മമ്മൂട്ടി, മികച്ച എട്ട് പെര്‍ഫോര്‍മന്‍സ്|MAMMOOTTY 'S BEST 8 CHARACTERS

മമ്മൂട്ടി, മികച്ച എട്ട് പെര്‍ഫോര്‍മന്‍സ്|MAMMOOTTY 'S BEST 8 CHARACTERS
Published on

മമ്മൂട്ടിയെന്ന നടനെ കണ്ട ആദ്യ സിനിമയെക്കുറിച്ചോര്‍ത്താലെത്തുക പപ്പയുടെ സ്വന്തം അപ്പൂസാണ്. മരണത്തിലേക്കടുത്ത് നില്‍ക്കുന്ന മകന്‍ എങ്ങാണ്ടെങ്ങാണ്ടൊക്കെ കൊണ്ടുപോകാമെന്ന് ഉറപ്പുനല്‍കിയിരുന്നുവെന്ന് ഓര്‍മ്മപ്പെടുത്തുമ്പോള്‍ അവനെ വാരിയെടുത്ത് ഉള്‍പ്പിടച്ചിലോടെ യാത്ര തുടരുന്ന ബാലുവെന്ന പപ്പ. മരണാസന്നതയോ, ഡോക്ടര്‍മാരുടെ വിലക്കോ വകവയ്ക്കത്ത നില തെറ്റിപ്പോയൊരു പിതാവ്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലേക്കും സിനിമയിലേക്കും പോയാല്‍ ആദ്യ അഞ്ചിലോ പത്തിലോ ബാലുവോ ഈ പപ്പയോ ഇല്ലെങ്കിലും അഭിനേതാവെന്ന നിലയില്‍ ഈ നടന്‍ സൃഷ്ടിക്കുന്ന ഭാവപ്രപഞ്ചത്തില്‍ ഈ മുഹൂര്‍ത്തങ്ങളൊക്കെ ഓടിയണയും.

പേരന്‍പിനെക്കുറിച്ച് എഴുതിയപ്പോള്‍ പറഞ്ഞിരുന്നത്, കഥാപാത്രത്തിലേക്കുള്ള മമ്മൂട്ടിയുടെ പടര്‍ന്നിറക്കമാണ്. സര്‍വം തകര്‍ന്നുനില്‍ക്കുന്നൊരു മനുഷ്യനെ, അയാളിലെ ശൂന്യതയെ മമ്മൂട്ടിയോളം മികച്ചതായി മറ്റൊരു നടന്‍ അവതരിപ്പിച്ചിട്ടില്ലെന്ന് പലവട്ടം തോന്നിപ്പിച്ചിട്ടുണ്ട്. സ്നേഹവും സഹനവും കാര്‍ക്കശ്യവും വാല്‍സല്യവുമൊക്കെ ഭാവസൂക്ഷ്മതകളായി ഞൊടിയിടെ മാറിമറിയുന്ന മമ്മൂട്ടിയുടെ അച്ഛന്‍ ഒരുപിടി കഥാപാത്രങ്ങളുണ്ട് അക്കൂട്ടത്തില്‍. മമ്മൂട്ടിയിലെ അഭിനേതാവിനെ പലകാലങ്ങളിലായി പഠനവിധേയമാക്കിയിട്ടുള്ളത് കൂടുതലും ഇത്തരം റോളുകളിലുമാണ്. തിരസ്‌കൃതനും സ്നേഹയാചകനുമായ മനുഷ്യനായി മമ്മൂട്ടിയുടെ പകര്‍ന്നാട്ടങ്ങളും അത്യുജ്വലമായ അണ്ടര്‍പ്ലേ കൊണ്ടുള്ള അമ്പരപ്പിക്കലും ഈ പറഞ്ഞവയോളം വിലയിരുത്തപ്പെട്ടിട്ടുമില്ല. ഏറ്റവും ഒടുവില്‍ മമ്മൂട്ടിയെന്ന നടന്റെ പ്രിയപ്പെട്ട പ്രകടനങ്ങള്‍ ഉണ്ടയിലെ എസ് മണിയും പേരന്‍പിലെ അമുദനുമാണ്. നടിക്കുന്ന കാലത്തിനൊപ്പവും, കഥ പറച്ചിലിന്റെ ശൈലീമാറ്റത്തിനൊപ്പവും മമ്മൂട്ടി തന്നിലെ നടനെ പുതുക്കി, പുതിയ ഉയരങ്ങളിലെത്തിക്കുന്നതിന്റെ കാഴ്ചയായിരുന്നു ഇവ രണ്ടും.

പേരന്‍പില്‍ ഭൂരിഭാഗം സമയത്തും പാപ്പായെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിശ്ചയമില്ലാത്ത, അത്തരം ശ്രമങ്ങളേറെയും പരാജയപ്പെടുന്ന പിതാവാണ് അമുദവന്‍. അയാള്‍ പരിഭവപ്പെടുന്നതും, നിസഹായതയിലേക്കു പിന്‍വലിയുന്നതുമെല്ലാം പ്രകടനത്തിലൂടെ മാത്രം വിവരിക്കപ്പെടേണ്ടതാണ്. അമുദവന്റെ ഭാവവിന്യാസങ്ങളില്‍ കൂടെയാണ് റാമിന്റെ കഥ പറച്ചില്‍ നടക്കുന്നത്. താന്‍ അനുഭവിക്കുന്ന ശൂന്യതയെക്കാള്‍ എത്രയോ ഇരട്ടിയാണ് മകള്‍ ഓരോ നിമിഷവും നേരിടുന്ന പ്രതിബന്ധങ്ങളെന്ന് തിരിച്ചറിയുന്ന നിമിഷത്തിലാണ് അമുദവന്‍ അയാളിലെ മനുഷ്യനെ, പിതാവിനെ വീണ്ടെടുക്കുന്നത്. താരതമ്യമോ, സാമ്യമോ സാധിക്കാത്തത്ര ഭാവഭദ്രമാണ് പേരന്‍പിലെ മമ്മൂട്ടി. മകള്‍ക്ക് തന്നോടുള്ള അപരിചിതത്വവും അകലവും മാറ്റാനായി, പാപ്പായെ സന്തോഷിപ്പിക്കാനായി അമുദവന്‍ അവള്‍ക്ക് മുന്നില്‍ സാധ്യമാകുന്നതെല്ലാം ചെയ്യുന്നൊരു സിംഗിള്‍ ഷോട്ടുണ്ട്. പല ഭാഷകളിലായി പാടുന്ന, പാട്ടിനൊത്ത് പലമട്ടില്‍ ചുവടുവയ്ക്കുന്ന, ഒടുവില്‍ അവള്‍ക്ക് പരിചിതമായൊരു ശബ്ദത്തിലേക്കുള്ള തിരിച്ചുവരവ്. അതും ഫലിക്കാതെ വരുമ്പോള്‍ നിസഹായത ശരീരഭാഷയാക്കി, ഇടറിയും, ഹൃദയം പൊടിഞ്ഞും,ഉള്ളിലെ സങ്കടക്കലടത്രയും പുറന്തള്ളുന്നൊരു ശൂന്യനായ മനുഷ്യന്‍. അമുദവനെ നിശ്വാസത്തില്‍ പോലും വിട്ടുപോകാതെയാണ് മമ്മൂട്ടിയുടെ പെര്‍ഫോര്‍മന്‍സ് എന്ന് മനസിലാകുന്ന രംഗം.

-----

കഥാപാത്രത്തിന്റെ ഭാഷാഭേദത്തെ ശരീരഭാഷയിലേക്ക് കൂടി കൊണ്ടുപോകുന്ന മമ്മൂട്ടി കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഭാവവിനിമയത്തില്‍ ശരീരഭാഷയില്‍ ഇമയനക്കങ്ങളില്‍ സൂക്ഷ്മചലനങ്ങളില്‍ ഇരിപ്പിലും നടപ്പിലും കിടപ്പിലുമെല്ലാം കഥാപാത്രത്തിന്റെ ആന്തരികലോകത്തെ, മനോനിലയെ, അനുഭവപ്പെടുത്തിയ മമ്മൂട്ടി. മമ്മൂട്ടിയുടെ പ്രിയപ്പെട്ട പെര്‍ഫോര്‍മന്‍സില്‍ കൂനിയ ശരീരവും കുനിഞ്ഞ ശിരസുമായി സമ്പൂര്‍ണ വിധേയത്വം പ്രഖ്യാപിച്ച് പല കാലങ്ങളിലേക്ക് ആയാസപ്പെട്ട് നടക്കുന്ന മാടയ്ക്കുണ്ട് തലപ്പൊക്കം. മാടയെന്ന അടിമയെ,വിധേയനെ, അധസ്ഥിത മനുഷ്യനിലെ വികാരത്തെ, ദലിത് സ്വത്വത്തെ സൂക്ഷ്മാഭിനയം കൊണ്ട് അവിശ്വസനീയമാക്കിയ മമ്മൂട്ടി നമ്മുക്ക് മുന്നിലുണ്ട്.

----

വിധേയനിലെ ഭാസ്‌കര പട്ടേലര്‍, ഭാഷയിലും സ്വഭാവത്തിലും ശരീരത്തിലുമെല്ലാം ഈ പറഞ്ഞ മാടയുടെ എതിര്‍ധ്രുവത്തിലാണ് പട്ടേലര്‍. സക്കറിയയുടെ പട്ടേലറെ അടൂര്‍ ഗോപാലകൃഷ്ണന്‍ മമ്മൂട്ടിയിലൂടെ സ്‌ക്രീനിലെത്തിച്ചപ്പോള്‍ തുളുമലയാളത്തില്‍, ദുരധികാരത്തിന്റെ മൂര്‍ത്തതയായി മമ്മൂട്ടി തൊമ്മിക്ക് മുന്നില്‍ പ്രതിനായകനായി നിന്നു. അധികാര ശരീരത്തെ പട്ടേലറായും വിധേയത്വത്തെ മാടയിലൂടെയും ഒരേ വര്‍ഷം അവതരിപ്പിച്ച മമ്മൂട്ടിക്ക് 1994ല്‍ ഈ രണ്ട് പ്രകടനങ്ങളെയും പരിഗണിച്ച് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. അഭിനേതാവെന്ന നിലക്കുള്ള അപൂര്‍വത കൂടിയാണിത്.

----

സ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും കടലിരമ്പവുമായി ജീവിക്കുന്നൊരു അച്ചൂട്ടിയുണ്ട് അമരത്തില്‍. ഉള്‍വലിഞ്ഞുനില്‍ക്കുന്നൊരു കടല്‍ പോലൊരാള്‍. മകളോട് മാത്രമല്ല രാഘവനോടും കടലാഴത്തില്‍ സ്നേഹമുള്ള പച്ചമനുഷ്യന്‍. കടലോരഭാഷയിലെ കൃത്യതയിലൂടെ മാത്രമല്ല നടപ്പിലും നില്‍പ്പിലും വല നന്നാക്കലിലും വള്ളമൂുന്നലിലും, മണല്‍പ്പരപ്പിലെ കിടപ്പിലുമെല്ലാം അടിമുടി അച്ചൂട്ടിയാണ് മമ്മൂട്ടി. മകളെ നഷ്ടമായെന്ന കരുതുമ്പോഴും രാഘവനോട് ഇടയുമ്പോഴും പൊട്ടിത്തകരുന്നൊരു അച്ചൂട്ടിയുണ്ട്. പുറമേക്ക് തിരയടിച്ചെത്താതെ ഉള്‍വലിഞ്ഞുനില്‍ക്കുന്നൊരു സ്‌നേഹസാഗരം. പകര്‍ന്നാട്ടമെന്നത് അതിശയോക്തിയാകാത്തൊരു പെര്‍ഫോര്‍മന്‍സ്.

-----

സര്‍പ്പഭീതി ബോധത്തിലും അബോധത്തിലും പേറി ഇരുട്ടിനെ ഭയന്ന് സ്വയം നിര്‍മ്മിച്ച ഇരുട്ടിലേക്ക് ഒളിക്കുന്ന ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍. സമൂഹവും ആചാരപ്പഴമയും അബദ്ധവിശ്വാസങ്ങളും ഒന്നുചേര്‍ന്ന് ചങ്ങലക്കിടുന്ന തനിയാവര്‍ത്തനത്തിലെ ബാലന്‍ മാസ്റ്ററില്‍ നിന്ന് വിദ്യാധരനിലെത്തുമ്പോള്‍ ആന്തരിക സംഘര്‍ഷളിലൂടെയാണ് കഥാപാത്രമായി മമ്മൂട്ടി സഞ്ചരിച്ചത്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നുമാണ് വിദ്യാധരന്‍. നിയന്ത്രിതാഭിനയത്തിന്റെ മികച്ച കാഴ്ച കൂടിയാണ് വിദ്യാധരന്‍.

-------

ശബ്ദനിയന്ത്രണത്തിലൂടെയും, വൈകാരികതയുടെ ഭിന്നതലങ്ങളെ വോയ്‌സ് മോഡുലേഷനിലൂടെ പ്രതിഫലിപ്പിച്ചും മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ പലകുറി മുന്നേറിയിട്ടുണ്ട്. ന്യൂഡല്‍ഹിയുടെ ജികെ നിര്‍ണായക വേളകളിലെല്ലാം ശബ്ദമായി മാത്രമാണ് മമ്മൂട്ടിയുടെ പൗരുഷ നായകത്വമായി നിലനിന്നിരുന്നത്. അഭിനയത്തിന്റെ ആദ്യകാലത്ത് വൈകാരിക രംഗങ്ങളില്‍, കോടതി മുറികളില്‍, ശരീരം വിറച്ചുകൊണ്ട് ഉയര്‍ന്ന ശബ്ദത്തില്‍ പൊട്ടിച്ചിതറുന്ന മമ്മൂട്ടിയെ ആവര്‍ത്തിച്ചുകണ്ടിട്ടുണ്ട്. അവിടെ നിന്ന് സമ്പൂര്‍ണമായൊരു അണ്ടര്‍പ്ലേയില്‍, മിതത്വത്തിലെ അതിസൗന്ദര്യത്തിലേക്കാണ് മതിലുകളില്‍ മമ്മൂട്ടിയെ അടൂര്‍ ഉപയോഗിച്ചത്.

-----

ചരിത്രമില്ലാത്തവന്റെ ചരിത്രമെന്ന നിലക്കാണ് ഡാനിയന്‍ തോംസണിനെയും അയാളുടെ സാക്സഫോണിനെയും ടിവി ചന്ദ്രന്‍ വിവരിക്കുന്നത്. ജയമായും തോല്‍വിയായും ജീവിതത്തെ വിഭജിച്ച് കാണാത്ത, എവിടെയും നിസംഗതയോടെ നീങ്ങുന്നൊരു ഡാനി, മറ്റുള്ളവര്‍ക്ക് വൈരുദ്ധ്യവും, തോല്‍വിയും വിട്ടുവീഴ്ചയുമായി തോന്നാവുന്ന ജീവിതത്തിന് മുകള്‍ത്തട്ടിലിരുന്ന് അയാള്‍ ചരിത്രത്തെ വായിച്ചും വ്യാഖ്യാനിച്ചും സാക്സഫോണിലേക്ക് തന്നെ ചുരുക്കിയും സഞ്ചരിക്കുന്നു. മുന്നോട്ടാണോ പിന്നോട്ടാണോ എന്നത് പോലും ശങ്കയാകാതെയുള്ള സഞ്ചാരം. ടിവി ചന്ദ്രന്‍, പൊന്തന്‍മാടക്ക് മുകളില്‍ നില്‍ക്കുന്ന മമ്മൂട്ടി അഭിനയമെന്നാണ് ഡാനിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. പടിഞ്ഞാറന്‍ കൊച്ചിയുടെ ഭാഷാഭേദത്തിലേക്ക് ഡാനിയുടെ നിര്‍വികാരതയും നിസംഗതയും ആത്മനിന്ദയുമെല്ലാം സന്നിവേശിപ്പിക്കുകയായിരുന്നു മമ്മൂട്ടി. എവര്‍ഗ്രീന്‍ പെര്‍ഫോര്‍മന്‍സെന്നൊക്കെ പറയാവുന്ന മമ്മൂട്ടി അനുഭവവുമാണ് ഡാനി.

-------

ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയേട്ടന് മുമ്പേ പാലേരി മാണിക്യവും ഡാനിയും വിധേയനും കോട്ടയം കുഞ്ഞച്ചനും അമരവും കറുത്ത പക്ഷികളുമൊക്കെ മമ്മൂട്ടിയുട ഭാഷാവഴക്കത്തിനൊപ്പം ഭാവപ്പെരുമ തീര്‍ത്തവയാണ്. തൃശൂര്‍ വാമൊഴിയുടെ ചന്തം മാത്രമല്ല പ്രാഞ്ചിയെന്ന കാരിക്കേച്ചറിലേക്ക് അടിമുടി മമ്മൂട്ടിയെയാണ് പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റില്‍ കണ്ടത്. ആക്ഷേപഹാസ്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍ക്കകത്തേക്ക് പ്രതിഷ്ഠിച്ച ഈനാശു ഫ്രാന്‍സിസിനെ

അഭിനയസാമര്‍ത്ഥ്യത്താല്‍ മമ്മൂട്ടി ഗംഭീരമാക്കിയിരുന്നു. തൃശൂര്‍ സ്ലാംഗ് പറയുന്ന മമ്മൂട്ടിയെന്നല്ല, തദ്ദേശീയമായ മാനറിസങ്ങളെ ഉടലാകെ ഉള്‍പ്പേറുന്നൊരു കഥാപാത്രം കൂടിയാണ് പ്രാഞ്ചി.

----

ഈ എട്ടിനപ്പുറം അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ സക്കറിയയുണ്ട് വലിയ വായില്‍ പരാക്രമിയായി സ്വയം ആഘോഷിച്ച് നടക്കുന്ന കോട്ടയം കുഞ്ഞച്ചനിലെ കുഞ്ഞച്ചനുണ്ട്. കൗരവരിലെ ആന്റണിയുണ്ട്, ശ്രീധരന്റെ ഒന്നം തിരുമുറിവിലെ ശ്രീധരനുണ്ട്, ന്യൂഡല്‍ഹിയിലെ ജികെയുണ്ട്, ഏറ്റവുമൊടുവിലെത്തിയ ഉണ്ടയിലെ എസ് ഐ മണിയുണ്ട്. പോലീസ് ഓഫീസര്‍ക്ക് വേണ്ട ഫിറ്റ്നസില്ലാത്ത, പരിക്ഷീണനായ,അയഞ്ഞു പോയൊരു മനുഷ്യനാണ് ഉണ്ടയിലെ മണി. ശരീരഭാഷയിലും പെര്‍ഫോര്‍മന്‍സിലും മമ്മൂട്ടിയിലെ നടന്‍ സൃഷ്ടിക്കുന്ന പുതിയ താളവുമായിരുന്നു എസ് ഐ മണികണ്ഠന്‍. തന്നിലെ നടനെ പുതിയൊരു കഥാപാത്രത്തിനൊപ്പം നവീകരിച്ചെടുക്കുന്ന നടനെയാണ് ഉണ്ടയില്‍ കണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in