ഗോളം, പരിമിതികൾക്കുള്ളിൽ ടെസ്റ്റ് ചെയ്ത സംവിധായകൻ്റെ ത്രില്ലർ സാംപിൾ

ഗോളം, പരിമിതികൾക്കുള്ളിൽ ടെസ്റ്റ് ചെയ്ത സംവിധായകൻ്റെ ത്രില്ലർ സാംപിൾ
Published on

ഒരു കൊലപാതകം, അത് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥൻ, അതിനെ ചുറ്റിപറ്റി അരങ്ങേറുന്ന ഉദ്വേകജനകമായ അന്വേഷണം. ഒടുവിൽ കുറ്റവാളി ആരെന്ന കണ്ടെത്തലിലൂടെ അവസാനിക്കുന്ന പല തരം ത്രില്ലർ ചിത്രങ്ങൾ മലയാളത്തിൽ പല കാലഘട്ടങ്ങളിലായി പിറന്നിട്ടുണ്ട്. നഷ്ട്ടങ്ങളുടെയും പ്രതികാരത്തിന്റെയും ഫലമായി സാമൂഹിക വിപത്തായി മാറുന്ന ഒരുപറ്റം മനുഷ്യരെ കീഴ്പ്പെടുത്താനെത്തുന്ന ഉദ്യോഗസ്ഥന്റെ പിരിമുറുക്കത്തിൽ തുടങ്ങി അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളിൽ ചെന്നെത്തുന്ന ത്രില്ലർ സിനിമകൾക്ക് ആരാധകരും ഏറെയാണ്. അവിടെയാണ് സംജാദിന്റെ ഗോളം വ്യത്യസ്തമായ തലങ്ങളിലേക്ക് കണ്ണോടിക്കുന്നത്. പരിമിതികൾക്കുളിൽ ചുറ്റിത്തിരിയുമ്പോഴും ഗോളം ത്രില്ലടിപ്പിക്കുന്ന സിനിമകാഴ്ചയായി മാറുന്നു. കൊലപാതകവും അന്വേഷണവും കഥാതന്തുവായി മാറുന്നുണ്ടെങ്കിലും ആര് എന്ന ചോദ്യത്തിൽ നിന്ന് എങ്ങനെ എന്ന ചോദ്യത്തിലേക്കുള്ള പരിണാമമാണ് ഗോളത്തെ കണ്ടുമടുത്ത ത്രില്ലർ അനുഭവങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നത്.

വി ടെക് എന്ന സോഫ്റ്റ്‌വെയർ കമ്പനി. അവിടത്തെ മേധാവി ഐസക്ക് ജോണിൻ്റെ മരണവും ചുരുങ്ങിയ സമയംകൊണ്ട് നടക്കുന്ന അന്വേഷണത്തിലും ഊന്നിയാണ് ചിത്രം പുരോ​ഗമിക്കുന്നത്. ഒറ്റനോട്ടത്തിൽ അപകടമരണം എന്ന് തോന്നിയേക്കാവുന്ന മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ എ.എസ്.പി സന്ദീപ് കൃഷ്ണന് ചില സംശയങ്ങളുണ്ടാകുന്നിടത്ത് നിന്ന് ഗോളം വളരെ പാക്ക്ഡ് ആയ ഒരു മർഡർ മിസ്റ്ററി സിനിമയാക്കുന്നു. സിനിമയുടെ ആദ്യ ഷോട്ട് മുതൽ ഒട്ടും അമാന്തിക്കാതെ കഥാപാത്രങ്ങളെയും കഥാപരിസരത്തെയും പരിചയപ്പെടുത്തുന്ന സംജാദ് ഉത്തരങ്ങൾ തേടിയുള്ള യാത്രയിലും അതേ പക്വത നിലനിർത്തുന്നു, ആദ്യ സിനിമയെന്നതിന്റെ യാതൊരു ലാഞ്ചനകളുമില്ലാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഗോളം പ്രേക്ഷകർക്ക് അവർ കാത്തിരുന്ന ഉത്തരങ്ങൾ നൽകുന്നു. ഒരു ഓഫീസും അവിടുത്തെ പരിമിതമായ ഇടങ്ങളിൽ കഥാപാത്രങ്ങളെ വേണ്ടവിധം ഉൾക്കൊള്ളിച്ച് ഗോളം മുന്നോട്ട്പോകുമ്പോൾ ലോജിക്കൽപരമായി ഉണ്ടായേക്കാവുന്ന ചില സംശയങ്ങളെ അവഗണിക്കാതെ കൃത്യമായ എക്സ്പ്ലനേഷൻ സംജാദ് ഒരുക്കിവച്ചിട്ടുണ്ട്. ആര് എന്ന ഉത്തരം ഒരുപക്ഷെ പ്രവചിക്കാൻ ഉള്ള ഇടങ്ങൾ ചിത്രം ഒരുക്കുമ്പോഴും എങ്ങനെ, എന്തിന് എന്ന രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തിരയാനാണ് എഴുത്തുകാരായ സംജാദും പ്രവീണ്‍ വിശ്വനാഥും പ്രേക്ഷകരെ കൈപിടിച്ച് കൊണ്ടുപോകുന്നത്.

ഇടവേളക്ക് തൊട്ടുമുൻപ് മുതൽ സൃഷ്ട്ടിക്കുന്ന പിരിമുറുക്കവും തുടർന്ന് സൃഷ്ട്ടിക്കുന്ന ഞെട്ടലും, രണ്ടാം പകുതിയിൽ കഥാപശ്ചാത്തലത്തിലെ ഷിഫ്റ്റുമെല്ലാം വിസരതയുണർത്താതെ കൂടുതൽ സിനിമയ്ക്ക് മേന്മ നൽകുന്നു. അതിൽ അഭിനേതാക്കൾക്കുള്ള മേൽകൈ എടുത്തു പറയേണ്ടതാണ്. നായകനായ എ.എസ്.പി സന്ദീപ് കൃഷ്ണൻ സംഭാഷണങ്ങളിലടക്കം മാസ്സ് കാണിക്കുകയോ ആക്ഷൻ രംഗങ്ങളാൽ ത്രസിപ്പിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥനല്ല. മറിച്ച് കുറിക്ക്കൊള്ളുന്ന ചോദ്യങ്ങളിലൂടെയാണ് കേസിന്റെ ഉള്ളറകളിലേക്ക് അയാൾ ഇറങ്ങിച്ചെല്ലുന്നത്. ഡയലോഗ് ഡെലിവറിയിലുള ചില പൊരുത്തക്കേടുകൾ മാറ്റിനിർത്തിയാൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥനായി കൂടുമാറാൻ രഞ്ജിത്ത് സജീവിനായിട്ടുണ്ട്. അലെൻസിയറുടെ സിഐ അബ്ദുൽ റഹീമും സിദ്ധിഖ് അവതരിപ്പിച്ച ഡോക്ടർ കുര്യക്കോസും കഥാഗതിയിൽ നിർണ്ണായക പങ്കുവഹിക്കുന്നതിൽ ഭാഗമായിട്ടുണ്ട്. വി ടെക്കിലെ ജീവനക്കാരെ അവതരിപ്പിച്ച പുതുമുഖങ്ങളും കയ്യടി അർഹിക്കുന്നു.

ഉത്തരങ്ങൾ തേടിയുള്ള ഗോളത്തിന്റെ യാത്രയെ കൂടുതൽ മനോഹരമാക്കുന്നത് വിജയ്‌യുടെ ഛായാഗ്രഹണവും മഹേഷ് ഭുവനേന്തിന്റെ എഡിറ്റിംഗുമാണ്. ഒരു ഓഫീസ് മുറിയുടെ അകത്തളങ്ങളിൽ കാഴ്ചകളെ വിരസമാക്കാതെ വിഷ്വലുകളാൽ സമ്പന്നമാക്കുന്നു വിജയ്. കൃത്യം രണ്ട് മണിക്കൂറിനുള്ളിൽ ചിത്രത്തെ പിടിച്ചുനിർത്തുന്ന മഹേഷിന്റെ എഡിറ്റിംഗ് അനാവശ്യ കാഴ്ചകൾക്ക് ഇടം നൽകുന്നില്ല. ഒരു രണ്ടാം ഭാഗത്തിനുള്ള ലീഡ് നൽകിക്കൊണ്ടാണ് ഗോളം അവസാനിക്കുന്നത്. ഗോളം - ദി മിസ്റ്ററി കണ്ടിന്യൂസ് എന്ന എൻഡ് ടൈറ്റിൽ തെളിയുമ്പോൾ അത് ശക്തരായ വലിയ എതിരാളികളിലേക്കും തുടര്‍ സാധ്യതകളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. തന്റെ അരങ്ങേറ്റ ചിത്രത്തിലൂടെ സംജാദ് മലയാളത്തിലേക്ക് വരവറിയിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in