ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദ്നി എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്യുന്ന 'വിശേഷം' ജൂലൈ 19 തിയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. ദൈനംദിന സങ്കീർണ്ണതകൾ, രസകരമായി അവതരിപ്പിക്കുന്ന 'വിശേഷം' നവ്യവും ഹൃദ്യവുമായ ചിത്രമായിരിക്കുമെന്ന് ട്രെയിലർ നേരത്തെ സൂചന നൽകിയിരുന്നു. നിലനിൽക്കുന്ന നായികാ-നായക സങ്കല്പ്പങ്ങളെ ഉടച്ചുകൊണ്ടാണ് ചിത്രം കടന്നു വരുന്നത്. തിരക്കഥാകൃത്തായ ആനന്ദ് മധുസൂദനനെ തന്നെയാണ് ചിത്രത്തിലെ നായക കഥാപാത്രമായി തീരുമാനിച്ചതെന്നും വിശേഷം നിങ്ങളുടെ അയല്പക്കത്ത് നടക്കുന്ന കഥയാണ് എന്നും സംവിധായകൻ പറയുന്നു. ഷിജു ഭക്തനും സജിതയും പ്രേക്ഷരിലേക്ക് എത്തുമ്പോൾ സിനിമയെക്കുറിച്ച് ക്യൂ സ്റ്റുഡിയോയോട് സംവിധായകൻ സൂരജ് ടോം സംസാരിക്കുന്നു.
'വിശേഷം' അയല്പക്കത്തെ കഥ
വിശേഷം കൃത്യമായി ഒരു വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ സിനിമയല്ല. പക്ഷെ ഒരുപാട് പേർക്ക് ജീവിതത്തിൽ പരിചയമുള്ള കഥയാണ് സിനിമയുടേത്. ഈ കഥാപത്രങ്ങളെ സിനിമയിൽ കാണുമ്പോൾ നമുക്ക് പരിചയമുള്ള പലർക്കും സംഭവിക്കുന്ന കാര്യങ്ങൾ ഓർമ്മ വരും. ജീവിതത്തിൽ പലരും കടന്നു പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് സിനിമയിലുള്ളത്. നമുക്ക് നമ്മുടെ വീട്ടിൽ നടക്കുന്ന കഥയായി ഇത് തോന്നുമെന്ന് പറഞ്ഞത് അതുകൊണ്ടാണ്. നമ്മുടെ അയല്പക്കത്ത് നടക്കുന്ന, നമ്മുടെ ബന്ധു വീട്ടിൽ നടക്കുന്ന വിഷയങ്ങളാണ് വിശേഷത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കൃത്യമായി ഒരാളുടെ ജീവിതകഥയെ ആധാരമാക്കി എഴുതിയതല്ല ഈ കഥ.
നിങ്ങൾക്ക് ഇടയിലുള്ള ഒരു നായകനാണ് ഞങ്ങളുടേത്
ആരെയും മനസ്സിൽ കണ്ട് എഴുതിയ സ്ക്രിപ്റ്റ് അല്ല വിശേഷം. ഈ കാലഘട്ടത്തിൽ പറയാൻ പ്രസക്തമായ ഒരു വിഷയമാണെന്ന് തോന്നിയപ്പോൾ സിനിമ ഉറപ്പിക്കുകയായിരുന്നു. പിന്നീട് അതിനെ ഏറ്റവും നീതി പുലർത്തിക്കൊണ്ട് വികസിപ്പിച്ചു. അങ്ങനെയാണ് സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്. രണ്ട് രീതിയിൽ ഈ കഥ പറയാം. വളരെ ഗൗരവമായോ അല്ലെങ്കിൽ സരസമായോ പറയാം. രണ്ടാമത്തെ ട്രാക്കിലാണ് നമ്മൾ സിനിമയെ നോക്കിയിട്ടുള്ളത്. തമാശകളിലൂടെ കാര്യം പറയാമെന്ന രീതിലാണ് ചിത്രത്തെ സമീപിച്ചിട്ടുള്ളത്. സ്ക്രിപ്റ്റ് പൂർത്തിയാക്കിയതിന് ശേഷം അതിലേക്ക് ഏതൊക്കെ ആളുകൾ കഥാപത്രങ്ങളായി വന്നാൽ എങ്ങനെയുണ്ടാവും എന്നാലോചിക്കുകയായിരുന്നു. എന്തെങ്കിലും ഒരു പ്രേത്യേകതയുള്ള സിനിമ ആയിരിക്കണം എന്ന് എനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നു. പുതുമയുള്ള ഒരു ചിത്രമായിരിക്കണം എന്നുണ്ടായിരുന്നു. സിനിമ കാണാൻ ആളുകളെ പ്രേരിപ്പിക്കുന്ന, കൗതുകമുണർത്തുന്ന ഘടകങ്ങൾ ഉണ്ടല്ലോ. ആ രീതിയിൽ ആലോചിച്ചപ്പോഴാണ് ആനന്ദിനെ തന്നെ ഷിജു ഭക്തൻ എന്ന കഥാപാത്രമായി കൊണ്ടുവന്നാലോ എന്ന് തോന്നിയത്. അത് വെറുതെ വന്ന ഒരു തോന്നലല്ല. കാരണം ആനന്ദ് വളരെ രസമായി കഥ പറയും. ഏറ്റവും കൂടുതൽ തവണ എന്നോടായിരിക്കും ആനന്ദ് ഈ സിനിമയുടെ കഥ പറഞ്ഞിട്ടുണ്ടാവുക. ഓരോ തവണ കഥ വികസിപ്പിക്കുമ്പോഴും മുഖത്ത് നിന്ന് കണ്ണെടുപ്പിക്കാതെ കഥ പറയാൻ ആനന്ദിന് കഴിഞ്ഞിട്ടുണ്ട്. അത്രയും ഭംഗിയായി ഒരാൾ നമ്മളോട് പ്രമേയം അവതരിപ്പിക്കുമ്പോൾ, ഒരു പരിധി കഴിഞ്ഞ് ആനന്ദ് എന്റെ മനസ്സിൽ കുടുങ്ങിപ്പോയി എന്നുള്ളതാണ് സത്യാവസ്ഥ.
അങ്ങനെയാണ് ഞാൻ ആനന്ദിനോട് അത് സംസാരിക്കുന്നത്. അതേ കൗതുകത്തോടെയാണ് ചിന്നുവിനെയും സിനിമയിലേക്ക് കൊണ്ടുവരുന്നത്. നമ്മുടെ സിനിമയിലുള്ള നായികാ-നായക സങ്കൽപ്പത്തിന് കുറെ നിയമങ്ങളുണ്ട്. പക്ഷെ നമ്മളൊന്നും യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ലല്ലോ. അതുകൊണ്ടാണ് നിങ്ങൾ ഓരോരുത്തരും നായികാ നായകൻമാരാണ് എന്ന് ഈ ചിത്രത്തിന്റെ തുടക്കം പറയുന്നത്. നിങ്ങളുടെ ഇടയിൽ നിന്നാണ് ഞങ്ങൾ ഒരു നായകനെ അവതരിപ്പിക്കുന്നത്. നിത്യജീവിതത്തിൽ നമ്മളെല്ലാം നമ്മുടെ ജീവിതത്തിലെ നായകന്മാരാണ്. എന്റെ വീട്ടിൽ ഞാൻ ഹീറോയാണ്. നിങ്ങളുടെ വീട്ടിൽ നിങ്ങളും. വളരെ ബുദ്ധിമുട്ടിയാവും നമ്മുടെ ദിവസങ്ങൾ കടന്നു പോവുക. നമുക്ക് ചിലപ്പോ കഷണ്ടിയുണ്ടാവും, കുടവയറുണ്ടാവും. എന്ന് കരുതി നമ്മൾ ഹീറോ ആവാതെ ഇരിക്കുന്നില്ലല്ലോ. ഇങ്ങനെ ഒരു സമീപനമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്.
നർമ്മം വിഷയത്തിന്റെ ഗൗരവത്തെ കുറയ്ക്കുമെന്ന് തോന്നിയിരുന്നോ?
നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചപ്പോൾ സിനിമയുടെ ഗൗരവത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. കാണുമ്പോൾ നിങ്ങൾക്കത് മനസ്സിലാവുമെന്ന് തോന്നുന്നു. ഒരു ഭാഗത്ത് ഇമോഷണലായ കാര്യങ്ങളും മറുവശത്ത് ചിരിയും ഉണ്ടെങ്കിൽ ഒരു ബാലൻസ് ഉണ്ടാവുമെന്നാണ് എനിക്ക് മനസ്സിലാക്കാൻ പറ്റിയ കാര്യം. ആദ്യം മുതൽ കരച്ചിലാണെങ്കിൽ സിനിമയുടെ പല ഇമോഷനും നമുക്ക് മനസ്സിൽ കൊണ്ടുപോകാനാവില്ല. നമ്മളും സിനിമ കാണാൻ പോകുന്നത് നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കാൻ ആണല്ലോ. അത്രയും കഷ്ടപ്പെട്ടിട്ടാണല്ലോ ഒരാൾ സിനിമാ തിയറ്ററിലേക്ക് വരുന്നതും. കാരണം വീട്ടിൽ നിന്നിറങ്ങി, കുട്ടികൾ ഉണ്ടെങ്കിൽ അവരെയും റെഡിയാക്കി, വന്നു വഴിയുമ്പോൾ പോപ്പ് കോൺ ഉൾപ്പെടെ മറ്റു ചിലവുകൾ നേരിട്ടൊക്കെയാണ് ഒരു കുടുംബം തിയറ്ററിൽ എത്തുന്നത്. അങ്ങനെ എത്തുന്നവരെ എന്റർടൈൻ ചെയ്യണം എന്നുള്ള ചിന്തയാണ് ഈ രീതിയിൽ സിനിമ ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിച്ചത്.
ആനന്ദ് മധുസൂദനനുമായുള്ള സൗഹൃദം
ആനന്ദ് മധുസൂദനനുമായുള്ള കൂട്ടായ്മ ഈ സിനിമയിൽ നന്നായി വന്നിട്ടുണ്ട്. ഞങ്ങളുടെ ഇടയിൽ ഔദ്യോഗികതയുടെ കാര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. പറ്റുമെങ്കിൽ പറ്റുമെന്നും ഇല്ലങ്കിൽ ഇല്ലന്നും പറയാനുള്ള സ്വാതന്ത്രം ഞങ്ങൾക്കിടയിലുണ്ട്. അവിടെ ഒരു പിണക്കത്തിന്റെ അവസ്ഥ ഉണ്ടായിട്ടില്ല. ആനന്ദിനോട് ആദ്യമായി സഹകരിക്കുന്നത് പാ.വ എന്ന ചിത്രത്തിലെ സംഗീതത്തിന് വേണ്ടിയായിരുന്നു. യാദൃശ്ചികമായിട്ടാണ് ആനന്ദ് ആ ചിത്രത്തിന്റെ സംഗീത സംവിധായകനാവുന്നത്. 'പൊടി മീശ മുളയ്ക്കണ കാലം' എന്ന ആനന്ദിന്റെ ഹിറ്റ് ഗാനം ഉണ്ടാവുന്നത് അവിടെ നിന്നാണ്. ഞാൻ ഒരു പരസ്യചിത്ര സംവിധായകൻ കൂടിയാണ്. അതിന്റെ എല്ലാം സംഗീതസംവിധാനം ആനന്ദായിരുന്നു. മുന്നൂറോളം പരസ്യ ചിത്രങ്ങൾക്കുവേണ്ടി ഞങ്ങൾ സഹകരിച്ചിട്ടുണ്ട്. ആനന്ദ് മുൻപ് കഥകൾ എഴുതിയിരുന്നില്ലെങ്കിലും ഞങ്ങളുടെ സൗഹൃദ വലയത്തിന്റെ ഉള്ളിൽ കഥകൾ സംസാരിക്കുമായിരുന്നു. 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രം അങ്ങനെ സംസാരിച്ച ചിത്രമാണ്. ആനന്ദ് ആദ്യമായി എഴുതുന്നതും അഭിനയിക്കുന്നതും ഞാൻ കൂടെ ഭാഗമായ സിനിമയിലാണ് എന്നത് സന്തോഷമുള്ള കാര്യമാണ്.
ഷിജു ഭക്തൻ ക്വോട്ട്സ് ഉണ്ടായ വഴി
നമ്മൾ ഒരു സിനിമ മാർക്കറ്റ് ചെയ്യുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി എന്ന് പറയുന്നത് ഒരു പുതുമുഖ നായകനെ അവതരിപ്പിക്കുക എന്നതാണ്. നായികയെ പരിചയപ്പെടുത്തുന്നതിൽ അത്രയും പ്രശ്നനങ്ങളില്ല. കാരണം മലയാള സിനിമയുടെ ഒരു സങ്കൽപം വെച്ച് ഹീറോ ആരാണ് എന്നുള്ളതാണല്ലോ ചോദ്യം. ഞങ്ങളുടെ നായകൻ ഒരു പുതിയ ആളായതുകൊണ്ട് തന്നെ, ഹീറോയെ പരിചയപ്പെടുത്തുക എന്നൊരു കടമ്പ കടക്കേണ്ടതുണ്ട്. അപ്പോൾ അതിന്റെ ഭാഗമായിട്ടാണ് ഷിജു ഭക്തൻ ക്വോട്ട്സ് എന്ന് പറയുന്ന ഒരു സീരിസ് അവതരിപ്പിച്ചത്. ആ കഥാപത്രം എങ്ങനെ ചിന്തിക്കുന്നു, അയാളുടെ പെരുമാറ്റം എന്താണ് എന്നെല്ലാം ആളുകളെ പരിചയപെടുത്താൻ വേണ്ടി ചെയ്തതാണ് അത്. ഷിജു ഭക്തൻ ക്വോട്ട്സിലൂടെ പല കാര്യങ്ങൾ നമ്മൾ അഡ്രെസ്സ് ചെയ്യുന്നുണ്ട്. സൗന്ദര്യത്തിന്റെ ഒരു നിർവചനം അതിൽ കൊടുത്തിരുന്നു. കഷണ്ടിയും കുടവയറും കറുപ്പും വെളുപ്പും ഒക്കെയായി എത്രയോ മനുഷ്യരുണ്ട്, എന്ത് ഭംഗിയാണ് ഓരോരുത്തരെയും കാണാൻ എന്ന് നമ്മൾ അതിൽ പറഞ്ഞു വെക്കുന്നുണ്ട്. ഓരോരുത്തർക്കും അവനവൻ സുന്ദരനല്ലേ.
സിനിമയിൽ ആവർത്തിച്ച് സംഭവിക്കുന്ന ഇടവേളകൾ?
എന്റെ എല്ലാ സിനിമൾക്കിടയിലും രണ്ട് വർഷത്തെ ഇടവേളയുണ്ട്. ഒരു സിനിമ സംവിധായകന്റെ കരിയറിനെ അടയാളപെടുത്തുന്ന ഒന്ന് കൂടെയാണ്. ഏകദേശം 100 നടുത്ത് കഥകൾ ഈ രണ്ട് വർഷത്തിനിടയിൽ കേട്ടിട്ടുണ്ട്. കഥ പറയാൻ ആര് വന്നാലും ഒരു മടിയും കൂടാതെ കേൾക്കാറുണ്ട്. കല്യാണം കഴിക്കുന്നു എന്ന് പറയുന്ന പോലെയാണ് ഈ കഥ കേൾക്കലും. ഒരുപാട് പെണ്ണ് കാണൽ കഴിഞ്ഞ് നമുക്ക് ഇഷ്ടപ്പെട്ട ഒരു പെണ്ണിനെ കണ്ടുമുട്ടുമ്പോഴായിരിക്കും ചിലപ്പോൾ ഒരു കല്യാണം ഉറപ്പിക്കുക. നമുക്ക് ഈ കഥ സിനിമയാക്കണം എന്ന് തോന്നുമ്പോഴായിരിക്കും സിനിമ സംഭവിക്കുക. അതിന് സ്ക്രിപ്റ്റ് മുഴുവൻ വേണമെന്ന് തന്നെയില്ല. കഥയുടെ ഉള്ളടക്കം നമ്മളെ കൊളുത്തി വലിക്കുമ്പോൾ പിന്നീട് അത് യാഥാർഥ്യമാക്കാനുള്ള ഒരു ഓട്ടമാവുകയാണ്. അതിനിടയിലൂടെ സ്ക്രിപ്റ്റ് സംഭവിക്കും. അഭിനേതാക്കൾ വരും. നിർമ്മാണം സംഭവിക്കും. നമ്മൾക്കിഷ്ടമുള്ള ഒരു കാര്യം നമുക്ക് നടത്തിയെടുക്കാൻ കഴിയും.
പ്രേക്ഷകരോട്
വിശേഷത്തിലെ ഹീറോ സിനിമയുടെ ഉള്ളടക്കമാണ്. വളരെ ലളിതമായ ഒരു സിനിമയാണ് വിശേഷം. ഈ സിനിമ മനസ്സിലാക്കാൻ വലിയ ബുദ്ധിയോ ശക്തിയോ ഒന്നും വേണ്ട. ഒരു ചെറുപുഞ്ചിരിയോടെ തിയറ്ററിൽ കണ്ട് ആസ്വദിക്കാൻ കഴിയുന്ന സിനിമയാണിത്. സിനിമയിലൂടെ കടന്നു പോകുമ്പോൾ ഒരു പോസിറ്റിവിറ്റി ഉണ്ടാകും എന്ന് തന്നെയാണ് ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്. ഒരു കുടുംബ കഥയാണിത്. അതുകൊണ്ട് തന്നെ കുടുംബത്തോടെ തിയറ്ററിലേക്ക് വരാൻ ശ്രമിക്കുക. നമ്മളിൽ പലരും അനുഭവിച്ചു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ അനുഭവിക്കാനിരിക്കുന്ന ഒരു വിഷയമാണ് ചിത്രത്തിലുള്ളത്. പരമാവധി ആദ്യ ദിനങ്ങളിൽ തന്നെ സിനിമ കാണാൻ ശ്രമിക്കുക. കാരണം ആദ്യ ദിനങ്ങളിൽ തന്നെ വന്നാലേ ഇതുപോലെയുള്ള ചിത്രങ്ങൾ തിയറ്ററിൽ നിലനിൽക്കൂ. റിസൾട്ട് അറിയും വരെ കാത്തിരുന്ന് പിന്നീട് കാണേണ്ടതല്ല കോണ്ടെന്റ് അടിസ്ഥാനമാക്കിയുള്ള സിനിമകൾ. ഇങ്ങനെയുള്ള സിനിമകളെ നമ്മൾ പ്രോത്സാഹിപ്പിച്ചാൽ ഇനിയും ഇത്തരത്തിലുള്ള ധാരാളം സിനിമകൾ മുന്നോട്ട് വരും.