ഒരിടവേളയ്ക്ക് ശേഷം മറ്റൊരു ഹൊറർ കോമഡി ചിത്രം മലയാളത്തിൽ റിലീസിനെത്തുകയാണ്. ഐശ്വര്യ ലക്ഷ്മിയും ഷറഫുദ്ധീനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹലോ മമ്മിയാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ തിയറ്ററുകളിലെത്തുന്നത്. ഫാന്റസിയിലൂടെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും പ്രൊമോ സോങിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സിനിമയെക്കുറിച്ച് സംവിധായകൻ വൈശാഖ് എലൻസ് ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
ഹൊറർ കോമഡി സിനിമ ചെയ്യുമ്പോൾ
റൈറ്റർ സാഞ്ചോ 'ഹലോ മമ്മി'യുടെ കഥ ആദ്യം എന്നോട് പറയുമ്പോൾ തന്നെ അതിൽ രസമുള്ള ഒരു എലമെന്റ് ഉണ്ടല്ലോ എന്ന് തോന്നിയിരുന്നു. മമ്മി എന്ന് പറയുന്ന എലമെന്റ് തന്നെ രസമുണ്ടായിരുന്നു. കഥയിൽ ഹൊറർ ഉണ്ടെങ്കിലും പ്രേക്ഷകർക്ക് ആ പേടി അനുഭവിക്കാത്ത രീതിയിലാണ് സിനിമ അവതരിപ്പിക്കേണ്ടത് എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. സ്ത്രീ 2 പോലെയുള്ള സിനിമകളിൽ ഹൊറർ നമുക്കും അനുഭവിക്കാൻ കഴിയും. എന്നാൽ ഹലോ മമ്മിയെ സംബന്ധിച്ചിടത്തോളം ഫാന്റസി എന്ന നിലയിലാണ് അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. കഥയിൽ ഹൊററിനെ ഫാന്റസി രൂപത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇതുപോലെ അവതരിപ്പിക്കുമ്പോൾ, പേടിക്കണം എന്ന് കരുതുന്ന സമയത്ത് പോലും സിനിമ തമാശ രൂപത്തിലാകും. അങ്ങനെ ഒരു ട്രീറ്റ്മെന്റാണ് സിനിമയ്ക്കുണ്ടായിരുന്നത്. സിനിമയിലെ കഥാപാത്രങ്ങൾ പേടിച്ചാലും നമുക്ക് ചിരിയേ വരൂ. ജമ്പ് സ്കേറുകൾ വളരെ കുറവാണ് സിനിമയിൽ.
ഹൊറർ കോമഡി സിനിമകളുടെ വലിയ ഫാനാണ് ഞാൻ. പേടി എന്നുള്ള വികാരത്തിൽ നിന്നുകൊണ്ട് ചിരി ഉണ്ടാക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം പേടിയും ചിരിയും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന വികാരങ്ങളാണ്. ഈ രണ്ട് എക്സ്ട്രീമുകൾ ഒരുമിക്കുന്ന ഒരു ഴോണർ എന്ന് പറയുന്നത് രസമുള്ള കാര്യമാണ്. എനിക്ക് കാണാൻ ഇഷ്ടമുള്ള ഴോണർ കൂടെയാണ് ഹൊറർ കോമഡി. എനിക്ക് ഒരുപാടു ഇഷ്ടമുള്ള ചിത്രങ്ങളിൽ ഒന്നാണ് 'വി ഹാവ് എ ഗോസ്റ്റ്'. ആ സിനിമയുടെ ട്രെയ്‌ലർ എടുത്തു നോക്കിയാലും സിനിമയിൽ ആയാലും രസകരമായ എലെമെന്റുകൾ കാണാൻ കഴിയും. ഇങ്ങനെയുള്ള സിനിമകളിൽ പ്രേതത്തിനെ കാണിക്കുന്ന സമയത്ത് പോലും നമുക്ക് പേടി തരാത്ത രീതിയിലാണ് അതിലെ മറ്റ് കഥാപാത്രങ്ങൾ പെരുമാറുക. മുൻപ് വന്നിട്ടുള്ള ഹൊറർ കോമഡി സിനിമകൾ ഹലോ മമ്മിയ്ക്ക് വേണ്ടി റെഫറെൻസായി എടുത്തിരുന്നു.
ഹലോ മമ്മിയും അഭിനേതാക്കളും
കോമഡി കൈകാര്യം ചെയ്യുന്ന പല ജനറേഷനിലുള്ള ആളുകൾ ഹലോ മമ്മിയിലുണ്ട്. പുതിയ തലമുറയിലെ ജോമോനും ഷറഫുദ്ധീനും മുതൽ സീനിയേഴ്സായ ജഗദീഷേട്ടനും ജോണി ചേട്ടനും ഉൾപ്പെടെ സിനിമയുടെ ഭാഗമാണ്. ഒരു സീൻ പറഞ്ഞു കൊടുക്കുമ്പോൾ ജഗദീഷേട്ടൻ ഷറഫുദീനുമായി അത് ചർച്ച ചെയ്ത് അവരുടെ അഭിപ്രായം പറയും. അപ്പോൾ നമുക്ക് വേണ്ടത് കൃത്യമായി പറഞ്ഞു കൊടുത്താൽ അവർ മികച്ച പെർഫോമൻസ് തരും. എനിക്ക് നല്ല കുറെ അനുഭവങ്ങൾ അവരിൽ നിന്നുണ്ടായിട്ടുണ്ട്. ജോണി ചേട്ടൻ ഈ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഒരു കൃത്യമായ മീറ്ററിൽ അഭിനയിച്ചിട്ടുണ്ട്. അത് വളരെ രസമായി സിനിമയിൽ വന്നിട്ടുണ്ട്. ജഗദീഷേട്ടന്റെ പെർഫോമൻസിന്റെ നേരെ വിപരീതമായിട്ടാണ് ജോണി ചേട്ടൻ ചെയ്തിരിക്കുന്നത്. അപ്പോഴുള്ള ഗുണം എന്താണെന്ന് വെച്ചാൽ രണ്ട് തരത്തിൽ ആളുകളെ ചിരിപ്പിക്കാൻ കഴിയും എന്നുള്ളതാണ്.
ഹാസ്യരൂപത്തിലുള്ള കഥാപാത്രങ്ങൾ നേരത്തെ ചെയ്ത് പരിചയമില്ലന്ന് ഐശ്വര്യ പറഞ്ഞിരുന്നു. ഐശ്വര്യക്ക് സ്പെക്ക്സ് കൊടുത്തത് തന്നെ ഫൺ വർക്കാകുന്ന ഇടങ്ങളിൽ എന്തെങ്കിലും അധികമായി ഉണ്ടാകണം എന്ന തോന്നലിൽ നിന്നാണ്. ജഗദീഷേട്ടന്റെ മീശയായാലും അങ്ങനെ തീരുമാനിച്ച ഒന്നാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ അവരുടെ അഭിപ്രായങ്ങൾ കൂടെ സഹായമായിരുന്നു. ഗംഗാ മീരയും ആദ്രിയും ഒക്കെയുണ്ടായിരുന്ന സിനിമയുടെ സെറ്റ് മികച്ച ഒരനുഭവമായിരുന്നു.
പേരിന് പിന്നിൽ
പേര് ബാൻഡ് ചെയ്യുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു. അതുകൊണ്ടാണ് പ്രൊമോ സോങ്ങിൽ മമ്മി എന്ന് എല്ലാവർക്കും അറിയാവുന്ന ഈജിപ്ഷ്യൻ മമ്മി സിനിമകളിലേക്ക് കണക്ട് ചെയ്തിരിക്കുന്നത്. റിയാലിറ്റിയിൽ നിൽക്കുന്ന ഒരു സിനിമ തന്നെയാണ് ഹലോ മമ്മി. ഈ സിനിമയ്ക്ക് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു പേര് വേണമെന്ന് ആദ്യമേ നിർബന്ധമുണ്ടായിരുന്നു. ലോകത്തിലെ ഒരു ഭാഷക്കാർക്കും ഈ പേര് മാറ്റി പറയാനും കഴിയരുത്. ഹലോ എന്ന് പറയുന്ന വാക്കും മമ്മി എന്ന വാക്കും ലോകത്തിലുള്ള എല്ലാവർക്കും അറിയാവുന്നതാണ്.
പ്രേക്ഷകരോട്
പ്രേക്ഷകരെ എന്റെർറ്റൈൻ ചെയ്യിപ്പിക്കാൻ കഴിയുന്ന സിനിമയാണ് ഹലോ മമ്മി. അതിനുള്ള ശ്രമങ്ങൾ ഞങ്ങൾ സിനിമയ്ക്ക് വേണ്ടി നടത്തിയിട്ടുണ്ട്. തിയറ്ററിൽ വരുന്ന ആളുകൾക്ക് നന്നായി ചിരിക്കാനുള്ള സംഭവങ്ങൾ സിനിമയിൽ ഉണ്ടാകും. മലയാളത്തിൽ അധികം കാണാത്ത ഫാന്റസി എലമെന്റുകളും ഹലോ മമ്മിയിലുണ്ടാകും. ക്ലൈമാക്സിൽ ഭയങ്കരമായ ഒരു ഫാന്റസി അനുഭവം സിനിമയിൽ നിന്നുണ്ടാകും .