പേരില്ലാത്ത ജൂനിയര്‍ ആര്‍ടിസ്റ്റ് മുതല്‍ കാട്ടാളന്‍ പൊറിഞ്ചു വരെ; ജോജുവിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയ കഥാപാത്രങ്ങള്‍

പേരില്ലാത്ത ജൂനിയര്‍ ആര്‍ടിസ്റ്റ് മുതല്‍ കാട്ടാളന്‍ പൊറിഞ്ചു വരെ; ജോജുവിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയ കഥാപാത്രങ്ങള്‍

Published on

ജോജു ജോര്‍ജ് എന്ന നടനെ ആദ്യം സ്‌ക്രീനില്‍ കണ്ടത് എപ്പോഴാണെന്ന് മലയാളി പ്രേക്ഷകര്‍ക്ക് കൃത്യമായ ധാരണയുണ്ടാവില്ല. സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളില്‍ നായകന്റെയോ വില്ലന്റെയോ പിന്നില്‍ ഫ്രെയിമിന്റെ ഒരു ഭാഗത്ത് ജൂനിയര്‍ ആര്‍ടിസ്റ്റായി ജോജുവിനെ കണ്ടിട്ടുണ്ട്. സംഭാഷണങ്ങളില്ലാത്ത, ക്ലോസപ്പുകളില്ലാത്ത പേരില്ലാത്ത ആള്‍ക്കൂട്ടത്തിലെ കഥാപാത്രങ്ങള്‍.അതില്‍ നിന്ന് പതിയെ ചെറിയ ശ്രദ്ധിക്കപ്പെടുന്ന സംഭാഷണങ്ങളുള്ള വേഷങ്ങളിലേക്ക്, പിന്നെ തിരിച്ചറിയപ്പെടുന്ന കഥാപാത്രങ്ങളിലേക്ക്, പിന്നെ നായകനിലേക്ക്, മികച്ച നടനിലേക്ക്, പ്രേക്ഷകരുടെ പ്രിയ താരത്തിലേക്ക്.. ഇങ്ങനെയാണ് ജോജുവിന്റെ സിനിമാ കരിയര്‍.

ആദ്യം സംഭാഷണമുണ്ടായ ദാദാസാഹിബില്‍ നിന്ന് ശ്രദ്ധിക്കപ്പെട്ട ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലേക്ക് പത്തു വര്‍ഷത്തിന്റെ ദൂരമുണ്ടായിരുന്നു. ഈ ദൂരം അറിയാവുന്നത് കൊണ്ട് തന്നെയാണ് പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരിഷ്ടം ജോജുവിനോട് തോന്നുന്നതും. ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസില്‍ ടൈറ്റില്‍ കഥാപാത്രങ്ങളിലൊരാളായിട്ടാണ് ജോജു എത്തുന്നത്. പേരില്ലത്ത വേഷങ്ങളില്‍ നിന്ന് കാട്ടാളന്‍ പൊറിഞ്ചു വരെയുളള ജോജുവിന്റെ കരിയറിലെ ചില കഥാപാത്രങ്ങള്‍.

  • പേരില്ലാത്ത ദാദാസാഹിബിലെ കമാന്‍ഡോ

2000ല്‍ പുറത്തിറങ്ങിയ ദാദാസാഹിബ് ജോജുവിന്റെ കരിയറിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമല്ല. ജോജുവെന്ന വ്യക്തി അന്നുമുതല്‍ സിനിമാ സ്വപ്‌നവുമായി പ്രയത്‌നിക്കുന്നുണ്ടായിരുന്നുവെന്നതിന്റെ തെളിവ് മാത്രമാണ്. അന്ന് ജോജുവിനെ കണ്ട ആരും തിരച്ചറിഞ്ഞിരുന്നില്ല. മിനിറ്റുകള്‍ മാത്രമുള്ള ആ കഥാപാത്രത്തില്‍ അദ്ദേഹം അഭിനയിച്ച് കരുത്ത് തെളിയിച്ചുമില്ല. പക്ഷേ ആദ്യ സംഭാഷണത്തിന്റെ ആദ്യ സിനിമയുടെ പാഠങ്ങള്‍ ജോജു അറിയുന്നത് ഈ ചിത്രത്തില്‍ നിന്നായിരിക്കാം.

  • മോഹന്‍ മാഷിനെ വഴിതിരിച്ച യുവസംവിധായകന്‍

മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ബെസ്റ്റ് ആക്ടറിലെ മമ്മൂട്ടിയുടെ മോഹന്‍ എന്ന കഥാപാത്രം അഭിനയമോഹവുമായി യുവസംവിധായകരുടെ അടുത്തെത്തുന്ന രംഗമുണ്ട്. മോഹനെ ഒഴിവാക്കാനായി വിവേക് ഒബ്‌റോയുടെ കഥ പറഞ്ഞു കൊടുക്കുന്ന ആ സിനിമാക്കാരില്‍ ഒരാള്‍ ജോജുവായിരുന്നു.

  • മട്ടന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്ത അളിയന്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം നേരത്തില്‍ ജോജുവിന്റേത് പ്രേക്ഷകരെ ചിരിപ്പിച്ച ഒരു കഥാപാത്രമായിരുന്നു. നിവിന്‍ പോളിയുടെ മാത്യു എന്ന കഥാപാത്രത്തിന്റെ അളിയന്‍. ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറുന്ന രംഗം ഹാസ്യ കഥാപാത്രമായി ജോജുവിനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.

  • കുളിക്കാന്‍ ചാടുന്ന ചക്കസുകു

ലാല്‍ജോസ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ ചക്കസുകു എന്ന വേഷത്തിലാണ് ജോജുയെത്തിയത്. കരിയറിലെ ഒരു മുഴുനീള കഥാപാത്രം. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മൂന്ന് സഹോദരങ്ങളില്‍ ഒരാള്‍. മടിയനായ, അനിയനെ ബുദ്ധിമുട്ടിക്കുന്ന, കുളിക്കാന്‍ കായലില്‍ ചാടുന്ന സുകുവിനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന വിധം ജോജു മികവുറ്റതാക്കി.

  • കോമഡി-മാസ്‌ അയ്യപ്പന്‍

അജയ് വാസുദേവ് സംവിധാനം ചെയ്ത രാജാധിരാജ പുറത്തിറങ്ങുന്നത് 2014ലാണ്. മമ്മൂട്ടി നായകനായ ചിത്രത്തിലെ ആദ്യ പകുതി ജോജുവിനുള്ളതായിരുന്നു. അയ്യപ്പന്‍ എന്ന കഥാപാത്രം അത്രത്തോളം രസകരമായിട്ടായിരുന്നു ജോജു അവതരിപ്പിച്ചത്. കോമഡി ടച്ചുള്ള ഒരു ഗുണ്ട, കഥാപാത്രത്തിന് അയ്യപ്പന്‍ എന്ന് തുടങ്ങുന്ന ഒരു തീം മ്യൂസിക്കും സംവിധായകന്‍ നല്‍കിയിരുന്നു. ചിത്രം കണ്ടവര്‍ ഏറ്റവുമധികം ഓര്‍ത്തിരിക്കുക ആ പാട്ടും അയ്യപ്പനെയുമായിരിക്കും.

  • ഭാര്യയെ പേടിയുള്ള റഫീക്ക്

ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ലുക്കാചുപ്പി സിനിമാസ്വാദകര്‍ക്ക് മാറി നില്‍ക്കുന്ന ഒരു അനുഭവമായിരുന്നു. 14 വര്‍ഷത്തിന് ശേഷം ഒത്തുചേരുന്ന കോളേജ് കാലത്തെ കുറച്ച് സുഹൃത്തുക്കളുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. അതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് മാറി കുറച്ചുകൂടി ഉത്തരവാദിത്വമുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ റഫീക്ക് എന്ന ഡോക്ടര്‍. ഭാര്യയോടെ അമിതകരുതലിലും സംശയങ്ങളിലും ദേഷ്യം വരുന്ന എന്നാല്‍ സ്‌നേഹം നടിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രം. മുത്തുമണിയും ജോജുവും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും മികവുറ്റതായിരുന്നു. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ചിത്രവും കൂടി പരിഗണിച്ച് സംസ്ഥാന പുരസ്‌കാര ജുറിയുടെ പ്രത്യേക പരാമര്‍ശവും ജോജു നേടി.

  • കള്ളന്‍ വാസു

2016ല്‍ രസകരമായ ചിരിപ്പിക്കുന്ന ചില കഥാപാത്രങ്ങളില്‍ ജോജുവിനെ കണ്ടു. ആക്ഷന്‍ ഹീറോ ബിജുവിലെ മിനിമോന്‍ എന്ന കോണ്‍സ്റ്റബിളും, ഹലോ നമസ്‌തേയിലെ റേഡിയോ ചാനല്‍ ബോസുമെല്ലാം ജോജുവിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്ന ഒന്നായിരുന്നു. അതിന്റെ തുടര്‍ച്ചായായിരുന്നു നാട്ടിന്‍ പുറത്ത കള്ളനായെത്തിയ ഇടി- ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം. സാജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രത്തില്‍ കള്ളന്‍ വാസു എന്ന കഥാപാത്രമായിട്ടായിരുന്നു ജോജു എത്തിയത്. ചിത്രത്തിലെ ജോജു- സുധി കോപ്പ- ഗോകുലന്‍ എന്നിവരുടെ നാടന്‍ കൊള്ളസംഘവും കോമ്പിനേഷനുകളും സിനിമയെ രസകരമാക്കി. ജോജുവിന്റെ വാസു ആയിരുന്നു ഈ കള്ളന്മാരുടെ ആശാന്‍.

  • നെഗറ്റീവ് ഷേഡുള്ള എല്‍വി

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തില്‍ അനു സിതാര അവതരിപ്പിച്ച മാലിനിയുടെ ഭര്‍ത്താവായ എല്‍വിസ് എന്ന കഥാപാത്രമായിട്ടായിരുന്നു ജോജു എത്തിയത്. മടിയനായ, കടബാധ്യതകളില്‍ നിന്ന് ഒളിച്ചോടുന്ന അപകര്‍ഷത നിറഞ്ഞ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം. തുടര്‍ച്ചയായി കോമഡി വേഷങ്ങള്‍ ചെയ്തിരുന്ന ജോജുവിനെ സിനിമ മറ്റൊരു രീതിയില്‍ ഉപയോഗിച്ച് തുടങ്ങുന്നതും ഈ ചിത്രത്തിലൂടെയാണ്.

  • ഓര്‍മകളില്‍ ജീവിക്കുന്ന ജോസഫ്

എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് ജോജുവിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ജോജു നായകനായ ആദ്യ ചിത്രം. ഒരുപാട് വേദനകള്‍ ഉള്ളില്‍ കൊണ്ടു നടക്കുന്ന റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വലിയ വിജയമായിരുന്നു ജോസഫ് നേടിയത്. പ്രേക്ഷകര്‍ക്ക് ജോജുവിനോടുള്ള പ്രിയമായിരുന്നു ചിത്രം വന്‍ വിജയമാകാന്‍പ്രധാന കാരണങ്ങളിലൊന്ന്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ പുരസ്‌കാര നിര്‍ണ്ണയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ജോജു നേടി.

2019ല്‍ പുറത്തിറങ്ങിയതും ഇനി വരാനിരിക്കാനുള്ളതുമായ ചിത്രങ്ങളും പ്രേക്ഷകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നതാണ്. ജൂണിലെ അച്ഛന്‍ കഥാപാത്രവും വൈറസിലെ ആശുപത്രി ജീവനക്കാരനും കയ്യടി നേടി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയത് ചോല എന്ന ചിത്രത്തിലെ പ്രകടനം കൂടി കണക്കിലെടുത്തായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ജോജു നേടിയത്. ചിത്രത്തിന്റെ റിലീസും പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രത്തിലും നായകന്‍ ജോജുവാണ്.

logo
The Cue
www.thecue.in