തമിഴ് സിനിമയുടെ ചരിത്രം എന്നത് ഒരേസമയം സാമൂഹിക - രാഷ്ട്രീയ പരിവര്‍ത്തനത്തിനായി കൃത്യമായി ഉപയോഗിച്ച മാധ്യമം എന്ന നിലയിലും അതേസമയം ഒരു ഘട്ടത്തിന് ശേഷം ജാതി മാഹാത്മ്യം സമൂഹത്തില്‍ ശക്തമാക്കി തീര്‍ക്കാന്‍ വേണ്ടി ബോധപൂര്‍വം ഉപയോഗിച്ച ടൂള്‍ എന്ന നിലയിലും നോക്കി കാണാന്‍ കഴിയും.
എണ്‍പതുകളിലും, തൊണ്ണൂറുകളിലും തമിഴില്‍ ഇറങ്ങിയ സിനിമകള്‍ എടുത്തു നോക്കിയാല്‍ സിനിമ സമൂഹത്തില്‍ വരേണ്യ ചിന്താഗതികള്‍ ശക്തമാക്കി തീര്‍ക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നിട്ടുണ്ടെന്ന് നമുക്ക് വ്യക്തമാകും.
സൂര്യ വംശം,
തേവര്‍ വീട്ട് പൊണ്ണ്,
നാട്ടാമെ
തേവര്‍ മകന്‍,
ചേരന്‍ പാണ്ഡ്യന്‍
തുടങ്ങിയ സിനിമകള്‍ ആ ലിസ്റ്റില്‍ ചിലത് മാത്രം, ഇവ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജാതി മാഹാത്മ്യത്തിന്റെ തുറന്ന ആഘോഷമാണ് കാഴ്ച വെച്ചത്, തമിഴ് നാട്ടിലെ പ്രബല സവര്‍ണ വിഭാഗങ്ങളുടെ പ്രാമാണിത്വം ഉറപ്പാക്കാന്‍ ഈ സിനിമകള്‍ വഴി തീവ്രമായ ശ്രമം നടന്നിരുന്നു.
ശരത് കുമാര്‍, സത്യരാജ്, വിജയകാന്ത്, രജനീകാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ സെമീന്താര്‍ മൂവികള്‍ ചെയ്തതില്‍ നിന്ന് ഒട്ടും പിന്നിലല്ല.
അവിടെയാണ് കഴിഞ്ഞ ഒരു ദശാബ്ദമായി പാ.രഞ്ജിത്ത്, വെട്രിമാരന്‍, സമുദ്രക്കനി, ശശി കുമാര്‍, മാരി സെല്‍വരാജ്, സന്തോഷ് നാരായണന്‍ തുടങ്ങിയവര്‍ സമൂഹത്തിലെ അടിസ്ഥാന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്തു കൊണ്ട് തമിഴ് സിനിമയുടെ ജാതകം തിരുത്തി എഴുതുന്നത്.
ആ ധാരയില്‍ ഏറ്റവും പുതിയ അധ്യായമാണ് മാരി സെല്‍വരാജിന്റെ കര്‍ണ്ണന്‍
ഏതാനും മാസം മുമ്പ് നോര്‍ത്ത് ഗുജറാത്തില്‍ ഒരു സംഭവം നടക്കുകയുണ്ടായി, കോളേജ് ലക്ചറര്‍ കൂടിയായ ഒരു ദളിത് യുവാവ് തന്റെ വിവാഹത്തിന് പോലീസ് സംരക്ഷണം വേണം എന്ന് ആവശ്യപ്പെടുകയും, അതിന്‍പ്രകാരം ഒരു DSP, 5 Sub Inspectors, Inspector അറുപത് കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പെടെ ഒരു വലിയ സംഘം പോലീസ് ആ വിവാഹത്തിന് സംരക്ഷണം ഉറപ്പാക്കി.
കാരണം മറ്റൊന്നുമല്ല ആ ഗ്രാമത്തില്‍ ദളിത് സമൂഹത്തില്‍ ഉള്ളവര്‍ കുതിരപ്പുറത്ത് കയറി വരുന്നത് അവിടുത്തെ സവര്‍ണര്‍ക്ക് ഒട്ടുമേ തന്നെ സഹിക്കാന്‍ പറ്റാത്ത സംഗതിയാണ് അതുകൊണ്ട് ഇത്തരം ആഘോഷങ്ങള്‍ക്ക് നേരെ അക്രമം നടക്കുന്നത് പതിവാണ് ഇതില്‍ നിന്ന് സുരക്ഷ ഉറപ്പാക്കാനാണ് അദ്ദേഹം പോലീസ് സംരക്ഷണം തേടിയത്.
ഇതേ ഇന്ത്യയില്‍ ഇരുന്നാണ് മാരി സെല്‍വരാജ് കുതിരപ്പുറത്തേറി വന്ന് അതിജീവന പോരാട്ടം നയിക്കുന്ന കര്‍ണ്ണനെ അനാവരണം ചെയ്യുന്നത്.
എന്നാല്‍ മാരിയുടെ കര്‍ണ്ണന്‍ എന്ന സിനിമ നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നത് മറ്റു ചില സംഭവങ്ങളോടാണ്.
തൊണ്ണൂറുകളുടെ ഒടുവില്‍ തമിഴ് നാട്ടില്‍ തൂത്തുക്കുടി ജില്ലയിലെ കൊടിയംകുളം എന്ന ഗ്രാമത്തില്‍ നടന്ന ചില സംഭവവികാസങ്ങളാണ് കര്‍ണ്ണന്റെ പ്രമേയം.
തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പൂര്‍ണമായും ദളിതര്‍ അധിവസിച്ചിരുന്ന ഒരു ഗ്രാമമാണ് കൊടിയങ്കുളം. അവിടുത്തെ ആളുകള്‍ നാട്ടിലും പുറത്തുമായി ജോലി ചെയ്ത് തങ്ങളുടെ സാമൂഹിക - സാമ്പത്തിക നിലയില്‍ ചെറിയ തോതില്‍ മാറ്റം വരുത്താന്‍ തുടങ്ങിയപ്പോള്‍ ഇത് അടുത്ത ഗ്രാമങ്ങളിലുള്ള മേല്‍ജാതിയില്‍ പെട്ട ആളുകളില്‍ സ്വഭാവികമായും ജാതീയമായ അസഹിഷ്ണുത ഉളവാക്കാന്‍ തുടങ്ങി. ഒരിക്കല്‍ കൊടിയങ്കുളത്തിന് സമീപം ബസ് ജീവനക്കാരനും കൊടിയങ്കുളം നിവാസിയായ വിദ്യാര്‍ത്ഥിയും തമ്മില്‍ ബസില്‍ വെച്ച് നടന്ന ഒരു വഴക്ക് ആ ഗ്രാമത്തിന്റെ തലവര തന്നെ മാറ്റി മറിച്ചു,
ബസില്‍ നടന്ന ചെറിയൊരു സംഘര്‍ഷം അവിടെ നിന്ന് വലിയ ജാതി പ്രശ്‌നമായി മാറുകയും തുടര്‍ന്ന് അയല്‍ ഗ്രാമത്തിലെ തേവര്‍ സമുദായത്തിലുള്ള ആളുകളുമായി ഉള്ള ജാതി സംഘട്ടനത്തില്‍ എത്തി ചേരുകയും ചെയ്യുന്നു.
ഇതിനെ തുടര്‍ന്ന് 1995 ഓഗസ്റ്റ് 31ന് ഒരു കൊലപാതകത്തില്‍ സംശയിക്കുന്ന ആളുകളെ തേടി 600 ഓളം വരുന്ന പോലീസ് സംഘം കൊടിയങ്കുളം ഗ്രാമത്തില്‍ പ്രവേശിക്കുകയും,പോലീസ് നരനായാട്ട് നടത്തുകയും വെടിവെപ്പും, വീടുകള്‍ തീവെക്കുകയും, കിണറ്റില്‍ പെട്രോള്‍ പോലെയുള്ള ദ്രാവകങ്ങള്‍ ഒഴിച്ച് ഉപയോഗശൂന്യമാക്കുകയും, അതില്‍ തന്നെ എടുത്തു പറയേണ്ട കാര്യം വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ കീറി കളയുകയും ചെയ്തു.
തൊണ്ണൂറുകളുടെ ഒടുവില്‍ നടന്ന ഈ ചരിത്ര സംഭവമാണ് മാരി സെല്‍വരാജിന് കര്‍ണ്ണനിലേക്ക് ഉള്ള പ്രചോദനം. മാരി സെല്‍വരാജ് പരിയേറും പെരുമാളില്‍ തന്റെ രാഷ്ട്രീയം പറഞ്ഞവസാനിപ്പിക്കുന്ന ഇടത്ത് നിന്നാണ് കര്‍ണ്ണന്‍ തന്റെ 'പരി' (കുതിര) മേലേറിയുള്ള കുറച്ചു കൂടി ശക്തമായ ആ യാത്ര തുടരുന്നത്.
ജാതി മേലാളന്‍മാരും അവര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന ഭരണകൂടവും ഒന്നിച്ചു നിന്ന് വഴി മുടക്കുന്ന മനുഷ്യരുടെ ജീവിതവും, അതിജീവനവുമാണ് കര്‍ണ്ണന്‍ അനാവരണം ചെയ്യുന്നത്.
ആനപ്പുറത്ത് കയറിയതിന്, തല ഉയര്‍ത്തി പിടിച്ചു നിന്നതിന്, തലേക്കെട്ട് കെട്ടിയതിന്, മാട സാമി മകന് കര്‍ണ്ണന്‍ എന്ന് പേര് വെച്ചതിന്, എന്ന് തുടങ്ങി ജാതിയില്‍ തങ്ങള്‍ക്ക് കീഴിലുള്ള എന്ന് കരുതുന്ന മനുഷ്യന്‍, അപരന്‍ എങ്ങനെ ആയിരിക്കണമെന്ന വരേണ്യ താത്പര്യങ്ങളും, ദളിതന്റെ ഒരോ നീക്കത്തിലും അസ്വസ്ഥത വെച്ച് പുലര്‍ത്തുന്ന വ്യവസ്ഥിതിയോടുമുള്ള തുറന്ന പോരാട്ടമാണ് മാരി കര്‍ണ്ണനിലൂടെ പറഞ്ഞു വെക്കുന്നത്. ഇനി ഒരു തലമുറ കൂടി ഇങ്ങനെ തുടരാന്‍ കഴിയില്ല എന്ന ഉറച്ച പ്രഖ്യാപനമാണ് കര്‍ണ്ണന്‍ നടത്തുന്നത്.
കൊടിയംകുളം സംഭവത്തോട് ചേര്‍ത്ത് വായിക്കേണ്ട ഒരുപാട് രംഗങ്ങള്‍ കര്‍ണ്ണനില്‍ വരുന്നുണ്ട്. പൊലീസ് വീട് കയറി ആക്രമിക്കുന്ന ഘട്ടത്തില്‍
സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിച്ചു കളയുന്നത്, ഗ്രാമത്തില്‍ നിന്ന് പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ മേല്‍ ജാതിക്കാര്‍ ശല്യം ചെയ്തു ഓടിക്കുന്നത്, ഒരു കാരണവശാലും അവര്‍ ഉയര്‍ന്നു വരരുത് എന്ന വരേണ്യ നിര്‍ബന്ധബുദ്ധി ഇത് തന്നെയാണ് ഇവിടെയെല്ലാം പ്രവര്‍ത്തിക്കുന്നത്.
ഈ വരേണ്യ തിട്ടൂരത്തെ ചൂണ്ടിക്കാട്ടി ഗ്രാമത്തിലെ ആളുകളോട് ഇനിയും എത്ര തലമുറ പുഴുക്കളെ പോലെ ഇവിടെ തുടരും എന്ന് കര്‍ണ്ണന്‍ ചോദിക്കുന്നുണ്ട്. ഗ്രാമത്തിലെ ദൈവ സങ്കല്‍പ്പമാണ് മറ്റൊന്ന്, നശിച്ചതോ നശിപ്പിക്കപ്പെട്ടതോ ആയ രീതിയിലാണ്, ഗ്രാമത്തിലെ പ്രധാന വിഗ്രഹം (ബുദ്ധനോട് സാമ്യമുള്ള) കാണുന്നത് അവിടെ നിന്ന് റോഡില്‍ ചതഞ്ഞരയുന്ന നിലയില്‍ ആരാലും തിരിഞ്ഞു നോക്കാതെ മരിച്ചു കിടന്ന് പിന്നീട് അവരുടെ കുലദൈവമാറിയ കാട്ടുപേച്ചി എന്ന പെണ്‍കുട്ടിയിലൂടെ ആണ് കഥ പോകുന്നത്. അതിലൂടെ തങ്ങള്‍ തന്നെയാണ് തങ്ങളുടെ രക്ഷകര്‍ എന്ന തിരിച്ചറിവും, അതില്‍ നിന്നുള്ള ഉണര്‍വ്വുമാണ് സിനിമ പറഞ്ഞു വെക്കുന്നത്.
എപ്പോഴത്തെയും പോലെ ധനുഷിന്റെ മികച്ച പെര്‍ഫോമന്‍സ് ആണ്, ഒപ്പം, ലാല്‍, രജിഷ വിജയന്‍, ലക്ഷ്മി പ്രിയ, യോഗി ബാബു, ഗൗരി കൃഷ്ണ, നടരാജന്‍ സുബ്രഹ്മണ്യന്‍ (പോലീസ് ഓഫീസര്‍) തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം മറ്റു പുതുമുഖങ്ങളും ചേര്‍ന്ന തീര്‍ത്ത ഒന്നിനൊന്നു മികച്ച പ്രകടനം സിനിമയെ മികവുറ്റതാക്കുന്നുണ്ട്.
മനുഷ്യനും, ജീവജാലങ്ങളും, പ്രകൃതിയും എല്ലാം ചേര്‍ന്നതാണ് കര്‍ണ്ണനിലെ ലോകം ആ കാഴ്ചയെ ഗംഭീരമാക്കി തീര്‍ത്തതില്‍ തേനി ഈശ്വരന്റെ ക്യാമറ വഹിച്ച പങ്കും, അതോടൊപ്പം സഞ്ചരിക്കുന്ന സന്തോഷ് നാരായണന്റെ സംഗീതവും ചേര്‍ന്നാണ് കര്‍ണ്ണനെ പ്രേക്ഷകന് അത്രമേല്‍ പ്രിയങ്കരമാക്കുന്നത്.
അടിമുടി രാഷ്ട്രീയം പറയുന്ന സിനിമയാണ് കര്‍ണ്ണന്‍, മാരി സെല്‍വരാജിന്റെ വാക്കുകള്‍ കടമെടുത്താല്‍. തന്റെ സിനിമ അടിച്ചമര്‍ത്തപ്പെട്ടവനു വേണ്ടി സംസാരിക്കുന്നതായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇന്ത്യയില്‍ എണ്ണിയാലൊടുങ്ങാത്തത്ര ഗ്രാമങ്ങളുണ്ട്, അതില്‍ ജാതിയില്ലാത്ത ഒരു നാടുമില്ല, ഈ ജാതി തന്നെയാണ് വിവേചനത്തിന്റെ കാരണം.
എന്റെ നാടായ തിരുനല്‍വേലിയില്‍ ഒരുപാട് പരിയന്മാരെ കാണാന്‍ സാധിക്കും. നമ്മള്‍ സമത്വത്തെപ്പറ്റി ഒരുപാട് സംസാരിക്കും, പക്ഷേ നമ്മള്‍ എല്ലാവരെയും ഒരുപോലെ കാണുമോ ? എല്ലാവരെയും ഒരുമിച്ച് ജീവിക്കാന്‍ നമ്മള്‍ അനുവദിക്കുമോ ?. എനിക്ക് തോന്നുന്നില്ല.
അത്തരം കഥകള്‍ നമ്മള്‍ പറയണം.
പരിയേറും പെരുമാള്‍ ഇറങ്ങി രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ മാരി - ധനുഷ് കൂട്ടുകെട്ടില്‍ കര്‍ണ്ണനിലൂടെ മാരി സെല്‍വരാജ് തന്റെ വാക്കുകളോട് വീണ്ടും നൂറു ശതമാനം നീതി പുലര്‍ത്തുന്നു,
നാങ്ക ഇപ്പൊ നിമിര്‍ന്ത് പാത്തിട്ടോ, ഇനി ജന്മത്തിലെ എങ്കളാലെ കുനിയ മുടിയാത് !