'ഞാൻ പഠിച്ചിറങ്ങിയത് രാംഗോപാൽ വർമ്മ സ്കൂൾ ഓഫ് ഫിലിം മേക്കിങ്ങിൽ നിന്ന്'; ഉള്ളൊഴുക്ക് കോ-പ്രൊഡ്യൂസർ സഞ്ജീവ് നായർ അഭിമുഖം

'ഞാൻ പഠിച്ചിറങ്ങിയത് രാംഗോപാൽ വർമ്മ സ്കൂൾ ഓഫ് ഫിലിം മേക്കിങ്ങിൽ നിന്ന്'; ഉള്ളൊഴുക്ക് കോ-പ്രൊഡ്യൂസർ സഞ്ജീവ് നായർ അഭിമുഖം
Published on

ഉള്ളൊഴുക്കിന് ലഭിക്കുന്ന പ്രേക്ഷകസ്വീകാര്യത അത്ഭുതപ്പെടുത്തിയെന്ന് കോ-പ്രൊഡ്യൂസർ സഞ്ജീവ് നായർ. നീണ്ട ഇരുപത്തഞ്ച് വർഷത്തെ കരിയറിൽ, സഞ്ജീവ് ചെയ്യുന്ന ആദ്യ മലയാള സിനിമയാണ് ഉള്ളൊഴുക്ക്. 1999-ൽ യാദൃശ്ചികമായി രാംഗോപാൽ വർമ്മക്കൊപ്പം ജോലി ചെയ്ത് സിനിമയിലെത്തിയ സഞ്ജീവ് നായർ ബോളിവുഡിലെ നിറസാന്നിധ്യമായിരുന്നു. ലാൽ സിങ് ഛദ്ദ, ഖൂഫിയാൻ, കാർവാൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഒരുപാട് കാലമായി മലയാള സിനിമയിലേക്ക് വരാൻ ശ്രമിച്ചിരുന്നു എന്നും, നല്ലൊരു സ്ക്രിപ്റ്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും സഞ്ജീവ് നായർ പറയുന്നു. ഉള്ളൊഴുക്ക് നിരൂപകപ്രശംസ നേടുമെന്നത് അറിയാമായിരുന്നുവെങ്കിലും,തിയറ്ററുകളിൽ ലഭിക്കുന്ന പ്രതികരണം അത്ഭുതപ്പെടുത്തിയെന്നും സഞ്ജീവ് നായർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ബോളിവുഡിൽ നിന്ന് മലയാള സിനിമയിലേക്ക് വരാൻ വൈകിയത് എന്തുകൊണ്ട്?

ഞാൻ പ്രൊഡ്യൂസർ ആയല്ല തുടങ്ങിയത്. പല മൈൽസ്റ്റോൺസും കടന്നാണ് വന്നത്. എനിക്ക് മലയാളത്തിൽ അധികം കണക്ഷൻസ് ഉണ്ടായിരുന്നുമില്ല, അത് ആവശ്യമാണ്. 2012-13 കാലത്ത് ഞാൻ മലയാളത്തിലേക്ക് വരാൻ ശ്രമിച്ചിരുന്നു. പക്ഷെ സീനിയർ ആൾക്കാർ എന്നോട് പറഞ്ഞു അത് ശരിയായ സമയമല്ല എന്ന്. ഒരു വലിയ സംവിധായകൻ എന്നോട് പറഞ്ഞത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ്, ഇപ്പോൾ ഇവിടെ സിനിമ ചെയ്യേണ്ട എന്നാണ്.

നല്ലൊരു തിരക്കഥയ്ക്ക് വേണ്ടി ശ്രമിച്ചു തുടങ്ങിയിട്ട് കുറച്ച് നാളായി. അവിടെ നിന്ന് കൊണ്ട് തന്നെ ഒരു സ്ക്രിപ്റ്റ് എടുത്ത്, നല്ലൊരു ബഡ്ജറ്റിൽ ഉണ്ടാക്കി, നമുക്ക് റിലീസ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും, ഒരു ബേസിക് റിക്കവറി ലഭിക്കുന്ന ഒരു തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. അതായത് കുറച്ച് ബോംബെയിൽ ഇരുന്നു കൊണ്ട് തന്നെ കൺട്രോൾ ചെയ്യാൻ കഴിയുന്ന ഒരു തിരക്കഥ നോക്കിയിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മലയാളത്തിലേക്കെത്താൻ വൈകിയത്.അത് മാത്രവുമല്ല, അവിടെയുള്ള പ്രൊജെക്ടുകൾ വിട്ട് ഇവിടെ ഒരുസിനിമ സെറ്റ് അപ്പ് ചെയ്യാനുള്ള അസൗകര്യവും ഉണ്ടായിരുന്നു.

എന്തുകൊണ്ട് ആദ്യ മലയാള ചിത്രമായി ഉള്ളൊഴുക്ക് തിരഞ്ഞെടുത്തു?

എന്തുകൊണ്ട് ഉള്ളൊഴുക്ക് ആദ്യ ചിത്രമായി എന്നുള്ളതിനുത്തരം പ്രേക്ഷകർ പറയുന്നുണ്ട്. അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഇത് തിരിച്ചറിഞ്ഞുവെന്ന് മാത്രം. ഉള്ളൊഴുക്കിന്റെ തിരക്കഥ വന്നപ്പോൾ എന്തായാലും അത് ചെയ്യണമെന്ന് തോന്നി. നിരൂപക പ്രശംസ നേടുമെന്നത് ഉറപ്പായിരുന്നു. പക്ഷെ പ്രേക്ഷകർ ഇങ്ങനെ സ്വീകരിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ഒരു സിനിമ സിനിസ്ഥാൻ ഇന്ത്യ സ്റ്റോറിടെല്ലർ കോണ്ടെസ്റ്റിൽ ഒന്നാം സ്ഥാനം ലഭിച്ച തിരക്കഥയായിരുന്നു ഉള്ളൊഴുക്ക്. ഒരു നോർത്ത് ഇന്ത്യൻ ജൂറിയെ പ്രീതിപ്പെടുത്തിയ തിരക്കഥയ്ക്ക് ഒരു പാൻ ഇന്ത്യൻ സ്വഭാവം ഉണ്ടാകണം ആ ചിത്രത്തിന്. ചിത്രം നാടൻ മലയാളം ആണെങ്കിലും, തിരക്കഥയ്ക്ക് ഒരു പാൻ ഇന്ത്യൻ അപ്പ്രോച്ച് ഉണ്ടായിരുന്നു.

ഉള്ളൊഴുക്കിന് കിട്ടുന്ന സ്വീകാര്യതയിൽ സത്യത്തിൽ സർപ്രൈസ്ഡ് ആണ്. ഈ സിനിമ ക്രിട്ടിക്കലി ആളുകളേറ്റെടുക്കും, ആ സിനിമകളുടെ ഓഡിയൻസിലേക്ക് ഇതെത്തും എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷെ ഇത്രയും ജനത ഇതിനെ ഇങ്ങനെ സ്വീകരിക്കുമെന്നത് അത്ഭുതമായിരുന്നു. മറ്റൊരു ഭാഷയിൽ ഇത് സാധ്യമാകുമെന്ന് തോന്നുന്നില്ല. ഇങ്ങനെയുള്ള സിനിമകളായും അംഗീകരിക്കുക എന്നുള്ളത് കേരളത്തിലെ ജനതയ്ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.

ദി രാംഗോപാൽ വർമ്മ സ്കൂൾ ഓഫ് ഫിലിം മേക്കിങ്

ഫിലിം ഇൻഡസ്ട്രിയിൽ യാതൊരുവിധ എക്സ്പീരിയൻസുമില്ലാതെയാണ് ഞാൻ രാംഗോപാൽ വർമ്മയുടെ കൂടെ ജോയിൻ ചെയ്യുന്നത്. അന്ന് എനിക്കുണ്ടായ ഇൻസ്പിരേഷൻ സാറിൻറെ സത്യ എന്ന ചിത്രമാണ്. സത്യ ആറ് തവണ കണ്ട ആളാണ് ഞാൻ. അന്നെനിക്ക് രാംഗോപാൽ വർമ്മയെ പറ്റി മറ്റൊന്നും അറിയില്ലായിരുന്നു. സത്യ എന്ന ഒരു ചിത്രത്തിന്റെ പേരിലാണ് ഞാൻ സാറിന്റെ ഓഫീസിൽ പോകുന്നതും, അവിടെ ഒരു അവസരം വന്നപ്പോൾ ജോയിൻ ചെയ്തതും, അവിടെ തന്നെ തുടർന്നതും. ഇന്ന് എന്നോട് പലരും ചോദിക്കും ഏത് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് എന്ന്, അതിന് ഞാൻ കൊടുക്കുന്ന മറുപടി, 'രാംഗോപാൽ വർമ്മ സ്കൂൾ ഓഫ് ഫിലിംമേക്കിങ്' എന്നാണ്. അതൊരു ഇൻസ്റ്റിറ്റ്യൂട്ട് തന്നെയാണ് സത്യത്തിൽ. ആ സമയത്തൊക്കെ പല വലിയ ടെക്നിഷ്യൻസും സാറിനെ കാണാൻ സെറ്റിൽ വരുമായിരുന്നു, എങ്ങനെയാണ് സാർ ഷോട്ട് എടുക്കുന്നത് എന്നറിയാൻ. 2003 വരെ ഞാൻ അദ്ദേഹത്തിന്റെ കൂടെയായിരുന്നു. അത് ഒരു സ്കൂൾ തന്നെയായിരുന്നു. ഇന്നും അവിടെ നിന്നും പഠിച്ച കാര്യങ്ങൾ ആണ് ഉപയോഗിക്കുന്നത് എന്ന് പറയാം.

വിശാൽ ഭരദ്വാജുമായുള്ള അടുപ്പം

വിശാൽജിയുടെ കൂടെ ആദ്യം ചെയ്തത് സാത് ഖൂൻ മാഫ് എന്ന ചിത്രമാണ്. പിന്നീട് അഞ്ചാളം ചിത്രങ്ങൾ എന്റെയടുത്ത് വന്നതാണ്. പക്ഷെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട്

വിശാൽ സാറിന്റെ ചിത്രങ്ങളിൽ പ്രീപ്രൊഡക്ഷൻ കഴിഞ്ഞ് പ്രൊഡക്ഷൻ തുടങ്ങുന്നതിന് മുൻപ് ഒരു സമയമുണ്ടാകും. ആ നേരം കഴിഞ്ഞ് സാർ തുടങ്ങിവരുമ്പോഴേക്കും ഞാൻ വേറെ ഏതെങ്കിലും ചിത്രത്തിൽ ഇൻ ആയിട്ടുണ്ടാകും. പക്ഷെ ഇപ്പോൾ അടുത്ത് ഖൂഫിയ എന്ന നെറ്ഫ്ലിക്സ് ചിത്രം ചെയ്യാൻ സാധിച്ചു. പക്ഷെ 2009 മുതൽ ഞങ്ങൾ ഒരു ബോണ്ട് ഷെയർ ചെയ്യുന്നുണ്ട്. സാത് ഖൂൻ മാഫിൽ അഭിഷേക് ചൗബേയും, ഹണി ട്രെഹാനും ജോലി ചെയ്തിരുന്നു. ഞങ്ങൾ മൂവരും പരിചയപ്പെടുന്നുണ്ട് വിശാൽ ഭരദ്വാജിന്റെ ഓഫീസിൽ നിന്നാണ്.

ഒരു ഇൻഡിപെൻഡന്റ് പ്രൊഡക്ഷൻ കമ്പനി തുടങ്ങുമ്പോൾ ഏത് തരം സിനിമകൾ നിർമ്മിക്കാൻ ആണ് ആഗ്രഹം?

എല്ലാവരും പറയുന്ന പോലെ നമുക്ക് ഇഷ്ടപ്പെടുന്ന സിനിമകൾ ചെയ്യാം എന്ന് പറയാം. പക്ഷെ അത് ചെയ്യാൻ ആയി റിക്കവറി വേണം. അതുകൊണ്ട് ആദ്യം ഒരു നാല് കൊമേഷ്യൽ സിനിമയെടുത്തിട്ട്, പിന്നെ ഇഷ്ടമുള്ള സിനിമകൾ ചെയ്യാമെന്നാണ് ആഗ്രഹം. എന്നാലും നമ്മൾ സ്റ്റെഡി ആവണം. ഭാഗ്യം കൊണ്ട് കൊമേഷ്യലി സക്സസ് അല്ലെങ്കിലും, ക്രിട്ടിക്കലി അക്ക്ലെയിംഡ് ആയ സിനിമകളുടെ ഭാഗം ആവാൻ എനിക്ക് സാധിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in