കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയെ 'സി' കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സിനിമ തിയേറ്ററുകള്‍ അടക്കുന്ന തീരുമാനത്തിനെതിരെ ഫിയോക്ക് പ്രസിഡന്റ് കെ. വിജയകുമാര്‍. തിരുവനന്തപുരത്തെ ബാറുകളും മാളുകളും പ്രവര്‍ത്തിക്കുകയും തിയേറ്റര്‍ മാത്രം അടക്കുകയും ചെയ്യുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. സര്‍ക്കാര്‍ എല്ലാ തൊഴിലാളികളെയും പരിഗണിക്കേണ്ടതുണ്ടെന്നും വിജയകുമാര്‍ ദ ക്യുവിനോട് പറഞ്ഞു.
ഈ സാഹചര്യത്തില്‍ സിനിമകള്‍ തിയേറ്ററില്‍ എത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ മടിക്കും. അത് വീണ്ടും തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുമെന്നും വിജയകുമാര്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം സിനിമയെയും ഇത് പ്രതിസന്ധിയിലാക്കുമെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇത് അനീതി, സര്‍ക്കാര്‍ തിയേറ്ററുകളെ അവഗണിക്കുന്നു
തിരുവനന്തപുരത്തെ തിയേറ്ററുകള്‍ അടച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം അനീതിയാണ്. സിനിമ തിയേറ്ററുകളോടുള്ള സര്‍ക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കാരണം കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും അറിയാം കൊറോണ എവിടെ നിന്നാണ് പടര്‍ന്ന് പിടിക്കുന്നതെന്ന്. പ്രധാനമായും ബാറുകളും മാളുകളുമാണ് കൊവിഡ് വ്യാപനം ഇത്രത്തോളം രൂക്ഷമാകാനുള്ള കാരണം എന്ന സത്യം നിലനില്‍ക്കെ ആരുടെ കണ്ണില്‍ പൊടിയിടാനാണ് തിയേറ്ററുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതെന്നാണ് എനിക്ക് മനസിലാകാത്തത്. ഒരു ദുരന്ത കാലഘട്ടത്തിന് ശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമായി വരുകയാണ്. വളരെ കഷ്ടപ്പെട്ടിട്ടാണ് ഒരു സിനിമ റിലീസ് ചെയ്ത് കൊണ്ടുവരുന്നത്. അതും 50 ശതമാനം കപ്പാസിറ്റി വെച്ച്. അമ്പത് ശതമാനം മാത്രം പ്രവേശനാനുമതിയുള്ള തിയേറ്ററുകളില്‍ നൂറോ നുറ്റമ്പതോ ആളുകള്‍ സാമൂഹ്യ അകലം പാലിച്ചാണ് ഇരുന്ന് സിനിമ കാണുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ നടത്തുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സിനിമ തിയേറ്ററുകള്‍ അടക്കുകയും ചെയ്യുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മാര്‍ഗം മാത്രമാണ്. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് ഇങ്ങനെയൊരു പ്രഖ്യാപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.
തിയേറ്റര്‍ കൊണ്ട് നല്ലൊരു വിഭാഗം ആളുകള്‍ ജീവിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ മറക്കരുത്
കൊവിഡ് വ്യാപനം കൂടുമ്പോഴും ഹൃദയം പോലുള്ള സിനിമകള്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചത്. അത് മറ്റ് സിനിമകള്‍ക്കും ധൈര്യമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ സിനിമകള്‍ ഇനി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സാഹചര്യം ഉണ്ടാകില്ല. അപ്പോള്‍ അങ്ങനെയൊരു പ്രതിസന്ധി കൂടി തിയേറ്റര്‍ ഉടമകള്‍ നേരിടേണ്ടി വരും. തിയേറ്റര്‍ കൊണ്ട് നല്ലൊരു വിഭാഗം ആളുകള്‍ ജീവിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ മനസിലാക്കണം. മാള്‍ തൊഴിലാളികളുടെയോ ബാര്‍ തൊഴിലാളികളുടെയോ പരിഗണന തിയേറ്റര്‍ തൊഴിലാളികള്‍ക്ക് കിട്ടുന്നില്ലെന്ന് പറയുന്നത് സങ്കടകരമായ അവസ്ഥയാണ്. സര്‍ക്കാര്‍ എല്ലാ വിഭാഗം തൊഴിലാളികളെയും ഒരേ കണ്ണ് കൊണ്ട് കാണണം. അതില്‍ വേര്‍തിരിവ് പാടില്ല. സര്‍ക്കാര്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് മറ്റുള്ളവരെ കാണിക്കാനുള്ള ഒരു തന്ത്രമായി മാത്രമാണ് ഫിയോക്ക് ഇതിനെ കാണുന്നത്.
സര്‍ക്കാരുമായി ചര്‍ച്ച ഉടന്‍
ഈ വിഷയത്തില്‍ തീര്‍ച്ചയായും സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ തന്നെയാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. പക്ഷെ ഞങ്ങളെ സംബന്ധിച്ചെടത്തോളം ആരുമായി ചര്‍ച്ച ചെയ്യണം എന്ന് അറിയാത്ത സാഹചര്യമാണ്. തിയേറ്റര്‍ ഉടമകള്‍ വളരെ പരിതാപകരമായൊരു അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം ഒരുപാട് തിയേറ്ററുകള്‍ അടക്കേണ്ടി വന്നിട്ടുണ്ട്. ബാങ്കുകളുമായി ലോണിന്റെ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. എങ്കിലും തിയേറ്റര്‍ വീണ്ടും തുറക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തപ്പോള്‍ വീണ്ടും ഒരു ഉണര്‍വ് വന്നിരുന്നു. അതിനെ തച്ചുടക്കുന്ന പ്രവണതയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
തിയേറ്റര്‍ അടക്കുന്നത് 'ഹൃദയം' സിനിമയെ ബാധിക്കും
തിരുവനന്തപുരത്തെ തിയേറ്ററുകള്‍ അടക്കുന്നത് ഹൃദയം എന്ന സിനിമയെ പ്രതികൂലമായി ബാധിക്കും. വളരെ പ്രതീക്ഷയോടെയാണ് ആ യുവ നിര്‍മ്മാതാവ് ചിത്രം തിയേറ്ററില്‍ എത്തിച്ചത്. അദ്ദേഹം ഒരു തിയേറ്റര്‍ ഉടമ കൂടി ആയതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. കാരണം വിശാഖ് കൂടി റിലീസില്‍ നിന്ന് പിന്‍മാറിയാല്‍ ഇനി സമീപകാലത്തൊന്നും തിയേറ്ററില്‍ സിനിമ റിലീസ് ചെയ്യില്ലെന്ന് മനസിലാക്കിയാണ് അദ്ദേഹം ആ തീരുമാനം എടുത്തത്. ജനങ്ങള്‍ അത് സന്തോഷത്തോടെ തന്നെ സ്വാഗതം ചെയ്യുകയും ചെയ്തു.