'വിഷ്വൽ കോമഡി ഴോണറിൽ ഉൾപ്പെടുന്ന സിനിമയാണ് ആപ്പിൾച്ചെടികൾ' ; സംവിധായകൻ ഗഗൻ ദേവ് അഭിമുഖം

'വിഷ്വൽ കോമഡി ഴോണറിൽ ഉൾപ്പെടുന്ന സിനിമയാണ് ആപ്പിൾച്ചെടികൾ' ; സംവിധായകൻ ഗഗൻ ദേവ് അഭിമുഖം
Published on

28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് നവാഗതനായ ഗഗൻ ദേവ് സംവിധാനം ചെയ്ത ആപ്പിൾച്ചെടികൾ. വിഷ്വൽ കോമഡി എന്ന ഴോണറിൽ ഉൾപ്പെടുത്താവുന്ന സിനിമയാണ് ആപ്പിൾച്ചെടികളെന്നും സംവിധായകൻ ഗഗൻ ദേവ്. ഒരു രാത്രിയിൽ ജെയിൻ എന്ന പെൺകുട്ടിയുടെ വീട്ടിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വഴി മാറിയെത്തുന്ന അതിഥികളെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്ന് ഗഗൻ ദേവ് ക്യു സ്റ്റുഡിയോയിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഐ എഫ് എഫ് കെ പ്രതീക്ഷകൾ

ഈ വർഷം ഐ എഫ് എഫ് കെ യിൽ സംവിധായകനായി എത്തുന്നതിൽ വളരെ എക്സ്സൈറ്റഡ് ആണ്. എങ്ങനെയാണ് ആളുകൾ ഈ സിനിമ കണ്ട് പ്രതികരിക്കുക എന്ന് കാണാൻ താല്പര്യമുണ്ട്. സിനിമക്ക് ശേഷം ഒരു ചോദ്യോത്തര വേളയുണ്ട്, അതിനായി ഞങ്ങൾ ക്രൂ എല്ലാവരും വളരെ എക്സ്സൈറ്റഡ് ആണ്. നമ്മൾ ഡെലിഗേറ്റ് ആയിട്ട് പോകുന്നത് പോലെയല്ലല്ലോ സംവിധായകനായി പോകുന്നത്, കാഴ്ചപ്പാടിൽ വ്യത്യാസം വരും. ഐ എഫ് എഫ് കെ യിൽ സിനിമ റിലീസ് ചെയ്യുന്നത് വഴി സിനിമക്ക് കൂടുതൽ റീച്ച് ലഭിക്കാനും അതുവഴി ഓ ടി ടി യിലേക്ക് സിനിമക്ക് വഴി ലഭിക്കുമെന്നും ഞാൻ കരുതുന്നു. ഇതുവരെ പോയവരുടെ അഭിപ്രായങ്ങളിൽ നിന്നും ആണ് എനിക്കത് അറിയാവുന്നത്. ഐ എഫ് എഫ് കെ ക്ക് മാത്രമല്ല അതിനു പുറത്തും സിനിമക്ക് അവസരങ്ങൾ ലഭിക്കും എന്നുള്ളത് സിനിമ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തതിന് ശേഷമുള്ള റെസ്പോൻസുകളിൽ നിന്ന് കരുതുന്നു. എന്നാൽ അതിനെക്കുറിച്ച് ഉറപ്പിച്ച് പറയാൻ തെളിവുകളൊന്നുമില്ല.

അഭിനേതാക്കളിലേക്ക്

ഈ സിനിമയിലെ അഭിനേതാക്കളിൽ ഓഡിഷനിലൂടെ തിരഞ്ഞെടുത്തവരും പരിചയത്തിലൂടെ തിരഞ്ഞെടുത്തവരും ഒരുപാട് വർക്കുകൾ ചെയ്ത് പ്രാക്ടിസിലൂടെ ഓട്ടോമാറ്റിക്കലി നമ്മൾ സെലക്ട് ചെയ്തവരുമുണ്ട്. അങ്ങനെ മൂന്ന് തരത്തിലായിരുന്നു സിനിമയുടെ കാസ്റ്റിങ് പ്രോസസ്സ്. ഞാൻ നാടകത്തിൽ വർക്ക് ചെയ്തപ്പോൾ എന്റെയൊപ്പം ഉണ്ടായിരുന്ന ആളുകളുണ്ട്, അവർക്കെല്ലാം എന്റെ ഷോർട്ട് ഫിലിമുകളിലും ഈ സിനിമയിലും ഞാൻ അവസരം നൽകിയിട്ടുണ്ട്. ഇതിൽ ലീഡ് കഥാപാത്രം ചെയ്ത നടിയെ ഓഡിഷനിലൂടെയാണ് തിരഞ്ഞെടുത്തത്. ഹാനിയ നഫീസ എന്നാണ് പേര്. ഒരു മാസത്തോളം നീണ്ട് നിന്ന് 8,9 പേരെയോളം ഓഡിഷൻ ചെയ്തിരുന്നു. അതിൽ എനിക്ക് ഏറ്റവും സംതൃപ്തി തോന്നിയത് നഫീസയുടെ പെർഫോമൻസ് ആയിരുന്നു. പിന്നെ ഇതിൽ അനിഷ്‌മ അനിൽകുമാർ എന്ന അഭിനേതാവുണ്ട്, പുള്ളിക്കാരി ഇതിനുമുൻപ് പൂവൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ഷൂട്ടിങ്ങിന് മുൻപ് അഭിനേതാക്കൾക്ക് റിഹേഴ്സലുകൾ നൽകിയിരുന്നു. ഞാൻ റിഹേഴ്സലിലൂടെയാണ് കഥാപാത്രത്തിലേക്ക് എത്തുന്നത്. ഷൂട്ടിന് രണ്ടു ദിവസം മുൻപ് കാസ്റ്റ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഞങ്ങൾക്ക് 60 ദിവസത്തോളം പ്രീ പ്രൊഡക്ഷൻ ഉണ്ടായിരുന്നു. കാസ്റ്റിനും അതുപോലെ ബാക്കി ക്രൂവിനും ഇമ്പ്രോവൈസേഷൻ ഉണ്ടായിരുന്നു. കോമഡിയിൽ ആണ് സിനിമ ഫോക്കസ് ചെയ്യുന്നത്. അതുകൊണ്ട് റിയൽ ലൈഫ് സിറ്റുവേഷന്റെ അപ്പുറത്തേക്ക് ഞാൻ ആലോചിക്കുകപോലും ഉണ്ടായിരുന്നില്ല. ഒരു വിഷ്വൽ ലാംഗ്വേജ് ഇൻവെന്ററ് ചെയ്തു പോകുകയായിരുന്നു ഞാൻ ചെയ്തത്.

അണിയറപ്രവർത്തകർ

ഇതിലെ ഛായാഗ്രഹകനായ അസ്‌ലം സെജുവിന്റെ ആദ്യത്തെ മേജർ വർക്ക് ആണിത്. അവന്റെ തന്റെ ഒരു ഷോർട്ട് ഫിലിം മാത്രമേ അവൻ ഇതിനു മുൻപ് ചെയ്തിട്ടുള്ളു. അത് അവൻ തന്നെയായിരുന്നു സംവിധാനം. അവൻ എഫ് ടി ഐയിൽ സിനിമാട്ടോഗ്രഫി പഠിക്കുകയാണ്. മോണോക്രോമാറ്റിക് സ്റ്റൈലിൽ ആണ് സിനിമ മുഴുവൻ ഷൂട്ട് ചെയ്തിരിക്കുന്നത്. അസ്ലമിന് മോണോക്‌റോമിൽ ഷൂട്ട് ചെയ്യാൻ താല്പര്യമുള്ള ആളാണ്. നമ്മുടെ ആർട്ട് ഡിപ്പാർട്മെന്റിൽ വർക്ക് ചെയ്തവരും,കോസ്റ്റ്യൂമിൽ വർക്ക് ചെയ്തവരും സൗണ്ട് ഡിപ്പാർട്മെന്റിൽ വർക്ക് ചെയ്തവരും എല്ലാരും നമ്മുടെ സുഹൃത്തുക്കളാണ്. ഇവരെല്ലാവരുടെയും ഒപ്പമിരുന്നു നമ്മളൊരു വിഷ്വൽ ലാംഗ്വേജ് ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഞങ്ങൾ വർക്ക് ചെയ്യുന്നതിൽ തിരക്കഥ എന്ന സാധനം ഇല്ല. എന്റെ ഐഡിയയിൽ ആണ് നമ്മൾ ഫോക്കസ് ചെയ്തു പോയിരുന്നത്. പ്രീ പ്രൊഡക്ഷൻ ചെയ്ത 60 ദിവസത്തിലൂടെ സ്പോട്ട് ഇമ്പ്രോവൈസേഷനുള്ള കളം ഒരുക്കമായിരുന്നു. വളരെയധികം പ്രീപെയർ ചെയ്തിട്ടാണ് സ്പോട്ട് ഇമ്പ്രോവൈസേഷനിലേക്ക് എത്തുന്നത്. വെറുതെ ആ നേരത്ത് മാത്രമായുള്ള സ്പോട്ട് ഇമ്പ്രോവൈസേഷൻ നടന്നിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in