സിനിമാ കാണാന്‍ വിളിച്ചുവരുത്തി ഗ്രോ വാസുവിനോട് അനീതി കാട്ടി, ജോയ് മാത്യുവിനോടുള്ള എതിര്‍പ്പ് സിനിമയെയും ബാധിച്ചു: സജീവന്‍ അന്തിക്കാട്

സിനിമാ കാണാന്‍ വിളിച്ചുവരുത്തി ഗ്രോ വാസുവിനോട് അനീതി കാട്ടി, ജോയ് മാത്യുവിനോടുള്ള എതിര്‍പ്പ് സിനിമയെയും ബാധിച്ചു: സജീവന്‍ അന്തിക്കാട്
Published on

ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തിയ ആദ്യ ചിത്രമായ"പ്രഭുവിന്റെ മക്കൾ" എന്ന സിനിമക്ക് ശേഷം സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലാ ടൊമാറ്റിന(ചുവപ്പുനിലം). ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി അരുണ്‍കുമാറാണ്. വർത്തമാനകാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെ വര്‍ത്തമാന കാല നേർക്കാഴ്ചകൾ ദൃശ്യവൽക്കരിച്ച ചിത്രമായിരുന്നു സജീവൻ അന്തിക്കാടിന്റെ ലാ ടൊമാറ്റിന. ചിത്രത്തിന്റെ പ്രമോഷൻ വേണ്ടി മനുഷ്യാവകാശ പ്രവർത്തകനായ ​ഗ്രോ വാസു എന്ന വ്യക്തിയെ വിളിച്ചു വരുത്തി നടൻ ജോയ് മാത്യു അപമാനിച്ചെന്നും സിനിമ തുടങ്ങുന്നതിന് മുമ്പ് ജോയ് മാത്യു ഫേസ്ബുക്കിൽ ഡിവെെഎഫ്ഐയ്ക്ക് എതിരെ നടത്തിയ പരാമർശം സിനിമയെ മോശമായി ബാധിച്ചെന്നും ക്യു സ്റ്റുഡിയോയോട് തുറന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ ​സജീവൻ അന്തിക്കാട്.

ലാ ടൊമാറ്റിനാ മാധ്യമങ്ങളെ ഭരണകൂടവും ഏജന്‍സികളും എങ്ങനെ വേട്ടയാടുന്നു എന്ന വിഷയം പ്രമേയമാക്കിയ സിനിമയാണ്. കാലിക പ്രസക്തമായ ചിത്രവുമാണ്. തിയറ്റര്‍ റിലീസില്‍ സിനിമ വേണ്ടത്ര ചര്‍ച്ചയായോ ?

മാധ്യമ പ്രവര്‍ത്തകരുമായിട്ട് ബന്ധപ്പെട്ട കഥയായതുകൊണ്ട് കുറച്ചു കൂടി ചര്‍ച്ചയാക്കാമായിരുന്നു. നിലവില്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളും അതുപോലെ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുമാണെല്ലോ കൂടുതല്‍ ഓടുന്നത്. ബാക്കിയുള്ള താരരഹിതചിത്രങ്ങളെ സംബന്ധിച്ചിടത്തോളം ആളുകള്‍ വിചാരിക്കുക ഒടിടിയില്‍ വരട്ടെ കാണാം എന്നാണെല്ലോ? എന്നിട്ടു പോലും നമ്മുടെ കുറെ പത്രപ്രവര്‍ത്തകര്‍ അത് കാണുകയും സ്വതന്ത്രമായി ചിന്തിക്കുന്ന മാധ്യമങ്ങളില്‍ വിശകലനങ്ങള്‍ വരികയുമുണ്ടായി. അതൊരു വലിയ നേട്ടമായി കരുതുന്നു. നമ്മള്‍ ഉദ്ദേശിച്ചിരുന്നതും അത് തന്നെയാണ്.

അപ്പോള്‍ തിയേറ്റര്‍ അനുഭവം ഉദ്ദേശിച്ചിരുന്നില്ലേ ?

തീര്‍ച്ചയായും. പക്ഷെ തിയേറ്ററിലെ വാണിജ്യവിജയത്തെപ്പറ്റി നമുക്കൊരു ധാരണ ഉണ്ടായിരുന്നു എന്ന് മാത്രം. ഇത് കേരളത്തിലെ തിയറ്ററുകളെ മാത്രം ലക്ഷ്യമാക്കി ഉണ്ടാക്കിയ ഒരു സിനിമയല്ല, ഒരു ഇന്റര്‍നാഷ്ണല്‍ സബജക്ടാണ്. ഇന്ത്യയെക്കാള്‍ കൂടുതല്‍ ഫ്രീഡം ഒഫ് എക്‌സ്പ്രഷന്‍ ഉള്ള നാടുകളിലും നവ മാധ്യമങ്ങളിലൂടെ വരുന്ന മാധ്യമ പ്രവര്‍ത്തനത്തെ എങ്ങനെ നിയന്ത്രിക്കണം എന്നാണ് സര്‍ക്കാര്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇതിന്റെ പ്രമേയം ഇന്റര്‍നാഷ്ണലാണ്. ഇത് ദേശാതിര്‍ത്തികള്‍ ഒക്കെ ഭേദിച്ച് പോകേണ്ടുന്ന സിനിമയാണ്. പക്ഷെ ആ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുള്ള ഒരു സപ്പോര്‍ട്ട് മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും കിട്ടിയിട്ടില്ല. തീര്‍ച്ചയായും തിയറ്ററുകളില്‍ പോയി സിനിമ കാണാനുള്ള ആളുകളുടെ സന്നദ്ധതക്കുറവുണ്ട്. പണ്ടത്തെപ്പോലെ തിയറ്ററുകളില്‍ തള്ളിക്കയറ്റം ഇല്ല.

താരങ്ങളോ സൂപ്പര്‍താരങ്ങളോ ഇല്ലാത്തൊരു സിനിമയുടെ തിയറ്റര്‍ റിലീസ് എത്രത്തോളം ശ്രമകരമാണ് ?

ഞാന്‍ പത്ത് വര്‍ഷം മുന്‍പ് ആദ്യത്തെ സിനിമ ചെയ്യുമ്പോള്‍ എനിക്ക് ഇതിനെക്കുറിച്ചൊന്നും അറിയുമായിരുന്നില്ല, ഞാന്‍ തന്നെ നിര്‍മിച്ച് സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രഭുവിന്റെ മക്കള്‍. ടൊവിനോ തോമസിന്റെ ആദ്യത്തെ സിനിമ, വിനയ് ഫോര്‍ട്ട് ആദ്യമായി നായകനാകുന്ന ചിത്രം, സ്വാസികയുടെ ആദ്യത്തെ ചിത്രം ഒക്കെയായിരുന്നു അത്. ഈ പുതിയ ആളുകളെ വച്ച് സിനിമ ചെയ്യുമ്പോള്‍ നമുക്ക് അറിയില്ല , തിയറ്ററുകാര്‍ കളിക്കാന്‍ വിസമ്മതിക്കും എന്ന്. നമ്മള്‍ പടം പെട്ടിയിലാക്കി പ്രിന്റും കൊണ്ട് അവിടെ എത്തുന്ന സമയത്താണ് ഇത് മനസ്സിലാകുന്നത്. അവര്‍ പറയുന്നത് 'ഇന്‍ഷ്യല്‍ ക്രൗഡ് ' വരണം എന്നാണ്. അതിന് സൂപ്പര്‍ താരങ്ങള്‍ അല്ലെങ്കില്‍ വലിയ കമ്പനികള്‍ നിര്‍മിക്കുന്ന വമ്പന്‍ സിനിമകള്‍ വേണം. തിയറ്ററില്‍ പോയി കണ്ടില്ലെങ്കില്‍ ശരിയാവില്ല എന്ന് പ്രേക്ഷകര്‍ വിചാരിക്കുന്ന തരത്തിലുള്ള പടങ്ങള്‍ക്ക് മാത്രമേ ആദ്യത്തെ ദിവസം ആളുകള്‍ വരുകയുള്ളൂ.

താരരഹിതമായ ചിത്രങ്ങളും ഇവിടെ ഓടിയിട്ടുണ്ടല്ലോ?

തീര്‍ച്ചയായും. പടം നല്ലതാണെന്നറിഞ്ഞാല്‍ പിറ്റേ ദിനം മുതല്‍ എല്ലാവരും വരും. പക്ഷേ പടം നല്ലതാണോ എന്നറിയാന്‍ കാശ് ചിലവാക്കണ്ടേ? അങ്ങനെയൊരു ഭാ?ഗ്യ പരീക്ഷണത്തിന് ആളുകള്‍ തയ്യാറാവില്ല, അങ്ങനെ തയ്യാറാവുന്നത് എപ്പോഴും ആരാധകരുള്ള നടന്മാരുടെ ഫാന്‍സുകളാണ്. ഇത്തരം സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ട് കാര്യമില്ല, ആരും കാണാന്‍ വരില്ല. തിയറ്ററുകള്‍ പിന്നീട് വാടകയ്ക്ക് എടുത്തിട്ടാണ് പ്രഭുവിന്റെ മക്കള്‍ എന്ന സിനിമ മൊത്തം ഇരുപത്തിയഞ്ചോളം തിയറ്ററുകളില്‍ റിലീസ് ചെയ്തത്.

ഇന്നും ഈ പ്രശ്‌നം ഇങ്ങനെ തന്നെ നിലനില്‍ക്കുന്നുണ്ട്. അന്നത്തെക്കാളും വളരെ ശോകമാണ് ഇപ്പോള്‍. ഇന്നത്തെ സ്ഥിതിയില്‍ ഒരു മാസം വെയ്റ്റ് ചെയ്താല്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ പടം വരും. അപ്പോ പിന്നെ എന്തിനാണ് ചെറിയ സിനിമകള്‍ പോയി കാണേണ്ടത് എന്ന് ഒരു ചിന്ത കൂടിയുണ്ട്. അപ്പോള്‍ ഇത്തരം ചെറിയ സിനിമകള്‍ക്ക് വേണ്ടി തിയറ്ററിന്റെ മുന്നില്‍ വരുന്ന ആളിന്റെ എണ്ണം കുറഞ്ഞു. എങ്കിലും ടൊവിനോയെപ്പോലുള്ളവരുടെ സഹായത്താല്‍ സെഞ്ചറി പോലെയുള്ള കമ്പനികള്‍ നമ്മളെ സഹായിക്കുകയും അതുവഴി തരക്കേടില്ലാത്ത ഒരു റിലീസ് സാധ്യമാവുകയും ചെയ്തു.

താരങ്ങളില്ലാത്ത സിനിമയാകുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്താണ് ?

താരങ്ങള്‍ പെയ്ഡ് പ്രമോഷന്‍സ് നടത്താറുണ്ട്, സിനിമ വരുന്നതിന് മുമ്പ് തന്നെ, ഒരു സൂപ്പര്‍ താരത്തിന്റെ ചിത്രമാകുമ്പോള്‍ പല ചെറു താരങ്ങളും അവരുടെ പടത്തിന്റെ അനൗണ്‍സ്‌മെന്റ് നടത്തി അവരുടെയൊക്കെ പേജുകളില്‍ ഇടും. ഫ്രീയായിട്ട് ഇടും. മോഹന്‍ലാല്‍, മമ്മൂട്ടി പോലെയുള്ള ആളുകളുടെ ചിത്രങ്ങള്‍ മുഖ്യധാര മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവരുടെ ഫെയിം ഇവര്‍ക്ക് മെച്ചമാണ് ഉണ്ടാക്കുന്നത്. അവരുടെ പ്രശസ്തിയെ പത്രം ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. നമ്മള്‍ ചെറിയ താരങ്ങളുമായി ചെല്ലുമ്പോള്‍ മാധ്യമങ്ങളുടെ പ്രശസ്തിയെയും റീച്ചിനെയും നമ്മളാണ് ഉപയോഗപ്പെടുത്താന്‍ പോകുന്നത്. ഇതൊരു പ്രശ്‌നമായി മാറുന്നുണ്ട്.

ഇത്തിരിക്കൂടി വിശദമാക്കാമോ ?

എന്റെ സിനിമ കണ്ടിട്ട് ഒരാള് അതിനെപ്പറ്റി ഒരു ഫേസ്ബുക്ക് കുറിപ്പ് എഴുതണം എന്നുണ്ടെങ്കില്‍ അത് അയാള്‍ക്ക് അത്രയും ഇഷ്ടപ്പെട്ടെങ്കില്‍ മാത്രമേ എഴുതുകയുള്ളൂ. കാരണം അതുകൊണ്ട് അയാള്‍ക്ക് പ്രത്യേകിച്ചൊന്നും കിട്ടാനില്ല. അയാള്‍ എഴുതിയ ആ പോസ്റ്റ് ചിലപ്പോള്‍ മുഴുവന്‍ വായിക്കാന്‍ പോലും ആളുകള്‍ തയ്യാറായെന്ന് വരില്ല. പകരം നിങ്ങള്‍ മമ്മൂട്ടിയുടെ ഒരു പടത്തിനെക്കുറിച്ച് എഴുതിയാല്‍ മമ്മൂട്ടിയുടെ ഫെയിം നിങ്ങള്‍ക്ക് കിട്ടും. മമ്മൂട്ടിക്ക് അത്രയും ഫെയിം ഉള്ളതു കൊണ്ട് നിങ്ങളുടെ പോസ്റ്റ് ആളുകള്‍ ശ്രദ്ധിക്കും. ഇതാണ് സംഭവിക്കുന്നത്. തീര്‍ച്ചയായിട്ടും അവിടെ സംഭവിക്കുന്നത് വലിയ താരങ്ങളാകുമ്പോള്‍ അവരുടെ പ്രശസ്തിയുടെ പങ്കുപറ്റാന്‍ സാധാരണ ജനം മത്സരിക്കുന്നു. ഇതിന്റെ നേര്‍ വിപരീതമാണ് ഇവിടെ സംഭവിക്കുന്നത്. നമ്മുടെ സിനിമയാകുമ്പോള്‍ മാധ്യമങ്ങളും പ്രമുഖരും ചിന്തിക്കുന്നത് എന്താണെന്ന് വച്ചാല്‍ ഞങ്ങളുടെ പ്രശസ്തി നിങ്ങള്‍ കൊണ്ടു പോകാന്‍ പോവുകയാണ്. അങ്ങനെ എളുപ്പത്തില്‍ അത് ചെയ്യേണ്ട എന്നവര്‍ കരുതും. അവര്‍ പറയും നിങ്ങള്‍ പരസ്യം ചെയ്‌തോളൂ എന്ന്. കൂടുതല്‍ എഴുതില്ല.

തിയറ്ററില്‍ അടുത്തകാലത്തായി വന്‍ വിജയമാകുന്ന സിനിമകളേറെയും മാസ് ആക്ഷന്‍ ചിത്രങ്ങളാണ്. അത് പോലുള്ള സിനിമകള്‍ക്കിടയില്‍ ലാ ടൊമാറ്റിനോ തിയറ്ററില്‍ തന്നെ റിലീസ് ചെയ്തു ?

സിനിമ തിയറ്ററിലേക്ക് എത്തിക്കുന്നത് ഒരേ സമയം വെല്ലുവിളിയും സംതൃപ്തിയുമാണ്. സിനിമ തിയറ്ററില്‍ ഓടില്ലാ എന്നും സിനിമയ്ക്ക് ഇപ്പോ ആള് വരുന്നില്ലെന്നും അറിഞ്ഞാല്‍ തന്നെയും തിയറ്റര്‍ റിലീസ് എന്നത് നമ്മുടെ ഒരു ലക്ഷ്യമാണ്. എന്നിട്ടും നമ്മള്‍ തിയറ്ററില്‍ റിലീസ് ചെയ്യുന്നുണ്ട് എങ്കില്‍ അത് ഒരു ശീലത്തിന്റെ പ്രശ്‌നമാണ്. കാരണം അതില്‍ നമുക്ക് ആനന്ദം ഉണ്ട്. അതൊരു വെല്ലുവിളിയായി നമ്മള്‍ സ്വീകരിക്കുകയും അത് തിയറ്ററില്‍ കൊണ്ട് എത്തിച്ചാലാണ് സിനിമ സിനിമയാവുകയുള്ളൂ എന്ന് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആളുകളും ചിന്തിക്കുകയും ചെയ്യുന്നു. അത് പഴയകാലം മുതല്‍ നിലനില്‍ക്കുന്നൊരു ചിന്തയാണ്. ഇനി പുതിയ ഒരു ചിന്ത എന്തെന്നാല്‍ ഇത് തിയറ്ററില്‍ ചെയ്യേണ്ട സിനിമയല്ല ഇത് ഒടിടിയില്‍ റിലീസ് ചെയ്താല്‍ മതി എന്ന് നമ്മള്‍ തീരുമാനിക്കുന്നതായിരിക്കാം. അപ്പോ അതിന്റെ പ്രശ്‌നമെന്താണെങ്കില്‍ ഒടിടിക്കാര്‍ അതിന് സമ്മതിക്കണം. അവര്‍ പറയുന്നത് നിങ്ങളുടെ സിനിമ തിയേറ്ററില്‍ നന്നായി ഓടിയാല്‍ നിങ്ങള്‍ക്ക് നല്ല വില തരാം എന്നാണ്. സിനിമ ഓടിയില്ലെങ്കില്‍ അവര്‍ക്ക് അവരുടെ വില ഫിക്‌സ് ചെയ്യാനുള്ള ഒരു മാര്‍ഗമായിട്ട് അതിനെ വച്ചിരിക്കുകയാണ്. മാത്രമല്ല, സിനിമ റിലീസ് ചെയ്യുമ്പോള്‍ നമ്മള്‍ കുറച്ച് പ്രമോഷന്‍സ് കൊടുക്കും. അപ്പോള്‍ ഒടിടിയില്‍ റിലീസ് ചെയ്യുമ്പോള്‍ ഈ പടത്തിനെക്കുറിച്ച് ആളുകള്‍ അറിഞ്ഞിട്ടുണ്ടാവും.

മുഖ്യധാരാ സിനിമയില്‍ സജീവമായുള്ളവരെ തന്നെയാണല്ലോ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാക്കിയത്. അവരുടെ പിന്തുണ കിട്ടിയില്ലേ?

അവരുടെ പിന്തുണ നമ്മള്‍ ഉദ്ദേശിച്ച തരത്തില്‍ ഉണ്ടായില്ല എന്ന് വേണം പറയാന്‍. ഒന്നാമത്തെ കാര്യം എന്താണെന്ന് വച്ചാല്‍ നമ്മുടെ സിനിമയില്‍ അഭിനയിച്ചവരൊന്നും നായകന്മാരായിട്ട് വരുന്ന ആളുകള്‍ അല്ലല്ലോ? ഉദാഹരണത്തിന് കോട്ടയം നസീര്‍. ജോയ് മാത്യു അമ്മ അറിയാന്‍ എന്ന സിനിമയിലും പിന്നെ കുറച്ച് സിനിമകളിലും നായകനായിട്ട് വന്നിട്ടുണ്ട് എന്നല്ലാതെ അവരൊന്നും അങ്ങനെ നായകന്മാരായിട്ട് വന്നിട്ടുള്ളവരല്ല, അതുകൊണ്ട് തന്നെ അവര്‍ക്ക് ഒരു സിനിമ ഷോള്‍ഡറില്‍ എടുത്ത് പൊന്തിച്ച പരിചയം ഇല്ല ശരിക്കും.

നമ്മള്‍ ഇപ്പോ കിംഗ് ഓഫ് കൊത്ത എന്ന് പറയുന്ന സിനിമ റിലീസ് ചെയ്തത് കണ്ടിട്ടുണ്ടാവും, കിംഗ് ഓഫ് കൊത്ത ദുല്‍ഖറിന്റെ പടമാണ്. അദ്ദേഹം രണ്ടാഴ്ച മുമ്പ് കേരളത്തില്‍ ക്യാമ്പ് ചെയ്ത് എഫ്എം സ്റ്റേഷനുകളില്‍ പോലും കയറി ഇറങ്ങി മാര്‍ക്കറ്റ് ചെയ്യുന്നത് നമ്മള്‍ കണ്ടു, അതിന്റെ കാരണം എന്താണെന്ന് വച്ചാല്‍ അദ്ദേഹത്തിന് വളരെ പൂര്‍ണ്ണമായ ബോധ്യമുണ്ട് എന്റെ സിനിമയുടെ വിജയം നിര്‍ണ്ണയിക്കുന്നത് ഞാനാണ് എന്നും എന്റെ ഷോള്‍ഡറില്‍, എന്റെ വാല്യു കണ്ടിട്ടാണ് അതില്‍ ഇത്രയധികം പൈസ ഇറങ്ങിയിട്ടുള്ളത് എന്നും. അതായത്, നായകന്മാരായിട്ട് അഭിനയിക്കാന്‍ വരുന്ന ആളുകളുടെ ഒരു ഉത്തരവാദിത്തം പോലെയാണ് അതിനെ അവര്‍ കാണുന്നത്. പക്ഷേ എന്റെ സിനിമയിലെ നടന്മാരെ സംബന്ധിച്ചിടത്തോളം അവര്‍ അത്തരം നടന്മാരല്ല. വിജയവും പരാജയവും അവരെ ബാധിക്കുന്നില്ല, കാരണം അതിന് വേറെ ആളുണ്ട് അവിടെ, അവര്‍ക്ക് റെസ്‌പോണ്‍സിബിളിറ്റി ഇല്ല, അങ്ങനെ ഇല്ലാത്തതുകൊണ്ടാണ് അവര്‍ നായകന്മാരാകുമ്പോഴും അവര്‍ക്ക് അതിനെപ്പറ്റി അറിയാത്തത്, അല്ലെങ്കില്‍ സിനിമയുടെ മാര്‍ക്കറ്റിങ്ങ് ഒരു പ്രധാനപ്പെട്ട കാര്യമാണ് എന്ന് അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല, അവര്‍ അതിനെ ഗൗരവകരമായി എടുക്കുന്നില്ല, അല്ലെങ്കില്‍ അവര്‍ നായകന്മാരായിട്ട് ഒരുപാട് സിനിമകള്‍ ചെയ്യണം എന്ന് ആഗ്രഹിക്കുന്നുമില്ല, അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ ഉദ്ദേശിച്ച തരത്തിലുള്ള ഒരു പ്രമോഷന്‍ അവരുടെ ഭാഗത്ത് നിന്നും അവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്ന് തന്നെ വേണം പറയാന്‍.

ജോയ് മാത്യു സംവിധായകനും നടനും തിരക്കഥാകൃത്തുമാണല്ലോ, സാമൂഹ്യ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. അദ്ദേഹത്തില്‍ നിന്നും പിന്തുണ ഉണ്ടായില്ലേ ?

സിനിമ റിലീസ് ചെയ്യുന്ന ദിവസം ജോയ് മാത്യു നമുക്ക് വലിയ ഒരു പ്രചരണം തുടങ്ങണം, റിലീസ് ദിവസം തന്നെ നല്ലൊരു രീതിയില്‍ മുന്നോട്ട് പോകണം എന്ന് എന്നോട് പറഞ്ഞിരുന്നു. ഹ്യുമന്‍ റൈറ്റ്‌സിനെക്കുറിച്ചുള്ള ഫിലിം ആണ്, മനുഷ്യാവകാശമാണല്ലോ ഇതിന്റെ പ്രധാന പ്രശ്‌നം, സിനിമ ഇരുപത്തി രണ്ടിനാണ് ഞങ്ങള്‍ റിലീസ് ചെയ്തത്, ആ സമയത്ത് ഗ്രോ വാസു എന്ന് പറയുന്ന ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നാല്‍പത്തിയഞ്ച് ദിവസം ജയിലില്‍ കിടന്ന് പുറത്തു വന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ടായിരുന്നു. ഗ്രോ വാസു ജയിലില്‍ കിടന്നത് ഒരു മനുഷ്യാവകാശ പ്രശ്‌നം ഉന്നയിച്ചു കൊണ്ടാണ്. ഏട്ടോളം ചെറുപ്പക്കാരെ പോലീസ് ഏറ്റുമുട്ടല്‍ കൊല എന്ന രീതിയില്‍ വെടിവച്ചു കൊല്ലുകയുണ്ടായി. എന്നിട്ടും അതിന്മേല്‍ അന്വേഷണമില്ല എന്ന് പറഞ്ഞപ്പോള്‍, തൊണ്ണൂറ്റി നാല് വയസ്സുള്ള അദ്ദേഹം അതിനെതിരെ ഒറ്റയ്ക്ക് നിന്ന് പ്രതിഷേധിച്ചു. അദ്ദേഹം ഉയര്‍ത്തിയ ഒരു നീതിയുടെ പ്രശ്‌നം ഉണ്ട്, അപ്പോള്‍ അദ്ദേഹത്തിനെപ്പോലെ ഒരാള് നമ്മുടെ സിനിമയുടെ ആദ്യത്തെ പ്രദര്‍ശനത്തിന് വന്ന്, അത് കഴിഞ്ഞ് സിനിമയുടെ ആശയം ഉള്‍ക്കൊണ്ടു കൊണ്ട് ഒരു പത്രസമ്മേളനം നടത്തിയാല്‍ നന്നായിരിക്കുമെന്ന് ജോയ് മാത്യു എന്നോട് പറഞ്ഞു. ജോയ് മാത്യു എന്ന വ്യക്തിയും ഗ്രോ വാസുവും തമ്മില്‍ നല്ല പരിചയമാണ്. അദ്ദേഹം എന്നോട് പറഞ്ഞു , നിനക്ക് ഞാന്‍ നമ്പര്‍ തരാം, സംവിധായകന്‍ എന്ന രീതിയില്‍ സജീവന്‍ സംസാരിക്കണം, അദ്ദേഹത്തെ ക്ഷണിക്കണം എന്ന്. അങ്ങനെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ എറണാകുളത്താണ്, ജോയ് മാത്യു ഉണ്ടെങ്കില്‍ അദ്ദേഹം കാണാന്‍ വരാം എന്ന്. എറണാകുളം വനിതാ തിയറ്ററില്‍ ഒമ്പതരയ്ക്കാണ് സിനിമ. അദ്ദേഹത്തെ കൊണ്ടു വരാന്‍ ഞാന്‍ ആളെ വിട്ടു, അദ്ദേഹം വന്നു, അദ്ദേഹത്തെ ഞാന്‍ സിനിമയ്ക്ക് ഇരുത്തി ആള്‍ക്കൊപ്പമിരുന്ന് സിനിമ കണ്ടു, പക്ഷേ ജോയ് മാത്യു വന്നില്ല. രണ്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള ആളുടെ ഫ്‌ലാറ്റില്‍ അദ്ദേഹം ഉണ്ടായിരുന്നു. അതുകൊണ്ട് സിനിമയുടെ ലോഞ്ചിങ്ങ് അതേപടി പോയി, പിന്നെ ഗ്രോ വാസുവിനെ എന്റെ ഒരു മാര്‍ക്കറ്റിംഗിന് വേണ്ടി ഉപയോഗിക്കുക എന്നുള്ളത് എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല, കാരണം അദ്ദേഹം ജോയ് മാത്യുവിന്റെ പരിചയക്കാരനും സുഹൃത്തുമാണ്.അദ്ദേഹത്തെ ഒരു ദിവസം മാത്രം പരിചയമുള്ള ആളായ ഞാന്‍ നമ്മുടെ സിനിമയുടെ വിജയത്തിന് വേണ്ടി അദ്ദേഹത്തെ ഉപയോഗിക്കുക എന്ന് പറയുന്നത് എന്തോ എനിക്കത്ര ശരിയായി തോന്നിയില്ല, ഞാന്‍ അദ്ദേഹത്തെ വളരെ ആദരവോടെ വീട്ടില്‍ കൊണ്ടാക്കി. ഇത്രയും വയസ്സായ ഒരാളെ വിളിച്ചു വരുത്തി അപമാനിക്കുക എന്നു പറഞ്ഞപോലത്തെ ഫീല്‍ എനിക്ക് ഉണ്ടായി, ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകളൊക്കെ നമ്മള്‍ ശ്രദ്ധിക്കാറുള്ളതല്ലേ? ഇദ്ദേഹത്തിന് വേണ്ടി തന്നെ നീതിയുടെ ശബ്ദം ജോയ് മാത്യു പുറപ്പെടുവിച്ചിരുന്നു. സിപിഎമ്മിനെ വിമര്‍ശിക്കുന്നതിന് വേണ്ടിയിട്ട് ഇദ്ദേഹത്തിന്റെ ഫോട്ടോ ഇട്ട് ആ പാര്‍ട്ടിയെ കളിയാക്കിയിരുന്നു, സിസ്റ്റം ചെയ്യുന്നതും വ്യക്തികള്‍ ചെയ്യുന്നതും ഇതേ അധിക്ഷേപത്തില്‍ ഉള്‍പ്പെടുന്നതാണ്. നിങ്ങള്‍ ആരെ വിമര്‍ശിക്കുമ്പോഴും നിങ്ങള്‍ നിങ്ങളെക്കൂടി നോക്കുക, നമ്മള്‍ അയാളോട് നീതി പുലര്‍ത്തിയോ? സര്‍ക്കാര്‍ മാത്രമല്ല, ജോയ് മാത്യുവും ഗ്രോ വാസുവിനോട് നീതി പുലര്‍ത്തിയില്ല .

ജോയ് മാത്യുവിനെ പിന്നീട് വിളിച്ചിരുന്നില്ലേ?

കാണാതിരുന്നപ്പോള്‍ തന്നെ ഞാന്‍ വിളിച്ചിരുന്നു, പക്ഷേ എനിക്ക് പ്രതികരണം ഒന്നും കിട്ടിയില്ല. നമ്മള്‍ മാനസികമായി തളരും എന്നൊരു അവസ്ഥയുണ്ടാവുമല്ലോ. ഒരു സിനിമയുടെ തിയറ്റര്‍ ലോഞ്ചില്‍ നമ്മള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുക എന്നുള്ളതാണ്. ഞാന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇതിനെ സംബന്ധിച്ച് ഇട്ടിരുന്നില്ല. എന്തുകൊണ്ടെന്നാല്‍ നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നു, എല്ലാ നടന്‍മാരും കൂടെ നിന്നു, ഒരാള് വന്നില്ല ഓക്കെ, ശരി, അത് അങ്ങനെ പോയി അല്ലാതെ ആ സമയത്ത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് ചര്‍ച്ചയാക്കാനൊന്നും നമ്മള്‍ പോയില്ല, നമ്മളെ ഏറ്റവും കൂടുതല്‍ ബാധിച്ച മറ്റൊരു പ്രശ്‌നം എന്തെന്നാല്‍ അദ്ദേഹം ഡിവൈഎഫ്‌ഐയ്ക്ക് എതിരെ നടത്തിയ പ്രസ്താവനകളാണ്. സിനിമ തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് ഡിവൈഎഫ്‌ഐക്കാരെക്കുറിച്ച് ഒരു കയ്യില്‍ പൊതിച്ചോറും മറു കയ്യില്‍ കഠാരയുമായി നടക്കുന്നവരാണ് എന്ന ഒരു പ്രസ്താവന അദ്ദേഹം നടത്തുകയുണ്ടായി, അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് അത്, അദ്ദേഹത്തിന് അത് പറയാം, പക്ഷേ നമുക്ക് അത് വളരെ ദോഷകരമായി ബാധിച്ചു. അത് നമുക്ക് പറയാലോ, അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തില്‍ നമ്മള്‍ ഇടപെടുന്നില്ല.

ആ പ്രസ്താവനയും സിനിമയും തമ്മില്‍ എങ്ങനെയാണ് ബന്ധപ്പെടുന്നത് ?

ഈ സിനിമ ചിത്രീകരിക്കുന്നത് കോവിഡിന്റെ അവസാന സമയത്താണ്. ഇത് ചിത്രീകരിക്കാന്‍ സ്ഥലം വളരെ പ്രശ്‌നമായതുകൊണ്ട് അന്തിക്കാട് എന്ന സ്ഥലത്താണ് ഷൂട്ട് ചെയ്തത്. അവിടുത്തെ ഡിവൈഎഫ്‌ഐക്കാരുടെ സഹായത്തോടെയാണ് സെറ്റിട്ട് അതിന്റെ ആര്‍ട്ട് ഡയറക്ഷന്‍ വരെ ചെയ്തത്. ഒരു അനുഗ്രഹീത കലാകരന്‍ കൂടിയായ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ശ്രീവത്സന്‍ അന്തിക്കാടാണ് കലാസംവിധായകന്‍ . സിനിമ അവര്‍ വലിയ ആഘോഷമായിട്ടാണ് നടത്തിയത്, ആ നാട്ടില്‍ ഒരു റിലീസ് സെന്റര്‍ ഒക്കെ വച്ച് ചെറിയ രീതിയില്‍ അവരുടെ പ്രചരണം ഒക്കെയുണ്ടായിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും ഒക്കെ ഉണ്ടായിരുന്നു. അവരുടെ നാട്ടില്‍ നടന്ന പരിപാടി എന്ന രീതിയിലാണ് അവര്‍ അതിനെ കണ്ടത്. പക്ഷേ ഇദ്ദേഹത്തിന്റെ ഈ പ്രസ്താവന ഭയങ്കരമായി തിരിച്ചടിച്ചു. കേരളത്തില്‍ മൊത്തം അതിന്റെ ഇംപാക്ട് ഉണ്ടായി. സിപിഎമ്മിന്റെ ആളുകള്‍ വരിക എന്നത് ഒരു സിനിമ വിജയിക്കുന്നതില്‍ പ്രധാന കാര്യമല്ല, അങ്ങനെയല്ലാതെയും ഒരുപാട് സിനിമകള്‍ വിജയിക്കാറുണ്ട്, പക്ഷേ നമ്മുടെ സിനിമ ഒരു രാഷ്ട്രീയ സിനിമയാണെല്ലോ. രാഷ്ട്രീയ ബോധമുള്ള ആളുകള്‍ എന്ന് പറയുന്നത്, കലാ സാഹിത്യമായിട്ട് ബന്ധമുള്ള ആളുകള്‍ എന്ന് പറയുന്നത് കൂടുതലും ഇടതു പക്ഷത്തിന്റെ പ്രവര്‍ത്തകരാണ്. അപ്പോള്‍ അവരെ പരിപൂര്‍ണ്ണമായും വെറുപ്പിക്കുമ്പോള്‍ അതിന്റെ എഫക്ട് നമുക്ക് തീര്‍ച്ചയായിട്ടും ഉണ്ടാകും, അദ്ദേഹം പറഞ്ഞതില്‍ സത്യമില്ല എന്നുള്ളത് കൊണ്ടാണ് അത് സംഭവിക്കുന്നത്.നേതാക്കളെ ഒഴിവാക്കി നിര്‍ത്തി ചര്‍ച്ച ചെയ്താലും ആ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍, അണികള്‍ ഭൂരിപക്ഷം പേരും നാട്ടുകാര്‍ക്ക് എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന് പറഞ്ഞാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലവരും അഴിമതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരല്ല. ഡിവൈഎഫ്‌ഐയുടെ താഴ്ന്ന ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അധികം പേരെയും എനിക്കറിയാം, അവരൊക്കെ പൊതു ജന ക്ഷേമത്തിന്റെ ഭാഗമായാണ് ഈ പൊതിച്ചോറ് കാണുന്നത്. ഇത് രോഗികള്‍ക്കും, ആശ്രയമില്ലാത്തവര്‍ക്കും ഒക്കെ ഒരു താങ്ങായിട്ട് കൊടുക്കുന്നതാണ്. ഞാന്‍ അതിനെ ഒരു വലിയ ആദരവോടെയാണ് കാണുന്നത്. അതിന്റെ ഒരു വിഹിതം കൊടുക്കുകയും ചെയ്യുന്നുണ്ട്. ഒരു വിപ്ലവം വെറുതെ ഫേസ്ബുക്കില്‍ എഴുതിയിട്ട് കാര്യമില്ല, വിപ്‌ളവത്തിന് വലിയ മാനങ്ങള്‍ മാത്രമല്ല. ചെറിയ പ്രവൃത്തികള്‍ കൂടെയുണ്ട്. ജോയ് ഏട്ടന്റെ പ്രസ്താവന നേതാക്കള്‍ക്ക് എതിരെയോ പാര്‍ട്ടിക്ക് എതിരെയോ അല്ല അദ്ദേഹം ലക്ഷ്യമാക്കിയത് സാധാരണ പ്രവര്‍ത്തകരെയാണ്. അത് സാധാരണ പ്രവര്‍ത്തകരെ വലുതായി വെറുപ്പിച്ചു. അതിന്റെ സൈഡ് ഇഫക്ട് നമ്മുടെ സിനിമയ്ക്കും ഉണ്ടായി. തലേ ദിവസം വരെ പ്രൊമോഷന് വരാം എന്ന് പറഞ്ഞ ആളാണ്. അതിന്റെ ഇടയില്‍ എന്താണ് സംഭവിച്ചതെന്ന് ഒരു പിടിത്തവും ഇല്ല, പിന്നെ നമ്മള്‍ സിനിമയുടെ കാര്യവുമായി ഒരോ പ്രസ്സ് ക്ലബ്ബിലും ഓടി നടക്കുകയായിരുന്നു, ഒരാള്‍ പോയി എന്ന് കരുതി അയാളുടെ പിന്നാലെ പോയിട്ട് കാര്യമില്ലല്ലോ, നമ്മള്‍ ഉള്ള ആളുകളെ വച്ച് എന്താണ് സിനിമയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുക അത് ഞങ്ങള്‍ വൃത്തിയായിട്ട് ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in