'19 (1)(എ) രാഷ്ട്രീയം മാത്രം പറയുന്ന സിനിമയല്ല, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്കുള്ള ചില ചോദ്യങ്ങളാണ്': ഇന്ദു വി.എസ്

'19 (1)(എ) രാഷ്ട്രീയം മാത്രം പറയുന്ന സിനിമയല്ല, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്കുള്ള ചില ചോദ്യങ്ങളാണ്': ഇന്ദു വി.എസ്
Published on

വിജയ് സേതുപതിയും നിത്യ മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന മലയാള ചിത്രം '19 (1)(എ)' പ്രഖ്യാപന സമയം മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നവാഗത സംവിധായിക ഇന്ദു വി.എസിന്റെ '19 (1)(എ)' എന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസിന് ഒരുങ്ങുകയാണ്. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിലേക്കുള്ള ചോദ്യങ്ങളാണ് '19 (1)(എ)' എന്ന ചിത്രമെന്ന് സംവിധായിക ഇന്ദു വി.എസ് ദ ക്യുവിനോട് പറഞ്ഞു. ഒരു ചെറിയ ത്രെഡില്‍ നിന്നും ഉണ്ടായ കുഞ്ഞ് സിനിമയാണിത്. '19 (1)(എ)' രാഷ്ട്രീയം മാത്രം പറയുന്ന സിനിമയല്ലെന്നും ഇന്ദു കൂട്ടിച്ചേര്‍ത്തു.

'19 (1)(എ)' കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു ചെറിയ സിനിമ

'19 (1)(എ)' കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പെര്‍ഫോമന്‍സ് ഓറിയന്റഡ് സിനിമയാണ്. ഭയങ്കര ഡീപ്പായ എന്തോ ഒന്ന് ഈ സിനിമയിലുണ്ടെന്ന് ടീസറിലൂടെ പറഞ്ഞുവെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ കഥാപരമായി ഒരുപാട് റിവീല്‍ ചെയ്യരുത് എന്നും എനിക്ക് ഉണ്ടായിരുന്നു. സിനിമ സസ്പന്‍സും ത്രില്ലറും ഒന്നും അല്ലെങ്കിലും വളരെ ചെറിയൊരു ത്രെഡാണ് ഈ സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്. ഒരു കുഞ്ഞ് ത്രെഡില്‍ നിന്നും ഉണ്ടായിട്ടുള്ള ഒരു സിനിമ കൂടിയാണ്. അതുകൊണ്ട് തന്നെയാണ് കഥാപരമായുള്ള കാര്യങ്ങള്‍ അധികം ഒന്നും ടീസറില്‍ ഉള്‍പ്പെടുത്താതിരുന്നത്. പിന്നെ ഇത് വളരെ ചെറിയൊരു സിനിമയാണ്. അതില്‍ രണ്ട് വലിയ അഭിനേതാക്കള്‍ വരുന്നത് കൊണ്ട് അതിന്റെ കാന്‍വാസ് വലുതായി തോന്നുന്നു എന്ന് മാത്രം. ചെറിയൊരു കഥയിലേക്ക് കുറച്ച് അഭിനേതാക്കളെ കൊണ്ട് വന്ന് കുറച്ച് കഥാപാത്രങ്ങളിലൂടെ പറഞ്ഞ് പോകുന്ന ഒരു കുഞ്ഞ് സിനിമയാണ്. അതുകൊണ്ട് തീര്‍ച്ചയായും സിനിമ ക്യാരക്ടര്‍ ഡ്രിവണ്‍ ആണ്, പെര്‍ഫോമന്‍സ് ഓറിയന്റഡുമാണ്.

സിനിമ ഓര്‍മ്മപ്പെടുത്തുന്നത് ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തെ

ഇന്നത്തെ കാലത്തെ ഒരു രാഷ്ട്രീയ പശ്ചാത്തലത്തെയാണ് '19 (1)(എ)' എന്ന സിനിമ ഓര്‍മ്മപ്പെടുത്തുന്നത്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ചില ചോദ്യങ്ങള്‍ അല്ലെങ്കില്‍ ചല ബന്ധം ഈ സിനിമയ്ക്ക് വേണമെന്നുണ്ട്. എന്നാല്‍ രാഷ്ട്രീയം മാത്രം പറഞ്ഞുകൊണ്ട് ഒരു സിനിമ ചെയ്യാന്‍ താത്പര്യവുമില്ല. അപ്പോള്‍ രാഷ്ട്രീയ പശ്ചാത്തലത്തെയാണ് സിനിമയുടെ പേര് സൂചിപ്പിക്കുന്നത്.

തുടക്കത്തില്‍ ഇല്ലെങ്കിലും പിന്നീട് ഒടിടി റിലീസ് വേണമെന്ന് ആഗ്രഹിച്ചു

2018ലാണ് സിനിമയുടെ ആദ്യത്തെ ഘട്ടം തുടങ്ങുന്നത്. ആ സമയത്ത് ഒടിടി എന്നത് നമ്മുടെ മനസില്‍ പോലും ഇല്ലാത്തൊരു കാര്യമാണ്. അതുകൊണ്ട് സിനിമ എഴുതുന്ന സമയത്ത് ഒരിക്കലും ഒടിടി റിലീസ് എന്ന് ചിന്തിച്ചിരുന്നില്ല. പിന്നീട് ഈ സിനിമ നടക്കുന്നത് 2020ലാണ്. ആദ്യത്തെ ലോക്ക്ഡൗണിന്റെ സമയം ആയിരുന്നു അത്. അപ്പോഴാണ് തീരുമാനം മാറിയത്. കാരണം ഈ സിനിമയുടെ സ്വഭാവവും പറഞ്ഞ് പോകുന്ന രാഷ്ട്രീയവും എല്ലാം വെച്ച് കുറച്ച് കൂടി നല്ലത് ഒടിടി ആയിരിക്കുമെന്ന് തോന്നി. പിന്നെ പുറത്ത് നിന്നുള്ള രണ്ട് അഭിനേതാക്കളും ഉണ്ട്. കേരളത്തില്‍ ഉള്ള ആളുകളെ പോലെ തന്നെ നിത്യ മേനോന്‍, വിജയ് സേതുപതി എന്നിവര്‍ ഉള്ളതുകൊണ്ട് കേരളത്തിന്റെ പുറത്തുനിന്നുള്ള വ്യൂവര്‍ഷിപ്പിനും സാധ്യതയുണ്ട്. പിന്നെ 2020 തുടക്കത്തിലൊക്കെ ഒടിടി നമ്മുടെ മുന്നില്‍ ഒരു കൗതുകമായി നില്‍ക്കുകയായിരുന്നല്ലോ. അതുകൊണ്ട് ആ സമയത്ത് ഒടിടി എന്ന തീരുമാനത്തിലേക്ക് എത്തുകയും അതിന് അനുസരിച്ച് കഥ കണ്‍സീവ് ചെയ്യുകയുമെല്ലാം ചെയ്തിട്ടുണ്ട്. പക്ഷെ വീണ്ടും സിനിമ ഇറങ്ങാന്‍ വൈകിയപ്പോള്‍ തിയേറ്റര്‍ റിലീസ് എന്ന ആഗ്രഹം പ്രൊഡക്ഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. പക്ഷെ ആഗ്രഹിച്ചത് ഒടിടി പ്രീമിയര്‍ ആയിരുന്നു. അങ്ങനെ തന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നതും.

വിജയ് സേതുപതി ചെയ്യുന്നതിലൂടെ ആ കഥാപാത്രം വലുതാവുകയാണ്

ഞാന്‍ സിനിമ എഴുതുന്ന സമയത്ത് വിഷയം പോലെ തന്നെ ചെറിയൊരു സ്‌കെയിലില്‍ തന്നെ ഈ സിനിമ ചെയ്യണം എന്ന ആഗ്രഹമെ എനിക്ക് ഉണ്ടായിരുന്നുള്ളു. പക്ഷെ കുഞ്ഞ് സിനിമ എന്ന നിലയ്ക്ക് എഴുതുമ്പോഴും നമ്മള്‍ ഇതിലേ അഭിനേതാക്കളെ കാര്യമായി ആശ്രയിക്കേണ്ടതുണ്ട്. കാരണം ചെറിയ സിനിമകള്‍ എപ്പോഴും ഇവരുടെ പ്രകടനത്തെ വെച്ച് തന്നെയായിരിക്കും നമ്മള്‍ വര്‍ക്ക് ചെയ്യുക. അതുകൊണ്ട് തന്നെ '19 (1)(എ)' എഴുതി വന്നപ്പോള്‍ ആ കഥാപാത്രങ്ങള്‍ കുറച്ച് നല്ല അഭിനേതാക്കള്‍ ചെയ്യണം എന്ന നിലയിലേക്ക് എത്തുകയായിരുന്നു. നല്ല പെര്‍ഫോമേഴ്‌സ് വേണം എന്നത് എന്തായാലും ഉറപ്പായിരുന്നു. കാരണം ഈ തിരക്കഥ അങ്ങനെയാണ് എഴുതിയിരിക്കുന്നത്. മറ്റ് സാങ്കേതിക മികവുകളോ, മേക്കിംഗിന്റെ കാര്യങ്ങളൊ ഒന്നും നമുക്ക് അവകാശപ്പെടാനില്ല. സിനിമയിലെ കഥാപാത്രങ്ങള്‍ തരുന്ന മൊമന്റുകളാണ് അവകാശപ്പെടാന്‍ ഉണ്ടാവുക. അപ്പോള്‍ അത് ആദ്യമെ എനിക്ക് മനസില്‍ ഉണ്ടായിരുന്നു.

പിന്നെ വിജയ് സേതുപതി വരാന്‍ കാരണം ഈ കഥാപാത്രം ഒരു തമിഴ് സംസാരിക്കുന്ന വ്യക്തിയാണ്. എന്നാല്‍ ഒരുപാട് ഭാഷകള്‍ സംസാരിക്കുകയും എഴുതുകയും എല്ലാം ചെയ്യുന്ന കഥാപാത്രമാണ്. അങ്ങെയൊരു ആളാകുമ്പോള്‍ ആ കഥാപാത്രത്തിന് ഒരു പരിധി വിട്ട് ഒരു സ്‌ക്രീന്‍ സ്‌പേസ് ബില്‍ഡ് ചെയ്യാനുള്ള സാധ്യത കഥയില്‍ ഇല്ല. എല്ലാവര്‍ക്കും കൃത്യമായി പറഞ്ഞുവെച്ച് സ്‌പെയ്‌സേ ഉള്ളൂ. വിജയ് സേതുപതി ആയതുകൊണ്ട് ആ കഥാപാത്രത്തിന് വലിയൊരു സ്‌പേസുള്ള സിനിമയല്ല. പക്ഷെ ആ കഥാപാത്രം സേതുപതി ചെയ്യുന്നതിലൂടെ ആ കഥാപാത്രം വലുതാവുകയാണ്.

അതുപോലെ നമുക്ക് എന്തെങ്കിലും ഇന്‍ട്രസ്റ്റിംഗായ കഥകളുണ്ടെങ്കില്‍ പറയാന്‍ പറ്റുന്ന രണ്ട് അഭിനേതാക്കളാണ് നിത്യ മേനോനും വിജയ് സേതുപതിയും. വ്യത്യസ്തമായ എന്തെങ്കിലും ഉണ്ടെങ്കില്‍ എക്‌സൈറ്റഡ് ആകുന്നവരാണ് അവര്‍. കാരണം അവര്‍ക്ക് സ്വയം നല്ല ആത്മവിശ്വാസമുണ്ട്. അതുപോലെ തന്നെ അവരുടെ ക്രാഫ്റ്റിലും.

Related Stories

No stories found.
logo
The Cue
www.thecue.in