'ദായം കമിങ്ങ് ഓഫ് ഏജ് സിനിമ, അമ്മയുടെ മരണശേഷം ഒരു പെൺകുട്ടിയുടെ ജീവിതം': പ്രശാന്ത് വിജയ് അഭിമുഖം

'ദായം കമിങ്ങ് ഓഫ് ഏജ് സിനിമ, അമ്മയുടെ മരണശേഷം ഒരു പെൺകുട്ടിയുടെ ജീവിതം': പ്രശാന്ത് വിജയ് അഭിമുഖം
Published on

28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ദായം. ഒരു കമിങ് ഓഫ് ഏജ് ഴോണറിൽ വരുന്ന സിനിമയാണ് ദായം. അമ്മയുടെ മരണശേഷം ഒരു പെൺകുട്ടിയുടെ രണ്ടു മൂന്ന് ആഴ്ചത്തെ ജീവിതമാണ് സിനിമ കാണിക്കുന്നതെന്ന് സംവിധായകൻ പ്രശാന്ത് വിജയ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ കാസ്റ്റ് ചെയ്യാനാണ് തങ്ങൾ ഏറ്റവും ബുദ്ധിമുട്ടിയതെന്നും ഇൻഡിപെൻഡന്റ് സിനിമയാണെങ്കിൽ താല്പര്യമില്ല എന്ന് പറഞ്ഞ അഭിനേതാക്കളുണ്ടെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് വിജയ് പറഞ്ഞു.

ദായത്തെക്കുറിച്ച്

ദായം എന്റെ രണ്ടാമത്തെ സിനിമയാണ്. ആദ്യത്തെ സിനിമയും ഈ റൂട്ട് തന്നെയായിരുന്നു, ആദ്യം ബോംബെ ഫിലിം ഫെസ്റ്റിവൽ പിന്നെ ഐ എഫ് എഫ് കെയിലും പ്രദർശിപ്പിച്ചിരുന്നു. അത് 2017 ൽ ആയിരുന്നു അതിശയങ്ങളുടെ വേനൽ എന്നായിരുന്നു പേര്. അതുപോലെയൊരു ഇൻഡിപെൻഡന്റ് സിനിമയാണ് ദായവും. ഇതിന്റെ ഒരു വിഷയം എന്നത് അമ്മയുടെ മരണശേഷം ഒരു പെൺകുട്ടിയുടെ രണ്ടു മൂന്ന് ആഴ്ചത്തെ ജീവിതമാണ് സിനിമ കാണിക്കുന്നത്. അമ്മയുടെ മരണമെന്ന ദുഖത്തിനോടൊപ്പം തന്നെ അവൾക്ക് ജീവിതത്തെപ്പറ്റി പുതിയ തിരിച്ചറിവുകൾ ഉണ്ടാകുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അവൾ ഹീറോ ആയി ആരാധിച്ചിരുന്ന അവളുടെ അച്ഛന് അവൾ നേരിട്ട് കണ്ടിട്ടില്ലാത്ത പല മുഖങ്ങളുണ്ട് എന്ന് അവൾ തിരിച്ചറിയുന്നു. അതിനോടൊപ്പം ചുറ്റുമുള്ള ലോകത്തെപ്പറ്റിയും സമൂഹത്തെപ്പറ്റിയും തിരിച്ചറിയുകയും അവൾക്ക് അവളുടേതായ ഒരു വഴി കണ്ടുപിടിക്കണമെന്ന ചിന്തയിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഒരു കമിങ് ഓഫ് ഏജ് ഴോണറിൽ വരുന്ന സിനിമയെന്ന് പറയാം ദായത്തെ.

ഐ എഫ് എഫ് കെ ഓർമ്മകൾ

ഞാൻ 90 കളിൽ തിരുവനന്തപുരത്ത് ജീവിച്ച ഒരാളാണ്. അപ്പോൾ സിനിമകൾ കാണാനുള്ള അവസരം വളരെ കുറവായിരുന്നു കാരണം കേബിൾ ടി വി ഇല്ലായിരുന്നു. പഠിത്തത്തിൽ പ്രാധാന്യം കൊടുക്കുന്ന പശ്ചാത്തലം ആയിരുന്നു എന്റേത്. പിന്നീട് സിനിമയെ എക്സ്പ്ലോർ ചെയ്യാനുള്ള വേദി തരുന്നത് ചലച്ചിത്ര അക്കാദമി പോലെയുള്ള സംഘടനകളാണ്. അന്നത്തെക്കാലത്ത് അക്കാദമിയുടെ വീക്കിലി സ്‌ക്രീനിങ്‌സ് ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ലോക സിനിമ കണ്ടുതുടങ്ങുന്നത്. പിന്നെയാണ് ഐ എഫ് എഫ് കെ സഹായിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഐ എഫ് എഫ് കെ എന്ന വേദിക്ക് നല്ല രീതിയിൽ സ്വാധീനമുണ്ട്. സിനിമയിലേക്ക് വേറെ ജനാലകൾ ഒന്നുമില്ലാതിരുന്ന കാലത്ത് അത് തുറന്ന് തന്നത് ഐ എഫ് എഫ് കെയാണ്. എന്റെ ആദ്യത്തെ സിനിമ അവിടെ വന്നത് തന്നെ വലിയൊരു സന്തോഷമായിരുന്നു. എന്റെ ഷോർട്ട് ഫിലിമുകളായാലും, അതിശയങ്ങളുടെ വേനലും, ദായവും ഇനി വരാനിരിക്കുന്ന ഇത്തിരി നേരവുമെല്ലാം തിരുവനന്തപുരത്ത് നടക്കുന്ന കഥകളാണ്. തിരുവനന്തപുരം കൂടെ എന്റെ കഥകളിൽ ഭാഗമാകണമെന്ന് എനിക്കുണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോഴും ഈ സിനിമ ഐ എഫ് എഫ് കെ യിൽ കാണിക്കുന്നു എന്ന് പറയുന്നത് സന്തോഷമാണ്.

അഭിനേതാക്കൾ

മകളും അച്ഛനുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഈ പ്രധാന കഥാപാത്രത്തെ കാസ്റ്റ് ചെയ്യാനാണ് നമ്മൾ ഏറ്റവും ബുദ്ധിമുട്ടുന്നത് കാരണം അവർ മോശമായാൽ സിനിമ മുഴുവൻ മോശമാകും. ഇതൊരു ഇൻഡിപെൻഡന്റ് സിനിമയാണ്, വളരെ ചിലവ് കുറഞ്ഞ ഒരു സാധാരണ സിനിമയുടെ ഗ്ലാമർ ഒന്നുമില്ലാതെ ചെയ്ത സിനിമയാണ്. ഇൻഡിപെൻഡന്റ് സിനിമകളുടെ കാസ്റ്റിങ് വളരെ ബുദ്ധിമുട്ടാണ്. ഒരു കൊമേർഷ്യൽ സിനിമയാണെങ്കിൽ ഒരു പോസ്റ്റ് ഇട്ടാൽ ആയിരക്കണക്കിന് ആപ്പ്ളിക്കേഷൻസ് വരും. ഇൻഡിപെൻഡന്റ് സിനിമയാണെങ്കിൽ താല്പര്യമില്ല എന്ന് പറഞ്ഞ അഭിനേതാക്കളുണ്ട്. ഒരു കാസ്റ്റിങ് കോളിന് റീച്ച് കിട്ടാനും ബുദ്ധിമുട്ടാണ്. നാടക പശ്ചാത്തലത്തിലുള്ളവരെയും തുടങ്ങി പലരെയും ഞങ്ങൾ നോക്കിയിരുന്നു. അങ്ങനെ വളരെ യാദൃശ്ചികമായി എന്റെ കാസ്റ്റിംഗ് ഡയറക്ടർ ഹരി താമസിച്ചിരുന്ന ഫ്ലാറ്റിൽ മറ്റൊരു സംവിധായകനെ കാണാനായി ഒരു പെൺകുട്ടി വരുകയും ഹരി ആ കുട്ടിയെ ലിഫ്റ്റിൽ വച്ച് കണ്ട് വിവരങ്ങൾ വാങ്ങി ഓഡിഷന് വരികയുമാണ് ചെയ്തത്. ആതിര രാജീവ് എന്നാണ് കുട്ടിയുടെ പേര്. ഈ കുട്ടിയുടെ ഓഡിഷൻ തന്നെ വളരെ വ്യത്യസ്തമായിരുന്നു. ബാക്കിയുള്ളവർ വന്ന് കഥാപാത്രത്തെക്കുറിച്ച് വിവരിക്കുമ്പോൾ അവർ ചെയ്തു തുടങ്ങും പക്ഷെ ആതിര എന്താണ് ഈ കഥാപാത്രം, എന്തുകൊണ്ടാണ് ഈ കഥാപാത്രം ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ ചോദിച്ചിട്ടാണ് ചെയ്തു തുടങ്ങിയത്. ആതിര ന്യൂ യോർക്ക് ഫിലിം സ്കൂളിൽ അഭിനയം പഠിച്ച ആളാണ്. ലോസ് ഏയ്ജലെസിൽ താമസിച്ച് അവിടെ അഭിനയം പഠിക്കുകയായിരുന്നു. ആതിര ഞങ്ങളെ വിശ്വസിച്ച് ഈ റോൾ ഏറ്റെടുത്തു അതാണ് ഞങ്ങളുടെ ഗതി മാറ്റിയത്. 17 വയസ്സുള്ള കുട്ടിയാണ് സിനിമയിലെ കഥാപാത്രം ആതിര അതിനേക്കാളും കുറച്ചുകൂടെ മൂത്തതാണ്. സാധാരണ ടീനേജ് കുട്ടികളെ കാസ്റ്റ് ചെയ്യുമ്പോൾ മൈനർ ആയ കുട്ടികളെ അഭിനയിപ്പിക്കുമ്പോഴുള്ള പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. അവരോട് കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതിന് ലിമിറ്റേഷൻ ഉണ്ട്, നമ്മൾ വളരെ ശ്രദ്ധിക്കണം. പക്ഷെ ആതിരയുടെ കാര്യത്തിൽ ആ പ്രശ്നം ഇല്ലായിരുന്നു. ഒരു സ്ഥലത്തും ആതിര സിനിമയിൽ ഗ്ലിസറിൻ ഉപയോഗിച്ചിട്ടില്ല, സീനിൽ തനിയെ കരയുകയാണ് ചെയ്തത്. അച്ഛന്റെ റോൾ ചെയ്തിരിക്കുന്നത് പ്രദീപ് കുമാർ എന്ന അഭിനേതാവാണ്.

തിയറ്റർ, ഓ ടി ടി റിലീസ് പദ്ധതികൾ

2017 ൽ റിലീസ് ചെയ്ത എന്റെ സിനിമ ഇതുവരെയും ഒരിടത്തും അവൈലബിൾ അല്ല. അതിൽ ഒരു കാരണം കോവിഡ് ആണ്. കാരണം ഞങ്ങൾ ചെറിയൊരു തിയറ്റർ റിലീസ് ചെയ്ത് അതിനൊപ്പം ഒരു ഓ ടി ടി യിലും പ്ലാൻ ഉണ്ടായിരുന്നു. അപ്പോഴാണ് കോവിഡ് വന്ന് തിയറ്ററുകളൊക്കെ അടക്കുന്നത്. സിനിമ കണ്ട ഒരു വിതരണക്കാരൻ മുന്നോട്ട് വന്നതായിരുന്നു, ഇതും അതുപോലെ ആരെങ്കിലും വന്നാൽ മാത്രമേ തിയറ്റർ റിലീസിന് സാധിക്കുകയുള്ളു. ഇതൊരു ഹോം പ്രൊഡക്ഷൻ ആണ് എന്റെ ഭാര്യ തന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നത്. അവാർഡുകൾ ഉണ്ടെങ്കിലും ഫെസ്റ്റിവൽ സെലക്ഷൻ ഉണ്ടെങ്കിലും നമ്മുടെ നാട്ടിൽ കാര്യങ്ങൾ നടക്കുന്നത് ഒരു സ്റ്റാറിന്റെ പേരിലാണ്. ഇന്റർനെറ്റിൽ ലിമിറ്റില്ല എങ്കിൽ പോലും ഓ ടി ടി യിലൊക്കെ എല്ലാവരും എല്ലാം നോക്കിയിട്ടാണ് സിനിമ എടുക്കുന്നത്. അതൊരു നിർഭാഗ്യകരമായ സിറ്റുവേഷൻ ആണ്. തിയറ്റർ റിലീസിനെക്കാളും ഇതുപോലെയുള്ള സിനിമകൾക്ക് പ്രേക്ഷകരെ കണ്ടുപിടിക്കാൻ സാധിക്കുന്നത് അത് ഓൺലൈനിൽ അവൈലബിൾ ആകുമ്പോഴാണ്. കെ എസ് എഫ് ഡി സി യുടെ ഒരു പ്ലാറ്റ്‌ഫോം ഉണ്ടെന്ന് പറയുന്നു അവർ ഞങ്ങളെ സമീപിച്ചിരുന്നു. ഇനി അതൊന്ന് ചർച്ച ചെയ്യണം. സർക്കാരിനാണ് ഇതിൽ കൂടുതൽ കാര്യം ചെയ്യാൻ പറ്റുന്നത്. ഒരു ഇൻഡിപെൻഡന്റ് സിനിമയുടെ ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇട്ടാലും അവക്ക് റീച്ച് കിട്ടില്ല കാരണം അവ മത്സരിക്കുന്നത് വലിയ കാശുമുടക്കുന്ന സിനിമകളോടാണ്.

Related Stories

No stories found.
logo
The Cue
www.thecue.in