'കാശ് കൊടുക്കാത്തത് കൊണ്ട് ബുക്ക് മൈ ഷോ റിവ്യൂവിൽ ആക്രമണം' : തിരക്കഥാകൃത്ത് മനോജ് റാംസിങ്ങ് അഭിമുഖം

'കാശ് കൊടുക്കാത്തത് കൊണ്ട് ബുക്ക് മൈ ഷോ റിവ്യൂവിൽ ആക്രമണം' : തിരക്കഥാകൃത്ത് മനോജ് റാംസിങ്ങ് അഭിമുഖം
Published on

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറുക്കൻ'. ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ബുക്ക് മൈ ഷോയിൽ ഒരു വലിയ രീതിയിലുള്ള പ്ലാൻഡ് ആക്രമണം സിനിമക്കെതിരെ ഉണ്ടായിയെന്നും അത് മാറ്റിനിർത്തിയാൽ പ്രേക്ഷകരിൽ നിന്നും നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നതെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് മനോജ് രാംസിംഗ് പറയുന്നു. സിനിമയുടെ റിലീസിന് മുൻപ് കാശ് ചോദിച്ചു കുറച്ചു പേർ സമീപിച്ചിരുന്നു പക്ഷെ നിർമാതാവ് അത് കൊടുത്തില്ല. ഏകദേശം ഇരുന്നൂറോളം റിവ്യൂസ് ആണ് ബുക്ക് മൈ ഷോയിൽ ഉള്ളത് അതിൽ പലതും ആദ്യ ഷോ കഴിഞ്ഞു വൺ സ്റ്റാർ മനപ്പൂർവം കൊടുത്തിരിക്കുന്നതാണെന്നും തിയറ്റർ റെസ്പോൺസും അല്ലാതെയുള്ള റിവ്യൂസും നല്ലതാണ് വരുന്നതെന്നും മനോജ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

പ്രേക്ഷകരിൽ നിന്നുള്ള പ്രതികരണം

സിനിമയുടെ റിവ്യൂസ് ഒക്കെ വായിക്കാറുണ്ട്, ഒരുപാട് പേർ എനിക്ക് മെസേജ് അയക്കാറുണ്ട്. നല്ല അഭിപ്രായങ്ങൾ ആണ് കൂടുതലും വരുന്നത്. ബുക്ക് മൈ ഷോയിൽ ഒരു ആക്രമണം നടന്നതൊഴിച്ചാൽ ബാക്കി എല്ലാം സിനിമക്ക് അനുകൂലമായിട്ടാണ് വരുന്നത്. ബുക്ക് മൈ ഷോയിൽ ഒരു വലിയ രീതിയിലുള്ള പ്ലാൻഡ് ആക്രമണം ഉണ്ടായി. സിനിമയുടെ റിലീസിന് മുൻപ് കാശ് ചോദിച്ചു കുറച്ചു പേർ സമീപിച്ചിരുന്നു പക്ഷെ നിർമാതാവ് അത് കൊടുത്തില്ല. ഏകദേശം ഇരുന്നൂറോളം റിവ്യൂസ് ആണ് ബുക്ക് മൈ ഷോയിൽ ഉള്ളത് അതിൽ പലതും ആദ്യ ഷോ കഴിഞ്ഞു വൺ സ്റ്റാർ മനപ്പൂർവം കൊടുത്തിരിക്കുന്നതാണ്. നമ്മുടെ സൈബർ ടീമിന്റെ കൊണ്ട് ആ ഇമെയിൽ ഐഡിസ് ഒക്കെ നോക്കിയപ്പോൾ എവിടെന്നാണെന്ന് മനസ്സിലായി. അങ്ങനെയൊരു ആക്രമണം നടന്നത്കൊണ്ട് ബുക്ക് മൈ ഷോയിലെ റേറ്റിംഗ്‌സ് താഴ്ന്ന് പോയി. പക്ഷെ തിയറ്റർ റെസ്പോൺസും അല്ലാതെയുള്ള റിവ്യൂസ് ഒക്കെ നന്നായി വരുന്നുണ്ട്. എന്തായാലും കാണുന്ന പ്രേക്ഷകർക്ക് നന്നായി ഇഷ്ട്ടപെടുന്നുണ്ട്. സിനിമ കാശ് കൊടുത്ത് കാണുന്ന പ്രേക്ഷകന് സിനിമയെ വിമർശിക്കാൻ അധികാരമുണ്ട്. ക്രിയാത്മകമായ വിമർശനങ്ങൾ ഞങ്ങൾ സ്വീകരിക്കും ബാക്കിയുള്ളത് അടുത്ത സ്ക്രിപ്റ്റ് ചെയ്യുമ്പോൾ കുഴപ്പങ്ങൾ കുറക്കാൻ നോക്കും. ആരോഗ്യപരമായ വിമർശനങ്ങൾ വേണമല്ലോ.

തിരക്കഥ പൊളിച്ചെഴുത്ത്

ആദ്യം ക്രൈം ഇൻവെസ്റ്റിഗേഷൻ മൂഡിലുള്ള സിനിമ ആയിട്ടായിരുന്നു പ്ലാൻ ചെയ്തത്. ഒരു പെൺകുട്ടിയുടെ മരണവും അത് അന്വേഷിക്കാൻ ഒരു പോലീസ് ഓഫീസർ എത്തുന്നതും ആയിരുന്നു കഥ. സ്ക്രിപ്റ്റ് വായിച്ച് വിനീതിന് ഇന്റെരെസ്റ്റിംഗ് ആയപ്പോൾ അദ്ദേഹം പറഞ്ഞു ഇത് സീരിയസ് ആയി ചെയ്യുമ്പോൾ ഒരു റിസ്ക് എലമെന്റ് ഉണ്ട് ഇത് കോമഡിയാക്കിയാൽ നന്നാവും എന്ന്. പട്ടണപ്രേവശം സിനിമയുടെ ഒരു ടോണിൽ ചെയ്യാം എന്ന് വിനീതാണ് ആദ്യമായി നിർദ്ദേശം തരുന്നത്. എനിക്കും അത് ശരിയാണെന്ന് തോന്നി കാരണം കോമഡി ആകുമ്പോൾ ആളുകൾക്ക് കുറച്ചുകൂടെ ഇഷ്ടമാകും. സീരിയസ് ഇൻവെസ്റ്റിഗേഷൻ സിനിമകൾ മലയാളത്തിൽ ഒരുപാട് വന്ന സമയത്താണ് ഞാൻ സ്ക്രിപ്റ്റുമായി വിനീതിനെ കാണാൻ ചെല്ലുന്നത്. അതൊരു നല്ല തീരുമാനമായെന്നു ഇപ്പോൾ തോന്നുന്നു. ഇതിന്റെ സ്ക്രിപ്റ്റ് തിരുത്ത് നല്ല ജോലിയുണ്ടായിരുന്നു. വിനീതിന്റെ കഥാപാത്രം മൊത്തം മാറ്റിയെഴുതി. ഡയലോഗും പ്രസന്റേഷൻ ഒക്കെ വേറെ രീതിയിലായി. തമാശക്കായി ഒന്നും ഇടിച്ചു കയറ്റിയിട്ടില്ല സിറ്റുവേഷൻ കോമഡി ആണ് ഞങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

Manoj Ramsingh & Jayalal Divakaran
Manoj Ramsingh & Jayalal Divakaran

വിനീതിന്റെ കഥാപാത്രം

വിനീതിന്റെ കഥാപാത്രത്തിൽ ഒരു റിസ്ക് എലെമെന്റ് ഉണ്ടായിരുന്നു കാരണം അളവ് കുറച്ചു കൂടിയാൽ കൂവൽ വീഴും. എനിക്ക് ഒരുപാട് പോലീസ് സുഹൃത്തുക്കൾ ഉണ്ട്. നമ്മൾ വിചാരിക്കുന്ന പോലെ സീരിയസായിട്ടൊന്നും അല്ലാതെ കൂൾ ആയിട്ട് ഹാസ്യം ഉള്ളിൽ ഒളിപ്പിച്ച പോലീസ്‌കാരെ എനിക്കറിയാം. അവരെക്കെ നോർമലി ഇങ്ങനെയായിരിക്കും സംസാരിക്കുക. ഇതിൽ ഒരു ക്യാരികേച്ചർ സ്വഭാവം ഞങ്ങൾ കൊടുത്തിട്ടുണ്ട്. അങ്ങനെയുള്ള വ്യക്തികൾ ഉണ്ടാവില്ല അത് തികച്ചും സിനിമക്കായി ഉണ്ടാക്കിയതാണ്. വിനീതിന് അത് കറക്റ്റ് ആയി ചെയ്യാൻ പറ്റി.

ശ്രീനിവാസൻ സർ

ശ്രീനിയേട്ടന് വേണ്ടിയാണ് ഇത്രയും കാത്തിരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായ സമയത്താണ് ഇതിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് വായിക്കുന്നത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഷൂട്ടിംഗ് നീട്ടിവച്ചു. എല്ലാം ഉറപ്പിച്ചു ആർടിസ്റ്റിന്റെ ഡേറ്റ് അടക്കം കിട്ടിയിട്ടും രണ്ടു മാസം വീണ്ടും കാത്തിരുന്നു ശ്രീനിയേട്ടൻ ഒന്നുടെ ബെറ്റർ ആകാൻ വേണ്ടിയിട്ട്. അതിന്റെ ഗുണം നമുക്ക് കിട്ടി.

ആദ്യം ശ്രീനിവാസൻ ആയിരുന്നു നായകൻ

ആദ്യം വിനീതിന്റെ കഥാപാത്രം തന്നെ സിനിമയിൽ ഇല്ലായിരുന്നു. കഥയുടെ ആശയം സംവിധായകനാണ് ആദ്യം എന്നോട് പറയുന്നത്. അപ്പോൾ ഒരു കോർട്ട് റൂം ഡ്രാമ എന്ന നിലയിലായിരുന്നു സിനിമ. അന്ന് ശ്രീനിയേട്ടൻ മേജർ റോളിൽ അഭിനയിക്കുന്ന സിനിമ എന്ന ആശയം ആയിട്ടാണ് സംവിധായകൻ വരുന്നത്. പിന്നെ ഞാൻ അതിന്റെ തിരക്കഥയിലേക്ക് കടന്നപ്പോഴാണ് ഈ രണ്ടു കഥാപാത്രങ്ങൾ ഉണ്ടായി വന്നതും പോലീസ് കഥാപാത്രം മെയിൻ ആയി മാറുന്നതും. ശ്രീനിവാസൻ സാർ തന്നെയാണ് വിനീത് ചെയ്താൽ നന്നാവും എന്ന് പറഞ്ഞത്.

പ്രേക്ഷകരോട്

ഒരു 2 മണിക്കൂർ 5 മിനുട്ട് നിങ്ങൾക്ക് നന്നായി ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ് കുറുക്കൻ. തമാശകൾ നന്നായി വർക്ക് ആയിട്ടുണ്ടെന്നാണ് തിയറ്ററിൽ വരുന്ന റെസ്പോൺസ്. സിനിമയുടെ അവസാനത്തെ 20 മിനുറ്റ് നിർത്താതെ ചിരിയുണ്ട് തിയറ്ററുകളിൽ. തിയറ്ററുകാർ വിളിച്ചു പറയുന്നുണ്ട്. വേറെ ലോജിക് കാര്യങ്ങൾ ഒന്നും നമ്മൾ നോക്കിയിട്ടുണ്ട് ചിരിക്കാൻ വേണ്ടിയുള്ള സിനിമയാണിത്.

തിയറ്ററുകളിൽ നിന്നുള്ള റെസ്പോൺസ്

ഞങ്ങൾ 80 തിയറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന സിനിമയാണ് കുറുക്കൻ. അത് 90 ഒക്കെ ആയപ്പോൾ ഞാനും എഡിറ്റർ ഒക്കെ നിർമാതാവിനോട് പറഞ്ഞു ഇത്രയും തിയറ്ററുകൾ മതി നമുക്കെന്ന്. ട്രെയ്‌ലർ കണ്ടു തിയറ്ററുകളിൽ നിന്ന് വിളിച്ചിട്ടാണ് അത് കൂടിക്കൂടി 150 ഓളം സ്‌ക്രീനുകളായി മാറിയത്. ഇന്ന് മുതൽ മൂന്നോ നാലോ സ്ക്രീനുകൾ വീണ്ടും കൂടുന്നുണ്ട്. തൊട്ട് മുൻപിറങ്ങിയ 'മധുര മനോഹര മോഹം', '18+' ഒക്കെ ഓടിയ സിനിമകളാണ്. അതുകൊണ്ടാകാം തിയറ്ററുകാർ ചെറിയ സിനിമ എന്നൊന്നും കൺസിഡർ ചെയ്തില്ല. തിയറ്ററുകാർ ഇങ്ങോട്ട് ആവശ്യപെട്ടിടാണ് നിർമാതാവ് അത്രയും സ്‌ക്രീനുകളിൽ റിലീസ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in