'രാഷ്ട്രീയവും നിലപാടും 'സുലൈഖ മൻസിലി'ലും ഉണ്ടാകും';ഓർമകളിലും അനുഭവങ്ങളിലും നിന്ന് എഴുതിയ സിനിമയാണിതെന്നും സംവിധായകൻ അഷ്‌റഫ് ഹംസ

'രാഷ്ട്രീയവും നിലപാടും 'സുലൈഖ മൻസിലി'ലും ഉണ്ടാകും';ഓർമകളിലും അനുഭവങ്ങളിലും നിന്ന്  എഴുതിയ സിനിമയാണിതെന്നും സംവിധായകൻ അഷ്‌റഫ് ഹംസ
Published on

'തമാശ', 'ഭീമന്റെ വഴി' എന്നീ ചിത്രങ്ങൾക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സുലൈഖ മൻസിൽ'. ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, സുഭീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവർ നിർമിക്കുന്ന ചിത്രം മുസ്ലിം വിവാഹത്തിന്റെ പശ്ചാത്തലം ചർച്ച ചെയുന്ന ഒരു ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് സംവിധായകൻ അഷ്‌റഫ് ഹംസ പറഞ്ഞു. തനിക്ക് പരിചയമുള്ള ചുറ്റുപാടിൽ നിന്നിട്ടാണ് ഈ കഥ എഴുതിയതെന്നും അതുകൊണ്ട് വലിയ കൺഫ്യൂഷൻ ഒന്നും ഉണ്ടായിരുന്നില്ലെന്നും അഷ്‌റഫ് ഹംസ പറയുന്നു. 'സുലൈഖ മൻസിലി'നെ കുറിച്ച് സംവിധായകൻ അഷ്‌റഫ് ഹംസ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

സുലൈഖ മൻസിലിന്റെ തുടക്കം

പല സുഹൃത്തുക്കളുടെയും കൂടെയിരുന്നു നിരവധി കഥകൾ ചർച്ച ചെയ്യുന്നതിന്റെ ഇടയിലാണ് ചെമ്പൻ വിനോദ് മുസ്ലിം കല്യാണത്തിന്റെ ഡീറ്റെയിൽസ് അദ്ദേഹത്തിനറിയില്ല എന്നും അത് ഡീറ്റൈൽ ചെയ്യുന്ന, അതിന്റെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്ന സിനിമ ചെയ്താലോ എന്നൊരു ആഗ്രഹം പറയുന്നത്. അത് കേട്ടിട്ട് കൊള്ളാമെന്നു തോന്നുകയും അതിൽ നിന്ന് ഉണ്ടാക്കിയെടുത്ത ഐഡിയയിൽ നിന്നും സംഭവിച്ചതാണ് 'സുലൈഖ മൻസിൽ'.

എഴുത്തിന്റെ രാഷ്ട്രീയം

തമാശയും ഭീമന്റെ വഴിയും രണ്ടു വ്യത്യസ്ത കഥകളാണ്. രണ്ടു കഥാസന്ദർഭത്തിലും സ്ത്രീ കഥാപാത്രങ്ങൾ കടന്നു വരുമ്പോൾ ആ സമയത്തെ രാഷ്ട്രീയ സാഹചര്യവും കൂടി അതിനെ സ്വാധീനിച്ച്‌ കൊണ്ട് കഥ പറഞ്ഞു പോയതാണ്.അത് തന്നെ ആയിരിക്കും അതിന്റെ സ്വാഭാവികതയും. നമ്മൾ എഴുതുന്ന കഥകളിൽ നമ്മുടെ രാഷ്ട്രീയവും, നിലപാടുകളും ഉറപ്പായും ഉണ്ടാകും. അത് സ്വാഭാവികമായി നമ്മുടെ ചുറ്റുപാടുകളിൽ നിന്നും വരുന്നതാണ്. 'സുലൈഖ മൻസിലി'ലും അങ്ങനെ ഒരു സ്റ്റേറ്റ്‌മെന്റ് ഞാൻ പറഞ്ഞിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. സിനിമ കണ്ടതിനു ശേഷം ചർച്ച ചെയ്യപ്പെടേണ്ടതാണ് അത്.

അനാർക്കലി മരക്കാരിലേക്ക്

അഭിനേതാക്കളുടെ കാര്യത്തിൽ ഞങ്ങൾക്കൊരു മുൻവിധിയും ഇല്ലായിരുന്നു. ഒരു മലബാർ പെൺകുട്ടി എങ്ങനെയിരിക്കണം എന്നൊരു സങ്കൽപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങനെയാണ് യാദൃശ്ചികമായി ഇൻസ്റ്റഗ്രാമിൽ അനാർക്കലി പാടുന്ന ഒരു വീഡിയോ കാണാനിടയാകുന്നത്. അനാർക്കലിയുടെ സിനിമകളൊന്നും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു എനിക്ക് പെട്ടെന്നു പുള്ളികാരിയെ മനസ്സിലായില്ല. കൊച്ചിയിൽ നിന്ന് നേരെ മലബാർ സ്വഭാവത്തിലേക്കുള്ള സിനിമയിലേക്ക് വരുമ്പോൾ എന്തെങ്കിലും വ്യത്യാസം വരുമോയെന്നൊന്നും ഞാൻ ആലോചിച്ചിരുന്നില്ല. ഓഡീഷനിൽ അനാർക്കലി നന്നായി പെർഫോം ചെയ്തു ഓക്കേ ആയതിനു ശേഷം നമ്മൾ ഫിക്സ് ചെയ്യുകയായിരുന്നു. അത് വളരെ നല്ല തീരുമാനം ആയിരുന്നുവെന്നു എനിക്ക് തോന്നുന്നു.

ചെമ്പൻ വിനോദിനോടൊപ്പം

സമീർ താഹിർ, ഷൈജു ഖാലിദ് അടങ്ങുന്ന ഹാപ്പി അവേഴ്‌സിന്റെ ഒപ്പം ഇരിക്കുമ്പോഴാണ് ചെമ്പൻ അവിടേക്ക് വരുന്നത്. ഞങ്ങൾ സുഹൃത്തുക്കൾ ആകുകയാണ് ആദ്യം ചെയ്തത്. പിന്നീട് ഒരു ഘട്ടത്തിൽ സിനിമ ചെയ്യാനുള്ള ആലോചന നടക്കുമ്പോൾ ചെമ്പൻ മുന്നോട്ട് വച്ച ആശയമാണ് 'തമാശ'. ചെമ്പൻ ഇങ്ങോട്ട് ഒരു ഓഫർ തന്നപ്പോൾ അത് ഞാൻ അംഗീകരിച്ചു. ഒരു സുഹൃത്ത് എന്ന നിലയിൽ ചെമ്പൻ വിനോദ് എല്ലാ സഹായവും ചെയ്തിരുന്നു. പുള്ളിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ വളരെ താല്പര്യമുള്ളയാളാണ്. അതിന്റെ ഭാഗം ആയിട്ടായിരിക്കാം ഇതെല്ലാം സംഭവിച്ചത്.

റിലീസ് സമയം

സത്യസന്ധമായി പറഞ്ഞാൽ റിലീസ് തീയതികൾ ഓർത്തു എനിക്ക് പേടി ഉണ്ടാവാറില്ല. 'ഭീമന്റെ വഴി' ഇറങ്ങിയ സമയത്തു ആ സിനിമ ആരെയും ബുദ്ധിമുട്ടിക്കില്ല എന്ന വിശ്വാസമുണ്ടായിരുന്നു. 'തമാശ'യും അങ്ങനെ തന്നെ ആയിരുന്നു. 'സുലൈഖ മൻസിൽ' ആയി വരുമ്പോൾ കൂടെ ഇറങ്ങുന്നതെല്ലാം നമ്മുടെ സുഹൃത്തുക്കളുടെ സിനിമ തന്നെയാണ്. ഇർഷാദ് പരാരിയുടെ 'അയൽവാശി' ആയാലും മുഹഷിന്റെ 'കഠിന കഠോരമീ അണ്ഡകടാഹം' ആയാലും സംവിധാനം ചെയ്തിരിക്കുന്നത് നല്ല ഫിലിം മേക്കേഴ്‌സ് ആയ സുഹൃത്തുക്കളാണ്. 'സുലൈഖ മൻസിലി'ന് അതിന്റേതായ ഒരു സ്പേസ് ഉണ്ട് അതുകൊണ്ടു തന്നെ റിലീസിനെ സംബന്ധിച്ച് എനിക്ക് വലിയ ടെൻഷൻ ഇല്ല.

ടൈറ്റിലിലേക്ക്

'തമാശ' ഒക്കെ ഷൂട്ടിംഗ് കഴിഞ്ഞു സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ടൈറ്റിലിലേക്ക് എത്തിപ്പെടുന്നത്. 'ഭീമന്റെ വഴി' ചെമ്പൻ വിനോദിന്റെ തിരക്കഥ ആയിരുന്നു അതുകൊണ്ടു ആദ്യമേ ടൈറ്റിൽ തീരുമാനിച്ചിരുന്നു. ഞാൻ എഴുതുമ്പോൾ തലക്കെട്ട് ഉണ്ടാവാറില്ല. ഏറ്റവുമൊടുവിൽ കഷ്ട്ടപെട്ടു കുറെ ആലോചനകൾക്കു ശേഷമാണ് 'സുലൈഖ മൻസിൽ' എന്ന ടൈറ്റിലിലേക്ക് എത്തുന്നത്.

തിരക്കഥ രചന

'സുലൈഖ മൻസിൽ' എഴുതുമ്പോൾ വലിയ കൺഫ്യൂഷൻ ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് പരിചയമുള്ള പ്രദേശങ്ങൾ, പരിചയമുള്ള ആംബിയൻസുകൾ അങ്ങനെ എല്ലാ അർത്ഥത്തിലും എനിക്ക് പരിചയമുള്ള ചുറ്റുപാടിൽ നിന്നിട്ടാണ് ഈ കഥ എഴുതുന്നത്. ഈ കഥക്ക് അകത്തുള്ള പലതും റിയൽ സ്റ്റോറിയുമായി ബന്ധമുള്ളതായിരിക്കും. ഭാവന എന്നൊരു കാര്യം നമുക്കുണ്ടല്ലോ നമ്മുടെ ഓർമകളിൽ നിന്നും, അനുഭവങ്ങളിൽ നിന്നും ഒക്കെ കിട്ടിയതാണ് നമ്മൾ തിരക്കഥയാക്കുന്നത്. അതുപോലെ ഒരു അനുഭവമാണ് 'സുലൈഖ മൻസിൽ'. ഒരുപാട് തവണ എഴുതി തിരുത്തുക എന്ന ശീലം ഉള്ളതുകൊണ്ട് പല വട്ടം തിരക്കഥ മാറ്റി എഴുതിയിട്ടുണ്ട്. അഞ്ചാമതായോ ആറാമതായോ ഡ്രാഫ്റ്റ് ആകും അവസാനം സിനിമ ആയി മാറുന്നത്. തമാശക്കും അങ്ങനെ തന്നെ ആയിരുന്നു. തല്ലുമാലയും നിരവധി തവണ മാറ്റി എഴുതിയ തിരക്കഥയാണ്.

പ്രേക്ഷകരോട് പറയാനുള്ളത്

എല്ലാവരും സിനിമ തീയേറ്ററിൽ പോയി കാണണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്. 'സുലൈഖ മൻസിൽ' ഉറപ്പായും ഒരു ഫ്രഷ് എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകും എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in