Makkal Selvan Vijay Sethupathi
സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് 2010 ൽ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. തേന്മെർക്ക് പരുവ കാട്രു നാളെ റിലീസാവുകയാണ്. വിജയ് സേതുപതിയെ സ്‌ക്രീനിൽ കാണാൻ സാധിക്കുന്നതിൽ അതീവ സന്തോഷത്തിലാണ്. എല്ലാവിധ ആശംസകളും വിജയ്, നീ തകർക്കൂ എന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. ആ പോസ്റ്റിന് താഴെ വന്ന കമന്റുകളിലൊന്ന് കാർത്തിക്കിനോടുള്ള ഒരു ചോദ്യമായിരുന്നു. ആരാണ് വിജയ് സേതുപതി. വിജയ് സേതുപതി ആരാണെന്ന് നിങ്ങൾ വൈകാതെ അറിയും എന്നായിരുന്നു കാർത്തിക്കിന്റെ ഉത്തരം. കമന്റും അതിനുള്ള മറുപടിയും ചർച്ചയാവുന്നതും വർഷങ്ങൾക്കിപ്പുറമാണ്. വൈകാരിക മുഹൂർത്തങ്ങൾ പ്രേക്ഷകരുടെ ഉള്ളുലച്ചും അഭിനയമെന്നോ ഒരു നടൻ നടത്തുന്ന മേക്ക് ഓവറെന്നോ തോന്നാത്തവിധം കഥാപാത്രങ്ങളിലേക്ക് അലിഞ്ഞ് ചേർന്ന് അതിശയിക്കും വിധം സ്വാഭാവിക പ്രകടനം കാഴ്ച വെക്കുന്ന നടനെ ഭാഷകൾക്കതീതമായി പ്രേക്ഷകർ ഏറ്റെടുത്തു. മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നൊരു മനുഷ്യനെന്ന നിലയക്ക് കൂടി അയാളെ ഏറ്റെടുത്തു. വിക്രമിലെയും മാസ്റ്ററിലെ നിഷ്ഠൂരനായ വില്ലനായിരുന്നിട്ട് കൂടി ആ സിനിമ പിന്നിടുമ്പോഴും ആ നടനോടുള്ള ഇഷ്ടം കൂടിയതേയുള്ളൂ. സിനിമക്ക് പുറത്ത് നാട്യങ്ങളോ കപടതകളോ സ്റ്റാർഡത്തിന്റേതായ കെട്ടിച്ചമക്കലുകളോ ഇല്ലാതെ അയാൾ മുന്നിലെത്തുന്നവരെയെല്ലാം നെഞ്ചോട് ചേർത്ത് പിടിച്ചു. കോളിവുഡിന് അയാൾ മക്കൾ സെൽവനായി. സൂപ്പർ ഹിറ്റുകളുടെയും നൂറ് കോടികളുടെയും എണ്ണപ്പെരുക്കമില്ലാതിരുന്നിട്ടും ഇന്ത്യൻ സിനിമയിലെ മികച്ച അഭിനേതാക്കളിലൊരാൾ എന്ന് കേട്ടാൽ ആദ്യമെത്തുന്ന പേരുകളിലൊരാളായി വിജയ് സേതുപതി.
സെയിൽസ്മാനായും ഫാസ്റ്റ് ഫുഡ് ഷോപ്പിലെ കാഷ്യറായും ഫോൺ ബൂത്ത് ഓപ്പറേറ്ററായും ജോലി ചെയ്തൊരു ഭൂതകാലം സേതുപതിക്കുണ്ട്. ബികോം പൂർത്തിയാക്കി അയാൽ അക്കൗണ്ടന്റ് ആയി ജോലി നോക്കാൻ ആരംഭിച്ചു. കുടുംബത്തിന്റെ ചുമതല തനിക്ക് ആയതിരുന്നതിനാൽ വിജയ് സേതുപതി മെച്ചപ്പെട്ട ജോലിക്കായി ദുബായിലേക്ക് തിരിച്ചു. പിന്നീട് ജീവിതപങ്കാളിയായി മാറിയെ ജെസിയെ കണ്ടുമുട്ടുന്നതും പ്രണയമാരംഭിക്കുന്നതും ദുബായ് കാലത്താണ്. അക്കൗണ്ടന്റ് ആയി ജോലി നോക്കുമ്പോഴും സേതുപതിയുടെ മനസ്സിൽ സിനിമയായിരുന്നു സ്വപ്നം. സിനിമയിലെത്തണമെന്നും സിനിമ നടനാകണമെന്നും ഉള്ള അയാളുടെ ആഗ്രഹം ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്താൻ സേതുപതിയെ പ്രേരിപ്പിച്ചു. 2009ൽ കലൈഞ്ജർ ടിവിയിൽ സംവിധായകർക്കായി ഒരുക്കിയ Nalaya Iyakunar എന്ന റിയാലിറ്റി ഷോയ്ക്കായി സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് ഒരുക്കിയ നിരവധി ഷോർട്ട് ഫിലിമുകളിൽ വിജയ് സേതുപതി മുഖം കാണിച്ചു. അതായിരുന്നു വിജയ് സേതുപതിയുടെ ആദ്യ കാൽവെപ്പ്. തുടക്കത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയും നായകന്റെ കൂട്ടുകാരനും ആയി ആയിരുന്നു സേതുപതിക്ക് സിനിമയിൽ അവസരം ലഭിച്ചത്. കാർത്തിയുടെ നാൻ മഹാൻ അല്ലൈ, ധനുഷിന്റെ പുതുപ്പേട്ട തുടങ്ങിയ സിനിമകളിൽ വിജയ് സേതുപതി മുഖം കാണിച്ചു.
ശശികുമാർ ചിത്രം സുന്ദരപാണ്ഡ്യനിലെ വില്ലൻ ജഗൻ സേതുപതിയിലെ നടനെ കൂടുതൽ തെളിച്ചത്തിലെത്തിച്ചു. ജഗനിലൂടെ തമിഴ് നാട് സർക്കാരിന്റെ മികച്ച വില്ലനുള്ള സ്റ്റേറ്റ് അവാർഡും വിജയ് സേതുപതിക്ക് ലഭിച്ചു. എന്നാൽ വിജയ്‌യിലെ നായകന് പ്രേക്ഷകസ്വീകാര്യത നേടിക്കൊടുത്തത് കാർത്തിക്ക് സുബ്ബരാജ് ചിത്രം പിസ്സ ആയിരുന്നു. naalaya iyakkunar ഇൽ നിന്നുള്ള വിജയ്യുമായുള്ള സൗഹൃദം തന്റെ ആദ്യ സിനിമയിൽ അയാളെ തന്നെ കാസ്റ്റ് ചെയ്യാൻ കാർത്തിക്കിനെ പ്രേരിപ്പിച്ചു. പിസ്സ ഒരു റെവല്യൂഷൻ ആയിരുന്നു. തമിഴ് സിനിമ അന്ന് വരെ കണ്ടു ശീലിച്ച സ്ഥിരം കോമഡി ഹൊറർ സിനിമകളിൽ നിന്ന് മാറി ആഖ്യാനത്തിലും മേക്കിങ്ങിലും പിസ്സ വ്യത്യസ്തത കൊണ്ടുവന്നു. ഒപ്പം വിജയ് സേതുപതിയെന്ന അഭിനേതാവും ശ്രദ്ധിക്കപ്പെട്ടു. നടുവില കൊഞ്ചം പക്കത്ത കാണോം, ഇടർക്കുതാനെ ആസൈപട്ടൈ ബാലകുമാരാ, സൂത് കാവ്വും, പന്നൈയാരും പദ്മിനിയും തുടങ്ങിയ സിനിമകളിലൂടെ വിജയ് സേതുപതി തമിഴ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടി. കോമഡി സ്വഭാവത്തിൽ അല്പം ലൗഡ് ആയ കഥാപാത്രങ്ങൾ ആയിരുന്നു അപ്പോൾ വിജയ്‌ക്കായി ലഭിച്ചിരുന്നത്. വിജയ് സേതുപതിയുടെ സംസാരവും കുമുദ ഹാപ്പി അണ്ണാച്ചി പോലുള്ള ഡയലോഗുകളും അന്ന് ട്രെൻഡ് ആയി മാറാൻ ആരംഭിച്ചു.
എന്നാൽ ഒരു സോളോ ഹീറോ എന്ന നിലയിൽ വിജയ് സേതുപതിയുടെ ഏറ്റവും വലിയ ഹിറ്റിന്റെ തുടക്കമായിരുന്നു വിഘ്‌നേശ് ശിവൻ ചിത്രം നാനും റൗഡി താൻ. ഇന്നും സേതുപതി ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന ചോദ്യത്തിന് പലരുടെയും ഉത്തരം നാനും റൗഡി താൻ എന്നായിരിക്കും. ഒരു ഡാർക്ക് കോമഡി വിഭാഗത്തിൽ റൊമാന്സും ആക്ഷനും പ്രതികാരവും ഉൾപ്പെടുത്തിയ കംപ്ലീറ്റ് എന്റെർറ്റൈനെർ ചിത്രം വലിയ ബ്ലോക്ക്ബ്സ്റ്റർ ആയി. അനിരുദ്ധിന്റെ പാട്ടുകളും നയന്താരയുമായുള്ള കെമിസ്ട്രിയും are u ok baby ഡയലോഗുമെല്ലാം ആ ഹിറ്റിനു ബലം കൂട്ടി. തുടർന്നുള്ള 2 വര്ഷം, 2017 വരെ വിജയ് സേതുപതിയുടെ വർഷമായിരുന്നു. നാനും റൗഡി താനിന് ശേഷമെത്തിയ ആണ്ടവൻ കട്ടളൈ, സേതുപതി, കാതലും കടന്ത് പോകും, ധർമദുരൈ, ഇരൈവി, കവചം, വിക്രം വേദ, തുടങ്ങി ഒരുപിടി വിജയ ചിത്രങ്ങൾ. വർഷത്തിൽ അഞ്ചും ആറും റിലീസുകൾ വിജയ് സേതുപതിക്ക് ഉണ്ടായി, എല്ലാം ബ്ലോക്കബ്സ്റ്ററുകൾ. തന്നെ ഒരു ഴോണറിൽ തളച്ചിടാൻ വിജയ് ശ്രമിച്ചിരുന്നില്ല എന്നത് തന്നെയാണ് ആ കാലഘട്ടത്തിൽ മികച്ച സിനിമകൾ അയാളെ തേടിയെത്താൻ കാരണവും. അടി കൊടുത്ത് മാസ്സ് കാണിക്കുന്ന നായകന്മാരെ നമ്മൾ തമിഴിൽ കണ്ടിട്ടുണ്ടാകും, എന്നാൽ അടി വാങ്ങി മാസ്സ് കാണിച്ച നടൻ അത് സേതുപതി ആകും. കാതലും കടന്ത് പോഗുമിൽ വില്ലന്മാരുടെ അടി വാങ്ങി സ്റ്റൈലായി കണ്ണാടിയും വച്ച് വിജയ് നടന്നു പോകുന്നൊരു രംഗമുണ്ട്. ഒരുപക്ഷെ വിജയ് സേതുപതിക്ക് മാത്രം ചെയ്യാൻ ആകുന്നതാകും അതെല്ലാം.
എല്ലാം പിന്നീടങ്ങോട്ട് അത്ര സുഖകരമായിരുന്നില്ല വിജയ് സേതുപതിക്ക്. തുടരെ പരാജയങ്ങളും മോശം സിനിമകളും, ക്ലിഷേ തമിഴ് കൊമേർഷ്യൽ നായക കഥാപാത്രങ്ങളും അയാളെ ഒന്ന് പിന്നോട്ടടിച്ചു. അപ്പോഴും, 96 ലെ റാമും, ചെക്കാ ചിവന്ത വാനത്തിലെ ഇൻസ്‌പെക്ടർ റസൂൽ ഇബ്രാഹിമും, സൂപ്പർ ഡീലക്സിലെ ശില്പയ്യും അയാളിലെ നടനെ നഷ്ടപ്പെട്ടില്ലെന്ന ബോധ്യത്തെ ഊട്ടിയുറപ്പിച്ചു. 96ലെ റാം നമ്മളിൽ പലരുടെയും പ്രതീകമാണ്. സ്കൂൾ പ്രണയം വളരെകാലം കാത്തുസൂക്ഷിച്ചു ജാനുവിന്റെ ഓർമകളിൽ കഴിയുന്ന റാം വിജയ്യുടെ നിഷ്കളങ്കമായ ഭാവങ്ങളാൽ നിറഞ്ഞതായിരുന്നു. സൂപ്പർഡിലെക്സിലെ ട്രാൻസ് വുമൺ ശില്പ ആരും അതുവരെ കൈവക്കാത്ത പ്രകടനത്തിന്റെ വിജയ് സേതുപതി ഭാവമായിരുന്നു. ശില്പ, സേതുപതിക്ക് അംഗീകാരങ്ങളും അഭിനന്ദനങ്ങളും വാരിക്കോരി നൽകി.
തമിഴ് പുതുനിരയിൽ കഴിഞ്ഞ പതിനഞ്ച് വർഷത്തിനകത്ത് ഉണ്ടായ മികച്ച നടനാണ് എന്ന ചോദ്യത്തിന് വിജയ് സേതുപതിയെന്ന് ഉത്തരം നൽകുന്നൊരു ഭൂരിപക്ഷമുണ്ടാകും. അതേ സമയം തന്നെ സെലക്ഷനിൽ ഏറ്റവും മോശമായി നീങ്ങുന്ന തമിഴിലെ താരമാര് എന്ന ചോദ്യത്തിനും ഇതേ പേര് തന്നെ ഉത്തരമാകുന്നതാണ് പിന്നീടുള്ള വർഷങ്ങൾ കണ്ടത്. വിജയ് സേതുപതി ചിത്രങ്ങൾ ഡിസ്ട്രിബ്യൂഷന് എടുക്കാൻ ആളില്ലാത്ത സാഹചര്യം വരെ ഇടക്കാലത്തുണ്ടായി. തമിഴിൽ തുടരെത്തുടരെ പരാജയങ്ങൾ ഉണ്ടായതും നായകനായി വന്ന സിനിമകളൊക്കെ ബോക്സ് ഓഫീസിൽ നിലംപൊത്തിയതും അയാളിലെ നടനെ ചിന്തിപ്പിച്ചിട്ടുണ്ടാകണം. പിനീട് പ്രേക്ഷകർ കണ്ടത് വിജയ് സേതുപതിയിലെ രൗദ്ര ഭാവമായിരുന്നു, അയാൾ ചുവടുമാറ്റി വില്ലനായി. മാസ്റ്ററിലെ ഭവാനിയും പേട്ടയിലെ ജിത്തു സിങ്ങും വിക്രത്തിലെ സന്ദനവും ഉപ്പെന്നയിലെ രായനവും വിജയയിലെ വില്ലനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. സ്ഥിരം നായകന്റെ ഇടികൊള്ളുന്ന വില്ലനപ്പുറം ശക്തമായ സ്വാധീനം അയാൾ കഥയിൽ ചെലുത്തി. അന്യ ഭാഷകളിൽ വിജയ് തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു. എന്നിരുന്നാലും മോശം സിനിമകൾ തമിഴിൽ അപ്പോഴും സേതുപതിക്ക് നിറയെ ഉണ്ടായിരുന്നു. അതിന് ഒരു അറുതി വരുത്തിയത് വെട്രിമാരന്റെ വിടുതലൈ ആയിരുന്നു. വാതിയാർ എന്ന മക്കൾ പടയുടെ തലവനായി ചെറിയ സ്ക്രീൻ ടൈമിലും സേതുപതി നിറഞ്ഞു നിന്നു.
തന്നെ സ്നേഹിക്കുന്നവർക്ക് അയാൾ മനസ്സറിഞ് ഒരു ചുംബനം നൽകാറുണ്ട്. ഒട്ടും ഏച്ചുകെട്ടലുകൾ ഇല്ലാതെ വളരെ നിഷ്‍കളങ്കനായി ചോദ്യങ്ങൾക്ക് തന്റെ ശൈലിയിൽ ഉത്തരം പറയുന്നൊരു വിജയ് സേതുപതിയുണ്ട്. ഇമേജിന്റെ കെട്ടുഭാരം ഇല്ലാതെ അമിതമായ ഡിപ്ലോമസി കാണിക്കാതെ അയാൾ അയാളായി തന്നെയാണ് പ്രേക്ഷകർക്കിടയിൽ ഇറങ്ങി ചെല്ലാറുള്ളത്. മക്കൾ സെൽവൻ എന്നാൽ പീപ്പിൾസ് ട്രഷർ എന്നാണ് അർഥം, അതെ അയാൾ ജനങ്ങളുടെ നായകനാണ്. ജോലിയില്ലാത്ത ഒരു ലക്ഷം പേർക് ജോലി ലാഭിക്കാൻ വിജയ് സേതുപതി കാരണമായിട്ടുണ്ട്. ഫിലിം എംപ്ലോയിസിന്റെ സംഘടനയായ fefsi യിലേക്ക് ഒരു കോടി രൂപ സഹായം നൽകിയതും വിജയ് സേതുപതിയെന്ന നല്ല മനുഷ്യന്റെ മനസ്സിന്റെ വലുപ്പമാണ്.
ഞാൻ ഇനി വില്ലൻ വേഷങ്ങളും ഗസ്റ്റ് റോളുകളും ചെയ്യുന്നില്ല..അവയോട് സ്ട്രിക്റ്റ് നോ പറയുകയാണ്. അത് ഞാൻ ഹീറോയായി വരുന്ന സിനിമകളെയും ബാധിക്കുകയാണ്. വിജയ് സേതുപതി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതാണിവ. തുടർച്ചയായുള്ള വില്ലൻ വേഷങ്ങളും മോശം സിനിമകളിലെ മോശം പ്രകടനങ്ങളും തന്നിലെ അഭിനേതാവിനെ ബാധിക്കുന്നുണ്ടെന്ന് തോന്നിയത് കൊണ്ടാകാം ഒരുപക്ഷെ വിജയ് സേതുപതിയുടെ ഈ പിന്മാറ്റം. ഇമേജ് ഭാരമില്ലാതെ നല്ല സിനിമകളിലൂടെയും ഓര്മിക്കപ്പെടുന്ന നല്ല കഥാപാത്രങ്ങളിലൂടെയും വിജയ് സേതുപതി പ്രേക്ഷകരെ ഇനിയും ഞെട്ടിക്കുമെന്നത് ഉറപ്പാണ്. വെറും കുറച്ച് പ്രകടനങ്ങൾ കൊണ്ട് എഴുതിത്തള്ളേണ്ടതല്ല വിജയ് സേതുപതിയിലെ നടനെ. രാം ആകാനും, ശിൽപയാകാനും, ഭവാനിയാകാനും, സന്താനമാകാനും അയാൾക്ക് നിമിഷ നേരം മതിയാകും. അതിന് കാരണം സിനിമയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ട്ടം തന്നെയാണ്.