നാടൻ തല്ലുണ്ട് , ചരിത്രമുണ്ട്, ത്രില്ലറുണ്ട്; ഓണം തിയേറ്ററിൽ തന്നെ, പ്രതീക്ഷകളുമായി സംവിധായകർ

നാടൻ തല്ലുണ്ട് , ചരിത്രമുണ്ട്, ത്രില്ലറുണ്ട്;  ഓണം തിയേറ്ററിൽ തന്നെ, പ്രതീക്ഷകളുമായി സംവിധായകർ
Published on

കഴിഞ്ഞ വിഷുവിന് കൊവിഡ് പ്രതിസന്ധി അവസാനിച്ചിട്ടും മലയാള ചിത്രങ്ങള്‍ തിയ്യേറ്ററില്‍ റിലീസ് ചെയ്തിരുന്നില്ല, കെജിഎഫും ബീസ്റ്റുമായിരുന്നു തിയ്യേറ്ററില്‍ മലയാളി കണ്ട വിഷുചിത്രങ്ങള്‍. എന്നാല്‍ ഓണത്തിന് അങ്ങനെയല്ല, തിയ്യേറ്ററുകള്‍ മലയാള സിനിമ തിരിച്ചുപിടിച്ചുകഴിഞ്ഞു. 2019നു ശേഷം തിയ്യേറ്ററുകള്‍ സജീവമാകുന്ന ആദ്യത്തെ ഓണക്കാലമാണ് ഇത്. കോവിഡും അതുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികളും കടന്ന് തിയ്യേറ്ററുകള്‍ സജീവമാകുകയാണ്. ന്നാ താന്‍ കേസ് കൊടും തല്ലുമാലയും തിയേറ്ററിലുണ്ടാക്കിയ ഉണര്‍വ്വ് വരാനിരിക്കുന്ന സിനിമകള്‍ക്ക് കൂടെ പ്രതീക്ഷയാണ്. തിയ്യേറ്ററില്‍ സിനിമകള്‍ ആഘോഷമാക്കാന്‍ പ്രേക്ഷകര്‍ ഓണത്തിന് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ലുകേസ്, വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ട് , ഫെല്ലിനി ടി പി യുടെ ഒറ്റ് എന്നിവയാണ് ഓണചിത്രങ്ങളായി തിയ്യേറ്ററുകളിലേക്കെത്തുന്നത്. മൂന്ന് വ്യത്യസ്ത ജോണറുകളില്‍ നിന്നും വരുന്ന സിനിമകളുടെ ട്രെയ്ലറുകള്‍ കാര്യമായ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. മൂന്ന് ചിത്രങ്ങളുടെയും സംവിധായകര്‍ പ്രതീക്ഷകള്‍ ക്യുവിനോട് പങ്കുവെയ്ക്കുന്നു.

ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് ആസ്പദമാക്കിയാണ് ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസ് ഒരുക്കിയിരിക്കുന്നത്. കഥയില്‍ നിന്ന് മാറ്റങ്ങള്‍ നടത്തിയാണ് ചിത്രം ഒരുക്കുന്നതെന്ന് ശ്രീജിത്ത് ക്യുവിനോട് പറഞ്ഞു. കഥയില്‍ നിന്നുള്ള പ്രധാന എലമെന്റ്‌സ്, കഥാപാത്രങ്ങള്‍, സംഭവങ്ങള്‍ എല്ലാം അങ്ങനെതന്നെ നിലനിര്‍ത്തിക്കൊണ്ട് വേറൊരു അവസാനമാണ് സിനിമയ്ക്ക് കൊടുത്തിട്ടുള്ളത്. പുതിയ കഥാപാത്രങ്ങളെയും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ദുഗോപന്‍ എനിക്ക് ഇഷ്ടമുള്ള എഴുത്തുകാരനാണ്. അമ്മിണിപ്പിള്ള വെട്ടുകേസ് വന്നപ്പോള്‍ തന്നെ അതിലൊരു സിനിമയ്ക്കുളള സാധ്യത കണ്ടിരുന്നു. അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ സമ്മതിക്കുകയും ചെയ്തു. സിനിമയുടെ എഴുത്തു മുതലുള്ള യാത്ര തുടങ്ങിയിട്ട് 3-4 വര്‍ഷം വരെയാകും. ഷൂട്ടിംഗ് പ്രോസസ് രണ്ട് വര്‍ഷം കൊണ്ട് കഴിഞ്ഞുവെന്നും ശ്രീജിത്ത് പറയുന്നു.

ബിജു മേനോന്റെ അയ്യപ്പനും കോശിയ്ക്കും ശേഷം വരുന്ന മാസ് ക്യാരക്ടറിലൊന്നായിരിക്കും അമ്മിണിപ്പിള്ള എന്ന് ട്രെയ്‌ലര്‍ ഉറപ്പ് നല്‍കിയിരുന്നു. അയ്യപ്പന്‍ എന്ന ബഞ്ച്മാര്‍ക്കിന് അപ്പുറത്തേക്ക് ക്യാരക്ടറെ പ്ലേസ് ചെയ്യുക എുന്നത് തന്നെയായിരിക്കും അണിയറപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളി. തെക്കന്‍ തല്ലു കേസില്‍ പുതിയൊരു ട്രീറ്റമെന്റാണ് ബിജു മേനോന്റെ ക്യാരക്ടറിനു നല്‍കിയിരിക്കുന്നതെന്ന് ശ്രീജിത്ത് പറയുന്നു.

മുണ്ടുടുക്കുന്നത് കൊണ്ട് എല്ലാ കഥാപാത്രവും ഒന്നാവുന്നില്ലല്ലോ. ബിജു മേനോന്റെ അമ്മിണിപ്പിള്ള പൂര്‍ണ്ണമായും വേറൊരു രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന കഥാപാത്രമാണ്്. തെക്കന്‍ തല്ലു കേസില്‍ പുതിയൊരു ട്രീറ്റമെന്റാണ് ക്യാരക്ടറിനു നല്‍കിയിരിക്കുന്നത്.

ശ്രീജിത്ത് എന്‍

തെക്കന്‍ തല്ലു കേസിന്റെ കഥ നടക്കുന്നത് കൊല്ലം-തിരുവനന്തപുരം അതിര്‍ത്തിയിലെ അഞ്ചു തെങ്ങിലാണ, ഒരു തീരപ്രദേശത്താണ്. അതുകൊണ്ടുതന്നെ കടലും അതുമായി ബന്ധപ്പെട്ട പരിസരങ്ങളും സിനിമയിലുണ്ടാകുമെന്ന് ശ്രീജിത്ത് വ്യക്തമാക്കുന്നു. ഈ രണ്ടു ജില്ലകളിലെയും സ്വാധീനമുള്ള സ്ഥലമാണിത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ ഒഴികെ ഭൂരിഭാഗം പേരും ആ പ്രദേശത്തെ ആള്‍ക്കാരെ, അവിടുത്തെ നാട്ടുകാരെത്തന്നെയാണ് കാസ്റ്റ് ചെയ്തിരിക്കുന്നത്. ഭാഷ അറിയുന്ന ഒരു കാസ്റ്റാണ് സിനിമയിലുള്ളത്.'അഞ്ചിന്റന്ന് സഞ്ചയനം'എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ വിപിന്‍.എസ് ഡബിംഗ് സൂപ്പര്‍വൈസറായി സിനിമയിലുണ്ടായിരുന്നു. സ്ലാങ്ങ് കൃത്യമായി സിനിമയില്‍ വരുന്നുണ്ടെങ്കില്‍ അത് വിപിന്റെ കൂടെ ജോലിയുടെ ഫലമാണ്.

പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ശേഷം മലയാളത്തില്‍ തിയ്യേറ്ററുകളിലേക്കെത്തുന്ന പീരീഡ് ഡ്രാമയാണ് പത്തൊന്‍പതാം നൂറ്റാണ്ട്. 1856ല്‍ കേരളത്തില്‍ ജീവിച്ചിരുന്ന നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന വ്യക്തിയെ നമ്മള്‍ വേണ്ടപോലെ പരിഗണിച്ചിട്ടില്ലെന്നും ശ്രീനാരായണ ഗുരുവിനും മുന്‍പ് ഇത്തരം സമരമുഖങ്ങളില്‍ ഉണ്ടായിരുന്ന ഒരു വ്യക്തിയെക്കുറിച്ചെനിക്കുണ്ടായ ജിജ്ഞാസയാണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയെന്നും സംവിധായകന്‍ വിനയന്‍ പറയുന്നു. ഒരു കാലഘട്ടത്തെ മുഴുവന്‍ ഒരു രണ്ടര മണിക്കൂര്‍ സിനിമയില്‍ ഉള്‍ക്കൊള്ളിക്കുക എന്നത് ശ്രമകരമാണ്. ചരിത്രം പറയുന്നുണ്ടെങ്കിലും ഡോക്യുമെന്ററി സ്വഭാവമുള്ള മേക്കിംഗ് അല്ല സിനിമയില്‍. ഇതൊരു ആക്ഷന്‍ ഓറിയന്റഡ് മൂവിയാണ്. കുതിരപ്പുറത്ത് നായകനെപ്പോലെ വരുന്ന ,വാളെടുത്ത് അങ്കത്തിനു തയ്യാറായി നില്‍ക്കുന്ന ധീരനായ മനുഷ്യന്റെ കഥയാണ് പത്തൊന്‍പതാം നൂറ്റാണ്ടെന്നും വിനയന്‍ ക്യുവിനോട് പറഞ്ഞു.

നൂറ് ദിവസം മാത്രമാണ് ഷൂട്ട് ചെയ്തതെങ്കിലും ഷൂട്ടിംഗിനു മുന്നേ ഒരു രണ്ടു വര്‍ഷവും, ഷൂട്ട് കഴിഞ്ഞ് വീണ്ടും ഒരു വര്‍ഷവും സിനിമ പൂര്‍ത്തിയാക്കാന്‍ എടുത്തിരുന്നു. അത്ഭുത ദ്വീപ് എന്ന എന്റെ സിനിമ ഒരു വലിയ ക്യാന്‍വാസ് സിനിമ തന്നെയായിരുന്നു. നമ്മള്‍ ഒരു വലിയ ബഡ്ജറ്റ് സിനിമ ചെയ്യുമ്പോള്‍ ആദ്യം വേണ്ടത് ഒരു പ്രൊഡ്യൂസറാണ്. ഗോകുലം ഗോപാലനെപ്പോലെയൊരു പ്രൊഡ്യാസറെ എനിക്ക് കിട്ടി;'വിനയന്റെ ഇഷ്ടത്തിന് സിനിമ ചെയ്യൂ എന്നാണ് എന്നോട് അദ്ദേഹം പറഞ്ഞത്.

വിനയന്‍

സിജു വിത്സനാണ് ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധപണിക്കരാകുന്നത്. സിജു വില്‍സണ്‍ ഇങ്ങനെ ചെയ്യുമോ എന്ന് നിങ്ങള്‍ സംശയിച്ചാല്‍ തന്നെ അതൊരു വിജയമാണെന്ന് വിനയന്‍ പറഞ്ഞു.

ചിരിപ്പിക്കാന്‍ വേണ്ടി വന്ന ആളെന്ന് വിളിച്ചിരുന്ന കലാഭവന്‍ മണിയെപ്പോലൊരു നടനെ വളരെ ആഴത്തില്‍ ഉപയോഗിക്കാനെനിക്കു കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെ ഒരു ഈശ്വരാനുഗ്രഹമാണ്. സിജു വില്‍സണ്‍ ഇതില്‍ നല്ല രീതിയില്‍ എഫോര്‍ട്ട് എടുത്തിട്ടുണ്ട്. ക്യാരക്ടറിനു വേണ്ട വ്യായാമങ്ങളൊക്കെ ചെയ്ത്, കളരിയൊക്കെ പഠിച്ച്, സിനിമയ്ക്ക് ആവശ്യമുള്ള രീതിയ്ക്ക് ഒരു ഷിഫ്റ്റ് എടുക്കുന്നുണ്ട് സിജു വില്‍സണ്‍. ആ പ്രോഗ്രഷന്‍ കാണാന്‍ തന്നെ നല്ലതായിരുന്നുവെന്ന് വിനയന്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിനായി മമ്മൂട്ടിയും മോഹന്‍ലാലും ശബ്ദം നല്‍കിയിട്ടുണ്ട്. ഇങ്ങനെ ഒരു സിനിമ ഉണ്ട്്, ശബ്ദം നല്‍കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ മമ്മൂട്ടി എപ്പോള്‍ വരണമെന്നാണ് ചോദിച്ചതെന്ന് വിനയന്‍ പറയുന്നു. ഇതെല്ലാം നേരിട്ടാണ് ഞങ്ങള്‍ സംസാരിച്ചത്.അങ്ങനെയൊരു സഹകരണം അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്റെ നിലപാടുകളില്‍ മാറ്റമില്ല. എന്റെ വീഴ്ചയില്‍ നിന്ന് വളര്‍ന്ന് വന്നവരോടുപോലും എനിക്ക് ഒരു സമയത്തും വിരോധം തോന്നിയിട്ടില്ലെന്നും വിനയന്‍ ക്യുവിനോട് പറഞ്ഞു.

അരവിന്ദ് സ്വാമി, ജാക്കി ഷെറോഫ്, കുഞ്ചാക്കോ ബോബന്‍, ഒരു സമയത്ത് റൊമാന്റിക്ക് ഹീറോ പരിവേഷം ഉണ്ടായിരുന്ന മൂന്ന് ആക്ടേഴ്സിനെ പൂര്‍ണ്ണമായും മറ്റൊരു ജോണറിലേയ്ക്ക് കൊണ്ടുവരുന്ന ചിത്രമാണ് ഫെല്ലിനി ടിപി ഒരുക്കിയ ഒറ്റ്. പൂര്‍ണമായും ആക്ഷന്‍ സിനിമയാണ് ഒറ്റ് എന്നൊന്നും പറയാന്‍ കഴിയില്ലെന്ന് ഫെല്ലിനി പറയുന്നു. ഇതൊരു വലിയ ക്യാന്‍വാസിലെ സിനിമയാണ്. മൂന്ന് ആക്ടേഴ്സിനും അങ്ങനെയൊരു റൊമാന്റിക്ക് ഇമേജ് ഉണ്ടായിരുന്നു. പക്ഷേ, ഈ സിനിമയില്‍ മൂന്നു പേരും കഥാപാത്രങ്ങള്‍ക്ക് ആപ്റ്റ് ആയിട്ട് ഉള്ളവരായിട്ട് തോന്നി,അങ്ങനെയാണ് കാസ്റ്റിലേയ്ക്ക് എത്തുന്നത്. തമിഴിലും മലയാളത്തിലും ഒരുമിച്ച് ഷൂട്ട് ചെയ്ത ചിത്രം കൂടിയാണ് ഒറ്റ്. കോവിഡിന്റെ സെക്കന്‍ഡ് വേവിന് മുന്‍പും ശേഷവുമായിട്ടാണ് സിനിമ ഷൂട്ട് ചെയ്തിട്ടുള്ളത്. ആദ്യ ചിത്രമായ തീവണ്ടിയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ജോണര്‍ മാറിയത് ഒരു വലിയ ചലഞ്ച് തന്നെയായിരുന്നുവെന്നും ഫെല്ലിനി പറഞ്ഞു.

തീവണ്ടി ഒരു പൊളിറ്റിക്കല്‍ കണ്ടന്റുള്ള,നമ്മുടെ തന്നെ നേറ്റിവിറ്റിയില്‍ നടക്കുന്ന കഥയായിരുന്നു. ഒറ്റില്‍ വേറൊരു ഡൈമന്‍ഷനിലാണ് കാര്യങ്ങള്‍ നടക്കുന്നത്. കേരളത്തിനു പുറത്ത് ഷൂട്ട് ചെയ്തൊരു സിനിമയ്ക്ക് അതിന്റേതായ മാറ്റങ്ങളുണ്ട്. തീവണ്ടിയിലെ ഇമോഷന്‍സല്ല ഒറ്റിലേത്. നമ്മള്‍ അത്രയും പാഷണേറ്റായിട്ടാണ് സിനിമ ചെയ്യുന്നത്. അതുകൊണ്ട് അതിന്റേതായ സന്തോഷം നമുക്ക് ഉണ്ടാകുമല്ലോ. തീവണ്ടിയുടെ വിജയം തന്നെയാണ് ഒറ്റ് ചെയ്യാനുള്ള ധൈര്യം തന്നത്.

ഫെല്ലിനി ടിപി

ഒറ്റ് പൂര്‍ണ്ണമായും സ്റ്റോറി ഡ്രിവണായ സിനിമയാണ്. റിവന്‍ജ് എന്നതിനൊക്കെ അപ്പുറത്തേയ്ക്ക് ഒറ്റ് എന്റര്‍ടെയ്നറാണെന്നും ഫെല്ലിനി ഉറപ്പ് നല്‍കുന്നു.

തല്ലുമാലയും ന്നാ താന്‍ കേസ് കൊടും തിയ്യേറ്ററില്‍ ഉണ്ടാക്കിയ ആരവം അവസാനിച്ചിട്ടില്ല, അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ഓണത്തിന് തിയ്യേറ്ററിലേക്ക് ടിക്കറ്റെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത് ആഘോഷമാക്കാന്‍ മലയാളസിനിമകള്‍ക്ക് കഴിയട്ടെ

Related Stories

No stories found.
logo
The Cue
www.thecue.in