സ്ത്രീപക്ഷ ടെംപ്ലേറ്റിൽ പെടാത്ത ഗ്രെറ്റ ഗെർവിഗ്
സ്ത്രീപക്ഷ സിനിമകൾക്ക് ഒരു നിശ്ചിത template ഉണ്ട്. മാരകമായ, ഭീകരമായ ഒരു ഇൻസിഡന്റോ മനുഷ്യനെയോ നേരിടേണ്ടി വരുന്ന ഒരു സ്ത്രീ. അതിൽനിന്നുള്ള അവരുടെ അതിജീവനം, ഭീകരത പൊളിച്ച് പുറത്തു ചാടൽ. അതാണ് "സ്ത്രീ"പക്ഷ സിനിമകളാവാൻ മിനിമം ക്വാളിഫിക്കേഷൻ. ലോകത്തിലെ 30905 മില്യൺ വരുന്ന സ്ത്രീകളെ represent ചെയ്യാൻ ഈ ടെംപ്ലേറ്റിന് കഴിഞ്ഞിട്ടുണ്ടോ? നിങ്ങൾ നിങ്ങളോട് തന്നെ ചോദിച്ചാൽ മതി, നിങ്ങളുടെ കഥ നിങ്ങൾ സ്ക്രീനിൽ എത്ര തവണ കണ്ടിരിക്കുന്നു ? നിങ്ങളുടെ ഏറ്റവും സാധാരണമായ ജീവിതം നിങ്ങൾ സ്ക്രീനിൽ കണ്ടിട്ടുണ്ടോ?
തന്റെ സിനിമകളിലൂടെ സ്ത്രീകളുടെ ഏറ്റവും സാധാരണമായ ജീവിതം കാണിക്കുന്ന ഒരു ഫിലിം മേക്കറുണ്ട്. അവരുടെ സ്ത്രീകളാരും കൊടി പിടിച്ച് വിപ്ലവം നയിക്കാൻ ഇറങ്ങിയവരല്ല, തന്നെ വയലേറ്റ് ചെയ്ത മനുഷ്യരോട് പ്രതികാരം തീർക്കാൻ ഇറങ്ങിത്തിരിച്ചവരല്ല, പേട്രിയർക്കിയുടെ ചങ്ങലകൾ ഉറക്കെ ശബ്ദമുണ്ടാക്കി പൊട്ടിക്കുന്നവരുമല്ല, മറിച്ച് പ്രണയവും, ജോലിയും, കലയും, വിവാഹവും, സൗഹൃദങ്ങളും, കുടുംബബന്ധങ്ങളും, സ്നേഹവും കാമവുമെല്ലാം സാധാരണ പോലെ ജീവിക്കുന്ന സ്ത്രീകളാണ്. Greta Gerwig ന്റെ സ്ത്രീകൾ.
പൊട്ടിത്തെറിച്ച് ജീവിക്കുന്ന, തനിക്ക് വേണ്ടത് എന്തെന്ന് തിരഞ്ഞു കൊണ്ടിരിക്കുന്ന ക്രിസ്റ്റിൻ മെക്‌ഫർഴ്സൺ എന്ന ലേഡി ബേർഡ് ആകട്ടെ, പരസ്പരം സ്നേഹിച്ച്, ഒരാൾ മറ്റൊരാൾക്ക് വേണ്ടി റൂട്ട് ചെയ്ത് കൂട്ടു നിൽക്കുന്ന ലിറ്റിൽ വിമെനിലെ മാർച്ച് സിസ്റ്റേഴ്‌സ് ആകട്ടെ Greta Gerwig സംവിധാനം ചെയ്ത ചിത്രങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ അവരെ തന്നെ സ്വയം accept ചെയ്തവരാണ്. കാണി കാണുന്ന അവരുടെ ജീവിത കാലത്തിൽ ആ സ്ത്രീകളും പെൺകുട്ടികളും സിസ്റ്റത്തെ ചോദ്യം ചെയ്യുന്നവരാകുന്നതിനൊപ്പം തന്നെ കാലത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടെയാണ്.
എന്നാൽ സ്ത്രീകളുടെ കഥപറയുന്നവൾ എന്ന ഒറ്റ ടാഗിലേക്ക് മാത്രം ചേർത്തു വയ്ക്കപ്പെടേണ്ടതല്ല Greta Gerwig എന്ന ഫിലിം മേക്കറെയും, തിരക്കഥാകൃത്തിനെയും, അഭിനേത്രിയെയും. കാണിയുടെ കണ്ണിനും ചെവിക്കും ഹൃദയത്തിനും നനുത്ത ഒരു തലോടൽ നൽകുന്ന ഫിലിം മേക്കറും, പഠനപുസ്തകങ്ങളാക്കാവുന്ന തിരക്കഥാകൃത്തുമാണ് Greta.
150 വർഷം മുൻപ് എഴുതപ്പെട്ട ലൂയിസ മെയ് ആൽക്കോട്ടിന്റെ semi-autobiographical നോവലാണ് ലിറ്റിൽ വിമൻ. 1917 മുതൽ പുസ്തകം പതിമൂന്നോളം തവണ adapt ചെയ്യപ്പെട്ടു. ഓരോ adaptation-നെയും ഫെമിനിസ്റ്റ് ചിന്തകൾ എന്നു തന്നെ വിളിച്ചു കൊണ്ടിരുന്ന സമൂഹത്തിലേക്ക് Greta Gerwig ഒരു നൂറ്റാണ്ടിപ്പുറം 2019-ൽ ഒരു ലിറ്റിൽ വിമൻ വച്ചു നീട്ടി. എന്നാൽ അന്നു വരേയ്ക്കും ചിത്രീകരിക്കപ്പെട്ട അത്രയും ചിത്രങ്ങളെയും, സീരീസുകളെയും പിന്നിലാക്കി Greta gerwig മുന്നോട്ട് കുതിച്ചു പോന്ന, കാലത്തിനൊപ്പം നിൽക്കുന്ന അർത്ഥം അന്ന് എഴുതപ്പെട്ട വരികൾക്ക് നൽകി. അതുകൊണ്ട് തന്നെ Greta Gerwig എന്ന സംവിധായികയെ, ഫെമിനിസ്റ്റിനെ ലിറ്റിൽ വിമൻ മാത്രം വച്ച് പറഞ്ഞറിയിക്കാനാകും.
തനിക്ക് വിവാഹം ചെയ്യണമെന്നും, കുട്ടികൾ വേണമെന്നും സ്വയം തീരുമാനിക്കുന്ന meg march. വിവാഹം വേണ്ടെന്ന് വയ്ക്കുന്നവരാണ് empowered ആയ സ്ത്രീകളെന്നതിന്, പൊളിച്ചെഴുത്തായി. വിവാഹം തന്റെ ചോയ്സ് ആണെന്ന് തിരിച്ചറിഞ്ഞ്, വിവാഹത്തിലേക്കും മാതൃത്വത്തിലേക്കും കയറിച്ചെല്ലുന്നവരും empowered ആണ് എന്നും meg പറയുന്നു. 'just because my dreams differ from yours, it doesn't mean they are unimportant' എന്ന മെഗിന്റെ ഒരു വരികൊണ്ട് ഗ്രേറ്റ അത് പറഞ്ഞു വച്ചു.
നന്മയുടെയും, സ്നേഹത്തിന്റെയും, ക്ഷമയുടെയും ചിത്രമായി മാർമിയെ കാണിച്ചു കൊണ്ടിരുന്നിടത്ത്,തന്റെ ഫ്രസ്ട്രേഷൻ പറയുന്ന മാർമി നമ്മുടെയെല്ലാം ചുറ്റും നാം കാണുന്ന അമ്മയാണ്. മാർമി ക്രിസ്ത്മസ് പകൽ ഭക്ഷണം മറ്റൊരു കുടുംബത്തിന് കൊടുക്കണം എന്ന് പറയാൻ വരുന്ന ഒരു സീൻ ഉണ്ട്. ആ സീൻ Greta തിരക്കഥയിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്...
EXT./INT. CONCORD. MARCH HOUSE. CONTINUOUS. 1861.
Marmee approaches her modest home, and sees her girls
laughing and rehearsing, joyfully playing make-believe. She
fights tears and sadness, about what, we don’t entirely know.
We just know that what she does as a mother isn’t free. Of
course it’s not, nothing is ever free, even a joy a mother
can make.*
താൻ എന്താണ് പറയാനുദ്ദേശിക്കുന്നത് എന്ന് അവർ എഴുതി വച്ചിട്ടുണ്ട് ആ textൽ തന്നെ.
വിവാഹം എന്നത് എല്ലാവർക്കും ചോയ്സ് അല്ല. ചോയ്സ് ആകാതിരിക്കാൻ ആവത് കാരണങ്ങളുണ്ട്. അവളെ തന്റെ ആഗ്രഹങ്ങളിൽ നിന്നും മാറ്റി നിർത്തുന്ന കാരണങ്ങൾ വിളിച്ചു പറയുന്ന എയ്‌മി മാർച്ചിന്റെ മോണോലോഗ് സ്ത്രീയുടെ നിസ്സഹായവസ്ഥയാണ്. അതും എത്രയോ ഭംഗിയിൽ അവർ എഴുതി വച്ചിരിക്കുന്നു.
Gretaയുടെ ലിറ്റിൽ വിമൻ മറ്റുള്ളവയിൽ നിന്ന് വിസിബിളായ മാറ്റം കൊണ്ട് വന്നത് പക്ഷെ കഥാന്ത്യത്തിലാണ്.
ഒരു നൂറ്റാണ്ടോളം അവലംബിക്കപ്പെട്ട ആ നോവലിന് പിന്നിലുള്ള കഥ കൂടെയാണ് സത്യത്തിൽ അവർ പറഞ്ഞത്. ആൽക്കോട്ട് ആദ്യമെഴുതിയ കഥയിൽ ജോ മാർച്ച് ഒറ്റയ്ക്ക് ജീവിക്കുക്കായായിരുന്നു. എന്നാൽ അന്നത്തെ സാഹചര്യത്തിൽ ഒറ്റക്ക് ജീവിക്കുന്ന സ്ത്രീയുടെ കഥ ആർക്കും ആവശ്യമില്ല എന്നു പറഞ്ഞ് ആൽക്കോട്ടിന്റെ ലിറ്ററൽ പാരലൽ ആയ ജോ മാർച്ച് പ്രണയം കണ്ടെത്തുന്നതിലാണ് കഥയവസാനിച്ചത്. അതു തന്നെയാണ് ഒരു നൂറ്റാണ്ടോളം ചിത്രീകരിക്കപ്പെട്ടുകൊണ്ടിരുന്നത്.
എന്നാൽ ആൽക്കോട്ടിന്റെ ജീവിതം കൂടെ പഠിച്ച് Greta എഴുതിയ ലിറ്റിൽ വിമനിൽ ജോ തന്റെ പുസ്തകം പിറക്കുന്നത് കണ്ടു നിൽക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ആൽകോട്ടിന് അവർ അർഹിക്കുന്ന കഥാന്ത്യം ഗ്രെറ്റ നൽകുന്നു.
വിപ്ലവം നയിക്കുന്ന നായികമാർ മാത്രമല്ല സ്ത്രീകളുടെ കഥകൾ പറയാൻ, പ്രശ്‌നങ്ങൾ പറയാൻ, ജീവിതങ്ങൾ പറയാനുള്ള ടൂളുകൾ. സ്‌ത്രീകൾക്കും സാധാരണമായ ജീവിതങ്ങളുണ്ട്. അതിന് എല്ലാവരെയും പോലെ കാരണങ്ങളുണ്ട്. അതിനുദാഹണങ്ങളാണ് Greta യുടെ സ്ത്രീകൾ. ഇത്രയധികം തവണ adapt ചെയ്യപ്പെട്ട, കുട്ടികൾ വായിച്ചു വളർന്ന ഒരു നോവലിനെ Greta തന്റെ ചിത്രമാക്കി മാറ്റിയത് അങ്ങനെയാണ്. കുട്ടികൾ കളിച്ചു വളർന്ന, negetive ആയും പോസിറ്റീവ് ആയും ഒരു കൾട്ട് ആയി മാറിയ ബാർബിയെ Greta കാണുന്നത് എങ്ങനെയെന്നത് പ്രസക്തമാകുന്നതും ഇതു കൊണ്ടൊക്കെത്തന്നെയാണ്