'കഠിന കഠോരമീ അണ്ഡകടാഹം' ഒരു കഠിനമായ പൈങ്കിളി കഥ: ബേസില്‍ ജോസഫ് ഞെട്ടിക്കുമെന്ന് സംവിധായകൻ മുഹഷിന്‍

'കഠിന കഠോരമീ അണ്ഡകടാഹം' ഒരു കഠിനമായ പൈങ്കിളി കഥ: ബേസില്‍ ജോസഫ് ഞെട്ടിക്കുമെന്ന് സംവിധായകൻ മുഹഷിന്‍
Published on

'ഉണ്ട', 'പുഴു' എന്നീ സിനിമകള്‍ക്ക് ശേഷം ഹര്‍ഷദ് തിരക്കഥയെത്തി നവാഗതനായ മുഹഷിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കഠിന കഠോരമീ അണ്ഡകടാഹം'. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിര്‍മിക്കുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, ജോണി ആന്റണി, ഷിബില ഫറ, ബിനു പപ്പു എന്നിവരാണ് പ്രധാന കഥാപാത്രത്തിലെത്തുന്നത്. തീരദേശത്തുള്ള ഒരു കുടുംബത്തിന്റെ കഥപറയുന്ന കഠിനമായ പൈങ്കിളി പടമായിരിക്കും ഇതെന്ന് സംവിധായകന്‍ മുഹഷിൻ പറഞ്ഞു. ബേസില്‍ ജോസഫ് ഒരസാധ്യ നടനാണ് ഈ ചിത്രത്തില്‍ പെര്‍ഫോമന്‍സ് കൊണ്ട് അദ്ദേഹം നിങ്ങളെ ഞെട്ടിക്കും. ചിത്രത്തിന്റെ സംവിധായകന്‍ മുഹഷിൻ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

കോവിഡ് കാലഘട്ടത്തെ കഥ പറയുന്ന ചിത്രം

ഏതൊരു സിനിമ എടുത്ത് നോക്കിയാലും ആ സിനിമ ഏതെങ്കിലും രീതിയില്‍ ഒരു കാലഘട്ടത്തെ അഡ്രസ്സ് ചെയ്തിട്ടുണ്ടാകും. ഇനിയങ്ങോട്ട് വരുന്ന സിനിമകളില്‍ എല്ലാം രണ്ടായിരത്തി ഇരുപത്-ഇരുപത്തിയൊന്ന് കാലഘട്ടങ്ങള്‍ കാണിക്കുമ്പോള്‍ സ്വാഭാവികമായിട്ടും അതില്‍ കോവിഡ് കാലഘട്ടവും ഹൈലൈറ്റ് ചെയ്യപ്പെടും. കോവിഡിന്റെ പശ്ചാത്തലത്തില്‍ മലബാറില്‍ നടക്കുന്ന തീരദേശത്തുള്ള ഒരു കുടുംബത്തെയാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്. കടലിനോട് അത്രയും ചേര്‍ന്ന് കിടക്കുന്ന എന്നാല്‍ മല്‍സ്യത്തൊഴിലാളികള്‍ അല്ലാത്ത ഒരു കുടുംബത്തിന്റെ കഥയാണിത്. ഈ സിനിമ കാണുന്ന ഓരോരുത്തര്‍ക്കും ഇത് അവരുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളതായി ഫീല്‍ ചെയ്യും. ഞാന്‍ സിനിമ ചെയ്യുമ്പോൾ ആലോചിച്ച കാര്യം കാണുന്ന പ്രേക്ഷകന് ഏതെങ്കിലും രീതിയില്‍ ഒരു കഥാപാത്രവുമായി സാമ്യം തോന്നണം. അപ്പോള്‍ മാത്രമേ കാണുന്ന ഓരോരുത്തരും സിനിമയെ മുഴുവനായി മനസ്സിലാക്കുകയുള്ളു.

കഠിനമായ പൈങ്കിളിക്കഥ

ഹര്‍ഷാദിക്ക തന്റെ മുന്‍പത്തെ സിനിമകളായ 'ഉണ്ട', 'പുഴു' പോലെ രണ്ടു അക്ഷരമുള്ള വാക്കുമായിട്ടാണ് ആദ്യം തിരക്കഥ തുടങ്ങിയത്. പിന്നീട് ആ രണ്ടു അക്ഷരത്തില്‍ നിന്ന് മാറാമെന്ന ആശയത്തിലേക്ക് വരുകയും പടം തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ആണ് ഈ ടൈറ്റില്‍ അയച്ചു തരുന്നത്. ഒരുപാട് പേരുകള്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്നു പക്ഷെ അതില്‍ 'കഠിന കഠോരമീ അണ്ഡകടാഹം' എന്ന പേര് പുള്ളിക്ക് ഏറ്റവും യോജിച്ചതെന്നു തോന്നി. സിനിമ കണ്ടുകഴിഞ്ഞു നിങ്ങള്‍ എല്ലാവരും ഈ പേരിനെ പറ്റി ആലോചിക്കും. ഈ സിനിമയുടെ തിരക്കഥ എഴുതിയതിനു ശേഷം ഹര്‍ഷാദിക്ക എന്നോട് പറഞ്ഞത് കഠിനമായ ഒരു പൈങ്കിളി കഥ ഞാന്‍ എഴുതി എന്നാണ്. ഹര്‍ഷാദിക്കയുടെ കഴിഞ്ഞ രണ്ടു സിനിമകളായ 'ഉണ്ട', 'പുഴു' എന്നീ സിനിമകളെ വച്ച് നോക്കുമ്പോള്‍ ഇത് രാഷ്ട്രീയം സംസാരിക്കാത്ത, ജാതി സംസാരിക്കാത്ത ഒരു സിംപിള്‍ ആയിട്ടുള്ള കുടുംബ കഥയാണ് ഇത്.

ബേസില്‍ ജോസഫ് നിങ്ങളെ ഞെട്ടിക്കും

സിനിമയിലേക്ക് ആദ്യം ഒരുപാട് നടന്മാരെ ആലോചിച്ചിട്ടുണ്ടായിരുന്നു. പക്ഷെ നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോ ഒരുപാട് മേഖലകളെ കുറിച്ചു ചിന്തിക്കണമല്ലോ. നിര്‍മാതാവിന്റെ ഭാഗത്തു നിന്നും, അഭിനേതാക്കളുടെ ഭാഗത്തു നിന്നും, സംവിധായകന്റെ ഭാഗത്തു നിന്നും ഒക്കെ ചിന്തിച്ചിട്ടാണ് ഒരു സിനിമ സിനിമയായി മാറുന്നത്. നിര്‍മാതാവിന്റെ ഭാഗത്തു നിന്ന് ചിന്തിക്കുന്ന സമയത്തു സിനിമ മാര്‍ക്കറ്റ് ചെയ്യപ്പെടണമെങ്കില്‍ വാല്യൂ ഉള്ള ഒരു നടന്‍ വരണം. പക്ഷെ എനിക്ക് സ്റ്റാര്‍ഡം ഉള്ള നടനെ ഈ സിനിമക്ക് വേണ്ടിയിരുന്നില്ല. ഒരു സ്റ്റാര്‍ഡം ഉള്ള നടന്‍ വന്നുകഴിഞ്ഞാല്‍ പിന്നെ ആ നടന്റെ പേരില്‍ ആയിരിക്കും സിനിമ മാറുക. അങ്ങനെ ഒരാളില്‍ മാത്രം ഫോക്കസ് ചെയ്തു സിനിമ കാണാന്‍ പോകുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ ഭീകരമായിരിക്കും ചിലപ്പോ ആ പ്രതീക്ഷയോളം എത്താന്‍ പറ്റിയില്ലെങ്കില്‍ അത് സിനിമയെയും കഥയെയും സാരമായി ബാധിക്കും. അങ്ങനെ ആണ് ബേസിലിലേക്ക് എത്തിയത്. പടം തീയേറ്ററിൽ വരുമ്പോള്‍ എന്ത് സംഭവിക്കും എന്ന് എനിക്ക് ഒട്ടും ധാരണയില്ല പക്ഷെ ഒരു കാര്യത്തില്‍ എനിക്ക് നല്ല കോണ്‍ഫിഡന്‍സ് ഉണ്ട്, ബേസില്‍ ജോസഫ് എന്ന നടന്‍ മലയാളികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഈ സിനിമയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. ഏതു കഥാപാത്രത്തെ കൊടുത്താലും ഷോള്‍ഡര്‍ ചെയ്യാന്‍ പറ്റും എന്ന് പ്രൂവ് ചെയ്യുന്ന രീതിയിലാണ് അദ്ദേഹം ഇതില്‍ അഭിനയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നൂറു ശതമാനവും ഈ സിനിമക്കായി നല്‍കിയിട്ടുണ്ട്.

ഗോവിന്ദ് വസന്തയാണ് സോള്‍

സിനിമയുടെ ആദ്യ ഡ്രാഫ്റ്റ് എഴുതിക്കഴിഞ്ഞപ്പോള്‍ തന്നെ സക്കറിയ മുഹമ്മദിന്റെ സജ്ജഷന്‍ ആയിരുന്നു ഗോവിന്ദ് വസന്തയെ നോക്കിക്കൂടെ എന്ന്. ഗോവിന്ദിന്റെ ഴോണര്‍ ആണ് ഈ സിനിമ. രണ്ടു വർഷം മുന്നേ ആണ് ഇത് നടക്കുന്നത്. ഈ സിനിമയിലേക്ക് ആദ്യം വരുന്നതും ഗോവിന്ദാണ്. നടനെക്കാള്‍ മുന്നേ ഗോവിന്ദ് വസന്ത ഈ സിനിമയുടെ ഭാഗമായി മാറിയിരുന്നു. കഥ കേട്ടതിനു ശേഷം ഓരോ ട്രാക്കുകളായി അദ്ദേഹം അയക്കാന്‍ തുടങ്ങി. ഈ സിനിമയുടെ സോള്‍ ഗോവിന്ദ് വസന്തയുടെ സംഗീതം ആണ്.

നൈസാം സലാം എന്ന നിർമാതാവ്

എനിക്ക് ഒരുപാട് സംവിധായക സുഹൃത്തുക്കള്‍ ഉണ്ട്. അവരെല്ലാം പറഞ്ഞ അവരുടെ അനുഭവങ്ങളില്‍ നിന്ന് ഞാന്‍ മനസിലാക്കിയ കുറെ കാര്യങ്ങള്‍ ഉണ്ട്. പക്ഷെ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടായിരുന്നു നൈസാം സലാം എന്ന നിര്‍മാതാവ് എന്റെ കൂടെ നിന്നത്. ഒരു നവാഗത സംവിധായകനെ വിശ്വസിച്ചു മൂന്നു-മൂന്നര കോടിയോളം സിനിമയില്‍ ഇന്‍വെസ്റ്റ് ചെയ്യുക എന്നത് വലിയ കാര്യമാണ്. എന്നെ വിശ്വസിച്ചു ഈ സിനിമ ഏല്‍പ്പിച്ഛ് ക്രീയേറ്റീവ് സൈഡില്‍ എവിടെയും ഇടപെടാതെ എനിക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഞാന്‍ പറയുന്ന സമയത്ത് തന്നിട്ട് ഈ സിനിമ തീര്‍ക്കാന്‍ എന്റെ കൂടെ നിന്നു അദ്ദേഹം. ഇങ്ങനെ ഒരു നിർമ്മാതാവിനെ ചിലപ്പോ ഇനിയെനിക്ക് കിട്ടിയെന്നു വരില്ല. ഒരു പ്രൊഫൈല്‍ ഇല്ലാത്ത ആളാണ് ഞാന്‍ എന്നിട്ടും എന്റെമേല്‍ ഒരു വിശ്വാസക്കുറവ് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.

ഗുരുസ്ഥാനീയരുടെ കൂടെ റിലീസ് ചെയ്യുന്നതില്‍ സന്തോഷം

രണ്ടു വര്‍ഷം മുൻപേ മുതൽ ഈ സിനിമക്കായി ഞാന്‍ നടക്കുന്നുണ്ടായിരുന്നു. ആ സമയത്ത് 'അയല്‍വാശി'യുടെ ഒരു പരിപാടികളും ആരംഭിച്ചിട്ടില്ല. 'സുലൈഖ മൻസിലി'ന്റെ ചർച്ചകൾ ആരംഭിക്കുന്നതെ ഉണ്ടായിരുന്നുള്ളു. 'അയല്‍വാശി'യുടെ ഷൂട്ട് നടക്കുന്നതിന്റെ ഇടയിലാണ് ഞാന്‍ മുഹ്‌സിനെ കൊണ്ട് ഇതിലൊരു പാട്ടു എഴുതിക്കുന്നത്. മുഹ്‌സിന്‍ പരാരി ആയാലും അഷ്‌റഫ് ഹംസ ആയാലും എല്ലാവരും എന്റെ ഗുരു സ്ഥാനത്തുള്ളവരാണ്. അവരുടെ കൂടെ തീയേറ്ററിലേക്ക് അതേ തീയതിയില്‍ എന്റെ സിനിമയും വരുന്നു എന്നത് വളരെ സന്തോഷം ഉള്ള കാര്യമാണ്.

പ്രേക്ഷകരെ നിരാശരാക്കില്ല

പ്രേക്ഷകരോട് പറയാന്‍ ഉള്ളത് നിങ്ങള്‍ തീയേറ്ററിൽ വന്നു ഈ സിനിമ കാണണം എന്ന് മാത്രമാണ്. അങ്ങനെ വന്നു കാണുമ്പോള്‍ നിങ്ങളുടെ പൈസ നഷ്ട്ടപ്പെട്ടു എന്ന് തോന്നുന്ന രീതിയില്‍ ഒരു സാധനവും ഈ ചിത്രത്തില്‍ ഉണ്ടാവില്ല. പ്രേക്ഷകര്‍ പൈസ മുടക്കി തീയേറ്ററിൽ വന്നു സിനിമ കാണുമ്പോള്‍ അവര്‍ക്കു വേണ്ടത് കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ അത് നമ്മുടെ മാത്രം തെറ്റും അവരോട് ഉത്തരംപറയേണ്ട ബാധ്യതയും നമുക്കുണ്ട്. ഈ സിനിമ അവരെ നിരാശപ്പെടുത്തില്ല എന്ന വിശ്വാസം എനിക്കുണ്ട്. അതുകൊണ്ട് എല്ലാവരും വന്ന് കണ്ടു അഭിപ്രായങ്ങള്‍ അറിയിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in