'സിസ്റ്റത്തിന് എതിരെയുള്ള ഒരു 'അടി'യാണിത്'; ഷൈന്‍ ടോമിന്റെ വ്യത്യസ്ത കഥാപാത്രമെന്ന് പ്രശോഭ് വിജയന്‍

'സിസ്റ്റത്തിന് എതിരെയുള്ള ഒരു 'അടി'യാണിത്'; ഷൈന്‍ ടോമിന്റെ വ്യത്യസ്ത കഥാപാത്രമെന്ന് പ്രശോഭ് വിജയന്‍
Published on

ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത്, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'അടി'. വേഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും, ജോം വര്‍ഗീസും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഏപ്രില്‍ 14-ന് തിയേറ്ററുകളിലെത്തുകയാണ്. സമൂഹത്തിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് എതിരെയുള്ള ഒരടിയാണ് സിനിമ എന്ന് ചിത്രത്തിന്റെ സംവിധായകന്‍ പ്രശോഭ് വിജയന്‍ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ആണുങ്ങളായാല്‍ ഇങ്ങനെ പെരുമാറണം, സ്ത്രീകളായാല്‍ മറ്റൊരു രീതിയില്‍ പെരുമാറണം എന്നൊക്കെയുള്ള രീതികള്‍ക്ക് എതിരെയാണ് സിനിമ. തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് മാറി, ഒരു കോമഡി ചിത്രമാണ് അടി എന്നും, കുടുംബത്തോട് കൂടെ ആസ്വദിക്കാവുന്നതാണെന്നും സംവിധായകന്‍ പറയുന്നു.

രണ്ടു വര്‍ഷത്തോളമായി സീരിയസ് കഥാപാത്രങ്ങള്‍ ചെയ്തു വരുന്ന ഷൈന്‍ ടോമിന്റെ ഒരു വ്യത്യസ്ത കഥാപാത്രമാണ് അടിയിലെന്ന് പ്രശോഭ് പറയുന്നു. അതിന് പ്രേക്ഷകര്‍ തരുന്ന പ്രതികരണം ഉറ്റുനോക്കുന്നുണ്ട്. മലയാള സിനിമയില്‍ അടുത്തകാലത്തിറങ്ങിയ, തല്ലുമാലയും, ജയ ജയ ജയ ജയഹേയും ഒക്കെയായി കംപാരിസണ്‍സ് വന്നിരുന്നു, പക്ഷെ അവയില്‍ നിന്നോക്കെ മാറി നില്‍ക്കുന്ന പ്രമേയമാണ് സിനിമയുടേതെന്നും പ്രശോഭ് പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യഗാനം, 'തോനെ മോഹങ്ങള്‍' ഇരുപത്തിനാല് മണിക്കൂറിന് മുന്‍പ് തന്നെ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ രണ്ടാമതെത്തിയിരുന്നു.

'പാട്ടിന്റെ ഫുള്‍ ക്രെഡിറ്റ് ഗോവിന്ദ് വസന്തക്കും, രചയിതാവ് ഷറഫുവിനുമാണ്. നമ്മള്‍ സാധാരണ പറയുന്ന വാക്കുകളാണ് പാട്ടില്‍ ഷറഫു ഉപയോഗിച്ചിരിക്കുന്നത്. അതിന് നല്ല ഭംഗിയാണ്'

പ്രശോഭ് വിജയന്‍

ഷറഫു ആദ്യമായെഴുതിയ ഗാനമാണ്. ഇത് കൂടാതെ മൂന്ന് പാട്ടുകള്‍ കൂടെ സിനിമയിലുണ്ട്. രണ്ടു ഗാനങ്ങള്‍ ഷറഫുവും, രണ്ടു ഗാനങ്ങള്‍ അന്‍വര്‍ അലിയും എഴുതിയിരിക്കുന്നു. മറ്റു ഗാനങ്ങള്‍ അധികം വൈകാതെ തന്നെ പുറത്തിറക്കുമെന്നും പ്രശോഭ് പറഞ്ഞു. നടന്‍ ഹരിശ്രീ അശോകനാണ് ഒരു പാട്ട് പാടിയിരിക്കുന്നത്, ആ പാട്ടില്‍ ഒരുപാട് പ്രതീക്ഷയുണ്ട് എന്നും സംവിധായകന്‍ പറയുന്നു.

ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്.

Related Stories

No stories found.
logo
The Cue
www.thecue.in