ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാച്ചുവും അത്ഭുതവിളക്കും'. 'ഞാന്‍ പ്രകാശന്‍' എന്ന സിനിമക്ക് ശേഷം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന പാച്ചു എന്ന കഥാപാത്രത്തിനൊപ്പം യാത്ര ചെയ്യുന്ന ആളാണ് തന്റെ കഥാപാത്രമെന്ന് നടനും സംവിധായകനുമായ അല്‍ത്താഫ് സലിം. ഫഹദ് ഒരു ബോണ്‍ ആക്ടര്‍ ആണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ചുറ്റുപാടൊക്കെ നമ്മള്‍ മറന്നു പോകുംമെന്നും അല്‍താഫ് സലിം പറഞ്ഞു. 'പാച്ചുവും അത്ഭുതവിളക്കി'നെ കുറിച്ചും അഭിനയജീവിതത്തെ കുറിച്ചും അല്‍താഫ് സലിം ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
എഴുത്തുകാരന്‍, അഭിനേതാവ്, സംവിധാകയാകന്‍
എഴുത്തും സംവിധാനവും അഭിനയവും ഞാന്‍ ആസ്വദിച്ചു ചെയ്യാറുണ്ട്. ഇഷ്ടപ്പെടാതെ നമ്മളൊരു ജോലി ചെയ്തിട്ട് കാര്യമില്ലല്ലോ. ഞാന്‍ തുടങ്ങിയത് റൈറ്റര്‍ - ഡയറക്ടര്‍ ആയിട്ടാണ്. എന്നിട്ട് പ്രേമത്തില്‍ യാദൃച്ഛികമായി അല്‍ഫോന്‍സ് പുത്രന്‍ ഒരു റോള്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ആക്റ്റിംഗില്‍ എത്തിയതാണ്. എന്നാലും കൂടുതല്‍ പാഷന്‍ എഴുത്തും സംവിധാനവും തന്നെയാണ്.
പാച്ചുവും അത്ഭുതവിളക്കിലെ കഥാപാത്രം
ഫഹദ് ചെയ്യുന്ന പാച്ചു എന്ന കഥാപാത്രത്തിന്റെ കൂടെ ഉള്ള അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യുന്ന ആളാണ് എന്റെ കഥാപാത്രം. ചെറിയ കാലയളവിലെ പാച്ചുവിന്റെ കൂടെ ജോലി ചെയ്തിട്ട് ഉള്ളെങ്കിലും അദ്ദേഹത്തിന്റെ പല ഷെയ്ഡ്‌സും ഇയാള്‍ക്കറിയാം. കഥാപാത്രത്തെ പറ്റി കൂടുതല്‍ പറഞ്ഞാല്‍ അത് സ്പോയ്ലര്‍ ആയി മാറും.
അഖില്‍ സത്യനെന്ന സംവിധായകന്‍
സത്യന്‍ അന്തിക്കാട് സാറിന്റെ കൂടെ ഞാന്‍ മകളില്‍ വര്‍ക് ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് ഞാന്‍ അഖില്‍ സത്യന്റെ കൂടെ പാച്ചുവും അത്ഭുതവിളക്കില്‍ വര്‍ക്ക് ചെയ്യുന്നത്. രണ്ടു പേരുടെയും ഒരു സാമ്യത എന്നുപറയുന്നത് അവരുടെ അച്ചടക്കം ആണ്. അവര്‍ ഒരിക്കലും അനാവശ്യമായി സമയം കളയാറില്ല, എന്താണ് ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യത്തോടു കൂടിയാണ് അവര്‍ സെറ്റിലേക്ക് വരുന്നത്. അതുകൊണ്ടു നമുക്ക് പെര്‍ഫോം ചെയ്യാന്‍ കുറച്ചു കംഫര്‍ട്ടബിള്‍ ആയിരിക്കും.
ഹ്യൂമര്‍ കഥാപാത്രങ്ങള്‍
കൂടുതലും കോമഡി കഥാപാത്രങ്ങള്‍ക്കു വേണ്ടിയാണ് എന്നെ വിളിക്കുന്നത്. ഞാന്‍ ഡാര്‍ക്ക് ഷെയ്ഡില്‍ ചെയ്ത ഒരു കഥാപാത്രം ഉണ്ട് വിഷ്ണു ഉണ്ണികൃഷ്ണന്റെ 'ശലമോന്‍' എന്ന സിനിമയില്‍. പക്ഷെ ആ സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. കോമഡിയില്‍ നിന്ന് മാറി മറ്റൊരു സിനിമയും ഞാന്‍ ചെയ്തിട്ടുണ്ട് , ഷറഫുദ്ധീന്‍, ജോണി ആന്റണി എന്നിവര്‍ അഭിനയിക്കുന്ന 'തോല്‍വി F.C' എന്ന ചിത്രത്തില്‍. കഥാപാത്രങ്ങള്‍ വരുമ്പോള്‍ ഞാന്‍ സ്വീകരിക്കുന്നെന്നേ ഉള്ളു വരുന്നത് കൂടുതലും ഹ്യൂമര്‍ കഥാപാത്രങ്ങള്‍ എന്നുമാത്രം.
ഫഹദ് ഫാസിലെന്ന നടന്‍
ഞാന്‍ ആദ്യമായിട്ടാണ് ഫഹദ് ഫാസിലിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത്. നമുക്ക് ഒട്ടും പ്രെഡിക്ട് ചെയ്യാന്‍ പറ്റില്ല അദ്ദേഹത്തിന്റെ ആക്ടിങ്. അതുകൊണ്ടു ഓപ്പോസിറ്റ് നില്‍ക്കുന്ന ആക്ടര്‍ എപ്പോഴും അലെര്‍ട് ആയിട്ട് നില്‍ക്കണം. പുള്ളിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ചുറ്റുപാടൊക്കെ നമ്മള്‍ മറന്നു പോകും, അത്രക്ക് അലെര്‍ട് ആയി മാറും. ചില സിനിമകളൊക്കെ നമ്മള്‍ ചെയ്യുമ്പോള്‍ ചുറ്റും ക്രൂ നില്‍ക്കുന്നതൊക്കെ നമ്മുടെ മനസ്സിലുണ്ടാകും. എന്നാല്‍ ഈ സിനിമയില്‍ ഞാന്‍ പലപ്പോഴും അതൊക്കെ മറന്നുപോയിട്ടുണ്ടായിരുന്നു. നമ്മുടെ കഥാപാത്രത്തെ കുറിച്ച നമുക്ക് പൂര്‍ണ്ണ ബോധ്യമുണ്ടായിരിക്കണം എങ്കില്‍ മാത്രമേ ഫഹദിന്റെ കൂടെ പിടിച്ച് നില്‍ക്കാന്‍ കഴിയു. അദ്ദേഹം ശരിക്കും ഒരു ബോണ്‍ ആക്ടര്‍ തന്നെയാണ്.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള
ഒരുപക്ഷെ ഇന്നായിരുന്നെങ്കില്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് കുറച്ചു കൂടെ സ്വീകാര്യത കിട്ടിയേനെ. അഞ്ചാറു വര്‍ഷം മുന്‍പ് ആണ് ആ സിനിമ ഇറങ്ങുന്നത്. അന്നത്തെ കാലത്ത് ഈ ഡാര്‍ക്ക്, ട്രാജിക് ഹ്യൂമര്‍ പരിപാടികള്‍ ഒന്നും ആരും എക്‌സ്‌പ്ലോര്‍ ചെയ്തിട്ടില്ലായിരുന്നു. ഇപ്പോഴാണെങ്കില്‍ അങ്ങനത്തെ തരം സിനിമകള്‍ വരുന്നുണ്ട്. ഒ.ടി.ടി വഴി പ്രേക്ഷകര്‍ ഇപ്പോള്‍ നിരവധി കോണ്ടന്റുകളിലേക്ക് എക്‌സ്‌പോക്‌സ്ഡ് ആയിരിക്കുന്നു. എത്രത്തോളം ആ ടൈപ്പ് ഹ്യൂമര്‍ വര്‍ക്ക് ആകും എന്നൊരു ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു അല്ലാതെ പേടിയൊന്നും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ചെയ്യുമ്പോള്‍ ഇല്ലായിരുന്നു.
സംവിധാനം ചെയ്യാനുണ്ടായ ഗ്യാപ്
സംവിധാനത്തില്‍ ഗ്യാപ് ഉണ്ടായത് മനപ്പൂര്‍വം അല്ല. എല്ലാ രണ്ടു മാസം കൂടുമ്പോഴും ഓരോ അഭിനയ പരിപാടികള്‍ ഉണ്ടാവും. ആ ലൂപ്പില്‍ പെട്ട് കഴിഞ്ഞാല്‍ അത് അങ്ങനെ പോകും അതും ഒരു കാരണമാണ്. പുതിയ സിനിമ ഞാന്‍ തന്നെയാണ് എഴുതുന്നത്. ആരും പറയാത്ത ആരും കേള്‍ക്കാത്ത കഥകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ജീവിതത്തിന്റെ നല്ലൊരു സമയം ആണല്ലോ നമ്മള്‍ ഇതിലേക്ക് ഇന്‍വെസ്റ്റ് ചെയുക അതുകൊണ്ടു അത് വെറുതെ പോകരുതെന്ന് എനിക്കാഗ്രഹമുണ്ട്. എഴുത് പ്രോസസ്സ് നെവര്‍ എന്‍ഡിങ് ആണ് അതിങ്ങനെ പോയ്‌കൊണ്ടേയിരിക്കും. ഇപ്പൊ എല്ലാ കാര്യങ്ങളും കറക്റ്റ് ആയി വന്നപ്പോഴാണ് പുതിയ സിനിമയിലേക്ക് ഇറങ്ങിയത്.
അടുത്ത സംവിധാനം
ഒരു പ്രോപ്പര്‍ റൊമാന്റിക് സിനിമയാണ് 'ഓടും കുതിര ചാടും കുതിര'. കുറെ നാളായി നമ്മുടെ മലയാളത്തിലൊരു റൊമാന്റിക് കോമഡി സിനിമ വന്നിട്ട്. അങ്ങനെ ആ ഴോണര്‍ എക്‌സ്‌പ്ലോര്‍ ചെയ്യാമെന്ന് കരുതി ഫഹദുമായി ഇരുന്നു സംസാരിച്ചു ചെയ്യാമെന്ന വിശ്വാസത്തില്‍ ചെയ്യുന്നതാണ്.
തിരക്കഥ എഴുത്തിനെക്കുറിച്ച്
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ആയിരുന്നല്ലോ പറഞ്ഞത്. എനിക്ക് ആ പശ്ചാത്തലം അത്ര പരിചിതമല്ല. അവരുടെ പ്രാര്‍ത്ഥനകളും രീതികളും എങ്ങനെയെന്നും എനിക്ക് പരിചിതമല്ല. അപ്പൊ അതൊക്കെ തെറ്റായി കാണിക്കുന്നതിലും നല്ലത് ആ സാഹചര്യത്തില്‍ ജീവിച്ച് വളര്‍ന്ന ഒരാളെ കൊണ്ടുവരുന്നതാണ്. ജോര്‍ജ് കോരക്ക് ആ പശ്ചാത്തലം മൊത്തത്തില്‍ അറിയാം. അതുകൊണ്ട് തന്നെ പുള്ളിയുടെ സഹായം ഞണ്ടുകളുടെ നാട്ടുകളുടെ ഒരിടവേളക്ക് ആവശ്യമായിരുന്നു. എന്നാല്‍ ഓടും കുതിര ചാടും കുതിര ഒരു പ്രോപ്പര്‍ റോം-കോം ആയതുകൊണ്ട് മൊത്തം എന്റെ ഇമാജിനേഷന്‍ ആണ്. അതുകൊണ്ടു തന്നെ റിസര്‍ച്ച് ഒന്നും ആവശ്യമായിരുന്നില്ല, എന്റെ സെന്‍സിബിലിറ്റീസിന് അനുസരിച്ചാണ് ഞാന്‍ തിരക്കഥ എഴുതി പോയിരിക്കുന്നത്.
പുതിയ സിനിമകളെ കുറിച്ച്
അടുത്തതായി ഇനി വരാനിരിക്കുന്നത് കുഞ്ചാക്കോ ബോബന്റെ പദ്മിനി എന്ന ചിത്രം, ഷറഫുദ്ധീന്‍ നായകനാകുന്ന തോല്‍വി എ ഇ, പിന്നെ സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയുന്ന മധുര മനോഹര മോഹം. ഇതില്‍ തോല്‍വി എഫ്. സി യില്‍ കോമിക് ഷെയ്ഡ് ഉണ്ടെങ്കിലും ഒരു സീരിയസ് കഥാപാത്രമാണ്. പിന്നെ സക്കറിയ നായകനാകുന്ന സിനിമയിലും അത്ര കോമഡി റോള്‍ അല്ല ചെയ്യുന്നത്.