കൊവിഡിനിടെ മലയാള സിനിമയില്‍ ചര്‍ച്ചയായ വിവാദം കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകന്റെ പേരിലായിരുന്നു. 2019ല്‍ ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച 'കടുവ' എന്ന സിനിമയിലെ നായകന്റെ പേരും കഥയും സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പ്രഖ്യാപിച്ച പ്രൊജക്ടുമായി സാമ്യമുണ്ടെന്ന വാദം കോടതി കയറി. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരും കടുവയുടെ തിരക്കഥയും മറ്റൊരു സിനിമയിലും ഉപയോഗിക്കരുതെന്ന തീരുമാനവുമുണ്ടായി. കടുവാക്കുന്നേല്‍ കുറുവച്ചന്‍ സാങ്കല്‍പ്പിക കഥാപാത്രമല്ല പാലായില്‍ ജീവിച്ചിരിപ്പുള്ള ആളാണെന്ന തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ വെളിപ്പെടുത്തല്‍ തൊട്ടുപിന്നാലെ. ഏറ്റവുമൊടുവില്‍ പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ ജോസ് തന്റെ കഥ ആര്‍ക്കും സിനിമായാക്കാന്‍ അനുമതി നല്‍കിയില്ലെന്നറിയിച്ച് രംഗത്തുവന്നു. കടുവാ വിവാദത്തില്‍ സംവിധായകന്‍ ഷാജി കൈലാസ് ആദ്യമായി സംസാരിക്കുന്നു.
കടുവാക്കുന്നേല്‍ കുറുവച്ചനും കടുവയും വിവാദമായിരിക്കുകയാണ്. തന്റെ ജീവിതം സിനിമ ചെയ്യാന്‍ ആര്‍ക്കും അനുമതി നല്‍കിയില്ലെന്ന വാദവുമായി പാലാ സ്വദേശിയും രംഗത്ത് വന്നിരിക്കുന്നു, എന്താണ് ഈ വിവാദത്തിന് ആധാരം?
കൊവിഡിനെതിരെ ലോകം ഒരുമിച്ച് പൊരുതുന്ന ഈ സമയത്ത് എന്തിനാണ് ഇങ്ങനെ ഒരു വഴക്കൊക്കെ?. ഒരു സിനിമയുടെ പേരില്‍ വാശിയും വഴക്കും കാണിക്കേണ്ട സമയമാണോ ഇത്. എനിക്ക് വഴക്കിനേ താല്‍പ്പര്യമില്ല. ഇത്തരത്തിലൊരു വഴക്കും വാശിയും ഉണ്ടാക്കി സിനിമ ചെയ്യണമെന്ന് താല്‍പ്പര്യപ്പെടാത്ത ആളാണ് ഞാന്‍. എനിക്ക് നല്ലൊരു സ്‌ക്രിപ്റ്റ് കിട്ടി, ഞാന്‍ ഓക്കെ പറഞ്ഞു. ഒരു കൊല്ലത്തിന് മുമ്പാണ് അത്. അന്ന് മറ്റൊരു വിവാദവും ഉണ്ടായിരുന്നില്ല. ഞാനും പൃഥ്വിരാജുമാണ് ജിനു എബ്രഹാമിന്റെ തിരക്കഥ പൂര്‍ണമായി വായിച്ചിട്ടുള്ള ആളുകള്‍. ഞങ്ങള്‍ക്കല്ലേ അറിയൂ, ആ സ്‌ക്രിപ്റ്റിന്റെ ഉള്ളടക്കം. അദ്ദേഹത്തിന്റെ കഥയാണോ എന്നത് പോലും ഞങ്ങള്‍ക്കല്ലേ അറിയൂ. ആ കഥയുമായി ഞാന്‍ ചെയ്യുന്ന കടുവയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞാന്‍ ആലോചിച്ച വ്യാഘ്രം തന്നെയാണ് കടുവ എങ്കില്‍ രഞ്ജി പണിക്കര്‍ അല്ലേ തിരക്കഥാകൃത്തായി വരിക
വ്യാഘ്രം എന്ന പേരില്‍ രണ്‍ജിപണിക്കരുടെ രചനയില്‍ ഷാജി കൈലാസ് ചെയ്യാനിരുന്ന സിനിമയിലെ നായകനാണ് കുറുവച്ചന്‍, വ്യാഘ്രം കുരുവിനാക്കുന്നേല്‍ ജോസിന്റെ ജീവിതത്തിലെ സംഭവങ്ങളെ ആധാരമാക്കിയായിരുന്നല്ലോ, അതേ പേര് ചുരുങ്ങിയതാണ് കടുവ എന്ന് തിരക്കഥാകൃത്ത് പറയുന്നു?
21 വര്‍ഷം മുമ്പ് എഫ് ഐ ആര്‍ എന്ന സിനിമ ചെയ്യുമ്പോള്‍ പാലായും, വാഗമണ്ണും ലൊക്കേഷന്‍ ആയി തീരുമാനിച്ചിരുന്നു. അന്ന് പാലായില്‍ ലൊക്കേഷന്‍ അന്വേഷിച്ചപ്പോഴാണ് ഈ പറയുന്ന ജോസ് കുരുവിനാക്കുന്നേലിന്റെ വീട്ടില്‍ ബിജു എന്നയാള്‍ കൊണ്ടുപോകുന്നത്. 'നിങ്ങള്‍ ഈ വീടൊന്ന് കണ്ട് നോക്കൂ, ഈ വീട് ഷൂട്ടിംഗിന് കൊള്ളാമോ' എന്ന് ചോദിച്ചു. ജോസ് ആണ് അദ്ദേഹത്തിന്റെ ജീപ്പില്‍ പിന്നീട് കുറേ ലൊക്കേഷനുകള്‍ കൊണ്ട് കാണിച്ചത്. അത്രയും മാത്രമേ ഉള്ളൂ. അതുകഴിഞ്ഞ് ഈ കാര്യം ഞാന്‍ രണ്‍ജിയോട് പറഞ്ഞു. ഇങ്ങനെ ഒരു കാരക്ടറിനെ ഞാന്‍ കണ്ടെന്ന് പറഞ്ഞു. എനിക്ക് അദ്ദേഹത്തെ അറിയാമെന്നായിരുന്നു രഞ്ജിയുടെ മറുപടി. പിന്നീടാണ് ഇദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്താലോ എന്ന് രണ്‍ജി പണിക്കര്‍ ചോദിക്കുന്നത്. ഞങ്ങള്‍ ചെയ്യാമെന്ന് തീരുമാനിച്ചു. അതാണ് മോഹന്‍ലാലിനെ വച്ച് പിന്നീട് പ്രഖ്യാപിച്ച വ്യാഘ്രം. അത് പിന്നെ ഉപേക്ഷിക്കപ്പെട്ടു. ഇതെല്ലാം ഇരുപത് വര്‍ഷം മുമ്പുള്ള കാര്യങ്ങളാണ്. ജോസുമായി ഞാന്‍ അദ്ദേഹത്തിന്റെ ജീവിതമോ അതുമായി ബന്ധപ്പെട്ട സംഭവങ്ങളോ സിനിമ ചെയ്യുന്ന കാര്യം സംസാരിച്ചിട്ടില്ല. അന്ന് നായകന് നിശ്ചയിച്ചിരുന്ന പേര് തന്നെയാണ് കുറുവച്ചന്‍.
ജിനു എബ്രഹാം എന്റെയടുക്കല്‍ വരുന്നത് ചെറുപ്പക്കാരനായ ഒരു പ്ലാന്ററുടെ കഥയുമായാണ്. ആ കഥയില്‍ ഞങ്ങള്‍ അന്ന് പ്ലാന്‍ ചെയ്ത സിനിമയുമായി ചെറിയ റിസംബ്ലന്‍സ് വന്നപ്പോള്‍ അത് രഞ്ജിയുടെ അടുത്ത് പറഞ്ഞു. രഞ്ജീ ചെറിയൊരു ഛായ നമ്മള്‍ അന്ന് പ്ലാന്‍ ചെയ്ത സംഗതിയുമായി ഉണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് അന്നത്തെ പേര് ഈ സിനിമയിലേക്ക് വരുന്നത്. 'നീയെടുത്തോ, നീയല്ലേ ആ സിനിമ ചെയ്യേണ്ടത്, എടുത്തോ' എന്നായിരുന്നു രഞ്ജിയുടെ മറുപടി. 2019ല്‍, അതായത് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അനൗണ്‍സ് ചെയ്ത പടമാണ്. ഇപ്പോള്‍ ഏതാണ്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. ഇപ്പോള്‍ അതില്‍ എന്താണ് വിവാദമെന്ന് എനിക്ക് മനസിലാകുന്നില്ല.
രഞ്ജിയുമായി ഞാന്‍ ആലോചിച്ച വ്യാഘ്രം തന്നെയാണ് കടുവ എങ്കില്‍ രഞ്ജി പണിക്കര്‍ അല്ലേ തിരക്കഥാകൃത്തായി വരിക. ജിനു എബ്രഹാമിന്റെ സ്‌ക്രിപ്റ്റില്‍ ചെയ്യേണ്ടല്ലോ?
എട്ട് വര്‍ഷത്തിന് ശേഷം സംവിധാനം ചെയ്യാന്‍ പ്രഖ്യാപിച്ച സിനിമ കേസിലും വിവാദത്തിലും പെട്ടിരിക്കുന്നു, ഒരേ കഥയില്‍ രണ്ട് സിനിമ പ്രഖ്യാപിക്കപ്പെട്ടു എന്നതൊക്കെ പുതിയ അനുഭവവുമല്ലേ?
തിരക്കഥാകൃത്ത് ജിനു എബ്രഹാം കേസ് കൊടുത്തത് അദ്ദേഹത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ്. ജിനു എബ്രഹാം ഈ കഥ അദ്ദേഹത്തിന്റെ അസോസിയേറ്റ് ആയിരുന്ന ആള്‍ക്ക് വേണ്ടി ചെയ്യാന്‍ വച്ചിരുന്നതാണെന്നും പിന്നീട് പ്രൊജക്ട് നടക്കാതെ വന്നപ്പോള്‍ എന്റെയടുക്കലേക്ക് വന്നതാണെന്നും പിന്നീടാണ് അറിഞ്ഞത്. ഫെഫ്കയുടെ റൈറ്റേഴ്‌സ് യൂണിയനില്‍ ഇക്കാര്യത്തില്‍ പരാതിയും ചര്‍ച്ചയുമൊക്കെ വന്നപ്പോഴാണ് നേരത്തെ ഒരാള്‍ക്ക് വേണ്ടി സിനിമ ആലോചിച്ചിരുന്ന കാര്യം തന്നെ അറിയുന്നത്.
എന്തിനാണ് എല്ലാവരും കൂടി ബഹളമുണ്ടാക്കുന്നത് എന്ന് മനസിലാകുന്നില്ല. സുരേഷ് ഗോപിയും രഞ്ജിയും എനിക്ക് അപരിചിതരല്ലല്ലോ, അവരെല്ലാം അടുത്ത സുഹൃത്തുക്കളാണ്. 'കടുവ' എന്നൊരു സിനിമ എന്തായാലും ഞാന്‍ ചെയ്യും. ആ സിനിമയുടെ കഥ നേരത്തെ എനിക്ക് ആളുകളെ കാണിക്കാനാകില്ലല്ലോ. റിലീസ് ചെയ്യുമ്പോള്‍ ആളുകള്‍ക്ക് മനസിലാക്കാം എന്നല്ലാതെ. ആ കടുവയ്ക്ക് ഇപ്പോഴത്തെ വിവാദങ്ങളുമായും ഈ മനുഷ്യനുമായും ഒരു ബന്ധവുമില്ലെന്ന് ഇപ്പോള്‍ പറയാം.
നല്ല സ്‌ക്രിപ്റ്റുകള്‍ കിട്ടിയ ഘട്ടത്തിലെല്ലാം സക്‌സസ് ഉണ്ടായിട്ടുണ്ട്. സ്‌ക്രിപ്റ്റ് പരാജയപ്പെടുമ്പോഴാണ് എനിക്കും പരാജയങ്ങളുണ്ടായിരുന്നത്.
കടുവ റോളിംഗ് സൂണ്‍ എന്നാണ് ഒടുവില്‍ വന്ന പോസ്റ്റര്‍?
കടുവ എന്ന സിനിമ ഞങ്ങള്‍ ചെയ്യും. അത് ഒരു വാശിയുടെ മേലുള്ള പ്രഖ്യാപനമല്ല. ഞാന്‍ കാത്തിരുന്നത് നല്ല സ്‌ക്രിപ്റ്റിന് വേണ്ടിയായിരുന്നു. അത്തരമൊരു സ്‌ക്രിപ്റ്റ് കിട്ടിയപ്പോള്‍ സിനിമ ചെയ്യുന്നു. വിവാദമുണ്ടാക്കുന്നത് ഈ സിനിമയുടെ ഉള്ളടക്കം അറിയാത്തവരാണ്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കടുവയിലെ നായകന്‍ പൂര്‍ണമായും സാങ്കല്‍പ്പിക കഥാപാത്രമാണ്.
മലയാളത്തില്‍ മാസ് എന്റര്‍ടെയിനറുകളിലൂടെ ബ്രാന്‍ഡ് സൃഷ്ടിച്ച സംവിധായകനാണ് ഷാജി കൈലാസ്. മോഹന്‍ലാലിന്റെ മാസ് സിനിമ വേണമെന്ന് ആരാധകര്‍ പറയുമ്പോള്‍ നരസിംഹം പോലൊരു സിനിമയെന്നും, സുരേഷ് ഗോപിയുടെ കമ്മിഷണര്‍ പോലെയൊരു സിനിമയെന്നും മമ്മൂട്ടിയുടെ കിംഗ് പോലെയുള്ള പടമെന്നും ഇന്നും ആവശ്യപ്പെടുന്നവരുണ്ട്.
എന്റേതായി എനിക്ക് ഒന്നും അവകാശപ്പെടാനില്ല, ഈ സിനിമകളില്‍. ഞാന്‍ ചെയ്ത വര്‍ക്കുകള്‍ ആളുകള്‍ സ്വീകരിച്ചു. എനിക്ക് നല്ല സ്‌ക്രിപ്റ്റുകള്‍ കിട്ടി. അതുകൊണ്ട് 100 ശതമാനം നല്‍കി സിനിമകള്‍ ചെയ്തു. ഹീറോയിസം ഉണ്ടാക്കുന്നതായിരുന്നല്ലോ ഈ പറഞ്ഞ സിനിമകളുടെ സക്‌സസ്. അതിന് പര്യാപ്തമായ തിരക്കഥയുണ്ടായിരുന്നു. ആ സിനിമകള്‍ക്ക് പിന്നിലെല്ലാം നല്ല പ്രയത്‌നവും കഷ്ടപ്പാടുമുണ്ടായിരുന്നുവെന്ന കാര്യം കൂടിയുണ്ട്. നല്ല സ്‌ക്രിപ്റ്റുകള്‍ കിട്ടിയ ഘട്ടത്തിലെല്ലാം സക്‌സസ് ഉണ്ടായിട്ടുണ്ട്. സ്‌ക്രിപ്റ്റ് പരാജയപ്പെടുമ്പോഴാണ് എനിക്കും പരാജയങ്ങളുണ്ടായിരുന്നത്. എല്ലാവരും ചേര്‍ന്നുള്ള വിജയങ്ങളായിരുന്നു ആ സിനിമകളെല്ലാം.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രവും വ്യാഘ്രം എന്ന ടൈറ്റിലും ആ കഥാപാത്രത്തെ തന്നെ വച്ച് ഞാന്‍ ഉണ്ടാക്കിയതാണ്. അതുതന്നെയാണ് ഇപ്പോള്‍ അവകാശമുന്നയിക്കുന്നവരും പറയുന്നത്. എന്നാല്‍ ഓരോരുത്തരും പറയുന്ന കഥയ്ക്ക് വ്യത്യാസമുണ്ടാകുമല്ലോ, ഒരാളുടെ ജീവിതത്തില്‍ നിന്നും പല പാഠങ്ങളാണ് നമ്മള്‍ പഠിക്കുക. അതുകൊണ്ട് തന്നെ ചിലപ്പോള്‍ രണ്ട് കൂട്ടരും ഉദ്ദേശിക്കുന്നത് രണ്ട് വ്യത്യസ്ത കഥകളായിക്കൂടെ. ആര് സിനിമ ചെയ്താലും ഒരു എതിര്‍പ്പിനോ അവകാശവാദത്തിനോ ഞാന്‍ പോകുന്നില്ല. വസ്തുതകള്‍ പറഞ്ഞുവെന്ന് മാത്രമേ ഉള്ളു.
രഞ്ജി പണിക്കര്‍