'സെങ്കണി എന്നില്‍ നിന്ന് വിട്ടുപോയിട്ടില്ല, ചില സീനുകള്‍ ആലോചിക്കുമ്പോള്‍ ഇപ്പോഴും കണ്ണ് നിറയും': ലിജോ മോള്‍ അഭിമുഖം

'സെങ്കണി എന്നില്‍ നിന്ന് വിട്ടുപോയിട്ടില്ല, ചില സീനുകള്‍ ആലോചിക്കുമ്പോള്‍ ഇപ്പോഴും കണ്ണ് നിറയും': ലിജോ മോള്‍ അഭിമുഖം
Published on

സൂര്യ കേന്ദ്രകഥാപാത്രമായ ജയ് ഭീം എന്ന ചിത്രത്തിന് റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തില്‍ നടി ലിജോ മോള്‍ ജോസ് അവതരിപ്പിച്ച സെങ്കെനി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിച്ചത്. ഒന്നരമാസത്തോളം ഇരുള സമുദായത്തിനൊപ്പം താമസിക്കുകയും അവരുടെ ജീവിത രീതികള്‍ പഠിക്കുകയും ചെയ്താണ് ലിജോമോള്‍ സെങ്കണിയായി സ്‌ക്രീനിലെത്തിയത്. സെങ്കണിയായുള്ള യാത്ര അവസാനിച്ചിട്ടും ആ കഥാപാത്രം തന്നില്‍ നിന്നും ഇതുവരെ വിട്ടുപോയിട്ടില്ലെന്ന് ലിജോമോള്‍ ദ ക്യുവിനോട് പറഞ്ഞു.

ഇപ്പോഴും സെങ്കണി എന്ന കഥാപാത്രത്തില്‍ നിന്ന് പൂര്‍ണ്ണമായി പുറത്തുവരാന്‍ സാധിച്ചിട്ടില്ല. സിനിമയിലെ ചില സീനുകള്‍ ഇപ്പോള്‍ ആലോചിച്ചാല്‍ ഇപ്പോഴും കണ്ണ് നിറയുമെന്നും ലിജോമോള്‍ പറയുന്നു.

സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷം

സിനിമ എന്തായാലും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് അറിയാമായിരുന്നു. പക്ഷെ പ്രതീക്ഷക്കെല്ലാം അപ്പുറത്തേക്കുള്ള പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. അതില്‍ ഒരുപാട് സന്തോഷമുണ്ട്.

ഇരുളര്‍ക്കൊപ്പം താമസിച്ചത് ഒന്നരമാസം

സിനിമ കമ്മിറ്റ് ചെയ്ത സമയത്ത് തന്നെ ജ്ഞാനവേല്‍ സാര്‍ ട്രെയിനിങ്ങ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. കാരണം ഇരുള സമുദായത്തെ കുറിച്ച് എനിക്കോ മണികണ്ഠനോ കാര്യമായ അറിവില്ലായിരുന്നു. അപ്പോ അവരെ കുറിച്ചുള്ള സിനിമ ചെയ്യുമ്പോള്‍ അതേ പറ്റി അറിയാതിരിക്കരുത് എന്ന കാരണം കൊണ്ടാണ് ട്രെയിനിങ്ങിന് വിട്ടത്. ഏകദേശം ഒന്നരമാസത്തോളമാണ് ഇരുള സമുദായത്തിലെ ആളുകള്‍ക്കൊപ്പം ഞങ്ങള്‍ താമസിച്ചത്. ഞങ്ങള്‍ക്ക് അവരെയും അവര്‍ക്ക് ഞങ്ങളെയും അറിഞ്ഞ് വരാനുള്ള ഒരു സമയമായിരുന്നു അത്. കാരണം അവര്‍ പുറത്തുനിന്നുള്ള ആളുകളുമായി പെട്ടന്ന് അടുക്കുന്നവരല്ല. പുറത്തുനിന്നുള്ളവര്‍ അവരോട് പെരുമാറുന്ന രീതിയാണ് അതിന് കാരണം. അതുകൊണ്ട് തന്നെ അവര്‍ നമ്മുടെ അടുത്ത് സംസാരിച്ച് വരാന്‍ തന്നെ കുറച്ച് സമയം എടുത്തു. എന്റെ അടുത്ത് പ്രത്യേകിച്ചും. കാരണം എനിക്ക് തമിഴ് ശരിക്കും അറിയില്ലായിരുന്നു. ഞാന്‍ പറയുന്നത് അവര്‍ക്കും അവര്‍ പറയുന്നത് എനിക്കും മനസിലാവില്ലായിരുന്നു. പിന്നെ എന്റെ കോ ആക്ടര്‍ ആയിരുന്ന മണികണ്ഠനാണ് ആ സമയത്ത് സഹായിച്ചത്. ഒരു രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ തന്നെ അവരും ഞങ്ങളും തമ്മില്‍ അടുപ്പം വന്ന് കഴിഞ്ഞിരുന്നു.

ഞങ്ങളെ ഒരിക്കലും സ്വന്തം പേര് വിളിക്കരുതെന്ന് അവരോട് പറഞ്ഞിരുന്നു. സെങ്കണി എന്ന് തന്നെയാണ് അവര്‍ എന്നെ വിളിച്ചിരുന്നത്. പിന്നെ മണികണ്ഠനെ ആദ്യം തൊട്ടെ ഞാന്‍ മാമാ എന്നാണ് വിളിച്ചിരുന്നത്. മണികണ്ഠന്‍ തിരിച്ച് എന്നെ സെങ്കെനി എന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ട് ഷൂട്ടിന് മുന്‍പുള്ള ഒന്നരമാസം തൊട്ടെ ഞങ്ങള്‍ ആ കഥാപാത്രങ്ങളായി തന്നെയാണ് ജീവിച്ചിരുന്നത്.

സാരിയുടുത്ത് കാട്ടില്‍ വേട്ടയ്ക്ക് പോയി

ഇരുള സമുദായക്കാര്‍ വേട്ടക്ക് പോകുന്നവരാണ്. അതുകൊണ്ട് അവര്‍ക്കൊപ്പം ഞങ്ങളും വേട്ടക്ക് പോയിരുന്നു. ഇന്ന് രാത്രി തുടങ്ങുന്ന വേട്ട പിറ്റേ ദിവസം രാവിലെ വരെ നീളുന്നതായിരിക്കും. അതുവരെ നമ്മള്‍ കാട്ടിലൂടെ നടന്ന് വേട്ടയാടും. വേട്ടയില്‍ എന്താണോ ഇരുള സ്ത്രീകളുടെ ജോലികള്‍ അത് ഞാന്‍ ചെയ്യണം. ആദ്യത്തെ ഒന്ന് രണ്ട് പ്രാവശ്യം മാത്രമെ മാറി നില്‍ക്കാന്‍ സമ്മതിച്ചിരുന്നുള്ളു. പിന്നെ എല്ലാം അവരെന്താണോ ചെയ്യുന്നത് അത് തന്നെ ഞാനും ചെയ്യുകയായിരുന്നു. സിനിമയില്‍ ഇല്ലാത്ത പല കാര്യങ്ങളും ഞങ്ങളെ കൊണ്ട് ട്രെയിനിങ്ങ് സമയത്ത് ചെയ്യിപ്പിച്ചിരുന്നു. വയലില്‍ ഞാറ് നടുകയും, ചെങ്കല്‍ ചൂളയില്‍ പണിയെടുക്കുന്നതും എല്ലാം ട്രെയിനിങ്ങിന്റെ ഭാഗമായിരുന്നു.

അവിടുത്തെ സ്ത്രീകള്‍ ദിവസേന സാരി ഉടുക്കുന്നവരാണ്. എല്ലാ ജോലികളും സാരി ഉടുത്തുകൊണ്ട് അനായാസം ചെയ്യും. പക്ഷെ ഞാന്‍ വല്ലപ്പോഴും മാത്രമാണ് സാരി ഉടുക്കാറ്. പുതുതായി സാരി ഉടുത്ത് നടക്കുകയാണ് എന്ന തോന്നാതിരിക്കാന്‍ ട്രെയിനിങ്ങ് സമയത്തും ഞാന്‍ സാരി തന്നെയാണ് ഉടുത്തിരുന്നത്. പിന്നെ അവര്‍ ചെരുപ്പിടില്ല. വേട്ടക്ക് പോകുമ്പോഴും എല്ലാം ചെരിപ്പിടാതെയാണ് പോകുന്നത്. അതുകൊണ്ട് ഞങ്ങളും ചെരുപ്പിട്ടിരുന്നില്ല. അല്ലെങ്കില്‍ ഷൂട്ടിന്റെ സമയത്ത് പെട്ടന്ന് ചെരുപ്പിടാതെ ഷോട്ട് ചെയ്യേണ്ടി വന്നാല്‍ അതിന്റെ വ്യത്യാസം അറിയുമല്ലോ. അതിന് പുറമെ തമിഴ് പഠിക്കാന്‍ ഒരുപാട് പുസ്തകങ്ങളും എനിക്ക് തന്നിരുന്നു. സിനിമയില്‍ ഇരുള സമുദായം അനുഭവിച്ച ഒന്ന് രണ്ട് പ്രശ്‌നങ്ങള്‍ മാത്രമാണ് പറഞ്ഞ് പോകുന്നത്. അതല്ലാതെ ഒരുപാട് കാര്യങ്ങളുണ്ട്. അതേ കുറിച്ചെല്ലാം ട്രെയിനിങ്ങ് സമയത്ത് ഞാന്‍ വായിച്ചിരുന്നു. എന്നോട് ചിന്തിക്കുന്നത് പോലും തമിഴിലായിരിക്കണം എന്നാണ് ജ്ഞാനവേല്‍ സര്‍ പറഞ്ഞിരുന്നത്. അങ്ങനെ ഒരു ഒന്നര മാസം കഴിഞ്ഞപ്പോള്‍ തനിയെ ഒരു മാറ്റം എന്നില്‍ തന്നെ വന്നതാണ്. ഈ ട്രെയിനിങ്ങ് കൊണ്ട് തന്നെയാണ് സെങ്കണി എന്ന കഥാപാത്രത്തെ പൂര്‍ണ്ണമാക്കാന്‍ എന്നെ സഹായിച്ചത്.

ഇരുളര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ ഇടപെടല്‍ സിനിമയുടെ വിജയം

ജയ് ഭീം കൊണ്ട് ഇരുള സമുദായത്തെ കുറിച്ച് എല്ലാവരും അറിയുകയും അവര്‍ക്ക് അര്‍ഹതപ്പെട്ട രീതിയില്‍ സര്‍ക്കാര്‍ സഹായിക്കുകയും ചെയ്തു. അത് തന്നെയാണ് ഈ സിനിമയുടെ വിജയവും. ഈ സിനിമ ചിത്രീകരിക്കുന്ന സമയത്തും ട്രെയിനിങ്ങ് സമയത്തുമെല്ലാം അവര്‍ നമ്മളോട് അവര്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് എപ്പോഴും വിഷമിച്ച് സംസാരിച്ചിരുന്നു. ഇരുളരായി അഭിനയിക്കാന്‍ നിങ്ങള്‍ക്ക് നാണക്കേട് തോന്നുന്നില്ലെ എന്ന് അവര്‍ ഒരു ഘട്ടത്തില്‍ ഞങ്ങളോട് ചോദിച്ചിട്ടുണ്ട്. കാരണം സമൂഹം അവരോട് പെരുമാറിയ രീതി വെച്ച് അവര്‍ എന്തോ തരംതാണവരാണ് എന്ന തോന്നല്‍ അവര്‍ക്ക് തന്നെയുണ്ട്. ഈ സിനിമയിലൂടെ സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ സാധിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം എന്നാണ് അന്ന് ഞങ്ങളെല്ലാവരും അവരോട് പറഞ്ഞത്. അതിന് ശേഷം അവര്‍ക്ക് വലിയ സന്തോഷമായിരുന്നു. ജയ് ഭീം ഏറ്റവും നന്നായി ചിത്രീകരിച്ച് പുറത്ത് വരണമെന്ന് ഇരുള സമുദായത്തിലുള്ളവര്‍ക്കായിരുന്നു ആഗ്രഹം. കാരണം ഇങ്ങനെയും ഒരു വിഭാഗം മനുഷ്യര്‍ ഭൂമിയില്‍ ജീവിക്കുന്നുണ്ടെന്ന് പുറം ലോകം അറിയണമെന്നത് അവരുടെ ആഗ്രഹമായിരുന്നു. എന്തായാലും ഞങ്ങളെല്ലാം പ്രതീക്ഷിച്ചതിന് അപ്പുറത്തേക്ക് സിനിമ കൊണ്ട് മാറ്റം സംഭവിച്ചു എന്നതില്‍ വലിയ സന്തോഷമുണ്ട്. ഇനിയും സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവണം. ഈ സിനിമ കൊണ്ട് കുറച്ച് പേര്‍ക്കെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടായിട്ടുണ്ട് എന്നതും വലിയ കാര്യമാണ്.

ജ്ഞാനവേല്‍ എന്ന സംവിധായകന്‍

ജയ് ഭീം എന്ന സിനിമ എങ്ങനെയായിരിക്കണമെന്ന് ജ്ഞാനവേല്‍ സാറിന് ആദ്യം തന്നെ വളരെ വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നു. ഇപ്പോ സൂര്യ സാര്‍ സിനിമയുടെ ഭാഗമായതുകൊണ്ട് ഒരു ഹീറോയിസം കാണിക്കുന്ന രീതിയിലുള്ള ഡയലോഗോ ഒന്നും സിനിമയില്‍ ഉണ്ടായിരുന്നില്ല. ആദ്യം തന്നെ സിനിമ ഒരു സോഷ്യല്‍ കോസിന് വേണ്ടിയാണ് സിനിമ എടുക്കുന്നതെന്നും എക്‌സ്പിരിമെന്റാണെന്നും സര്‍ പറഞ്ഞിരുന്നു. അതുപോലെ സെങ്കണി എന്ന കഥാപാത്രം അതികം അറിയാത്ത ഒരു താരം ചെയ്യണമെന്നായിരുന്നു സാറിന്. ഒരു പ്രധാനപ്പെട്ട താരത്തെ കാസ്റ്റ് ചെയ്താല്‍ പ്രേക്ഷകര്‍ സെങ്കണിക്ക് പകരം ആ താരത്തെയായിരിക്കും കാണുക എന്നാണ് സര്‍ പറഞ്ഞത്. അതുകൊണ്ടാണ് എന്നെ പോലെ അധികം സിനിമകള്‍ ചെയ്യാത്ത ഒരു താരത്തെ ആ കഥാപാത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തത്. സിനിമ പുറത്തിറങ്ങിയതിന് ശേഷം കമല്‍ ഹാസന്‍ സര്‍ പറഞ്ഞത് 'സൂര്യയെയും പ്രകാശ് രാജിനെയും കാണുമ്പോള്‍ മാത്രമാണ് ജയ് ഭീം ഒരു സിനിമയാണെന്ന് തോന്നിയത്' എന്നാണ്.

സിനിമയില്‍ എന്റെയും മണികണ്ഠന്റെയും ജീവിതം കാണിക്കുന്ന പാട്ട് സീനുണ്ട്. അത് ഷൂട്ട് ചെയ്യുന്നതിന് മുമ്പ് സര്‍ ഞങ്ങള്‍ക്ക് സിനിമയില്‍ ഇല്ലാത്ത ബാക്ക് സ്റ്റോറി പറഞ്ഞു തന്നിരുന്നു. എങ്ങനെയായിരിക്കും അവര്‍ രണ്ട് പേരും കണ്ട് മുട്ടിയത്, അവരുടെ പ്രണയത്തെ കുറിച്ചെല്ലാം. ഏത് സീന്‍ ചെയ്യുമ്പോള്‍ സര്‍ അങ്ങനെ പറഞ്ഞു തരുമായിരുന്നു. അതിന് ശേഷം നിനക്ക് ഈ സീനിന്റെ പ്രാധാന്യം അറിയാം. ഇനി നിനക്ക് അഭിനയിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം തരുന്നു എന്നാണ്. പിന്നെ ലോക്ക്ഡൗണ്‍ സമയത്ത് ഷെഡ്യൂള്‍ ബ്രേക്കായി വീട്ടിലേക്ക് പോകേണ്ടി വന്നിരുന്നു. ആ സമയത്തും സര്‍ എന്നെ വിളിക്കുമായിരുന്നു. നീ ഇപ്പോ ലിജോ ആയാണ് വീട്ടിലിരിക്കുന്നത്. പക്ഷെ അത് അങ്ങനെ ആവരുത്. നീ എപ്പോഴും സെങ്കണിയെ പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് സര്‍ പറയുമായിരുന്നു.

ചന്ദ്രുവായി സൂര്യ സാര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം

സിനിമ കമ്മിറ്റ് ചെയ്യുന്ന സമയത്ത് സൂര്യ സാറിന്റെ പ്രൊഡക്ഷനാണ് എന്ന് മാത്രമെ എനിക്ക് അറിയാമായിരുന്നുള്ളു. പിന്നീടാണ് ജ്ഞാനവേല്‍ സര്‍ എന്നെ വിളിച്ച് ചന്ദ്രു എന്ന കഥാപാത്രം സൂര്യയാണെന്ന് പറയുന്നത്. സൂര്യ എന്ന ഫാക്ടര്‍ കൊണ്ട് ഞാന്‍ പടം കമ്മിറ്റ് ചെയ്യരുത് എന്നുള്ളത് കൊണ്ടാണ് എന്നോട് സര്‍ ആദ്യം അക്കാര്യം പറയാതിരുന്നത്. പിന്നെ സൂര്യ സാര്‍ സിനിമയിലുണ്ട് എന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. പിന്നെ പണ്ടുതൊട്ടെ ഞാന്‍ ഒരു സൂര്യ ഫാന്‍ ആയിരുന്നു. വാരണമായിരം എല്ലാം കണ്ടത് മുതല്‍ സാറിനെ വലിയ ഇഷ്ടമാണ്. ഞാനും സാറും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ തുടങ്ങുന്ന സമയത്താണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന് എനിക്ക് സാറിനോട് ഒന്നും സംസാരിക്കാന്‍ പറ്റിയില്ല. പിന്നെ ഷൂട്ടിങ്ങ് സമയത്ത് ഞാന്‍ ഒരുപാട് ടേക്ക് പോകാതിരിക്കാന്‍ വേണ്ടിയൊക്കെ ശ്രദ്ധിച്ചിരുന്നു. പിന്നെ സര്‍ പെര്‍ഫോം ചെയ്യുന്നത് കാണാന്‍ നല്ല രസമാണ്. ഒരു സീന്‍ ചെയ്യുന്നതിന് മുമ്പ് എന്താണ് അതിന് മുന്നെ ഉള്ള സീനെന്നും അതിന് ശേഷമുള്ള സീനെന്നും സര്‍ ചോദിക്കും. എന്നിട്ട് പല രീതിയില്‍ ഒരു ഡയലോഗ് പറഞ്ഞിട്ട് ഏതാണ് നല്ലതെന്ന് ചോദിക്കും. ഇത്ര വര്‍ഷമായിട്ടും സംവിധായകനോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചിട്ട് തന്നെയാണ് സര്‍ അഭിനയിക്കുന്നത്. ഡബ്ബിങ്ങ് സമയത്തും അങ്ങനെ തന്നെയായിരുന്നു. അതെനിക്ക് വലിയൊരു അനുഭവമായിരുന്നു. അതിന് മുമ്പ് ഇങ്ങനെയും അഭിനയിക്കാമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല.

ഡബ്ബിങ്ങ് പൂര്‍ത്തിയാക്കിയപ്പോഴാണ് എനിക്ക് ആത്മവിശ്വാസം കൈവന്നത്

'മഹേഷിന്റെ പ്രതികാരത്തിലേക്ക് ഞാന്‍ വരുന്നത് അഭിനയത്തെ കുറിച്ച് ഒരു അറിവും ഇല്ലാതെയാണ്. തമാശക്ക് ഫോട്ടോ അയച്ച് ഓഡീഷന് വിളിച്ചതാണ്. അങ്ങനെയാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. പിന്നെ ഓരോ സിനിമ കഴിയുംതോറും എന്നെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എന്താണ് എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുക എന്നത് ഓരോ സിനിമയുടെ സമയത്താണ് എനിക്ക് തിരിച്ചറിവ് ഉണ്ടാവുന്നത്. ഞാന്‍ ജയ് ഭീം ചെയ്യുന്നത് വരെ എന്നെ കൊണ്ട് ഇത്രയൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ട്രെയിനിങ്ങിന്റെ സമയത്തും സെങ്കണി എന്ന കഥാപാത്രത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമില്ലായിരുന്നു. പിന്നെ ഡബ്ബിങ്ങിന്റെ സമയത്താണ് ഞാന്‍ ചെയ്ത കാര്യത്തില്‍ എനിക്കൊരു ആത്മവിശ്വാസം തോന്നിയത്. ഈ ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ശേഷമാണ് എന്നെ കൊണ്ട് ഇത്രയൊക്കെ അഭിനയിക്കാന്‍ കഴിയുമെന്ന് മനസിലായത്.

ഇപ്പോഴും സെങ്കണിയില്‍ നിന്ന് പുറത്തുവന്നിട്ടില്ല

ഞാന്‍ ഇപ്പോഴും സെങ്കണി എന്ന കഥാപാത്രത്തില്‍ നിന്ന് പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ല. സിനിമയിലെ ചില സീനുകള്‍ ഇപ്പോള്‍ ആലോചിച്ചാലും എന്റെ കണ്ണ് നിറയും. ട്രെയിനിങ്ങ് സമയത്ത് എനിക്ക് ഈ കഥാപാത്രത്തോട് പൂര്‍ണ്ണമായി നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. ഇതെല്ലാം യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യങ്ങളാണ് എന്നതിനാല്‍ എനിക്ക് പറ്റുന്നതിലും അപ്പുറത്തേക്ക് ശ്രമിച്ചിട്ടാണ് ഞാന്‍ ഓരോ സീനുകളും ചെയ്തിരുന്നത്. സിനിമയില്‍ വൈകാരികമായ സീനുകളില്‍ ഒന്നും ഞാന്‍ ഗ്ലിസറിന്‍ ഉപയോഗിച്ചിട്ടില്ല. അതെനിക്ക് നിര്‍ബന്ധമായിരുന്നു. സിനിമയിലെ എല്ലാ സീനുകളിലും ഞാന്‍ ശരിക്കും കരഞ്ഞ് അഭിനയിച്ചതാണ്. ഡിജിപി ഓഫീസിലെ സീന്‍ ചെയ്യാന്‍ എനിക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ എല്ലാം 20 മിനിറ്റോളം കാത്തിരുന്നു. ആ ഇമോഷനെല്ലാം ശരിക്കും മനസിലേക്ക് എടുത്താണ് ഞാന്‍ ആ സീനെല്ലാം ചെയ്തത്. അതുകൊണ്ടാണ് സെങ്കണിയില്‍ നിന്ന് പുറത്തുവരാന്‍ സമയം എടുക്കുന്നത്.

ഇനി സെങ്കണിയെ പോലുള്ള കഥാപാത്രം ചെയ്യില്ല

'ഞാന്‍ ശിവപ്പ് മഞ്ചള്‍ പച്ചയ് എന്ന സിനിമയില്‍ ജി.വി പ്രകാശിന്റെ ചേച്ചിയുടെ വേഷമാണ് ചെയ്തത്. അതിന് ശേഷം എനിക്ക് വന്ന സിനിമകളെല്ലാം അനിയത്തി, ചേച്ചി എന്നീ റോളുകളിലേക്കായിരുന്നു. അന്ന് അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നില്ലെന്ന് ബോധപൂര്‍വ്വം തീരുമാനിച്ചതായിരുന്നു. അങ്ങനെ കുറേ നാള്‍ കാത്തിരുന്നിട്ടാണ് ജയ് ഭീമിന്റെ സ്‌ക്രിപ്റ്റ് കിട്ടുന്നത്. മുന്‍പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രമാണ് സെന്‍ഗേണി. അതുകൊണ്ടാണ് ജയ് ഭീം കമ്മിറ്റ് ചെയ്തത്. ഇനി ഒരുപക്ഷെ എനിക്ക് സെങ്കണിയെ പോലത്തെ കഥാപാത്രങ്ങളായിരിക്കാം വരാന്‍ പോകുന്നത്. എന്തായാലും ഇനി കുറച്ച് കാലത്തേക്ക് സെന്‍ഗേണിയെ പോലുള്ള കഥാപാത്രം ചെയ്യണമെന്നില്ല. ഇതില്‍ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രം ഇനി ചെയ്യണമെന്നാണ് ആഗ്രഹം.

ഇനി 'വിശുദ്ധ മെജോ'

കുറച്ച് കാലം സിനിമ ചെയ്യാതിരുന്നാല്‍ എല്ലാവരും നമ്മുടെ മുഖം മറന്ന് പോകുമെന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. സിനിമകള്‍ തമ്മില്‍ അതികം ഇടവേളകള്‍ വരരുത് എന്നാണ് എല്ലാവരും പറയുന്നത്. എന്റെ അവസാനത്തെ തമിഴ് സിനിമയ്ക്ക് ശേഷം കേട്ട ഒരു സ്‌ക്രിപ്റ്റ് പോലും എന്നെ എക്‌സൈറ്റ് ചെയ്യിച്ചിരുന്നില്ല. വന്ന ഏതെങ്കിലും കഥാപാത്രം എന്നെ എക്‌സൈറ്റ് ചെയ്യിപ്പിച്ചിരുന്നെങ്കില്‍ ജയ് ഭീമിന് മുന്നെ തന്നെ ഞാന്‍ മറ്റൊരു സിനിമ ചെയ്‌തേനെ. ജയ് ഭീമിന് ശേഷം സെന്‍ഗേണി എന്ന കഥാപാത്രത്തില്‍ നിന്ന് വളരെ വ്യത്യസ്തയായ ഒരു കഥാപാത്രമാണ് ഇപ്പോള്‍ ഞാന്‍ ഒരു മലയാള സിനിമയില്‍ ചെയ്യുന്നത്. വിശുദ്ധ മെജോ എന്നാണ് സിനിമയുടെ പേര്.

മലയാളത്തില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയത് തമിഴ് സിനിമയില്‍ നിന്നാണ്. മലയാളത്തില്‍ നിന്ന് അത്തരം കഥാപാത്രങ്ങള്‍ കിട്ടിയിട്ടില്ല. ഒരുപക്ഷെ എല്ലാവര്‍ക്കും അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന തോന്നല്‍ എന്റെ കഥാപാത്രങ്ങളില്‍ നിന്ന് കിട്ടിയതു കൊണ്ടായിരിക്കാം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കിട്ടാതിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in