ജികെ മുതല്‍ മുള്ളങ്കൊല്ലി വേലായുധന്‍ വരെ; ജോഷി ചിത്രങ്ങളിലെ മാസ് കഥാപാത്രങ്ങള്‍
മലയാള സിനിമകളില്‍ മാസ് ആക്ഷന്‍ സിനിമകളുടെ മറുപേരായിരുന്നു സംവിധായകന്‍ ജോഷി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, തുടങ്ങിയ മുന്‍നിര നായകന്മാരുടെയെല്ലാം ഒരു മാസ്സ് കഥാപാത്രമെടുത്താല്‍ അതില്‍ ജോഷി ചിത്രമുണ്ടായിരിക്കും. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രവുമായി ജോഷിയെത്തുമ്പോള്‍ മലയാളി പ്രേക്ഷകര്‍ ഇത്രയേറെ പ്രതീക്ഷ വയ്ക്കുന്നതും മുന്‍കാല ജോഷി ചിത്രങ്ങളിലെ ആ കഥാപാത്രങ്ങളെ മനസ്സില്‍ കരുതി വെയ്ക്കുന്നത് കൊണ്ടാണ്. തൊണ്ണൂറുകളില്‍ തിയ്യേറ്ററുകളില്‍ തരംഗമായ തലമുറകള്‍ നെഞ്ചിലേറ്റിയ ജോഷി ചിത്രങ്ങളിലെ ചില മാസ്സ് കഥാപാത്രങ്ങള്‍
ജി കൃഷ്ണമൂര്‍ത്തി
മമ്മൂട്ടിയുടെ കരിയറിലെ വലിയ ബ്രേക്കുകളിലൊന്നായിരുന്നു 1987ല്‍ പുറത്തിറങ്ങിയ ന്യൂഡല്‍ഹി. ഡെന്നിസ് ജോസഫ് തിരക്കഥ രചിച്ച ചിത്രത്തിലെ ജി കൃഷ്ണമൂര്‍ത്തി മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച മാസ്സ് കഥാപാത്രങ്ങളിലൊന്നാണ്. വില്ലന്മാരെ നേരിട്ടിടിച്ചു വീഴ്ത്തുന്ന മാസ് നായകനല്ല, വില്ലന്മാരാല്‍ വര്‍ഷങ്ങളോളം ജയിലില്‍ അടയ്ക്കപ്പെട്ട, രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്തത്ര തളര്‍ന്ന ജികെ. പക്ഷേ ആരുമറിയാതെ അയാള്‍ നടത്തുന്ന പ്രതികാരങ്ങള്‍, ഓരോ കൊലപാതകങ്ങളുടെയും പ്ലാനിംഗ്. എല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചു. ചിത്രം പിന്നീട് ഹിന്ദിയിലേക്കും കന്നഡയിലേക്കും റീമേക്ക് ചെയ്യുകയും ചെയ്തു.
നായര്‍സാബ്
ഡെന്നിസ് ജോസഫ് ഷിബു ചക്രവര്‍ത്തി എന്നിവരുടെ രചനയില്‍ 1989ല്‍ ജോഷി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നായര്‍സാബ് മമ്മൂട്ടി ആരാധകരുടെ പ്രിയപ്പെട്ട ചിത്രമാണ്. കശ്മീരിന്റെ പശ്ചാത്തലത്തില്‍ ആര്‍മി ട്രെയിനിങ്ങ് ക്യാമ്പും അവിടത്തെ ട്രെയിനറായ ദേഷ്യക്കാരന്‍ മേജറും. മലയാള സിനിമയിലെ മിലിട്ടറി ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ നേരിട്ട് പട്ടാള കഥയല്ല പറയുന്നതെങ്കിലും നായര്‍സാബ് മുന്നില്‍ തന്നെയുണ്ടാവും.
അലിയാരുടെ മാസ്സ് ഗാങ്ങ്
മലയാളത്തിലെ ആക്ഷന്‍ ചിത്രങ്ങളില്‍ മികച്ച ഗാങ്ങുകളിലൊന്ന് തെരഞ്ഞെടുത്താല്‍ അതില്‍ ഏറ്റവും മുന്നില്‍ അലിയാര്‍, ആന്റണി,ഹംസ,രാമയ്യന്‍ എന്നിവരുടെ പേരുണ്ടാകും. ലോഹിതദാസിന്റെ രചനയില്‍ 1992ല്‍ ജോഷി സമ്മാനിച്ച കൗരവര്‍. ചിത്രത്തില്‍ തിലകന്‍ അവതരിപ്പിച്ച അലിയാര്‍ എന്ന കഥാപാത്രം ജയിലില്‍ നിന്നിറങ്ങുന്ന ആന്റണി(മമ്മൂട്ടി) ഹംസ(ബാബു ആന്റണി) രാമയ്യന്‍(ഭീമന്‍ രഘു) എന്നിവരെ കാത്തു നില്‍ക്കുന്ന ഒരു രംഗമുണ്ട്. പുറത്തിറങ്ങുമ്പോള്‍ തന്നെ അവരെ അറസ്റ്റ് ചെയ്യാന്‍ കാത്തുനില്‍ക്കുന്ന പൊലീസും. പിന്നീട് നടക്കുന്നത് മാത്രം വീണ്ടും ആവര്‍ത്തിച്ചു കാണുന്ന മലയാളി പ്രേക്ഷകരുണ്ട്.
ആനക്കാട്ടില്‍ ഈപ്പച്ചന്‍
എംജി സോമന്‍ എന്ന മലയാളികളുടെ പ്രിയ നടന്‍ മരിക്കുന്നത് 1997ലെ ഡിസംബറിലായിരുന്നു. കേവലം മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായ ആനക്കാട്ടില്‍ ഈപ്പച്ചന്‍ പിറന്ന ലേലം തിയ്യേറ്ററുകളിലെത്തിയത്. ചിത്രത്തിലെ നായകന്‍ സുരേഷ് ഗോപി അവതരിപ്പിച്ച കുട്ടപ്പായി ആയിരുന്നുവെങ്കിലും പ്രേക്ഷകര്‍ ഇന്നും ലേലത്തെ ഓര്‍ക്കുന്നത് നേരാ തിരുമേനി ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല എന്നു തുടങ്ങുന്ന സംഭാഷണത്തിലായിരിക്കും. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഒരു മാസ്സ് കഥാപാത്രം.
ശേഖരനും മകള്‍ ദേവികയും വിശ്വനാഥനും
1999ലായിരുന്നു രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത പത്രം എന്ന സിനിമ റിലീസ് ചെയ്തത്. രഞ്ജി പണിക്കരുടെ തീ പാറുന്ന സംഭാഷണങ്ങള്‍ നിറഞ്ഞ ചിത്രത്തിലെ മുരളി അവതരിപ്പിച്ച പത്രാധിപര്‍ ശേഖരനും മഞ്ജു വാര്യരുടെ മകള്‍ ദേവിക ശേഖരനും എന്‍എഫ് വര്‍ഗീസിന്റെ വിശ്വനാഥനും ഈ അഭിനേതാക്കളുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളാണ്. തന്റെ നേരെ തോക്കു ചൂണ്ടി നില്‍ക്കുപ്പോഴും തെല്ലും ഭയമില്ലാതെ ചിരിച്ചു കൊണ്ടു മടങ്ങുന്ന ശേഖരനും ആ ചങ്കൂറ്റം തനിക്കുമുണ്ടെന്ന് വിളിച്ചു പറയുന്ന മകള്‍ ദേവികയും അവര്‍ക്കൊപ്പം കട്ടയ്ക്കു നില്‍ക്കുന്ന വില്ലന്‍ വിശ്വനാഥനും.
മുള്ളങ്കൊല്ലിയുടെ മഹാരാജാവ്
മുള്ളങ്കൊല്ലി വേലായുധന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ആരാധകര്‍ക്ക് മാത്രമല്ല, സിനിമാ പ്രേമികള്‍ക്കും പ്രിയപ്പെട്ടതാണ്. കര്‍ക്കടകത്തിലെ മഴയില്‍ പുഴ കര കവിഞ്ഞൊഴുകുമ്പോള്‍ അതില്‍ ഒഴുകി വരുന്ന മരത്തടികള്‍ വെള്ളത്തിലിറങ്ങി കെട്ടിവലിച്ചെടുക്കുന്ന, കള്ളു ഷാപ്പിലിരുന്ന് മദ്യപിക്കുന്നവരോട് പാട്ടു പാടരുതെന്ന് പറയുന്ന തന്റെ നിയമങ്ങള്‍ മാറണമെങ്കില്‍ തന്നെ തല്ലിത്തോല്‍പ്പിക്കാന്‍ പറയുന്ന ചട്ടമ്പിയും എന്നാല്‍ മറുവശത്ത് കുട്ടിയെ പോലെ നിഷ്‌കളങ്കമായി ആളുകലെ സ്‌നേഹിക്കുകയും ചെയ്യുന്നയാള്‍. രഞ്ജന്‍ പ്രമോദിന്റെ രചനയില്‍ 2005ലായിരുന്നു നരന്‍ പുറത്തിറങ്ങിയത്.