വീരഗാഥ മുതല്‍ മാമാങ്കം വരെ, മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ചുരികത്തലപ്പിന്റെ മൂര്‍ച്ചയുള്ള മൂന്ന് കഥാപാത്രങ്ങള്‍

വീരഗാഥ മുതല്‍ മാമാങ്കം വരെ, മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ചുരികത്തലപ്പിന്റെ മൂര്‍ച്ചയുള്ള മൂന്ന് കഥാപാത്രങ്ങള്‍

Published on

1989ല്‍ വടക്കന്‍ പാട്ടില്‍ അതുവരെ കേട്ട ചതിയന്‍ ചന്തുവിന്റെ ചരിത്രം തിരുത്തിയ തച്ചോളി മരുമകന്‍ ചന്തു. ഇരുപത് വര്‍ഷത്തിനിപ്പുറം ബ്രിട്ടീഷുകാരെ വിറപ്പിച്ച കേരളവര്‍മ്മ പഴശിരാജ. ഒരേ സംവിധായകനൊപ്പം രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയില്‍ പുറത്തുവന്ന രണ്ട് ചരിത്ര കഥാപാത്രങ്ങള്‍ക്ക് പിന്നാലെ പത്ത് വര്‍ഷത്തിന് ശേഷം മറ്റൊരു ചരിത്രകഥാപാത്രം. മാമാങ്കത്തില്‍ കൊന്നും കൊടുത്തും നാട്ടരചന് വേണ്ടി പോരാടുന്ന ചാവേറായി മമ്മൂട്ടിയെത്തുകയാണ്. ഒരു വടക്കന്‍ വീരഗാഥ പുറത്തിറങ്ങും മുമ്പ് തന്നെ എം ടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ ചിത്രത്തില്‍ മമ്മൂട്ടി ചന്തുവായി വേഷമിടുന്നതായി അറിയുമായിരുന്നു. പഴശിരാജയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചും സിനിമ പുറത്തിറങ്ങും മുമ്പ് അറിയാമായിരുന്നു. എന്നാല്‍ മാമാങ്കം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങളില്‍ സിനിമയിലൂടെയാണ് വെളിപ്പെടുത്തുന്നത്. മാമാങ്കത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ആരെന്നതിന് സംവിധായകന്‍ പദ്മകുമാറും റി്‌ലീസ് വരെ കാത്തിരിക്കാനാണ് ആവശ്യപ്പെടുന്നത്.

ചുരികത്തലപ്പിന്റെ മൂര്‍ച്ചയില്‍ മൂന്ന് നായകന്‍മാര്‍

ആദ്യരണ്ട് കഥാപാത്രങ്ങള്‍ക്കിടയില്‍ 20 വര്‍ഷത്തിന്റെ ഇടവേളയാണെങ്കില്‍ പഴശിരാജയില്‍ നിന്ന് മാമാങ്കത്തിലേക്ക് പത്ത് വര്‍ഷത്തിന്റെ അകലം. എം പദ്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം ഫസ്റ്റ് ലുക്ക് വന്നതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങള്‍ ചര്‍ച്ചയായതും മൂന്ന് പതിറ്റാണ്ടിനുള്ളില്‍ വന്ന മൂന്ന് റോളുകളെക്കുറിച്ചാണ്. ആയോധന കലയില്‍ നിപുണനായ, കളരിയില്‍ സമര്‍ത്ഥനായ നായകന്റെ തുടര്‍ച്ചയുമാണ് മൂന്ന് സിനിമകളിലും മമ്മൂട്ടി.

വടക്കന്‍പാട്ടുകളും മുന്‍പേ വന്ന വടക്കന്‍ പാട്ടുകളെ ഉപജീവിച്ചുള്ള സിനിമകളും പരിചയപ്പെടുത്തിയ ധീരയോദ്ധാവിനെയും വീരപുത്രിയെയും പുനര്‍വിചാരണയില്‍ അനീതിയുടെ ധാര്‍മികച്യുതിയുടെയും പക്ഷത്തേക്ക് നിര്‍ത്തിയ രചനയായിരുന്നു എം ടി വാസുദേവന്‍ നായരുടെ രചനയില്‍ 1989ല്‍ പിറന്ന ഒരു വടക്കന്‍ വീരഗാഥ.

ഹരിഹരന്‍ സംവിധാനം. വടക്കന്‍പാട്ടുകളിലെ ചതിയന്‍ പ്രതിനായകനെ നായകസ്ഥാനത്തേക്കും നായകനായ ആരോമലിനെ പ്രതിനായകപദവിയിലേക്കും പുനര്‍വിന്യസിച്ചപ്പോള്‍ ഒരേ സമയം തിയറ്ററുകളെ ഇളക്കിമറിച്ച ചിത്രവും മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നും പിറവി കൊണ്ടു.

ആരോമലിന് അങ്കത്തിന് തുണപോയ മച്ചുനന്‍ ചന്തു ഇരുമ്പാണിക്ക് പകരമായി മുളയാണി വച്ച് അരിങ്ങോടര്‍ക്ക് വേണ്ടി ചതി നടത്തിയെന്നതും ഭീരുവായ ഭര്‍ത്താവ് പോലും പതറി നില്‍ക്കെ പെണ്‍മയുടെ ശൗര്യമേറി വീരപുത്രിയായ ഉണ്ണിയാര്‍ച്ചയുടെ പൊരുതി ജയിച്ചുവെന്നതും നാടോടിപ്പാട്ടിലെ ചരിത്രം. പാണര്‍ പാട്ടില്‍ ചന്തുവിന് പതിച്ചുകിട്ടിയ ഇടവും ചന്തു പിറന്ന ഇടവും എം.ടി എന്ന എഴുത്തുകാരന്റെ സ്വാതന്ത്ര്യവും ചേര്‍ന്നപ്പോള്‍ സിനിമയ്ക്ക് ശേഷം ചതിയനല്ല ചന്തുവെന്ന ദൃഢവിശ്വാസത്തിലേക്ക് പ്രേക്ഷകരെയും എത്തിച്ചു. വാള്‍ത്തലപ്പിന്റെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളുടെ ചാരുതയില്‍ കൂടിയാണ് വടക്കന്‍ വീരഗാഥയെ പ്രേക്ഷകര്‍ ാര്‍ക്കുന്നത്. 2009ല്‍ എംടി-ഹരിഹരന്‍ കൂട്ടിലൊരുങ്ങിയ കേരളവര്‍മ്മ പഴശ്ശിരാജയിലും പഴശ്ശിയുടെ ധീരതാവിവരണത്തിന് തുണയേകിയത് വീരഗാഥയുടെ ഹാംഗോവര്‍ നിലനിര്‍ത്തിയ സംഭാഷണങ്ങളായിരുന്നു.

കമ്പനിയെ ഞെട്ടിച്ച പഴശിയുടെ യുദ്ധമുറ

നീണ്ട ഷെഡ്യൂളും ഷൂട്ടിംഗിനിടെയുണ്ടായ അപകടവും റിലീസ് പലകുറി മാറ്റിവച്ചതും കേരളവര്‍മ്മ പഴശിരാജ എന്ന സിനിമയ്ക്ക് മേലുള്ള പ്രതീക്ഷ കുറച്ചിരുന്നു. എന്നാല്‍ പഴശിയുടെ യുദ്ധം കമ്പനി കാണാന്‍ പോകുന്നതേയുള്ളൂ എന്ന പഞ്ച് ഡയലോഗിനൊപ്പം വന്ന ട്രെയിലറും സിനിമയിലെ പ്രധാന രംഗങ്ങള്‍ സൃഷ്ടിച്ച ഉദ്വേഗവും തിയറ്ററുകളെ പൂരപ്പറമ്പാക്കി. മമ്മൂട്ടിയുടെ സമീപവര്‍ഷങ്ങളിലെ ഏറ്റവും ആഘോഷിക്കപ്പെട്ട റിലീസ് പഴശിരാജയുടേതായിരുന്നു.

മമ്മൂട്ടി എന്ന നടനെയും വീരനായകത്വത്തിലൂന്നിയ ാംഭീര്യവും അറിഞ്ഞുപയോഗിച്ചതിന്റെ വിജയം കൂടിയായിരുന്നു ഒരു വടക്കന്‍ വീരഗാഥയും, പഴശിരാജയും. 37ാം വയസിലാണ് മമ്മൂട്ടി കളരിവഴക്കമുള്ള ചന്തുവാകുന്നത്, അമ്പത്തിയേഴാം വയസിലാണ് പഴശിരാജയാകുന്നത്, 67ാം വയസ്സില്‍ മാമാങ്കത്തിലെ ചാവേര്‍ നായകനും.


മലബാറില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നികുതി സമ്പ്രദായത്തിനെതിരെ യുദ്ധവും ഒളിയുദ്ധവും നടത്തിയ പഴശിരാജയുടെ വീരഗാഥയായിരുന്നു ഹരിഹരന്‍ സംവിധാനം ചെയ്ത കേരളവര്‍മ്മ പഴശിരാജ. മമ്മൂട്ടി അതുവരെ ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലുമായിരുന്നു സിനിമ. വാള്‍പ്പോരും കളരി അടവുകളും ഒളിയുദ്ധ മുറകളും കുതിര സവാരിയുമൊക്കെയായി വീരഗാഥയെക്കാള്‍ വലിയ കാന്‍വാസിലായിരുന്നു സിനിമ.

ചരിത്രം പറയാത്ത ചാവേറുകളുടെ മാമാങ്കം

ചരിത്രത്തില്‍ ഇടം കിട്ടാതെ പോയ ചാവേര്‍ പോരാളികള്‍ക്കുള്ള ആദരമായാണ് എം പദ്കുമാറിന്റെ സംവിധാനത്തില്‍ മാമാങ്കം തിയറ്ററുകളിലെത്തുന്നത്. എറണാകുളത്ത് ഇരുപതേക്കറില്‍ ഒരുക്കിയ സെറ്റില്‍ രണ്ടായിരത്തോളം ആര്‍ട്ടിസ്റ്റുകളാണ് പോരാളികളായി അഭിനയിച്ചത്. ബോളിവുഡിലെ മുന്‍ നിര ആക്ഷന്‍ കൊറിയോഗ്രഫര്‍ ശ്യാം കൗശല്‍ ആയിരുന്നു ആക്ഷന്‍ കൊറിയോഗ്രഫി. മമ്മൂട്ടി ഇതുവരെ ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റും മാമാങ്കത്തിന്റേതാണ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലാണ് റിലീസ്. മാമാങ്കം ചന്തയും പടനിലവും നിലപാട് തറയും കൂറ്റന്‍ കൊട്ടാരക്കെട്ടുകളും തറവാടും പടയാളികളുടെ വീടുകളുമാണ് സെറ്റിട്ടത്. കൊച്ചിയിലെ നെട്ടൂരിന് പുറമേ കണ്ണൂരിലെ ആറളം, കളമശേരി, വരിക്കാശേരി മന, ആതിരപ്പിള്ളി, വാഗമണ്‍ എന്നിവിടങ്ങളിലും മാമാങ്കം ചിത്രീകരിച്ചിരുന്നു. കാടുകളില്‍ പ്രധാനമായും ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിച്ചത്.

ഉണ്ണി മുകുന്ദന്‍, പ്രാചി തെഹലന്‍, അനു സിതാര, കനിഹ, ഇനിയ, സിദ്ദീഖ്, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ, സുദേവ് നായര്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

logo
The Cue
www.thecue.in