ജാതി മലയാളിയുടെ പൂമുഖത്തെ ആൺ ചാരുകസേര,ഡൊമസ്റ്റിക് ഡയലോഗ്സ്  

ഡൊമസ്റ്റിക് ഡയലോഗ്സ്
ഡൊമസ്റ്റിക് ഡയലോഗ്സ്
Published on

മിനിമൽ നവമലയാള സിനിമ എന്ന നിലക്ക് ഡൊമസ്റ്റിക് ഡയലോഗ്സ് തീർച്ചയായും ചർച്ചക്കെടുക്കേണ്ടതുണ്ട്. ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂടായ്മയാണ് ഈ സിനിമക്ക് പിന്നിൽ പ്രവർത്തിച്ചത്. ജോൺ എബ്രഹാം പണ്ട് ചെയ്തത് പോലെ ക്രൗഡ് ഫണ്ടിങ്ങ്  ഉപയോഗിച്ചുണ്ടാക്കിയ ഈ സിനിമ  വൈഷ്ണവും ഗോകുലും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്. വിവാഹശേഷമുള്ള നായകൻ്റെ വീട്ടിലെ ഒരു ദിവസം നടക്കുന്ന സംഭാഷണങ്ങളാണ്  ഡൊമസ്റ്റിക് ഡയലോഗ്സ്'. വിവാഹിതനായ ചെറുപ്പക്കാരനും അയാളുടെ സുഹൃത്തുക്കളും തമ്മിലുള്ള സംഭാഷണം, അയാളും അമ്മയും തമ്മിലുള്ള സംഭാഷണം, അയാളും ഭാര്യയും തമ്മിലുള്ള സംഭാഷണം തുടങ്ങിയവയിലൂടെ സിനിമ കേരളം ഇന്ന് ചർച്ച ചെയ്യുന്ന ചെറുതും വലുതുമായ നിരവധി വിഷയങ്ങളിലൂടെ കടന്നു പോകുന്നുണ്ട്.

കൊറോണ കാലത്തിനു മുമ്പ് പൂർത്തീകരിച്ച സിനിമയാണിത്. ജാർഖണ്ഡ് ഫിലിം ഫെസ്റ്റിവലിൽ പുതുമുഖ സംവിധായകർക്കുള്ള പുരസ്‌കാരം ലഭിച്ച സിനിമ ഈയിടെയാണ് ഓ ടി ടി വഴി പ്രേക്ഷകർക്ക് ലഭ്യമായത്, സാങ്കേതികമായി പറയുകയാണെങ്കിൽ എത്ര മിനിമൽ രീതിയിൽ സിനിമ എടുക്കാമോ അത്രയും ലളിതമായി ആണ് സിനിമ എടുത്തിരിക്കുന്നത്. ഇതൊരു കച്ചവട മാധ്യമചരക്ക് എന്ന രീതിയിൽ കണ്ടു കൊണ്ടല്ല എടുത്തിരിക്കുന്നത് എന്നുറപ്പ്. സിനിമ എന്നത് ശക്തമായ സാമൂഹിക രാഷ്ട്രീയ പ്രമേയമാണ് എന്ന സ്റ്റേറ്റ്മെന്റ് കൂടിയാണ് ഡൊമസ്റ്റിക് ഡയലോഗ്സ്. കോവിഡ് കാലത്ത് തിയറ്ററുകൾ അടച്ചിടുകയും അതിനു മുമ്പ് തന്നെ ഇവിടെ രൂപപ്പെട്ടു കൊണ്ടിരിക്കുന്ന ആൾട്ടർനേറ്റിവ് പ്ലാറ്റുഫോമുകളായ ഓ ടി ടി സ്ട്രീമുകൾ സജീവമാവുകയും ചെയ്തപ്പോൾ ഉണ്ടായ ഒരു ഗുണം ഇത്തരം ചെറിയ വിഷ്വൽ നെരട്ടീവുകൾക്കും അതിജീവനം സാധ്യമാവുന്നുണ്ട് എന്നത് കൂടിയാണ്.   

ഡൊമസ്റ്റിക് ഡയലോഗ്സ്
ഡൊമസ്റ്റിക് ഡയലോഗ്സ്

മധ്യവർഗ മലയാളിയുടെ വീടിന്റെ അകം രാഷ്ട്രീയമായ പരിശോധനക്ക് വിധേയമാക്കുകയാണ് ഡൊമസ്റ്റിക് ഡയലോഗ്സ് നിർവഹിക്കുന്ന ദൗത്യം. വീട്ടിനുള്ളിലെ മലയാളിയുടെ ജീവിതം, അത് എത്രമാത്രം പിതൃ അബോധത്തെ പേറുന്നതാണ് ? എത്രമാത്രം ജാതി ജീവിതമാണ് ? എത്രമാത്രം ആൺ ജീവിതവും കമ്മ്യുണലും ആണ് ? ചൊവ്വാദോഷം പോലുള്ള ശാസ്ത്രവിരുദ്ധതയെ/ ആധുനികാ വിരുദ്ധതയെ ഉൾവഹിക്കുന്നതാണ് ? അത് എത്രമാത്രം നോൺ സെക്കുലർ ഡയലോഗ് മുറികളും ബെഞ്ചുകളും ആണ്? ആത്യന്തികമായി നാം നടന്നു തീർത്ത സാംസ്കാരികവും ആധുനികതാവബോധപരമായതുമായ ദൂരമത്രയും പിന്നിട്ട് ഒറ്റയടിക്ക് നടപ്പു തുടങ്ങിയ ഇടത്ത് നിന്ന് തിരിഞ്ഞു നടന്ന് രാഷ്‌ട്രീയവും സാംസ്കാരികവും ഭരണ കൂടപരവും ഒക്കെയായ അനുഭവ പരിസരത്തിലേക്ക് തിരിച്ചെത്തിയ കാലത്ത് ഈ സിനിമ ചർച്ചക്കെടുക്കുന്ന കാര്യങ്ങളെല്ലാം ഒന്നിനൊന്നു പ്രസക്തവും സൂക്ഷ്മവുമാണ്. ഡൊമസ്റ്റിക് ഡയലോഗുകളിൽ ഏർപ്പെടുന്നത് 30 വയസ്സിൽ താഴെ ഉള്ളവരായ ചെറുപ്പക്കാരാണ് എന്നതാണ് സിനിമയിലെ പ്രധാന വസ്തുത. ഒരു പക്ഷെ അവർ ചെറുപ്പമാണെങ്കിലും തലമുറ കൈമാറി ലഭിച്ച പാട്രിയാർക്കിയും സദാചാര സംഹിതയും സംവരണ വിരുദ്ധതയും കമ്മ്യുണലിസവും സവർണ ജാതീയതയും വിടാതെ പിന്തുടരുന്നവരാണ്.

പൂമുഖത്തുള്ള ചാരു കസേരയിൽ അച്ഛൻ അകത്തായിപ്പോയത് കൊണ്ട് മാത്രം ലഭിച്ച ആൺ പ്രിവിലേജ് ആസ്വദിച്ചു കൊണ്ട് ചാരു പടിയിൽ അതെ പാട്രിയാർക്കി അബോധനിർമിതിയായ അമ്മയോടുള്ള ഒരു 'ചെറുപ്പക്കാരന്റെ' കാര്യസ്തവർത്താനമാണ് ഒരു സംഭാഷണം. ഇത്രയും തലമുറ കഴിഞ്ഞിട്ടും ഞാനടക്കം പെണ്ണുങ്ങളാരും ഈ കസേരയിൽ ഇരുന്നിട്ടില്ല എന്ന അമ്മയുടെ സംഭാഷണം ആ 'ചെറുപ്പക്കാരൻ' അറിഞ്ഞാസ്വദിക്കുന്നുണ്ട്. തന്റെ പെങ്ങൾ ഒരാളുടെ കൂടെ ബൈക്കിൽ കയറി അങ്ങാടിയിൽ കൂടി പോകുന്നത് കണ്ടു എന്ന് കൂട്ടുകാരൻ വന്നു പറഞ്ഞ പരദൂഷണം അയാളെ ആകെ ബേജാറാക്കുന്നുണ്ട്. കെട്ടിച്ചയക്കാൻ വളർത്തി കൊണ്ട് വരുന്ന അവൾക്കുണ്ടാവാൻ ഇടയുള്ള പേരുദോഷം ആ പേരന്റിംഗ് പേട്രൺഷിപ് ആങ്ങളക്ക് സഹിക്കുന്നില്ല. കൂട്ടുകാരനുമായി നടക്കുന്ന മറ്റൊരു സംഭാഷണം സംവരണം മൂലം തങ്ങളുടെ സവർണ സമുദായത്തിലെ ആളുകൾക്ക് ജോലി ലഭിക്കാതിരിക്കുന്നതിനെ കുറിച്ചാണ്.

ഈ സിനിമയിൽ ഇതിനെ പരിഹസിച്ചും മിഡിൽ ക്ലാസ് സവര്ണന്റെ ഉള്ളിലിരിപ്പ് തുറന്നു കാട്ടാനും വേണ്ടിയാണ് അത്‌ ചിത്രീകരിക്കുന്നത് എങ്കിൽ സംവരണവിരുദ്ധത മലയാള സിനിമ ആദര്ശവൽക്കരിച്ചിട്ടുണ്ട് എന്നത് നമ്മൾ വഴിയേ ഓർക്കണം. [1985 ഇൽ പുറത്തിറങ്ങിയ അനുബന്ധം {ഐ വി ശശി / എം ടി ] എന്ന സിനിമയിൽ ആണെന്ന് തോന്നുന്നു ആദ്യമായി സവർണർ പഠിച്ചു പാസായിട്ടും ജോലി ലഭിക്കാത്തത് സംവരണം മൂലമാണ് എന്ന പ്രൊപ്പഗാണ്ട ആരംഭിച്ചത്. അതിലെ ഒരു കഥാപാത്രമായ വല്യമ്പൂരി (പ്രേംജി } തന്റെ ഇല്ലത്ത്‌ വീട് വാടകക്ക് എടുക്കാൻ വന്ന മാഷോട് [മമ്മൂട്ടി ] ഇങ്ങിനെ പറയുന്നു. 'ഒരു മകനുണ്ടായിരുന്നു, മരിച്ചു പോയി. അവനു രണ്ടു മക്കളുണ്ട്. രണ്ടും പത്തു പാസായതാ, പക്കേങ്കിലെന്താ ? ജോലി ഒന്നൂല്ല ! ഇനി ഇപ്പൊ വല്ല ഹരിജനോ ഗിരിജനോ മറ്റോ ആവാൻ വല്ല വകുപ്പുണ്ടോ, ആവോ , വേണോച്ചാ കീഴ്പ്പോട്ടിറങ്ങാ ...ന്താ ..?' ഇത് കേട്ട മമ്മൂട്ടിയുടെ മാഷ് ഗദ്ഗദം കലർന്ന മുഖത്തോടെ പ്രതിവചിക്കുന്നു ...'ഇല്ലല്ലോ തിരുമേനി ....']

ബെഡ്‌റൂമിൽ ഉള്ള സീക്വൻസ് ആണ് സിനിമയുടെ അവസാനം. ഭാര്യ ഡിഗ്രി കംപ്ലീറ്റ് ചെയ്യുന്നതിന് വേണ്ട എല്ലാ സഹായവും രക്ഷിതാവും സംരക്ഷകനും കൂടിയായ താൻ നിർവഹിക്കും. പിജി പക്ഷെ ചെയ്യേണ്ട. ജോലിക്കും തല്ക്കാലം പോകേണ്ട. അഥവാ ജോലിക്കു പോകാൻ വല്ലാതെ താല്പര്യമുണ്ടെങ്കിൽ അതൊക്കെ ഞാൻ കണ്ടു പിടിച്ചു എന്റെ അണ്ടറിൽ ഉള്ളിടത്ത് തരാം.

മലയാളിയുടെ അകത്തളത്തിലെ ജീവിതം ദൃശ്യ വിചാരണക്കെടുക്കുന്നു എന്നതാണ് ഡൊമസ്റ്റിക് ഡയലോഗ്സ് നിർവഹിക്കുന്ന രാഷ്ട്രീയ പ്രമേയം. അകത്തളം എന്നത് കൊണ്ട് വീടിന്റെ മാത്രമല്ല, ജാതിമലയാളിയുടെ മസ്തിഷ്‌കം എത്രമാത്രം ഇടുങ്ങിയതും വിശാലമായ ലോകബോധത്തിനും ആധുനികതക്കും പുറം തിരിഞ്ഞു നിൽക്കുന്നതുമാണ് എന്നത് കൂടിയാണ് ഇവിടെ ഉദ്ദേശിച്ചത്.
Domestic Dialogues
Domestic Dialogues

മലയാളിയുടെ അകത്തളത്തിലെ ജീവിതം ദൃശ്യ വിചാരണക്കെടുക്കുന്നു എന്നതാണ് ഡൊമസ്റ്റിക് ഡയലോഗ്സ് നിർവഹിക്കുന്ന രാഷ്ട്രീയ പ്രമേയം. അകത്തളം എന്നത് കൊണ്ട് വീടിന്റെ മാത്രമല്ല, ജാതിമലയാളിയുടെ മസ്തിഷ്‌കം എത്രമാത്രം ഇടുങ്ങിയതും വിശാലമായ ലോകബോധത്തിനും ആധുനികതക്കും പുറം തിരിഞ്ഞു നിൽക്കുന്നതുമാണ് എന്നത് കൂടിയാണ് ഇവിടെ ഉദ്ദേശിച്ചത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വീടകത്തെ അടുക്കള സിനിമയുടെ സ്ഥലമാക്കിയപ്പോൾ ഡൊമസ്റ്റിക് ഡയലോഗ്സ് സ്വീകരണമുറിയും കിടപ്പു മുറിയും പൂമുഖവും സ്ഥലമായി സ്വീകരിച്ചു കൊണ്ട് മലയാളിയുടെ പാട്രിയാർക്കി ബോധം ജാതി പ്രിവിലേജ് തുടങ്ങിയവയെ പ്രമേയ പരിസരത്ത് നിർത്തി വിചാരണ ചെയ്യുന്നു.നമ്മൾ അവർ എന്ന ഒരു ദ്വന്ദ്വം ആധുനികതക്ക് ശേഷം ഇവിടെ പരോക്ഷമായി നിലനിൽക്കുകയും ഉള്ളിലുള്ള മൃദു ഹിന്ദുത്വത്തോടൊപ്പം അഭിമുഖം നിന്നുകൊണ്ട് കൃസ്ത്യൻ മുസ്ലിം സമൂഹങ്ങളിൽ ഒന്നാകെ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാലം കൂടിയാണിത്. 'അവരുടെ ഷോപ്' 'നമ്മുടെ ഷോപ്' 'അവരുടെ ആൾക്കാർ' 'നമ്മുടെ ആൾക്കാർ' എന്നിങ്ങനെ ഇത് അവരവരുടെ കമ്മ്യൂൺ ഇടങ്ങളിൽ നെരേറ്റ് ചെയ്യപ്പെടുകയും സെക്കുലർ എന്ന ആശയം പലവിധത്തിലും തൊലിപ്പുറമേ മാത്രം പ്രവർത്തികമാകുന്ന വിധത്തിൽ അത്രക്കധികം വ്യാജമാണ് മലയാളിയുടെ പൊതുജീവിതം എന്നവിധം മലയാളിയുടെ അകം ജീവിതത്തെ തുറന്നു കാട്ടാൻ ഈ സിനിമ ശ്രമിക്കുന്നു.

Domestic Dialogues
Domestic Dialogues

നമ്മുടെ ആര്യാവർത്തത്തിൽ കല്യാണം കഴിഞ്ഞാൽ പെണ്ണിന്റെ കുടുംബപേര് മാത്രമല്ല സ്വന്തം പേര് പോലും മാറ്റിക്കളയുന്ന ഒരാചാരം ഉണ്ടായിരുന്നു. പെണ്ണിനെ കെട്ടിക്കുന്ന ഏർപ്പാട് എന്നത് ഒരു പശുവിനെ ഒക്കെ വില കൊടുത്ത് വാങ്ങി തനിക്ക് ഇഷ്ട്ടപ്പെട്ട പേര് നൽകി തെങ്ങിൽ കെട്ടിയിടുന്ന ഒരു തരം ഏർപ്പാട് കൂടിയാണ് മലയാളിയുടെ മാട്രിമോണിയൽ എന്ന സിസ്റ്റം. പശു പിന്നെ എങ്ങോട്ടു പോകണം എന്ത് തിന്നണം എന്നൊക്കെ അതിന്റെ ഉടമസ്ഥൻ തീരുമാനിക്കും. മലയാളിയുടെ കല്യാണ സിസ്റ്റം എന്ന് പറയുന്നത് പശുവിനെ ജീവിതകാലം മുഴുവൻ പോറ്റാനുള്ള ചെലവ് കാശ് കൂടി ഉടമസ്ഥൻ വാങ്ങുന്ന ഏർപ്പാടാണ്. പെണ്ണിന് അവളുടെ വീട്ടിൽ ഒന്ന് പോകണമെങ്കിൽ കൂടി ഉടമസ്ഥന്റെ സമ്മതം വേണം. പുതിയ ഒരു തലമുറയെങ്കിലും പാരമ്പര്യ വിവാഹ സമ്പ്രദായത്തിൽ നിന്നും ധാരണകളിൽ നിന്നും പുറത്തു കടക്കേണ്ടതുണ്ട്. എന്നാൽ അത് അത്രക്ക് നമുക്ക് സാധിച്ചിട്ടില്ല എന്നും പലവിധങ്ങളായ പ്രതിലോമരാഷ്ട്രീയങ്ങൾ നമ്മുടെ സമൂഹത്തിൽ ശക്തമായ തോതിൽ തിരിച്ചു വരവറിയിച്ചു കൊണ്ടിരിക്കുകയാണെന്നും. ആണും പെണ്ണുമെല്ലാം പാട്രിയാർക്കീ അബോധം പ്രാഥമികമായി പരിശീലിക്കുന്ന കളരികൾ വീട്ടകങ്ങളും ചുറ്റുപാടുമാണെന്നും പറയുന്നു എന്നത് തന്നെയാണ് ഡൊമസ്റ്റിക് ഡയലോഗിന്റെ പ്രധാന പ്രസക്തി.

Related Stories

No stories found.
logo
The Cue
www.thecue.in