മഞ്ജുവാര്യര്‍ ചിത്രം 'ആയിഷ' മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുള്ള നായികാ കേന്ദ്രീകൃത സിനിമയായിരിക്കുമെന്ന് സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍. പതിവ് ഗദ്ദാമ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഇന്‍ഡോ-അറബ് സംസ്‌കാരങ്ങള്‍ക്കിയലിലെ കൊടുക്കല്‍ വാങ്ങലുകളുടെ കൃത്യമായ അവതരണമാണ് സിനിമയിലുള്ളത്. കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്നും ആമിര്‍ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
മലയാളം ഇന്നുവരെ കാണാത്ത സിനിമാസ്വഭാവമാണ് 'ആയിഷ'യിലേത്..
മലയാളം ഇന്നുവരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത ഒരു കഥാപശ്ചാത്തലത്തില്‍ നിന്ന് പറയുന്ന സിനിമയാണ് 'ആയിഷ'. പൂര്‍ണമായും വിദേശപശ്ചാത്തലത്തില്‍ നിന്നുകൊണ്ടുള്ള ഒരു മലയാള സിനിമ എന്ന് പറയാം. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതില്‍ വലിയൊരു ശതമാനവും മലയാളികള്‍ക്ക് അപരിചിതരോ വിദേശികളോ ആണ്. ഇന്‍ഡോ-അറബ് കളര്‍ച്ചറല്‍ ട്രാന്‍സാക്ഷന്‍ അതിന്റെ പൂര്‍ണതില്‍ സത്യസന്ധമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമിത്. സംസ്‌കാരങ്ങള്‍ക്കിടയിലെ കൊടുക്കല്‍ വാങ്ങലുകളുടെ കൃത്യമായ അവതരണമാണ് സിനിമയിലുള്ളത്.
പതിവ് ഗദ്ദാമ സിനിമകളിലേതുപോലെ ക്രൂരരായ അറബ് കുടുംബവും അവിടെ ജോലി ചെയ്യാനെത്തുന്ന പാവപ്പെട്ട മലയാളികള്‍ അനുഭവിക്കുന്ന പീഢനങ്ങളുമല്ല ആയിഷയുടെ പശ്ചാത്തലം. 90 ശതമാനവും അവിടുത്തെ യഥാര്‍ഥ ജീവിതാവസ്ഥകളെ പ്രതിനിധീകരിക്കുന്ന, ഒരു യഥാര്‍ഥസംഭവത്തെയാണ് ആയിഷ അവതരിപ്പിക്കുന്നത്. എല്ലാത്തരം കുടുംബ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ഫാമിലി ഡ്രാമയായിരിക്കും ചിത്രം.
മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന നായിക കേന്ദീകൃത സിനിമ..
നിലവില്‍ മലയാളത്തില്‍ ഒരു വലിയ ബജറ്റുള്ള സിനിമ എന്നുപറയുമ്പോള്‍ സ്വാഭാവികമായും പലരും മനസില്‍ കാണുന്നത് ഒരു പുരുഷ - സൂപ്പര്‍സ്റ്റാറിന്റെ സിനിമയായിരിക്കും. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി മലയാളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റുള്ള സ്ത്രീകഥാപാത്ര പ്രാധാന്യമുള്ള സിനിമയായിരിക്കും ആയിഷ. 'ലേഡി സൂപ്പര്‍സ്റ്റാര്‍' പദവിയുള്ള മഞ്ജുവാര്യര്‍ എന്ന അഭിനേത്രിയുടെ സ്റ്റാര്‍ഡവും അഭിനയ മികവും പൂര്‍ണമായി ഉപയോഗിക്കുന്ന സിനിമയായിരിക്കും 'ആയിഷ'. വളരെ ഡെപ്തുള്ള ഒരു കഥാപാത്രമാണ് ആയിഷ. അത്തരമൊരു കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ മഞ്ജുവാര്യരേക്കാള്‍ മികച്ച ഒരു ചോയ്സില്ല. ആ നിലയില്‍ ഒരു മുഴുനീള മഞ്ജുവാര്യര്‍ ചിത്രമായിരിക്കും ആയിഷ.
സിനിമയുടെ ആത്മാവുള്ളത് ട്രെയ്ലറില്‍..
ആയിഷ എന്ന സിനിമയുടെ സ്വാഭാവം കൂടുതലും എത്തിനില്‍ക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറിലാണ്. സിനിമയുടെ പ്രൊമോഷന് വേണ്ടി ഒരു മാര്‍ക്കറ്റിംഗ് മെറ്റീരിയല്‍ എന്ന നിലയിലാണ് മാസങ്ങള്‍ക്ക് മുന്‍പ് പ്രഭുദേവയുടെ കൊറിയോഗ്രഫിയില്‍ 'കണ്ണില് കണ്ണില്' എന്ന പാട്ട് പുറത്തുവിടുന്നത്. പൂര്‍ണമായും സിനിമയുടെ സ്വഭാവത്തിന് പുറത്ത് നില്‍ക്കുന്ന ഒരു പാട്ടാണത്. സിനിമ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ഒരു വൈറല്‍ എലമെന്റ് എന്ന രീതിയിലാണ് ആ പാട്ട് സജ്ജീകരിച്ചിരിക്കുന്നത്. സിനിമയുടെ ഒരു പ്രത്യേക ഭാഗത്ത് എത്തുമ്പോളുള്ള ഡ്രീം സോങ്ങായാണ് പാട്ടിന്റെ പ്ലേസ്മെന്റ്. വേണമെങ്കില്‍ ആ പാട്ടില്ലാതെയും സിനിമയ്ക്ക് നിലനില്‍ക്കാമെങ്കിലും, കഥാപശ്ചാത്തലത്തോട് ചേര്‍ത്തുവയ്ക്കുമ്പോള്‍ എന്തിന് അങ്ങനെ ഒരു ഗാനരംഗം അവിടെ പ്ലേസ് ചെയ്തു എന്ന് പ്രേക്ഷകന് മനസിലാകും.
ഒരുപക്ഷേ, നൃത്തത്തേക്കാളുപരി സംഗീതത്തിന് വലിയ പ്രാധാന്യമുള്ള മ്യൂസിക്കല്‍ സിനിമയാണിത്. എം ജയചന്ദ്രനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയുടെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നതും അദ്ദേഹമാണ്. മലയാളത്തില്‍ എന്നതുപോലെ അറബിയിലും ചിത്രത്തിലെ അഞ്ച് പാട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. ഡബ്ബ് ചെയ്യുന്നതിന് പകരം, അറബ് കവികളെക്കൊണ്ട് വരികളൊരുക്കി, പ്രമുഖരായ അറബ് ഗായകരുടെ ശബ്ദത്തിലാണ് പാട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
സൗഹൃദങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ സിനിമ..
സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായിരുന്നു ഞാന്‍. റിലീസാവാനിരിക്കുന്ന 'മോമോ ഇന്‍ ദുബായ്' എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായും വര്‍ക്ക് ചെയ്തിട്ടുണ്ട്. അതേ ടീമില്‍ നിന്നാണ് 'ആയിഷ'യുടെയും പ്രൊഡക്ഷന് പിന്തുണ ലഭിച്ചത്. 'ഹലാല്‍ ലൗ സ്റ്റോറി'യുടെ തിരക്കഥാകൃത്തുക്കളിലൊരാളായ ആഷിഫ് കക്കോടിയാണ് ആയിഷയുടെയും തിരക്കഥ എഴുതിയിരിക്കുന്നത്. ഞങ്ങള്‍ക്കിടയിലെ സൗഹൃദത്തില്‍ നിന്നാണ് ഈ സിനിമയുണ്ടാകുന്നത്. അതിലേക്ക് 'സുഡാനി ഫ്രം നൈജീരിയ'യുടെ ഡയറക്ടറായ സക്കറിയയും, പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ഭാഗമായ ഹാരിസ് ദേശവും പ്രൊഡക്ഷനിലേക്ക് എത്തുകയായിരുന്നു. ആ ടീമിലേക്ക് മഞ്ജുവാര്യര്‍ കൂടി എത്തുമ്പോഴാണ് 'ആയിഷ' എന്ന സ്വപ്നം പൂര്‍ണമാവുന്നത്.