ഭരതവിസ്മയത്തിന്റെ ഓർമ്മയ്ക്കായി...

ഭരതവിസ്മയത്തിന്റെ ഓർമ്മയ്ക്കായി...
Published on

26 സംവത്സരങ്ങൾക്കു മുമ്പ് ചമയങ്ങളെല്ലാം അഴിച്ചുവച്ച് നിത്യനിദ്രയുടെ താഴ്വാരത്തേക്കു പ്രയാണം നടത്തിയ ഭരതന്റെ ഓർമ്മയ്ക്കായി...

കടുംനിറങ്ങൾ കൊണ്ടും തന്റെ മാന്ത്രികസ്പർശം കൊണ്ടും സിനിമയെ കണ്ണഞ്ചിപ്പിക്കുന്ന കലാരൂപമാക്കി മാറ്റുന്ന ഒരത്ഭുത സിദ്ധിയുണ്ടായിരുന്നു ഭരതന്. ആ അനുഗ്രഹീത കലാകാരൻ മൺമറഞ്ഞിട്ട് ഈ ജൂലൈ 30ന് ഇരുപത്താറ് വർഷമാകുകയാണ്

ഒരു ചിത്രകാരനും ശില്പിയുമായി രംഗത്തു വന്ന ഭരതൻ പച്ചയായ മനുഷ്യരുടെ വിചാരവികാരങ്ങളെ ചായക്കൂട്ടുകൊണ്ട് അഭ്രപാളിയിൽ വരച്ചിട്ടപ്പോൾ അവയ്ക്കെന്തെന്നില്ലാത്ത സൗന്ദര്യപ്പൊലിമ അനുഭവപ്പെട്ടു. തെക്കൻ മലബാറിൽ എങ്കക്കാട് എന്ന കുഗ്രാമത്തിന് വളരെ സവിശേഷമായൊരു ദൃശ്യപശ്ചാത്തലം ഉണ്ടായിരുന്നു. അവിടെയാണ് ഭരതന്റെ ജനനം. അദ്ദേഹത്തിന്റെ വീടിനു പിന്നിലെ ഇരുണ്ട കുന്നുകൾ, അവയുടെ ചെരുവിൽ സന്ധ്യമയങ്ങും നേരം വന്നുവീഴുന്ന നിറക്കൂട്ട്, പ്രത്യേകമായ വൃക്ഷപ്രകൃതി, ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വിചിത്ര വർണ്ണപ്പൊലിമ. ഇവയൊക്കെയാണ് ഭരതന്റെ വർണ്ണാഭിരുചികൾക്ക് നിദാനമായിത്തീർന്നത്.

അതുകൊണ്ടുതന്നെ ഭരതൻ ചിത്രകലയും ശില്പരചനയും സംഗീതവും സമാസമം ചേരുന്ന സിനിമകളുടെ സൃഷ്ടാവായി. അഭ്രപാളിയിൽ ചായക്കൂട്ടുകൾ വരച്ചിട്ടവയായാണ് അദ്ദേഹത്തിന്റെ സിനിമകൾ. വടക്കാഞ്ചേരി മുൻസിഫ് കോടതിയിലെ ജീവനക്കാരനായ പാലിശ്ശേരി പരമേശ്വര മേനോന്റെയും കാർത്ത്യായനിയമ്മയുടെയും മകനായ ഭരതൻ പ്രശസ്ത ചലച്ചിത്രസംവിധായകൻ പി. എൻ. മേനോന്റെ ജ്യേഷ്ഠപുത്രനാണ്. സ്‌കൂൾ ഓഫ് ഫൈൻ ആർട്ട്സിൽ നിന്ന് ഡിപ്ലോമ നേടിയ അദ്ദേഹം വിൻസെന്റ് സംവിധാനം ചെയ്ത ഗന്ധർവ ക്ഷേത്രത്തിന്റെ കലാസംവിധായകനായാണ് ചലച്ചിത്രലോകത്തേക്ക് പ്രവേശിച്ചത്. പിന്നീട് സഹ സംവിധായകനായി, സംവിധായകനായി, മറ്റുപലതുമായി..!

പെണ്ണിന്റെയും പ്രകൃതിയുടെയും സമ്മിശ്രഭാവങ്ങളാണ് ഭരതൻ സിനിമകളുടെ ലാവണ്യ ബോധത്തെ നിർണയിച്ചത്. പെൺമനസ്സിന്റെ സങ്കീർണതകളും മലയാളക്കരയുടെ തനിമയാർന്ന ഉൾനാടൻ ഗ്രാമീണ ജീവിതങ്ങളും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങളും കടുംനിറത്തിൽ വരച്ചിടാനുള്ള കാൻവാസായിരുന്നു ഭരതന് തിരശ്ശീല. കരുത്തുറ്റ കഥകൾ കൊണ്ടും ദൃശ്യവൈവിധ്യങ്ങൾ കൊണ്ടും മലയാള സിനിമയെ സമ്പന്നമാക്കിയ സംവിധായകനായിരുന്നു അദ്ദേഹം. രതിചിത്രങ്ങളെന്ന രീതിയിൽ തരംതാഴുമായിരുന്ന സിനിമകൾ പോലും, ഭരതൻ സ്പർശത്താൽ മികച്ച കലാ സൃഷ്ടികളായി. ഭരതൻ സിനിമയോട് അടുത്തത് വരകളുടെയും വർണങ്ങളുടെയും ലോകത്തു നിന്നാണ്. സംവിധായകൻ- കലാസംവിധായകൻ- തിരക്കഥാകൃത്ത്, ചിത്രകാരൻ,- ഗാനരചയിതാവ്- സംഗീത സംവിധായകൻ തുടങ്ങി, പ്രവർത്തിച്ച മേഖലകളിലെല്ലാം ഭരതൻ സ്പർശം പ്രകടമായിരുന്നു. കലാ സംവിധായകനിൽനിന്ന്, സംവിധായകനായി വളർന്നപ്പോൾ, ദൃശൃഭാഷയ്ക്ക്, അദ്ദേഹം പുതിയ മാനം നൽകി. മലയാള സിനിമ അന്നേവരെ പിന്തുടർന്നവയിൽ നിന്നുള്ള പൊളിച്ചെളുത്തായിരുന്നു അത്.

കുറച്ചു ചിത്രങ്ങളിൽ കലാസംവിധായകനായും സഹസംവിധായകനായും പ്രവർത്തിച്ച അദ്ദേഹം, 1974ൽ പത്മരാജന്റെ തിരക്കഥയിൽ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. ഏറ്റവും നല്ല പ്രാദേശിക ഭാഷാചിത്രത്തിനുള്ള ആ വർഷത്തെ ദേശീയ പുരസ്‌കാരം ഈ ചിത്രത്തിനു ലഭിച്ചു. ഭരതന്റേയും പത്മരാജന്റേയും ചലച്ചിത്ര ജീവിതത്തിന്റെ തുടക്കമായി ഇതിനെ കണക്കാക്കാം.

ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജൻ സ്വതന്ത്ര സംവിധായകനാകുന്നതിനു മുൻപേ ഇരുവരും ചേർന്ന് പല ചിത്രങ്ങളും ശ്രഷ്ടിച്ചു. ഇവയിൽ പ്രധാനം രതിനിർവ്വേദം, ലോറി, തകര എന്നിവയാണ്. തകര ഭരതന്റെ ഏറ്റവും നല്ല ചിത്രമായി കരുതപ്പെടുന്നു. എൺപതുകളുടെ തുടക്കത്തിൽ ഭരതൻ പല യുഗ്മ ചലച്ചിത്രങ്ങളും നിർമ്മിച്ചു. 'ചാമരം, മർമ്മരം, കാതോട് കാതോരം, പാളങ്ങൾ, എന്റെ ഉപാസന' എന്നിവ ഇതിൽ ചിലതാണ്. ഇവ കലാപരമായി എടുത്തു പറയത്തക്കവ അല്ലെങ്കിലും വാണിജ്യ വിജയങ്ങൾ ആയിരുന്നു. മലയാള ചലച്ചിത്രത്തിൽ കാല്പനിക തരംഗത്തിന് ഇവ തുടക്കമിട്ടു. മറ്റ് പ്രശസ്ത ചലച്ചിത്ര സംവിധായകരും ഇതേ പാത പിന്തുടർന്നു.

ചലച്ചിത്രസംവിധാനത്തിനു പുറമേ ഭരതൻ പല തിരക്കഥകളും രചിച്ചു, തന്റെ പല ചിത്രങ്ങൾക്കുമായി ഗാനങ്ങൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു. കേളി എന്ന ചലച്ചിത്രത്തിലെ ഹിന്ദോളം രാഗത്തിൽ ചെയ്ത ''താരം വാൽക്കണ്ണാടി നോക്കി'' എന്ന ഗാനം ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉദാഹരണമാണ്. കാതോട് കാതോരം എന്ന ചിത്രത്തിനു വേണ്ടി പ്രശസ്ത സംഗീതസംഗീതസം വിധായകനായ ഔസേപ്പച്ചന്റെ കൂടെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കേളി
കേളി

40 ചിത്രങ്ങളുടെ ആയുസ്സിൽ മുഴുമിപ്പിക്കാത്തൊരു ക്യാൻവാസ് പോലെ ഇന്നും മലയാളിയുടെ ഉള്ളിൽ മായാതെയുണ്ട് ഭരതൻ എഫക്ട്. പ്രണയവും, രതിയും അശ്ലീലമല്ലാത്ത രീതിയിൽ അവതരിപ്പിക്കാനുള്ള ഭരതന്റെ കഴിവ് വളരെയധികം ഏറെ ശ്രദ്ധ നേടിയതാണ്.

വിട പറഞ്ഞിട്ട് 26 വർഷം പിന്നീടുമ്പോഴും ഭരതൻ ചിത്രങ്ങൾക്കു പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. വർത്തമാനകാലത്തിൽ റീമേക്കുകളായി, പല ചിത്രങ്ങളും പുനർജനിക്കുന്നു. തന്നെയൊരു നടനാക്കി ഭരതൻ മാറ്റുമെന്ന കാര്യത്തിൽ പ്രതാപ് പോത്തന് ആദ്യമൊന്നും വിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ ആദ്യ മൂന്ന് ഷോട്ട് കഴിഞ്ഞപ്പോൾ പ്രതാപ് പോത്തന് തോന്നി, താൻ കഴിഞ്ഞ ജന്മം മുതലേ ഒരു നടനായിരുന്നല്ലോയെന്ന്. തനിക്ക് ആവശ്യമുള്ളത് മാത്രം ആ അളവിൽ പകുത്ത് മാറ്റിയെടുക്കുന്ന സവിശേഷ സിദ്ധി ഭരതനുണ്ടായിരുന്നു. എത്ര വമ്പൻ ആർട്ടിസ്റ്റായാലും ഒരു മാന്ത്രികന്റെ കയ്യിൽ ചെന്നുപെടുന്ന പ്രാവിനെ പോലെ അദ്ദേഹം അവരെ കൈകാര്യം ചെയ്യും. ഭരത് ഗോപിയെയൊക്കെ അദ്ദേഹത്തിന്റെ വിരൽത്തുമ്പിൽ നൃത്തം ചെയ്യിക്കുന്ന തരത്തിൽ, അങ്ങനെ ചുവടുവയ്ക്കാനുള്ള വിശ്വാസം ആർട്ടിസ്റ്റിൽ ജനിപ്പിക്കാൻ ഭരതന് കഴിയുമായിരുന്നു.

ഭരതന്റെ സംവിധാനത്തിൽ 1978ൽ പുറത്തിറങ്ങിയ 'ആരവം' എന്ന ചിത്രത്തിലൂടെയാണ് പ്രതാപ് പോത്തൻ സിനിമയിലേയ്ക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രതാപ് പോത്തന്റെ ഏറ്റവും മികച്ച ചിത്രത്തിലൊന്ന് 1979ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം 'തകര'യാണ്.

താരങ്ങളില്ല, കഥയുടെ വേരുറപ്പിലാണ് സിനിമയുടെ നങ്കൂരമെന്നത് ഓരോ ചിത്രങ്ങളിലൂടെയും അടിവരയിട്ട ചലച്ചിത്രകാരൻ കൂടിയാണദ്ദേഹം. വൈശാലി സിനിമയിൽ, അംഗരാജ്യമായ ചമ്പാപുരിയിലെ ലോമപാദൻ രാജാവായി ഭരതൻ ആദ്യം തീരുമാനിച്ചത് പ്രേംനസീറിനെയായിരുന്നു. എന്നാൽ ആസമയത്ത് നസീർ അമേരിക്കയിലായിരുന്നതിനാൽ ചിത്രീകരണത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. പകരം ആര് എന്ന ചോദ്യത്തിന് നിമിഷനേരം കൊണ്ട് ഉത്തരം കണ്ടെത്തി ഭരതൻ. ഭടനായി അഭിനയിക്കാനെത്തിയ ബാബു ആന്റണിയെ ലോമപാദൻ രാജാവിന്റെ റോളിലേക്ക് സെലക്റ്റ് ചെയ്തു. അപ്പോൾ സെറ്റിലുണ്ടായിരുന്ന പലരുടേയും മുഖം ചുളിഞ്ഞു. എന്നാൽ ബാബു ആന്റണിയുടെ കൈകളിൽ ലോമപാദൻ രാജാവ് സുരക്ഷിതനായിരിക്കുമെന്ന് ഭരതന് നിശ്ചയമുണ്ടായിരുന്നു. വൈശാലി തുടങ്ങും മുമ്പ് ഭരതൻ വരച്ചുവച്ചിരുന്ന ലോമപാദൻ രാജാവിന് നല്ല ഉയരമുണ്ടായിരുന്നു. നടിമാരായ സുര്യയേയും സുരേഖയേയും നിത്യയേയും ഒക്കെ നായികമാരാക്കാനുള്ള ചങ്കൂറ്റം ഭരതനു മാത്രം സ്വന്തം.

വൈശാലി
വൈശാലി

1980കളിലെ മുഖ്യധാരാ മലയാള സിനിമകളിൽ ഏറ്റവും ശ്രദ്ധേയമായ സിനിമകളിലൊന്നായിരുന്നു ഭരതൻ സംവിധാനം ചെയ്ത 'ചാമരം'. ബാലകൃഷ്ണൻ മങ്ങാടിന്റെ കഥക്ക് ജോൺപോൾ ആണ് തിരക്കഥയും സംഭാഷണവും എഴുതിയത്. മലയാളിയുടെ വികലമായ ലൈംഗിക ബോധത്തെയും അതിൽ പൊതിഞ്ഞ കപട സദാചാരത്തിന്റെയും ഇതിനെല്ലാം ഇടയിൽ കിടന്ന് വീർപ്പുമുട്ടുന്ന കൗമാര യൗവനങ്ങളുടെ പ്രണയത്തിന്റെയും കാമത്തിന്റെയും ഉഷ്ണങ്ങളെയും നെടുവീർപ്പുകളെയും എത്ര അനായാസമായാണ് ഭരതൻ ചാമരത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ക്യാമ്പസിൽ അധ്യാപികയോട് പ്രണയം തോന്നുന്ന വിദ്യാർത്ഥി. ഒടുവിൽ അധ്യാപിക മുറിച്ചെറുക്കനുമായി പ്രണയത്തിലാണ് എന്നറിയുന്നതോടെ നായകൻ നിരാശയിലമരുന്നു. പിന്നെ മുറച്ചെറുക്കൻ അധ്യാപികയെ വഞ്ചിക്കുന്നതാണ് കാണുന്നത്. വീണ്ടും ആ സ്ത്രീ തന്റെ പഴയ വിദ്യാർത്ഥിയെ തേടിയെത്തുകയും അവർ വിവാഹിതരാവുകയും ചെയ്യുന്നു. എന്നാൽ വിധി അവർക്ക് മറ്റൊരു ദുരന്തം ഒരുക്കി വെച്ചിരുന്നു. ഈ ചിത്രത്തിലാണ് എസ് ജാനകിയുടെ അതിമനോഹരമായ 'നാഥാ നീ വരും കാലൊച്ച...' എന്ന ഗാനം. ചിത്രത്തിന് സംസ്ഥാന സർക്കാരിന്റെ ആറ് അവാർഡുകൾ ലഭിച്ചിരുന്നു.

1991ൽ പുറത്തിറങ്ങിയ ചിത്രമാണ് അമരം. ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം നിർവഹിച്ച ഈ ചിത്രം മുക്കുവരുടെ കഥ പറയുന്നു. ബാബു തിരുവല്ലയായിരുന്നു അമരം നിർമിച്ചത്. മമ്മൂട്ടിയുടെ പകരം വെക്കാനില്ലാത്ത പ്രകടനം. ഒപ്പം പ്രണയവും നൊമ്പരവും നിറഞ്ഞ പാട്ടുകളും അതിലേറെ വിങ്ങലാകുന്ന പശ്ചാത്തല സംഗീതവും. അച്ഛന്റെയും മകളുടെയും അഭേദ്യമായ സ്നേഹബന്ധം പറയുന്ന സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അമരത്തിലൂടെ കെപിഎസി ലളിത നേടി. ഇന്നും കാണികളുടെ മനസിൽ അമരം നിറഞ്ഞു നിൽക്കുന്നെങ്കിലും മമ്മുട്ടിയുടെ ആരാധകർക്കൊരു സങ്കടമുണ്ട്. മമ്മൂട്ടിക്ക് ഒരു അവാർഡ് കിട്ടിയില്ല എന്ന സങ്കടം. ചെമ്മീൻ എന്ന ക്ലാസിക് സിനിമ മാറ്റി നിർത്തിയാൽ കടലിന്റെ പശ്ചാത്തലത്തിൽ വന്ന ഏറ്റവും നല്ല സിനിമ തന്നെയാണ് അമരം.

അമരം
അമരം

ഭരതൻ വരക്കുന്ന സിനിമാ പോസ്റ്ററുകൾ ഇന്നും മലയാള സിനിമയിൽ വേറിട്ടു നിൽക്കുന്നവയാണ്. സ്വന്തം ചിത്രങ്ങളുടെ പോസ്റ്ററുകളാണ് ഏറെയും ഡിസൈൻ ചെയ്തിരുന്നത്. എന്നാൽ കെ. ജി ജോർജിന്റെ യവനിക എന്ന ചിത്രത്തിന് ഭരതൻ ചെയ്ത പോസ്റ്റർ ഏറെ മനോഹരവും ഹൃദ്യവുമായിരുന്നു. ആരവം, തകര, ലോറി, പാളങ്ങൾ, മർമ്മരം, പറങ്കിമല, സന്ധ്യമയങ്ങും നേരം, ചിലമ്പ്, നിദ്ര, വൈശാലി, ചാട്ട, ആവാരം പൂ...എന്നീ സിനിമകളുടെ പോസ്റ്ററുകൾ ഏറെ ഔന്നത്യം പുലർത്തുന്നവയായിരുന്നു.

തുള്ളൽ എന്ന ജനകീയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചയാളാണല്ലോ കലക്കത്ത് കുഞ്ചൻ നമ്പ്യാർ. ആക്ഷേപഹാസ്യത്തിന് പുതിയൊരു മുഖം നൽകിയ ആ ജനകീയ കലാകാരന്റെ ജീവിതം അഭ്രപാളിയിലെത്തിക്കുക എന്ന വലിയ മോഹം ഭരതനുണ്ടായിരുന്നു. നടൻ ജയറാമിനെ നായകനാക്കിക്കൊണ്ടൊരു സിനിമ. ആ മോഹം അവശേഷിപ്പിച്ചുകൊണ്ട് ഇഹലോകവാസം വെടിഞ്ഞ അനുഗ്രഹീതനായ കലാകാരന് പ്രണാമം.

Related Stories

No stories found.
logo
The Cue
www.thecue.in