'ലഹരി ഉപയോഗം ഉള്‍പ്പെടെ പല പ്രശ്നങ്ങളുണ്ട്'; പടം പരാജയപ്പെട്ടാലും കാശ് കൂടുതല്‍ ചോദിക്കുന്ന സ്ഥിതിയെന്ന് ജി സുരേഷ് കുമാര്‍

'ലഹരി ഉപയോഗം ഉള്‍പ്പെടെ പല പ്രശ്നങ്ങളുണ്ട്'; പടം പരാജയപ്പെട്ടാലും കാശ് കൂടുതല്‍ ചോദിക്കുന്ന സ്ഥിതിയെന്ന് ജി സുരേഷ് കുമാര്‍
Published on

മലയാള സിനിമയിലെ അഭിനേതാക്കള്‍ അന്യായമായ പ്രതിഫലമാണ് ചോദിക്കുന്നതെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റും നിര്‍മാതാവുമായ ജി സുരേഷ് കുമാര്‍. ഓ.ടി.ടി പ്ലാറ്റ്ഫോംസ് സജീവമായതിനു പിന്നാലെ അഭിനേതാക്കള്‍ക്ക് കൂടുതല്‍ പൈസ കിട്ടി തുടങ്ങി. കിട്ടുന്നതൊക്കെ തങ്ങള്‍ക്കു മാത്രം മതിയെന്നും പ്രൊഡ്യൂസറിന് ഒന്നും കിട്ടാന്‍ പാടില്ല എന്ന നിലപാടിലേക്കുമാണ് അവര്‍ എത്തുന്നത്. ഈ നിലപാടാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് ജി സുരേഷ് കുമാര്‍ ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

കൂടുതല്‍ കാശ് വാങ്ങിക്കുന്ന താരങ്ങളെ നമ്മുക്ക് ബാര്‍ഗെയിന്‍ ചെയ്ത് കുറയ്ക്കാന്‍ പറ്റും, കാരണം അവര്‍ക്കൊരു മാര്‍ക്കറ്റ് ഉണ്ട്. പക്ഷെ ഈ രണ്ടാം തരത്തില്‍ നില്‍ക്കുന്ന ആക്ടേഴ്‌സ് ഒരു മാര്‍ക്കറ്റും ഇല്ലാതെ മുപ്പതും നാല്പതും ലക്ഷം രൂപയാണ് ചോദിക്കുന്നത്. മാര്‍ക്കറ്റ് വാല്യൂ കുറഞ്ഞ ഇവരുടെ തല വിറ്റാല്‍ ആര് തിയേറ്ററില്‍ കേറും? ഇത്തരം ആളുകളെ ഞങ്ങള്‍ ഒഴിവാക്കും.

ജി സുരേഷ് കുമാര്‍

സിനിമയുടെ നിര്‍മാണചെലവ് കുറയ്ക്കുകയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. അതിന് ഏതൊക്കെ രീതി സ്വീകരിക്കാനും തയ്യാറാണ്. നിയമനടപടികള്‍ ആണെങ്കില്‍ അങ്ങനെ, അല്ലാതെ ആണെങ്കില്‍ അങ്ങനെ. ഇനി ഞങ്ങള്‍ക്കും ജീവിക്കണം. അഭിനേതാക്കള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ രൂക്ഷമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ പൊട്ടിത്തെറിക്കുന്നത്. എല്ലാവരും പറയുന്ന 100 കോടി ക്ലബ്, 50 കോടി ക്ലബ് ഒന്നും ഇവിടെ ഇല്ല. ഞങ്ങള്‍ക്ക് തിയേറ്ററില്‍ നിന്ന് കിട്ടുന്ന കളക്ഷന്‍ വെറും അഞ്ചും ആറും ലക്ഷം രൂപ മാത്രമാണെന്നും സുരേഷ് കുമാര്‍ പറയുന്നു.

മലയാള സിനിമയിലെ അഭിനേതാക്കള്‍ അനാവശ്യമായി ഇടപെടുന്നെന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാണിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അതിന് തുടര്‍ച്ചയായാണ് ജി സുരേഷ് കുമാറിന്റെയും പ്രതികരണം.

'ലഹരി ഉപയോഗം മുതല്‍ പല രൂക്ഷമായ പ്രശ്നങ്ങളിലും അഭിനേതാക്കള്‍ ഏര്‍പ്പെടുന്നുണ്ടെന്നും സുരേഷ് കുമാര്‍ ആരോപിക്കുന്നു. അങ്ങനെയുള്ളവര്‍ ഇനി വീട്ടില്‍ ഇരിക്കട്ടെ. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള നടന്മാര്‍ താരങ്ങള്‍ ആയത് കാശ് മുടക്കാന്‍ ഞങ്ങളെപോലെയുള്ള നിര്‍മാതാക്കള്‍ ഉള്ളതുകൊണ്ടാണെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അഭിനേതാക്കള്‍ കാശ് കുറക്കുന്നതിനൊപ്പം ടെക്‌നിഷ്യന്‍സും കുറക്കണമെന്നും സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു. പടം പരാജയപ്പെടുമ്പോള്‍ പോലും കാശ് കൂടുതല്‍ ചോദിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ നടക്കുന്നത്. പ്രൊഡ്യൂസര്‍ കുത്തുപാള എടുക്കുകയും അഭിനേതാക്കള്‍ മാത്രം ജീവിച്ചാല്‍ മതി എന്ന് പറയുന്നിടത്താണ് പ്രശ്നം. 'അമ്മ' സംഘടനയുമായി ഞങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇനി എഗ്രിമെന്റ് ഇല്ലാത്ത ഒരാളും സിനിമയില്‍ അഭിനയിക്കില്ലെന്നും സുരേഷ് കുമാര്‍ പറയുന്നു

Related Stories

No stories found.
logo
The Cue
www.thecue.in