ജീത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രം ബോഡിയിലാണ് ഋഷി കപൂര്‍ അവസാനമായി അഭിനയിച്ചത്. ഋഷി കപൂറിനൊപ്പമുള്ള ഓര്‍മ്മകള്‍ ദ ക്യുവിനോട് പങ്കുവയ്ക്കുകയാണ് ജീത്തു ജോസഫ്.
ഇന്ത്യന്‍ സിനിമയ്ക്ക് വലിയൊരു നഷ്ടത്തിന്റെ ദിവസങ്ങളാണ് ഇപ്പോഴുള്ളത്. രണ്ട് അതുല്യ പ്രതിഭകളെ ഇര്‍ഫാന്‍ ഖാനേയും ഋഷി കപൂറിനേയും ചലചിത്രലോകത്തിന് നഷ്ടമായിരിക്കുന്നു. ഇര്‍ഫാന്‍ ഖാനുമായി ഫോണില്‍ സംസാരിച്ച പരിചയമേ എനിക്കുള്ളു. എന്നാല്‍ കപൂര്‍ സാറിന്റെ കാര്യം അങ്ങനെയല്ല. അദ്ദേഹത്തിന്റെ അവസാന ചിത്രമായ ബോഡി സംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്,അദ്ദേഹത്തിനെ കാണാനായി മുംബൈയിലെ ഫ്ളാറ്റിലേയ്ക്ക് പോകുന്ന രംഗം. ഭയങ്കര ടെന്‍ഷനിലായിരുന്നു ഞാന്‍.കാരണം ഇന്ത്യന്‍ സിനിമയിലെ റോയല്‍ കപൂര്‍ ഫാമിലിയിലെ ഇതിഹാസ നടനെയാണ് കാണാന്‍ പോകുന്നത്. എന്നാല്‍ അവിടെയെത്തിയതും അദ്ദേഹം എന്നോട് ചോദിച്ചു നിങ്ങളാണോ ദൃശ്യത്തിന്റെ സംവിധായകന്‍, ഞാന്‍ ഒരു 50 വയസിന് മുകളിലുള്ള ആളെയാണ് പ്രതിക്ഷിച്ചതെന്ന്. അവിടുന്നൊരു 15 മിനിട്ട് കൊണ്ട് അദ്ദേഹം എന്റെ എല്ലാ ടെന്‍ഷനും മാറ്റി.
പിന്നീടുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ദിവസങ്ങള്‍ വളരെ രസകരമായിരുന്നു. ഋഷി കപൂറിനൊരു പ്രത്യേകതയുണ്ട്. അദ്ദേഹം രാത്രി 9 മണിയ്ക്ക് ശേഷം ഷൂട്ടിംഗിന് വരില്ല. എന്നാല്‍ നമ്മുടെ ചിത്രം 'ബോഡി' ആണെങ്കില്‍ ഫുള്‍ നൈറ്റ് സ്റ്റോറി. ഇമ്രാന്‍ ഹാഷ്മിയായിരുന്നു നായകന്‍. ഒന്ന് രണ്ട് ദിവസം ലേറ്റ് നൈററ് ഷൂട്ട് ചെയ്യേണ്ടിവന്നപ്പോള്‍ എല്ലാവരും ഭയന്നു. അദ്ദേഹത്തോട് പറയാന്‍ ആര്‍ക്കും ധൈര്യമില്ല.എന്നെ അദ്ദേഹത്തിന് വലിയ കാര്യമായിരുന്നു. അങ്ങനെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. പേടിക്കണ്ട, ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യും. എന്നിട്ടദ്ദേഹം രണ്ട് ദിവസം 12-1 മണിവരെ ഷൂട്ടിന് വന്നു.
എനിക്ക് പലപ്പോഴും പലകാര്യത്തിലും അദ്ദേഹവും മോഹന്‍ലാലുമായി സാമ്യം തോന്നാറുണ്ട്. വളരെ ഹമ്പിള്‍ ആയിട്ടുള്ളൊരു വ്യക്തി.ശരിക്കും ഡയറക്ടേഴ്സ് ആക്ടര്‍ ആണ് ഋഷി കപൂര്‍. ഡയറക്ടേഴ്സിന് എന്താണോ വേണ്ടത് അതിനുവേണ്ടി പ്രവര്‍ത്തിക്കും.അതിന് മുകളിലേ്ക്ക് അദ്ദേഹം ഒന്നും സമ്മതിക്കില്ല.സംവിധായകന്‍ തൃപ്തനാണോ എന്നുമാത്രം നോക്കുന്ന വളരെ പ്രൊഫഷണലിസം ഉള്ളയാളാണ് അദ്ദേഹം. സെറ്റില്‍ എത്താന്‍ അദ്ദേഹത്തിനൊരു സമയമുണ്ട്. കറക്ടായി ആ സമയത്ത് തന്നെ എത്തും. അദ്ദേഹത്തിന്റെ പ്രൊഫഷണിലസം കണ്ട് ആരും ഞെട്ടിപ്പോകും.
മൗറിഷ്യസില്‍ ഷൂട്ട് ചെയ്തപ്പോള്‍ ചില ദിവസങ്ങളില്‍ എന്റെ റൂമിലേയ്ക്ക് ഒരു ബോട്ടിലുമൊക്കെയായി ഋഷി കപൂര്‍ കടന്നുവരും. വന്നപാടെ ക്യാമറാമാന്‍ സതീഷ് കുറുപ്പിനെയാകും അന്വേഷിക്കുക. അദ്ദേഹത്തിന് സതീഷിനെ വലിയ കാര്യമായിരുന്നു. എന്നിട്ട് ഞങ്ങളോട് അദ്ദേഹത്തിന്റെ സിനിമാ പ്രവേശത്തെക്കുറിച്ചും ആദ്യ സിനിമയെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ പറയും. അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്ഛനും ബോളിവുഡിലെ മഹാനടനുമായ രാജ് കപൂര്‍ ആദ്യസിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ താന്‍ ഓടി റൂമില്‍ചെന്ന് കണ്ണാടിയ്ക്ക് മുമ്പില്‍ നിന്നതും ഒപ്പിട്ടു പഠിച്ചു. ഓട്ടോഗ്രാഫ് കൊടുക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പ്. നല്ലൊരു നടനെന്നതിലുപരി നല്ലൊരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹത്തെ ഓര്‍ക്കാനാണ് ഇഷ്ടം.
മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു. അത്തരമൊരു ചിത്രത്തിന്റെ ആലോചനയിലായിരുന്നു ഞാനും. അദ്ദേഹത്തിന്റെ ആരോഗ്യമെല്ലാം ഓകെയായാല്‍ ചിത്രം ചെയ്യാം എന്ന പ്ലാനിലായിരുന്നു, എന്നാല്‍ വളരെ പെട്ടെന്ന് എല്ലാവരേയും വിട്ട് അദ്ദേഹം പോയി. എന്റെ കുടുംബത്തില്‍നിന്നൊരാള്‍ പോയ ഫീലാണ് എനിക്ക്. ഞാനിതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് വളരെ അപൂര്‍വമായൊരു വ്യക്തിത്വമാണ് ഋഷി കപൂര്‍. ഐ റിയലി മിസ് ഹിം.