ന സൂപ്പര്‍ ഹീറോയുടെ തിരിച്ച് വരവ് ആഗ്രഹിക്കുമ്പോള്‍ മഗ്നീറ്റോ എന്ന കട്ട വില്ലനെയും വീണ്ടും കാണാന്‍ കാത്തിരിക്കുന്നവരുണ്ട്. മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്‌സിലെ എല്ലാ സൂപ്പര്‍ ഹീറോകളെയും മഗ്നീറ്റോ ഒറ്റയ്ക്ക് മലര്‍ത്തിയടിക്കും എന്ന് കരുതുന്നവരും കുറവല്ല.

സ്‌പൈഡര്‍മാന്‍

മാര്‍വലിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍ നോവേ ഹോം, എല്ലാ അര്‍ത്ഥത്തിലും പ്രേക്ഷകരെ നൊസ്റ്റാള്‍ജിയയിലേക്ക് കൊണ്ടുപോകുന്നതായിരുന്നു. ടോബി മാഗ്വിയര്‍ അവതരിപ്പിച്ച സ്‌പൈഡര്‍മാന്‍ കഥാപാത്രം തിരിച്ചുവന്നതിലൂടെ ഇന്‍ഫിനിറ്റി സാഗയുടെ ആരാധകരല്ലാത്ത പ്രേക്ഷകരെയും ചിത്രത്തിലേക്ക് വീണ്ടും അടുപ്പിക്കാന്‍ മാര്‍വലിന് കഴിഞ്ഞു. വീണ്ടും ഇനിയും ടോബിയെ സ്‌പൈഡര്‍മാന്‍ സ്യൂട്ടില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ട്.

'മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നസ്' പേര് പോലെ തന്നെ എല്ലാ അര്‍ത്ഥത്തിലും പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരിക്കും എന്ന് തന്നെയാണ് ഇതുവരെ പുറത്തിറങ്ങിയ എല്ലാ റിപ്പോര്‍ട്ടുകളും. ആദ്യ സ്‌പൈഡര്‍മാന്‍ ചിത്രങ്ങള്‍ സംവിധാനം സാം റെയ്മിയുടെ മാര്‍വലിലേക്കുള്ള തിരിച്ച് വരവ് കൂടിയാണ് ഡോക്ടര്‍ സ്‌ട്രേഞ്ച് ഇന്‍ ദ മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നസ്. ബെനെഡിക്ട് കമ്പര്‍ബാച്ച്. എലിസബത്ത് ഓസ്ലന്‍, ബെനഡിക്ട് വോങ്ങ്, റേച്ചല്‍ മക്ആദംസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്.

ഡോക്ടര്‍ സ്‌ട്രേഞ്ചിന്റെയും സ്‌കാര്‍ലറ്റ് വിച്ചിന്റെയും പെര്‍ഫോമന്‍സ് തന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നതാണെന്നിരിക്കെ മാര്‍വല്‍ സര്‍പ്രൈസായി ആരെയെല്ലാമാണ് ചിത്രത്തിലേക്ക് കരുതിവെച്ചിരിക്കുന്നതെന്ന് അറിയാന്‍ കാത്തിരിക്കുക തന്നെ വേണം.

Related Stories

No stories found.
logo
The Cue
www.thecue.in