ലോകമെങ്ങും തൊഴിലാളി ദിനമാഘോഷിക്കുന്ന മേയ് 1 തമിഴ് സൂപ്പര്‍താരം അജിത്ത് ആരാധകര്‍ക്ക് അവരുടെ തലയുടെ പിറന്നാളാണ്. ലക്ഷക്കണക്കിന് ഉടലുകള്‍ക്കും ഉയിരിനും ഒരേ ഒരു തലയെന്നാണ് ആരാധകരുടെ അജിത് വിശേഷണം. അതിസാധാരണക്കാരനെ അസാധാരണത്വത്തിലേക്കും അവിശ്വസനീയതയിലേക്കും താരപ്പകിട്ടിനൊപ്പം വളര്‍ത്തുകയും വാഴ്ത്തുകയും ചെയ്യുന്ന ഇടമാണ് തമിഴ് സിനിമാ ലോകം. ശിവാജിറാവു ഗെയ്ക്ക് വാദ് എന്ന ബസ് കണ്ടക്ടര്‍ രജനീകാന്ത് എന്ന താരദൈവമായതിന് സമാനമാണ് അജിത്തിന്റെയും സിനിമാ പ്രവേശം. കേരളത്തില്‍ പാലക്കാട്ടാണ് ജനനം. മോട്ടോര്‍ മെക്കാനിക്കില്‍ നിന്നാണ് സിനിമയിലേക്ക് വഴിതിരിഞ്ഞത്. പരസ്യചിത്രങ്ങളിലൂടെയാണ് തുടക്കം. പിന്നീട് ചെറുകഥാപാത്രങ്ങളെ അവതരിപ്പിച്ച് ബിഗ് സ്‌ക്രീനിലേക്ക്. എം.ജി ആറിന്റെയും ബച്ചന്റെയും രാജേഷ് ഖന്നയുടെയും കടുത്ത ആരാധകനായിരുന്നു അജിത്. എന്‍ വീട് എന്‍ കാരണവര്‍ എന്ന ചിത്രത്തില്‍ തല കാട്ടി മറഞ്ഞ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആണ് അജിത് ആദ്യം അവതരിപ്പിച്ചത്. ആദ്യമായി നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ച അമരാവതി എന്ന ചിത്രത്തില്‍ അജിത്തിന് ശബ്ദമേകിയത് നടന്‍ വിക്രമാണ്. മോട്ടോര്‍ മെക്കാനിക്ക് കാലം മുതലുള്ള വാഹനകമ്പം ഈ സമയത്ത് ബൈക്ക് റേസുകളിലേക്ക് തിരിഞ്ഞിരുന്നു. അമരാവതി റിലീസ് സമയത്ത് ബൈക്ക് റേസിംഗിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്നു അജിത്. അജിത്തിന്റെ പിറന്നാള്‍ വിവിധ ഹാഷ് ടാഗുകളിലായി ട്വിറ്ററിലും ട്രെന്‍ഡിംഗ് ആണ്.
മണിരത്നം നിര്‍മ്മിച്ച 'ആസൈ' എന്ന ചിത്രമാണ് അജിത്തിന് ബ്രേക്ക് നല്‍കിയത്. റൊമാന്റിക് ഹീറോ മുഖവുമായി ആടിപ്പാടുന്ന അജിത്തിനെയാണ് ആദ്യകാലത്ത് കണ്ടത്. പ്രണയനഷ്ടം മരണതുല്യമായി കണ്ട കാമുക കഥാപാത്രങ്ങളും നിഷ്‌കളങ്കമായ ചിരിയും ഉള്ളില്‍ മുറിവേറ്റവന്റെ വിങ്ങല്‍ നിറഞ്ഞ മുഖവും അജിത് സിനിമകളില്‍ ആവര്‍ത്തിച്ചു. അജിത്തിലെ അഭിനേതാവിനെ കാര്യമായി പ്രയോജനപ്പെടുത്തിയ കാലഘട്ടവും ഇതായിരുന്നു. 2001ല്‍ റിലീസ് ചെയ്ത എ ആര്‍ മുരുഗദോസിന്റെ ദീന അജിത്തിന്റെ മേക്ക് ഓവര്‍ ചിത്രമായിരുന്നു. പ്രണയത്തിന്റെയും പ്രണയനഷ്ടത്തിന്റെയും വിരഹത്തിന്റെയും നായകമുഖവും കാല്‍പ്പനിക കാമുകഭാവവും അവസാനിപ്പിച്ച് രൗദ്രതാളത്തിലേക്കുള്ള കൊട്ടിക്കയറ്റം. പത്ത് കഥാപാത്രങ്ങളെ അവതരിപ്പിച്ച സിറ്റിസണ്‍ പിന്നാലെ പൂവെല്ലാം ഉന്‍വാസം, റെഡ്,രാജ, വില്ലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വില്ലന്‍ ബോക്സ് ഓഫീസ് വിജയമായി. 2003 മുതല്‍ 2005 വരെ അഞ്ച് റിലീസുകളില്‍ അട്ടഹാസം മാത്രമാണ് വിജയം കൊയ്തത്. കാക്ക കാക്ക, ഗജിനി, സാമി എന്നീ ചിത്രങ്ങള്‍ അജിത്ത് വേണ്ടെന്ന് വച്ചതും ഈ കാലയളവിലാണ്.
മാസ്സ് ഹീറോ എന്ന നിലയിലേക്ക് അജിത്തിനെ ഉയര്‍ത്തിയ ചിത്രവുമാണ് ദീന. സുരേഷ് ഗോപിയുടെ ജ്യേഷ്ഠന്‍ കഥാപാത്രം ആദ്യമായി വിളിച്ച 'തല' എന്ന ചെല്ലപ്പേര് തമിഴകത്തിന് അജിത്ത് എന്ന നടനോള്ള വികാരവായ്പ്പിലൂര്‍ന്ന വിളിയായി. വിഷ്ണുവര്‍ധന്‍ ഒരുക്കിയ ബില്ല റീമേക്ക് ആണ് തമിഴകത്തിന്റെ താരാപഥത്തില്‍ അജിത്തിനെ രജനിയുടെ പിന്‍മുറക്കാരനാക്കിയത്. അജിത്തിന്റെ പ്രതിനായക ഭാവമുള്ള നായകകഥാപാത്രങ്ങളുടെ ആവര്‍ത്തനം ആരംഭിക്കുന്നതും ബില്ലയില്‍ നിന്നാണ്. 2003ന് ശേഷം കാര്‍ റേസ് കമ്പം മൂലം അജിത് സിനിമകള്‍ കുറച്ചിരുന്നു. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി വന്നപ്പോള്‍ ഏകന്‍ എന്ന ചിത്രത്തിന് ശേഷം അജിത് ബ്രേക്ക് എടുത്തു. കിരീടം തമിഴ് റീമേക്കില്‍ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും വന്‍വിജയമായില്ല. ഏകന്‍,അസല്‍ എന്നീ ചിത്രങ്ങളില്‍ അജിത്തിന്റെ ഇടപെല്‍ സ്‌ക്രിപ്ടില്‍ ഉള്‍പ്പെടെ ഉണ്ടായെങ്കില്‍ രണ്ട് സിനിമകളും ബോക്സ് ഓഫീസില്‍ തലകുത്തി.
തെരഞ്ഞെടുപ്പിലും ബോക്സ് ഓഫീസ് തുടര്‍പരാജയങ്ങളിലും അജിത്തിന്റെ പരിഹസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കുമുള്ള ഉത്തരമായിരുന്നു 2011ല്‍ പുറത്തിറങ്ങിയ മങ്കാത്ത. ഹോളിവുഡ് ഗാംഗ്സ്റ്റര്‍ സിനിമകളുടെ ശൈലിയില്‍ വെങ്കട്ട് പ്രഭു ഒരുക്കിയ ചിത്രം അജിത്തിന്റെ മികച്ച ചിത്രങ്ങളുടെ പട്ടികയിലും ഉള്‍പ്പെടുത്താം. രജനീകാന്തിന് ശേഷം തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആര് എന്ന ചോദ്യത്തിനുള്ള മറുപടിയുമായിരുന്നു മങ്കാത്ത. ശൈലീകൃത അഭിനയവും ആസ്വാദകരില്‍ ആവേശം പ്രസരിപ്പിക്കുന്ന സ്‌ക്രീന്‍ പ്രസന്‍സും അജിത്ത് ചിത്രങ്ങളുടെ ട്രേഡ് മാര്‍ക്ക് ആയി. പ്രതിനായകത്വമുളള നായകന്‍ ഇമേജില്‍ അജിത്ത് ചിത്രങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
രജനീകാന്തിനും കമല്‍ഹാസനും ശേഷം തമിഴകത്ത് അജിത്-വിജയ് ദ്വയങ്ങളെ സൂപ്പര്‍താരസിംഹാസനത്തില്‍ പ്രതിഷ്ഠിച്ചു. അജിത്-വിജയ് ആരാധകരുടെ മത്സരം തിയറ്ററുകളില്‍ നിന്ന് തെരുവുകളിലേക്കും നീങ്ങി. എതിര്‍താരത്തിന്റെ ചിത്രത്തെ പരിഹസിക്കുന്നതും പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതും അടക്കമുള്ള മോശം പ്രവണതകള്‍ ഈ മത്സരത്തിന് പിന്നാലെ ആരാധകരില്‍ നിന്നുണ്ടായി. അട്ടഹാസം എന്ന ചിത്രത്തിലെ അജിത്തിന്റെ ഡയലോഗ് വിജയ്യെ പരിഹസിക്കുന്നതാണെന്ന വിമര്‍ശനം വരെ ഉയര്‍ന്നു. മങ്കാത്ത എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ആരാധക സംഘടനയുടെ ഔദ്യോഗിക വിഭാഗത്തെ അജിത് പിരിച്ചുവിടുന്നതായി അറിയിച്ചു. ഫാന്‍സ് അസോസിയേഷനുകളിലെ മോശം പ്രവണതകളിലുള്ള അസംതൃപ്തി മൂലമായിരുന്നു ഈ നീക്കം.
പരസ്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കാലത്ത് പരസ്യചിത്രങ്ങളില്‍ സജീവമായിരുന്നു അജിത്. 2004ല്‍ നെസ്‌കഫേയുടെ അംബാസിഡറുമായിരുന്നു. പിന്നീടിങ്ങോട്ട് പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ അജിത് തയ്യാറായില്ല. പെപ്സി ഉള്‍പ്പെടെ വന്‍കിട ബ്രാന്‍ഡുകള്‍ അജിത്തിനെ സമീപിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. ചാനല്‍ അഭിമുഖങ്ങളും റിലീസിനോട് അനുബന്ധിച്ചുള്ള പത്ര-വാരികാ അഭിമുഖങ്ങളും അജിത് കുറച്ചു. 2012ന് ശേഷം അജിത് ചാനല്‍ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. താന്‍ പണം വാങ്ങി ചെയ്യുന്ന ജോലിയാണ് അഭിനയം എന്നും സിനിമ കാണാന്‍ പ്രേക്ഷകരെ നിര്‍ബന്ധിക്കാന്‍ ഒരുക്കമല്ലെന്നും കാട്ടിയാണ് അജിത് പ്രമോഷനുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അവാര്‍ഡ് നിശകളിലും അജിത് പങ്കെടുക്കാറില്ല.
മുന്‍നിര നായകതാരങ്ങള്‍ പ്രായത്തെ മറച്ചും മുടി കറുപ്പിച്ചും സ്‌ക്രീനിലെത്തുമ്പോള്‍ പാതി നരച്ച തലയും താടിയുമായി അജിത് കുമാര്‍ ആരാധകരിലെത്തിയത്. തലയുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പ് പ്രേക്ഷകര്‍ക്കിടയിലും ട്രെന്‍ഡ് ആയി. ജോര്‍ജ്ജ് ക്ലൂണി സ്റ്റൈല്‍ എന്ന് വിശേഷിപ്പിക്കുന്ന സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ മേക്ക് ഓവര്‍ അജിത് ആദ്യമായി സ്വീകരിച്ചത് മങ്കാത്തയിലാണ്. പിന്നീടുള്ള ചിത്രങ്ങളില്‍ അജിത് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പ് ഉപേക്ഷിച്ചില്ല. വേതാളം, വിവേകം, വിശ്വാസം എന്നീ സിനികമളിലും അജിത് ഈ ഗെറ്റപ്പ് തുടര്‍ന്നു
തെന്നിന്ത്യന്‍ സിനിമയില്‍ മുന്‍നിര യുവതാരങ്ങള്‍ക്ക് ഉള്‍പ്പെടെ റോള്‍ മോഡലും ആരാധനാമൂര്‍ത്തിയുമാണ് തല. ചിമ്പുവും ആര്യയും പ്രേംജിയും കോളിവുഡിലെ പേരെടുത്ത തല ഫാന്‍സ് ആണ്. സഹപ്രവര്‍ത്തകരോടും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരോടും ഉള്ള പെരുമാറ്റത്തിലും ഇടപെടലിലും ലാളിത്യം കൈവിടാത്ത താരമാണ് അജിത്തെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. സാഹസിക രംഗങ്ങളില്‍ ഉള്‍പ്പെടെ സമര്‍പ്പണത്തോടെ അഭിനയിക്കുന്ന താരവുമാണ് അജിത്ത്. കാരവാന്‍ ഒഴിവാക്കി സെറ്റില്‍ നിലത്ത് കിടന്നുറങ്ങുന്ന അജിത്തിന്റെ ചിത്രവും ഹെലികോപ്റ്റര്‍ ഫൈറ്റിനിടെ അപകടസാധ്യത പരിഗണിക്കാതെയുള്ള സമര്‍പ്പണവും വൈറലായി മാറിയ ചിത്രങ്ങളാണ്.
സിരുതൈ ശിവയുടെ സംവിധാനത്തില്‍ മൂന്ന് സിനിമകള്‍ തുടര്‍ച്ചയായി അഭിനയിച്ച അജിത്ത് കുമാര്‍ ഇടയ്ക്കേറ്റ പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ കളം മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നാലെയെത്തിയത് ഇതേ ശിവയുടെ സംവിധാനത്തില്‍ വിശ്വാസം. രജനികാന്ത് ചിത്രം പേട്ടയ്‌ക്കൊപ്പം പൊങ്കല്‍ റിലീസായി എത്തിയ വിശ്വാസം ബോക്‌സ് ഓഫീസില്‍ രജനിയെ പിന്നിലാക്കി. അമ്പതാം ദിവസം വിശ്വാസം തമിഴ്‌നാട്ടില്‍ നിന്ന് 130 കോടി നേടിയപ്പോള്‍ പേട്ടയുടെ കളക്ഷന്‍ 111 കോടിയായിരുന്നു. വിശ്വാസത്തിന് ശേഷം സിരുതൈ ശിവ സംവിധാനം ചെയ്യുന്നത് രജനികാന്ത് നായകനായ ചിത്രമാണ്. ചാനല്‍ പ്രിമിയറിലും അജിത് ചിത്രം വിശ്വാസം രജനികാന്ത് ചിത്രത്തെ പിന്തള്ളിയിരുന്നു. വിശ്വാസത്തിന് പിന്നാലെ ബോളിവുഡ് ചിത്രം പിങ്ക് റീമേക്കിലാണ് അജിത്ത് അഭിനയിച്ചത്. അജിത്തിന്റെ പതിവു സിനിമകളില്‍ നിന്ന് ചുവടുമാറിയ നേര്‍ക്കൊണ്ട പറവൈ എച്ച് വിനോദാണ് സംവിധാനം ചെയ്തത്. അടുത്ത ചിത്രം വാലിമൈ സംവിധാനം ചെയ്യുന്നതും എച്ച് വിനോദ് ആണ്.