'ക്ലൈമാക്സ് പെര്‍ഫോര്‍മന്‍സ് കണ്ട് ക്രൂ മെമ്പേഴ്സ് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു' ; പ്രതാപ് പോത്തന്റെ ഓര്‍മയില്‍ ഫാസില്‍ മുഹമ്മദ്

'ക്ലൈമാക്സ് പെര്‍ഫോര്‍മന്‍സ് കണ്ട് ക്രൂ മെമ്പേഴ്സ് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു' ; പ്രതാപ് പോത്തന്റെ ഓര്‍മയില്‍ ഫാസില്‍ മുഹമ്മദ്
Published on

മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളായ തകര, ചാമരം തുടങ്ങിയവയില്‍ അഭിനയിച്ചിട്ടും പ്രതാപ് പോത്തന് തന്റെ 100-ാമത്തെ ചിത്രത്തിലൂടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരം ലഭിക്കുന്നത്. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത 'വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയായിരുന്നു പ്രതാപ് പോത്തന് പുരസ്‌കാരം ലഭിച്ചത്.

സിനിമയില്‍ 70 വയസുള്ള ഔസേപ്പച്ചന്‍ എന്ന കഥാപാത്രത്തെയായിരുന്നു പ്രതാപ് പോത്തന്‍ അവതരിപ്പിച്ചത്. ഭയങ്കര ഡെപ്ത്തുള്ള ജീവിതത്തിന്റെ വളരെ തീഷ്ണമായ ഘട്ടത്തിലൂടെ കടന്ന് പോകുന്ന ഒരു കഥാപാത്രമെന്ന നിലയില്‍ അത് മികച്ചതാക്കാന്‍ അദ്ദേഹം ശ്രമിച്ചു എന്നായിരുന്നു 2014ലെ സംസ്ഥാന പുരസ്‌കാര ജൂറി പറഞ്ഞതെന്ന് ഫാസില്‍ ഓര്‍ക്കുന്നു.

ഫാസില്‍ മുഹമ്മദ് ദ ക്യുവിനോട് :

കലവൂര്‍ രവി കുമാര്‍ എന്ന കഥാകൃത്താണ് വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസേ കള്ളന്‍ എന്ന കഥ എന്നോട് പറയുന്നത്. ഞാന്‍ 'കാഞ്ചീപുരത്തെ കല്യാണത്തിന്' ശേഷം മറ്റൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ കലവൂരിനെ സമീപിക്കുകയും, അദ്ദേഹം ഈ കഥ പറുകയും അത് രസകരമായി തോന്നുകയും ചെയ്തു. ആ സമയത്താണ് അയാളും ഞാനും തമ്മില്‍ എന്ന സിനിമ റിലീസ് ചെയ്തത്. അതില്‍ പ്രതാപ് സാറിന്റെ കഥാപാത്രത്തെ കണ്ടപ്പോള്‍ എനിക്ക് ഞാന്‍ ഉദ്ദേശിച്ച ഔസേപ്പച്ചന്‍ എന്ന കഥാപാത്രം ഇദ്ദേഹം ചെയ്താല്‍ നന്നാകുമെന്ന് തോന്നി. അങ്ങനെ ഞങ്ങള്‍ ഹോളീഡേ ഇന്നില്‍ പോയി കഥ പറയുന്നു. കഥ കേട്ട ശേഷം അദ്ദേഹം എന്നെയും കലവൂരിനെയും കെട്ടിപിടിച്ചുകൊണ്ട് സര്‍ പറഞ്ഞു, 'ഇത് ഉഗ്രന്‍ കഥയാണ്, ഞാന്‍ ഇത് ചെയ്യുന്നു' എന്ന്.

പ്രതാപ് സാര്‍ ഒരു സംവിധായകന്‍ കൂടിയാണല്ലോ. ഒരുപാട് നല്ല സിനിമകള്‍ മലയാളത്തിന് തന്ന സംവിധായകനാണ്. അതുകൊണ്ട് തന്നെ ചിത്രീകരണ സമയത്ത് അദ്ദേഹം വളരെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഒക്കെ തന്നിട്ടുണ്ട്. പിന്നെ ഞങ്ങളുമായി നന്നായി സഹകരിച്ചിട്ടുണ്ട്. കുറച്ച് മുന്‍ശുണ്ഠി ഉണ്ടെങ്കിലും പക്ഷെ കാര്യങ്ങള്‍ മനസിലാക്കി ഞങ്ങളോട് നന്നായി ഇടപഴകുകയും ചെയ്തിരുന്നു. സാറിന്റെ വിയോഗം മലയാള സിനിമയ്ക്ക് ഒരു നഷ്ടം തന്നെയാണ്.

സിനിമയില്‍ 70 വയസുള്ള ഔസേപ്പച്ചന്‍ എന്ന കഥാപാത്രമാണ് അദ്ദേഹം ചെയ്തത്. രണ്ട് മക്കള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന 30 വര്‍ഷം മുന്നെ ഭാര്യ മരിച്ച ഒരാള്‍. അദ്ദേഹം രണ്ട് ജോലിക്കാരും മാത്രമാണ് ആ വീട്ടിലുള്ളത്. ആ വീട്ടിലേക്ക് ഒരു കള്ളന്‍ കയറുന്നതാണ് സിനിമയുടെ പ്രമേയം. ഔസേപ്പച്ചന്‍ വളരെ ഡപ്ത്തുള്ള കഥാപാത്രമാണ്. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ പ്രതാപ് സാര്‍ കാഴ്ച്ചവെച്ച പ്രകടനം എടുത്ത് പറയേണ്ടതാണ്. ഞങ്ങള്‍ അതിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്തെ ഒരു സംഭവമുണ്ട്. ആല്‍ബി ആയിരുന്നു ഈ സിനിമയുടെ ക്യാമറമാന്‍. ഷൂട്ടിംഗിന്റെ സമയത്ത് ക്ലൈമാക്‌സ് സീക്വന്‍സ് ഞാന്‍ എടുത്ത് കഴിഞ്ഞപ്പോള്‍, ഞാന്‍ പറയാത്ത ഒരു ഡയലോഗ് അദ്ദേഹം ആ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. സിനിമയില്‍ നിന്ന് ഞങ്ങള്‍ അത് കട്ട് ചെയ്തിട്ട് പോലുമില്ല. ആ പെര്‍ഫോമന്‍സ് കണ്ട് എന്റെ 150ഓളം വരുന്ന ക്രൂ മെമ്പേഴ്‌സ് എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. അത്ര മനോഹരമാണ്. സിനിമയിലെ ഏറ്റവും ഹൈലൈറ്റും അത് തന്നെയാണ്.

പുരസ്‌കാര സമയത്ത് ജൂറി എടുത്ത് പറഞ്ഞതും അതായിരുന്നു. അദ്ദേഹത്തിന് മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരമാണ് 2014ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ലഭിച്ചത്. അന്ന് രണ്ട് പേര്‍ക്ക് മികച്ച നടനുള്ള പുരസ്‌കാരം ഉണ്ടായിരുന്നു. അതില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും സാറിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചേനെ. ഈ കഥാപാത്രത്തെ അന്നത്തെ ജൂറി വിലയിരുത്തിയത്, ഭയങ്കര ഡെപ്ത്തുള്ള ജീവിതത്തിന്റെ വളരെ തീഷ്ണമായ ഘട്ടത്തിലൂടെ കടന്ന് പോകുന്ന ഒരു കഥാപാത്രമെന്ന നിലയില്‍ അത് മികച്ചതാക്കാന്‍ അദ്ദേഹം ശ്രമിച്ചു എന്നാണ് പറഞ്ഞത്.

കോട്ടയത്ത് വെച്ചായിരുന്നു 2014ലെ പുരസ്‌കാര ചടങ്ങ് നടന്നത്. പുരസ്‌കാരം സ്വീകരിക്കാന്‍ പോയ സമയത്ത് അദ്ദേഹം എന്നോട് പറഞ്ഞു, 'ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പോലും എനിക്ക് ഔസേപ്പച്ചന്‍ നേടി തന്ന വലിയ അംഗീകാരം ഒരിക്കലും മറക്കാത്തതാണ്. തകര പോലുള്ള മലയാള സിനിമ കണ്ട ഏറ്റവും മികച്ച സിനിമകളില്‍ അഭിനയിച്ചിട്ട് പോലും എനിക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന പുരസ്‌കാരം തന്നത് ഈ സിനിമയാണ്' എന്ന് പറഞ്ഞു. അന്ന് വളരെ വികാരാധീതനായാണ് അന്ന് സംസാരിച്ചത്.

പല സാങ്കേതിക കാരണങ്ങളാലും 'വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍' തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ല. ഈ സിനിമ തിയേറ്ററില്‍ വരണം എന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. ഞാനും സിനിമയുടെ നിര്‍മ്മാതാക്കളും കൂടി സിനിമ തിയേറ്ററിലെത്തിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in