സാമാന്യരുടെ കാവ്യം: ചൈതന്യ തമാനെയുടെ സിനിമാ ലോകം

സാമാന്യരുടെ കാവ്യം: ചൈതന്യ തമാനെയുടെ സിനിമാ ലോകം
Published on

'I started off like an investigating journalist, but at the same time I also had the curiosity of a child, in wanting to research this subject immerse myself and know more about all stories, secrets and romantic notions that surround the world.' - Chaitanya Tamhane

സിനിമ കഥ പറയാനായി ഉപയോഗിക്കുന്ന ഒരു ടൂള്‍ മാത്രമാണ്. സിനിമ ഒരു മാധ്യമം എന്ന നിലയില്‍ പ്രേക്ഷകനോട് സംവദിക്കുമ്പോള്‍ പ്രേക്ഷകനും സിനിമയും എവിടെ നില്‍ക്കുന്നു എന്നത് പ്രധാനമാണ്. ആമയുടെയും മുയലിന്റെയും കഥ പറയാന്‍ ആരെക്കൊണ്ടും കഴിയും. പക്ഷേ ആ എങ്ങനെ കഥ എങ്ങനെ പറയുന്നു എന്നതിലാണ് പ്രേക്ഷകന്റെ ആസ്വാദനതലം വ്യതിരിക്തമാവുന്നതും, കഥ മനോഹരമായി തീരുന്നതും. അങ്ങനെ നോക്കിയാല്‍ സമകാലിക ഇന്ത്യന്‍ സിനിമയില്‍ ഗംഭീരമായി കഥ പറയാന്‍ ശേഷിയുള്ള പുതുമുഖമാണ് ചൈതന്യ തമാനെ.

തുടക്കക്കാരന്റെ പതര്‍ച്ചകളില്ലാതെ തമാനെ സിനിമ ചെയ്യുമ്പോള്‍ ഇന്ത്യന്‍ സിനിമ ലോകം സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് കാണണം. ആദ്യ ഫീച്ചര്‍ ഫിലിം ചെയ്യുന്നതിന് മുന്‍പ്, 2011-ലെ 'സിക്സ് സ്ട്രാന്‍ഡ്സ്' (Six Strands) എന്ന ഷോര്‍ട്ട് ഫിലിം മാത്രമാണ് തമാനെയ്ക്ക് സമ്പാദ്യമായി ഉണ്ടായിരുന്നത്. മുന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 2014-ല്‍ 'കോര്‍ട്ട്' (court) എന്ന സിനിമയുമായെത്തുമ്പോള്‍ ഭാഷാതിര്‍ത്തികളെ മായ്ച്ചുകൊണ്ടാണ് തമാനെ തന്റെ വരവറിയിച്ചത്. ഒരു മറാത്തി സംവിധായകന്‍ എന്ന ടാഗില്‍ തന്നെയൊതുക്കാന്‍ താത്പര്യപ്പെടാത്ത തമാനെ, ബോളിവുഡിന് ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു ഇന്ത്യന്‍ സിനിമയെയും അല്ല ലക്ഷ്യം വയ്ക്കുന്നതെന്ന് ധൈര്യമായി പറയാം.

ചൈതന്യ തമാനെയും അല്‍ഫോണ്‍സോ ക്വോറോണും
ചൈതന്യ തമാനെയും അല്‍ഫോണ്‍സോ ക്വോറോണും

'I met Chaitanya through a mentorship program where I had the opportunity to watch his superb debut film, 'Court'. I was immediately impressed by his sense of cinema and fearless confidence to tell stories. He was part of most of Roma's process, and I jumped at the opportunity to be part of the process of his second film The Disciple. I believe Chaitanya is one of the most important new voices of contemporary cinema.' - തമാനെയെ കുറിച്ച് മെക്സിക്കന്‍ സംവിധായകന്‍ അല്‍ഫോണ്‍സോ ക്വാറോണ്‍ പറഞ്ഞ വാക്കുകളാണിത്.

സാമാന്യരുടെ കാവ്യം: ചൈതന്യ തമാനെയുടെ സിനിമാ ലോകം
പാ രഞ്ജിത് : ഇന്ത്യൻ സിനിമയിലെ നീല വിപ്ലവം

'കോര്‍ട്ടും' ഭരണകൂട ഭീകരതയും

'നിങ്ങളുടെ ശരീരത്തില്‍ ചെളി പൂശിയിട്ട് അത് ചെളിയല്ലെന്നും കളഭമാണെന്നും നിങ്ങളെ ബോധ്യപ്പെടുത്തിയാല്‍ നിങ്ങള്‍ക്കത് ചെളിയാണെന്ന് തോന്നുകയില്ല. ഇതാണ് നന്മതിന്മകളെക്കുറിച്ചുള്ള വളരെ പ്രാഥമികമായ ലോകതത്വം'- എം എന്‍ വിജയന്‍

ഭരണകൂടം തങ്ങള്‍ക്കാവശ്യമുള്ള ഇരകളെയും വേട്ടക്കാരെയും എങ്ങനെയാണ് ഫില്‍ട്ടര്‍ ചെയ്തെടുക്കുന്നത് എന്ന് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് നോക്കികാണുകയാണ് ഇവിടെ. എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്തും വിയോജിപ്പുകളെ തുറുങ്കിലടച്ചും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ എത്രനാള്‍ ചെറുത്തുനില്‍ക്കും എന്നത് അപ്പോഴും ഇവിടുത്തെ പൗരന്മാര്‍ക്ക് ചിന്താതീതമായി തുടരുന്നു എന്ന സത്യത്തെയും ചിത്രം വെളിച്ചത്ത് നിര്‍ത്തുന്നു.

ദളിത് ആക്ടിവിസ്റ്റും, കവിയുമായ നാരായണ്‍ കാംബ്ലെ എന്ന കേന്ദ്ര കഥാപാത്രം വാസുദേവ് പവാര്‍ എന്ന മാന്‍ഹോള്‍ വര്‍ക്കറുടെ ആത്മഹത്യക്ക് കാരണമായെന്ന വിചിത്രമായ ആരോപണത്തിന് മേല്‍ അറസ്റ്റു ചെയ്യപ്പെടുന്നു. ഇതേ തുടര്‍ന്നുള്ള കോടതി നടപടികളും, സമൂഹത്തിന്റെ നാലു പില്ലറുകള്‍ക്ക് സമാനമായി നാല് വ്യക്തികളുടെ ജീവിതത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന നരേഷനുമാണ് 'കോര്‍ട്ട്' എന്ന സിനിമയുടേത്.

ജനാധിപത്യ സമൂഹം എന്ന് വിശേഷിപ്പിക്കപ്പെടവെ, നീതിയുടെ വിതരണം തുല്യമല്ലാതിരിക്കുകയും ഒരു വിഭാഗം ജനങ്ങള്‍ എപ്പോഴും കുറ്റവാളികളായി വിധിക്കപ്പെടുന്നതിന്റെ നേര്‍ക്കാഴ്ചകളില്‍ നിന്നുകൊണ്ടാണ് 'കോര്‍ട്ട്' പോലൊരു സിനിമ സംസാരിക്കുന്നത്. എന്നാലെന്തുകൊണ്ടോ സെന്‍സര്‍ ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഒരു ഘട്ടത്തിലും ഭരണകൂടത്തിന്റെ നടപടികളില്‍ കുരുങ്ങാതെ, ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരം ചിത്രം നേടി എന്നുള്ളത് ആശ്ചര്യകരവും ഒരു പരിധിവരെ പ്രതീക്ഷ നല്‍കുന്നതുമാണ്. ഗൗരവമായ ഒരു വിഷയത്തെ അവതരിപ്പിക്കുമ്പോള്‍ ആവശ്യമായ കയ്യടക്കത്തോടുകൂടിയും ആധികാരികതയോടും സിനിമയെ പൂര്‍ണതയില്‍ എത്തിക്കുന്നതിലും നവാഗത സംവിധായകനെന്ന നിലയില്‍ ചൈതന്യ തമാനെ കൈയ്യടി നേടി.

നീല ചായമടിച്ച ചുവരില്‍ ബാബാ സാഹേബ് അംബേദ്കറുടെ ചിത്രം തൂക്കിയിട്ട മുറിയിലിരുന്ന് ചിത്രശലഭങ്ങളെ കുറിച്ചുള്ള കവിത കുട്ടികള്‍ക്ക് ചൊല്ലികൊടുക്കുകയാണ് 'ജനങ്ങളുടെ കവി' എന്നറിയപ്പെടുന്ന നാരായണ്‍ കാംബ്ലെ. അവിടെ നിന്നും അയാള്‍ പോകുന്നത് വഡ്ഗാവ് കൂട്ടക്കൊലക്കെതിരായുള്ള ഒരു കള്‍ച്ചറല്‍ പ്രൊട്ടസ്റ്റില്‍ കവിത ചൊല്ലാനാണ്. 'വിപ്ലവത്തിന് സമയമായി' എന്ന ആശയം ഉള്‍ക്കൊള്ളുന്ന ആ ഫോക്ക് സോങ് അവതരിപ്പിക്കുന്നതിനിടയില്‍ വാസുദേവ് പവാര്‍ എന്ന മാന്‍ഹോള്‍ വര്‍ക്കറുടെ ആത്മഹത്യയില്‍ പ്രേരണ കുറ്റം ചുമത്തി പോലീസ് നാരായണ്‍ കാംബ്ലെയെ അറസ്റ്റുചെയ്യുന്നു.

നീണ്ട നിയമപോരാട്ടത്തിനാണ് പിന്നീട് കണ്ടിരിക്കുന്നവര്‍ക്കൊപ്പം കാംബ്ലെയും സാക്ഷിയാവുന്നത്. ജാമ്യം നിഷേധിച്ചും, കേസ് നീട്ടിക്കൊണ്ടുപോയും കാംബ്ലെയെ അഴിയ്ക്ക് പിന്നില്‍ തളയ്ക്കാനുള്ള ശ്രമം ഭരണകൂടം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒടുവില്‍ വാസുദേവ് പവാറിന്റെ മരണം മാന്‍ഹോളിനുള്ള വിഷവാതകമായ ഹൈഡ്രജന്‍ സള്‍ഫൈഡ് ശ്വസിച്ചാണെന്ന കണ്ടെത്തലില്‍ അയാള്‍ക്ക് ജാമ്യം ലഭിക്കുന്നു. എന്നാല്‍ വ്യവസ്ഥകള്‍ പലത് പാലിക്കാനുണ്ട്, ജില്ല വിടരുത്, ലേഖനങ്ങള്‍ എഴുതരുത്, കവിത ചൊല്ലരുത്, ചുരുക്കത്തില്‍ ആശയ പ്രദര്‍ശനം എന്ന മൗലികാവകാശത്തെ പൂര്‍ണമായിതന്നെ കോടതി എന്ന നിയമസംരക്ഷണ വ്യവസ്ഥ തടയുന്നു.

കാസ്റ്റ് - ക്ലാസ്സ് പ്രിവിലേജുകള്‍ സമൂഹത്തിലെ വ്യത്യസ്ഥരായ മനുഷ്യരെ എങ്ങനെ സൃഷ്ടിക്കുന്നു എന്ന് നാലുപേരുടെ നിത്യജീവിതത്തിലെ കാഴ്ചകളിലൂടെ കോര്‍ട്ട് കാണിച്ചുതരുന്നു. നാരായണ്‍ കാംബ്ലെക്ക് വേണ്ടി ഹാജരാവുന്ന അഡ്വ. വിനോദ വോറയും പബ്ലിക് പ്രോസിക്യൂട്ടറും തങ്ങളുടെ നിലപാടുകളിലൂടെയുടെയാണ് ആ വ്യത്യാസത്തെ പ്രത്യക്ഷമാക്കുന്നത്. കോടതി വാദത്തിനിടെ 'ഗോയിമാരി' സമുദായത്തെ അധിക്ഷേപിച്ചെന്ന പേരില്‍ വിനോദ വോറ ആക്രമിക്കപ്പെടുന്നു, അതേസമയം, പബ്ലിക് പ്രോസിക്യൂട്ടറായ അഭിഭാഷകയുടെ ഒഴിവുസമയങ്ങള്‍ കുടുംബത്തോടൊപ്പം ആസ്വദിക്കാനുള്ളതാണ്. ആ ആസ്വാദനത്തില്‍ ജാതിവ്യവസ്ഥയെ പ്രകീര്‍ത്തിക്കുന്ന നാടകങ്ങളും ഉള്‍പ്പെടും, യാതൊരു അതിക്രമങ്ങളോ ആക്രോശങ്ങളോ ഇല്ലാതെ അവരത് ആസ്വദിച്ച് മടങ്ങും. സെഷന്‍സ് കോര്‍ട്ടില്‍ വിധി പ്രസ്താവിക്കുന്ന ജഡ്ജ് അശാസ്ത്രീയമായ ജ്യോതിഷത്തിലും ന്യൂമറോളജിയിലും വിശ്വസിക്കുന്നതും ഇവിടെ കാണാം. എല്ലാം സമകാലിക ഇന്ത്യയുടെ അടയാളപ്പെടുത്തലുകളായി 'കോര്‍ട്ടി'ല്‍ കണ്ണുതുറന്നിരിക്കുന്നു.

ജാമ്യം ലഭിച്ചശേഷം പുറത്തിറങ്ങുന്ന നാരായണ്‍ കാംബ്ലെ ഉടന്‍ തന്നെ മറ്റൊരു കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലിലാകുന്നു. ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്താനുള്ള സാധ്യതപോലും നിങ്ങളെ രാജ്യദ്രോഹിയാക്കാം എന്ന മുന്നറിയിപ്പായി, ഇന്ത്യന്‍ ജയിലുകളിലെ അനേകം രാഷ്ട്രീയ കുറ്റവാളികളിലൊരാളായാണ് ഇത്തവണ കാംബ്ലെയുടെ തടവുകാലം. സിസ്റ്റത്തിന്റെ വിധികളില്‍ മരണം വരിച്ച ഫാദര്‍ സ്റ്റാന്‍ സാമിയുടെ മുഖച്ഛായ കാംബ്ലെയില്‍ തോന്നിയാല്‍ അത് കേവലം യാദൃശ്ചികതയല്ല. ഈ പോയ കാലത്തെന്നപോലെ ഇനിവരും കാലത്തും ഈ ലോകത്തെ എല്ലാ സ്വേഛാദിപത്യവ്യവസ്ഥകളും ജനാധിപത്യത്തെ വെല്ലുവിളിച്ച് രാഷ്ട്രീയ തടവുകാരെ ഉണ്ടാക്കിക്കൊണ്ടിരിക്കും. അതേസമയം, ജാതി സമൂഹം പുറംതള്ളിയ മനുഷ്യരുടെ നീതി മാലിന്യക്കുഴികളില്‍ ശ്വാസമറ്റ് കിടക്കും. ആ കാലത്ത് നിന്നുകൊണ്ടാണ് 'കോര്‍ട്ട്' എന്ന നാരായണ്‍ കാംബ്ലെ ചിത്രം, ഈ പ്രതിഷേധം, വിപ്ലവം നയിക്കുന്നത്.

ജീവിതത്തിലും സിനിമ സംസാരിക്കുന്ന രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്ന വീരസത്തിധര്‍ എന്ന നടനാണ് 'കോര്‍ട്ടി'ല്‍ നാരായണ്‍ കാംബ്ലെയായി വേഷമിട്ടിരിക്കുന്നത്. അംബേദ്കറിന്റെയും കാള്‍ മാര്‍ക്സിന്റെയും ആശയങ്ങളില്‍ വിശ്വസിച്ചുപോന്ന അദ്ദേഹം, 2021-ല്‍ കൊവിഡ് ബാധിച്ചു മരണപ്പെടുന്നതു വരെ കലാ-സാഹിത്യ രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു.

ഡിസൈപ്പിള്‍ (The Disciple): ആത്മാന്വേഷണങ്ങളുടെ പ്രതിഫലനം

ശാസ്ത്രീയ സംഗീതം പഠിക്കുന്ന, ഗുരുക്കന്മാരെ ബഹുമാനിക്കുന്ന, സംഗീതം പ്രൊഫഷനാക്കാന്‍ ആഗ്രഹിക്കുന്ന അതിനുവേണ്ടി നിരന്തരം പ്രയത്നിക്കുന്ന ശരദ് നെരുല്‍ക്കറിന്റെ ജീവിതത്തിലെ മൂന്ന് കാലഘട്ടവും, അയാളുടെ ആത്മാന്വേഷങ്ങളുടെ പ്രതിഫലനവുമാണ് 'ദി ഡിസൈപ്പിള്‍' എന്ന തമാനെയുടെ രണ്ടാം ചിത്രം. സംഗീതവും പാട്ടും - ആ രണ്ടുവാക്കുകള്‍ തമ്മിലെ സാമൂഹികപരവും രാഷ്ട്രീയപരവുമായ വ്യത്യാസമാണ് പ്രേക്ഷകനെ ആ സിനിമയ്ക്കുള്ളിലേക്ക് നയിക്കുന്നത്. ഒരു ഗാനത്തില്‍ തുടങ്ങി മറ്റൊന്നില്‍ അവസാനിക്കുന്ന ചിത്രത്തിലൂടെ ഫിലിം മേക്കറെന്ന നിലയിലെ തന്റെ വളര്‍ച്ച തമാനെ രേഖപ്പെടുത്തുന്നുണ്ട്.

സിനിമയിലേക്ക് വന്നാല്‍ തന്റെ (സംഗീത) ജീവിതത്തിലെ മൂന്ന് ഗുരുക്കന്മാരായ അച്ഛന്‍, മായ്, ഗുരുജി എന്നിവരുടെ ജീവിതത്തോടും സംഗീതത്തോടുമുള്ള വീക്ഷണത്തിലൂടെ തന്റെ കാഴ്ചപ്പാടുകളെ ക്രമപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ ശരദ് നെരുല്‍ക്കര്‍ എന്ന കഥാപാത്രം നേരിടുന്ന സൂക്ഷ്മവും മനോഹരവുമായ കോണ്‍ഫ്ളിക്ടുകളാണ് ചിത്രം. ഗുരുക്കന്മാരോടുള്ള അമിതമായ ആരാധന, ശുദ്ധതാ വാദം, പോപ്പുലറിസത്തിനെതിരായ ശക്തമായ വിയോജിപ്പ് എന്നിവയെല്ലാം ഈ കോണ്‍ഫ്ളിക്ടിനെ ഫ്യുവല്‍ ചെയ്ത് നെരുല്‍ക്കറുടെ സോഷ്യല്‍ ലൈഫിനെ ബാധിക്കുന്നുണ്ട്.

വളരെ സൂക്ഷ്മമായാണ് ഡിസൈപ്പിളിന്റെ കഥപറച്ചില്‍ രീതി തമാനെ സജ്ജീകരിച്ചിരിക്കുന്നത്. രാത്രി മുംബൈ തെരുവുകളിലൂടെ ബൈക്കില്‍ പോകുന്ന ശരദില്‍ തംബുരുവിലെ ഈണത്തിനൊപ്പം, സംഗീതത്തെ പറ്റിയുള്ള മായുടെ നരേഷനും എത്തുന്നുണ്ട്. വളരെ സട്ടിലായി തമാനെ ആ നരേഷന്‍ പ്രേക്ഷകനിലേക്ക് കൂടിയാണ് പകര്‍ന്നുകൊടുക്കുന്നത്. താന്‍ ആരാധനയോടെ നോക്കികണ്ട പലതും -വ്യക്തികളും, ചിന്താധാരകളും ഊതിവീര്‍പ്പിച്ച ബലൂണുകള്‍ മാത്രമാണെന്ന തിരിച്ചറിവില്‍ ഗുരുക്കന്മാരുടെ പാരമ്പര്യത്തിന്റെ ഭാരം ഉപേക്ഷിച്ച് മുന്നേറുന്ന ശരദിന്റെ ആത്മാന്വേഷണത്തില്‍ പ്രേക്ഷകനും വേണമെങ്കില്‍ പങ്കാളിയാകാം. മൂന്ന് കാലഘട്ടങ്ങളിലും അതിനുതകുന്ന തരത്തിലുള്ള ബോഡി ട്രാന്‍സ്ഫോര്‍മേഷനിലൂടെ അടക്കം, ആദിത്യ മോഡക് എന്ന നടനും ഈ പ്രക്രിയയില്‍ അഭിനനന്ദനാര്‍ഹമായ രീതിയില്‍ പങ്കുവഹിച്ചിട്ടുണ്ട്.

ഗ്രാവിറ്റിയുടെ അടക്കം അമരക്കാരനായ അല്‍ഫോണ്‍സോ ക്വാറോണ്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രം, നിരൂപക പ്രശംസകള്‍ക്കൊപ്പം വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ FIPRESCI പുരസ്‌കാരവും, മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

ആത്മാവില്‍ ഒരേ രാഷ്ട്രീയത്തിന്റെ സഹോദരര്‍ ആയിരിക്കെതന്നെ തീര്‍ത്തും വ്യത്യസ്തമായ നരേഷനുകളില്‍ കഥപറയുന്ന രണ്ട് ചിത്രങ്ങളാണ് കോര്‍ട്ടും ഡിസൈപ്പിളും. ഈ പ്രത്യേകത തന്നെയാണ് സമകാലികരായ മേക്കേഴ്സിലെ 'ദ ബെസ്റ്റ്' എന്ന് തലകെട്ടിടാവുന്ന പട്ടികയിലേക്ക് രണ്ട് ചിത്രങ്ങളുമായി ചൈതന്യ തമാനെ കയറി നില്‍ക്കുന്നത്. വൈവിധ്യങ്ങള്‍ തേടി പോവാനും അതെക്കുറിച്ച് കഥ പറയാനും ഇനിയും ചൈതന്യ തമാനെയുടെ സിനിമാ ലോകം വിശാലമായി കിടക്കുന്നുണ്ട്. ട്രൂഫോ പറഞ്ഞപോലെ, സിനിമ കാണാനുള്ള ആര്‍ത്തി ഭ്രാന്തിനു തുല്യമാണ്. അതൃപ്തിയില്‍ നിന്നാണ് ആ ഭ്രാന്തുണ്ടാകുന്നത്. ജീവിതം നമ്മെ തൃപ്തരാക്കുന്നില്ല. എന്നാല്‍ ജീവിതത്തിന്റെ അഗ്ളി ഫേസിനെ അതാവശ്യപ്പെടുന്ന സഹാനുഭൂതിയോടെ കണ്ട് ചൈതന്യ തമാനെ ചിത്രങ്ങള്‍ ഇനിയും മുന്നേറട്ടെ എന്ന് ആശംസിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in