'സെമിത്തേരിയോ വസ്ത്രമോ കണ്ടല്ല പാട്ടിനെ വിലയിരുത്തേണ്ടത്, സ്തുതി പറയുന്നത് പ്രണയത്തിനാണ് സാത്താനല്ല'; വിനായക് ശശികുമാർ

'സെമിത്തേരിയോ വസ്ത്രമോ കണ്ടല്ല പാട്ടിനെ വിലയിരുത്തേണ്ടത്, സ്തുതി പറയുന്നത് പ്രണയത്തിനാണ് സാത്താനല്ല'; വിനായക് ശശികുമാർ
Published on

ബോ​ഗയ്ൻ വില്ലയിലെ 'സ്തുതി' സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ​ഗാനത്തിലെ ജ്യോതിർമയിയുടെ കം ബാക്കിലൂടെ അവരുടെ സ്വാ​ഗും സ്റ്റൈലും ഇവിടെ ചർച്ചായാവുകയാണ്. ഇതിന് പിന്നാലെയാണ് 'സ്തുതി' ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തുന്നു എന്നും സാത്താൻ സേവയെ പ്രോത്സാഹിപ്പിക്കുന്നു എന്നും ആരോപിച്ച് സീറോ മലബാര്‍ സഭയുടെ അല്‍മായ ഫോറം രംഗത്തെത്തിയത്.​ ​ഗാനം സെൻസർ ചെയ്യണമെന്നും ചിത്രത്തിന് പ്രദർശനാനുമതി നിഷേധിക്കണമെന്നും വിശ്വാസി സമൂഹം ആരോപിച്ചിരുന്നു. എന്നാൽ 'സ്തുതി' സ്തുതിക്കുന്നത് സാത്താനെയല്ല പ്രണയത്തെയാണെന്നും, തെറ്റിദ്ധാരണയുടെ പുറത്ത് നടക്കുന്ന ചർച്ചകളാണ് ഇതെന്നും ​ഗാനരചയിതാവ് വിനായക് ശശികുമാർ വ്യക്തമാക്കുന്നു. ഒരു സെമിത്തേരി കണ്ടാലോ കോസ്റ്റ്യൂമിന്റെ തോളത്ത് ഒരു കൊമ്പ് കണ്ടാലോ അത് സാത്താനെ സ്തുതിക്കുകയാണെന്ന് വിധിക്കരുതെന്നും ഒരു പ്രണയ​ഗാനത്തെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുകായണ് സ്തുതിയിൽ ചെയ്തിരിക്കുന്നത് എന്നും വിനായക് ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.

ആരോപണങ്ങൾ തെറ്റിദ്ധാരണമൂലം

ഒരു തെറ്റിദ്ധാരണയാണ് ഇത്. ഒരു മുൻവിധി നടത്തുകയാണെല്ലോ നമ്മൾ ചെയ്യുന്നത്. സിനിമയുടെ പ്രമോ ആയി വന്ന ​ഗാനമാണ് സ്തുതി. സിനിമയുടെ ടീസറോ ട്രെയ്ലറോ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല, അതുകൊണ്ട് തന്നെ ഒരു ​ഗാനത്തിനെ പശ്ചാത്തലമാക്കി അതിനെ വിധിക്കുന്നതിനോട് യോജിക്കുന്നില്ല. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ തീർ‌ച്ചയായും ഒരു തെറ്റിദ്ധാരണയുടെ പുറത്താണ്. സ്തുതിയിൽ എന്തായാലും ഈ ഉന്നയിക്കപ്പെടുന്ന കാര്യങ്ങളൊന്നും തന്നെ ‍ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല.

പ്രണയമാണ് ഇവിടെ സ്തുതിക്കപ്പെടുന്നത്

ഒരു സെമിത്തേരി കണ്ടാലോ കോസ്റ്റ്യൂമിന്റെ തോളത്ത് ഒരു കൊമ്പ് കണ്ടാലോ എന്തിനാണ് ഈ സിനിമ അങ്ങനെയാണെന്നും ഈ സിനിമ ഇത്തരം കാര്യങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നും കരുതുന്നത്. ഇതൊരു കലയാണ്. പ്രണയത്തെക്കുറിച്ചുള്ള വരികളാണ് ഞാൻ ഈ പാട്ടിൽ‌ എഴുതിയിരിക്കുന്നത്. ഒരു സാധാരണ പ്രണയ ​ഗാനം എന്ന തരത്തിലല്ല ഞാൻ ഇതിനെ സമീപിച്ചിരിക്കുന്നത് എന്നത് മാത്രമാണ് വ്യത്യാസം. അതെന്തുകൊണ്ടാണെന്ന് സിനിമ കണ്ടാൽ മാത്രം മനസ്സിലാകുന്ന കാര്യമാണ്, കൂടുതൽ പറയുന്നത് സ്പോയിലർ ആകും. ഹോളി എന്ന വാക്ക് ദൈവത്തെ മാത്രം പ്രകീർത്തിക്കാനായി മാത്രമല്ലല്ലോ നമ്മൾ ഉപയോ​ഗിക്കാറ്. ജീവിതത്തിലെ പല മൂല്യങ്ങളെയും വിശുദ്ധമായി കണക്കാക്കുന്നവരില്ലേ? അതുപോലെ ഒരു ആശയം ഒരു കാര്യത്തോട് മാത്രം കൂട്ടിച്ചേർക്കണം എന്ന് വാശിപിടിക്കേണ്ടതില്ലല്ലോ? അതിന്റെ ആവശ്യമില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സിനിമ ഇറങ്ങിയതിന് ശേഷം വിലയിരുത്തുക, ഇപ്പോൾ ഈ സിനിമ ഇങ്ങനെയാണെന്ന് ഉറപ്പിച്ചത് പോലെയാണ് കാര്യങ്ങൾ പറയുന്നത്. ഈ മുൻവിധികൾ ഒക്കെ കേൾക്കുമ്പോൾ സത്യത്തിൽ ചിരിയാണ് വരുന്നത്.

സിനിമ കണ്ടതിന് ശേഷം പോരെ ഈ വിലയിരുത്തൽ..

ഇതെല്ലാം ആവശ്യമില്ലാത്ത കാര്യങ്ങളാണ്. നമ്മൾ ഒരു കോണ്ടന്റ് പുറത്തു വിടുമ്പോൾ അത് എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. സിനിമയുടെ സംവിധായകനും എഴുത്തുകാരനും ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നതിന് മുമ്പേ എങ്ങനെയാണ് സമൂഹത്തിന് ഒരു തീരുമാനത്തിൽ എത്താൻ സാധിക്കുന്നത്?. ആ സിനിമ മുഴുവൻ കണ്ടാൽ മാത്രമല്ലേ അതിലെന്താണുള്ളതെന്ന് നമുക്ക് മനസ്സിലാവൂ. ഇത്ര നേരത്തെ ഇതിൽ ഒരു തീരുമാനം എടുക്കുന്ന പ്രവണത ശരിയല്ലെന്നാണ് എന്റെ അഭിപ്രായം.

സാധാരണ പാട്ടല്ല സ്തുതി

​ഗാനത്തെക്കുെറിച്ച് പോസിറ്റീവ് പറയുന്നവരാണ് കൂടുതലും. ഇത്തരത്തിൽ ഒരു ആരോപണം വന്നത് കൊണ്ട് അത് തലക്കെട്ടായി മാറി എന്നത് മാത്രമാണ്. വളരെ മികച്ചൊരു നടിയാണ് ജ്യോതിർമയി. അവരുടെ ഒരു കം ബാക്ക് കൂടിയാണ് ഈ സിനിമ. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ , വീണ തുടങ്ങി നിവരവധി മികച്ച ആർട്ടിസ്റ്റുകളാണ് ഈ സിനിമയിൽ ഒത്തു ചേരുന്നത്. അമൽ നീരദിന്റെ വരത്തനും ഭീഷ്മ പർവ്വവുമൊക്കെ പ്രേക്ഷകർ വലിയ തരത്തിൽ ശ്രദ്ധിച്ച സിനിമകളാണ്. അദ്ദേഹത്തിന്റെ അടുത്ത സിനിമ എന്ന തരത്തിൽ ബോ​ഗയ്ൻ വില്ലയ്ക്കും ഏറെ പ്രതീക്ഷകളുണ്ട്. ഈ പാട്ട് എന്നത് ആവേശത്തിലെയോ ഭീഷ്മ പർവ്വത്തിലെയോ പോലെ ഇറങ്ങുന്ന ഉടനെ പോസ്റ്റീവ് അഭിപ്രായങ്ങൾ മാത്രമേ വരൂ എന്ന പ്രതീക്ഷയിൽ ചെയ്തതല്ല. സാധാരണ രീതിയിൽ ചെയ്ത ഒരു പാട്ടല്ല സ്തുതി. വരികൾ ശ്രദ്ധിച്ച് കേട്ടാൽ മാത്രമേ ഇതൊരു പ്രണയ ​ഗാനമാണ് എന്ന് പ്രേക്ഷകന് മനസ്സിലാവുകയുള്ളൂ. ഒരു പ്രണയ​ഗാനത്തിന്റെ അവതരണമല്ല ഈ ​ഗാനത്തിന്റേത്. സ്തുതിയിൽ സ്നേഹത്താൽ കൊന്ന് തരാനായി ചുണ്ടാകും തോക്കിൽ നിന്ന് ഉണ്ടയുതിർക്കാം എന്നാണ് എഴുതിയിരിക്കുന്നത്. നിനക്ക് ഞാൻ ഒരു ഉമ്മ തരാം എന്നാണ് അതിന്റെ ശരിക്കുമുള്ള അർത്ഥം. അത്തരത്തിൽ ഒരു പരീക്ഷണ ​ഗാനമാണ് ഇത്, ഈ പാട്ടിന് ഒരു മുൻകാല മാതൃകയുണ്ടായിരുന്നില്ല. അത്തരത്തിൽ ഒരു പുതിയ പ്രൊഡക്ട് നമ്മൾ പ്രേക്ഷകരിലേക്ക് കൊണ്ടു വരുമ്പോൾ ആ പുതുമ കൊണ്ട് തന്നെ കേൾവിക്കാരന് അത് ഇഷ്ടപ്പെടാൻ ഒന്നിലധികം തവണ തന്നെ കേൾക്കേണ്ടി വരും. അത് പ്രതീക്ഷിച്ച് തന്നെയാണ് ഇത് ചെയ്തത്. പക്ഷേ ​ഗാനം പുറത്തു വന്നപ്പോൾ തന്നെ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. ഒന്നിലധികം തവണ കേട്ടതിന് ശേഷം പോസ്റ്റീവ് റെസ്പോൺസ് പറഞ്ഞവരും ആ കൂട്ടത്തിലുണ്ട്. അതിൽ സന്തോഷമുണ്ട്.

ഈ പാട്ടിനെക്കുറിച്ചുള്ള ആദ്യത്തെ നിർദ്ദേശം ?

നിർദ്ദേശം തരിക എന്നതിന് അപ്പുറത്തേക്ക് ഞങ്ങൾ മൂന്ന് പേർ ചേർന്ന് ചർച്ച ചെയ്യുകയായിരുന്നു കൂടുതലും. ശരിക്കും ഇവിടെ എന്ത് പാട്ട് വേണം എന്നതിനെക്കുറിച്ച് ഒരു ഐഡിയയും ആദ്യമുണ്ടായിരുന്നില്ല. ഒരു പ്രമോ ​ഗാനം വേണം അത് കൊമേഷ്യൽ ആയിരിക്കണം സിനിമയുടെ തീമുമായി ബന്ധമുണ്ടായിരിക്കണം, അതിനപ്പുറത്തേക്ക് എന്ത് തരം പാട്ടാണ് വേണ്ടതെന്ന് തീരുമാനിച്ചിരുന്നില്ല, ‍കുറേയധികം ചർച്ചകൾക്ക് ശേഷമാണ് സുഷിൻ കമ്പോസ് ചെയ്യാൻ തുടങ്ങിയത് പോലും. അങ്ങനെയാണ് ഈ ട്യൂണിലേക്ക് വരുന്നതും പിന്നീട് ഇങ്ങനെയൊരു ലിറിക്സ് എഴുതാം എന്ന തീരുമാനത്തിലേക്ക് ഞാൻ എത്തുന്നതും.

ഒരു കൺസിസ്റ്റൻ‌സി നിലനിർത്തുന്ന എഴുത്തുകാരനാണ് താങ്കൾ വിനായക്, പാട്ടിൽ സ്വന്തമായ തെരഞ്ഞടുപ്പുകൾ ഉണ്ടോ?

വളരെ കുറവാണ്. അത്തരം തെരഞ്ഞെടുപ്പുകൾ നടത്താൻ ശ്രമിക്കാറുണ്ട് പക്ഷേ എൺപത് ശതമാനത്തോളം വരുന്ന വർക്കുകൾ ചെയ്യുന്നുമുണ്ട്. ഇരുപത് ശതമാനം മാത്രമാണ് ഞാൻ അതിൽ ഒഴിവാക്കുന്നത്. പിന്നെയുള്ളത് കൃത്യമായ സിനിമകളാണ് എന്നിലേക്ക് എത്തിച്ചേരുന്നത് എന്നതാണ്. അതൊരു ഭാ​ഗ്യമാണ്. എല്ലാ സിനിമകളും പാട്ടുകളും എപ്പോഴും കോമേഷ്യൽ ആകണം എന്ന് നിർബന്ധമില്ല, ശ്രദ്ധേയമായ സിനിമകളിൽ വർക്ക് ചെയ്യാൻ സാധിക്കുക എന്നത് ഭാ​ഗ്യമാണ്, അതിൽ കൂടുതലും എന്റെ തെരഞ്ഞെടുപ്പ് എന്നതിന് അപ്പുറത്തേക്ക് എന്നിലേക്ക് വന്ന് ചേരുന്നതാണ്. ശ്രദ്ധിക്കപ്പെടണം എന്ന പേരിൽ സ്വയമായി മറ്റ് ശ്രമങ്ങളൊന്നും ഞാൻ നടത്തുന്നില്ല, എന്റെ വർക്കിലൂടെയാണ് ഞാൻ അറിയപ്പെടുന്നത്.

ഹിറ്റ് പാട്ടുകൾക്ക് ഒരു ഫോർമുലയുണ്ടോ?

ഇപ്പോൾ ഒരു ഫോർമുലയുണ്ട്. ഷോർട്സിന്റെയും റീൽസിന്റെയും കാലത്തിൽ ആയതുകൊണ്ട് തന്നെ ഒരു മൂന്ന് മിനിറ്റ് പാട്ടിന്റെ ഏറ്റവും അട്രാക്റ്റീവ് ആയിട്ടുള്ള ഒരു മുപ്പത് സെക്കന്റ് എന്ന തരത്തിൽ അതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ട്. ആളുകൾ പലപ്പോഴും ഈ പാട്ട് ആദ്യമായി കേൾക്കുന്നത് ഒരു ഷോർട്ട്സിലോ ഒരു റീലിലോ ആയിരിക്കും. ആ മുപ്പത് സെക്കന്റ് കേട്ടാൽ മാത്രമേ മൂന്ന് മിനിറ്റുള്ള ഈ ​ഗാനം ആളുകൾ തെരഞ്ഞ് പിടിച്ച് കേൾക്കുകയുള്ളൂ. അത്രത്തോളം കോണ്ടന്റുകൾ ഇപ്പോൾ വരുന്നുണ്ട്. അതൊരു കോമ്പറ്റീഷനാണ്. പാട്ട് സെർച്ച് ചെയ്ത കേൾക്കുന്ന കാലത്തിന് അപ്പുറത്തേക്ക്, പാട്ട് റീൽസിലൂടെ കേട്ട് ഇഷ്ടപ്പെട്ട് ആ പാട്ട് ഏതാണെന്ന് അന്വേഷിക്കുന്ന ഒരു കാലത്താണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത്. ഒരു സിനിമയുടെ രണ്ട് മിനിറ്റ് ട്രെയ്ലർ എന്നത് പോലെ ഒരു പാട്ടിന്റെ ട്രെയ്ലർ ആയാണ് ആ മുപ്പത് സെക്കന്റിനെ പരി​ഗണിക്കുന്നത്. ആ മുപ്പത് സെക്കന്റ് കേൾക്കുന്നവനെ സ്വാധീനിക്കണം എന്ന ധാരണയിലാണ് ഈ ഹുക്ക് ലൈനുകൾ ഇപ്പോൾ പ്രസക്തമായിക്കൊണ്ടിരിക്കുന്നത്. എല്ലാ ഭാഷയിലും ഇത് കാണാൻ സാധിക്കും. ഈ ഹുക്ക് ലൈൻ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളി നിറഞ്ഞ കാര്യം തന്നെയാണ്. കോമേഷ്യൽ പാട്ടുകളിൽ പ്രത്യേകിച്ചും.. ഒരു സിനിമയിലെ എല്ലാ പാട്ടുകളിലും നമ്മൾ ഇത് ചെയ്യേണ്ടി വരില്ല. പ്രമോഷണൽ രീതിയിൽ സമീപിക്കുന്ന പാട്ടുകൾക്ക് മാത്രം ഇത് മതിയാകും. ബാക്കിയുള്ള ​ഗാനങ്ങൾ സ്വാഭാവികമായ രീതിൽ തന്നെയാണ് എഴുതുന്നത്.

സോഷ്യൽ മീഡിയ ട്രെന്റുകൾ എഴുത്തിനെ സ്വാധീനിക്കാറുണ്ടോ?

പ്രത്യക്ഷമായല്ലെങ്കിലും പരോക്ഷമായി അത് എഴുത്തിനെ സ്വാധീനിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ നടക്കുന്ന കാര്യങ്ങളെ നമ്മൾ ഓർത്തു വയ്ക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടല്ലോ? അതെല്ലാം അതേപടി പകർത്താൻ ഉദ്ദേശിക്കുന്നില്ല എങ്കിലും അനുയോജ്യമായ ഒരു സന്ദർഭത്തിൽ അത് യോജിക്കുന്നു എന്ന് തോന്നിയാൽ ഉൾപ്പെടുത്താറുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in