നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഉര്‍വശി, ബാലു വര്‍ഗ്ഗീസ്, കലൈയരസന്‍, ഗുരു സോമസുന്ദരം തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്'. മനുഷ്യരെ നമ്മള്‍ ഏതു രീതിയിലാണ് ഐഡന്റിഫൈ ചെയ്യേണ്ടത് എന്നതിന്റെ രാഷ്ട്രീയമാണ് സിനിമ പറഞ്ഞു വയ്ക്കുന്നത് എന്ന് ചിത്രത്തിന്റെ സംവിധായകന്‍ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍. ഭാഷയും, അതിര്‍ത്തിയുമെല്ലാം വച്ച് മനുഷ്യരെ വേര്‍തിരിക്കുന്നതിനെ പറ്റിയും ചിത്രം സംസാരിക്കുന്നു. ഭക്തിയുടെയും, യുക്തിയുടെയും കണ്ണിലൂടെ ദൈവത്തെ നോക്കിക്കാണുന്ന ചിത്രം പഞ്ചതന്ത്രം ശൈലിയിലാണ് പറഞ്ഞിരിക്കുന്നത് എന്നും സുഭാഷ് പറയുന്നു. സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ ദ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു
സിനിമയിലേക്ക്, ചാള്‍സ് എന്റര്‍പ്രൈസസിലേക്ക്
ചെറുപ്പം മുതലേ സിനിമയോട് ഒരിഷ്ടമുണ്ട്. കുറച്ചു കാലം പൂനെയില്‍ ഉണ്ടായിരുന്നു. ആ കാലത്ത് കുറെ സിനിമ സൗഹൃദങ്ങളുണ്ടായി. അന്ന് തന്നെ ഷോര്‍ട്ട് ഫിലിമുകളൊക്കെ തുടങ്ങിയിരുന്നു. പിന്നെ നാട്ടിലെത്തി. പൊന്നാനിക്കാരനാണ്. അവിടെ ഞങ്ങള്‍ക്ക് ഒരു കൂട്ടായ്മയുണ്ട്. അഷ്‌റഫ് ഹംസയും, കണ്ണന്‍ പട്ടേരിയും ഒക്കെയുള്ളത്. അവിടെ ഞങ്ങള്‍ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്യുക, മറ്റുള്ളവര്‍ സിനിമകള്‍ ചെയ്യുമ്പോള്‍ സഹകരിക്കുക എന്നതൊക്കെ ചെയ്തു പോന്നു. 2016 മുതല്‍ ഞാനും സിനിമ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ആദ്യം ചെയ്യാനിരുന്നത് 'ജുമ്പാ ലഹരി' എന്ന പേരിലുള്ള ഒരു സിനിമയാണ്. അത് ലോക്ക്ഡൗൺ കാലത്താണ് ചിത്രീകരിക്കാനിരുന്നത്. ആ സിനിമ പല കാരണങ്ങള്‍ കൊണ്ട് മുടങ്ങിപ്പോയി. ആ സിനിമയ്ക്ക് വേറെ ഒരു പ്രൊഡ്യൂസറെ കണ്ടെത്താന്‍ ശ്രമിക്കവേ, ലോക്ക്ഡൗണ്‍ സമയത്ത് എനിക്ക് വന്ന ഒരു ഫോണ്‍കോള്‍ ആണ് 'ചാള്‍സ് എന്റര്‍പ്രൈസസിന്' കാരണമായത്.
പഞ്ചതന്ത്രം കഥ
യുക്തിയും, ഭക്തിയും ഉപയോഗിച്ച് നമുക്ക് ദൈവത്തെ കാണാം. കേരളത്തില്‍ ഒരുപാട് പേര്‍ സ്വന്തം മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്. ഭക്തിയും യുക്തിയും ചേര്‍ന്നുള്ള ഈശ്വരസങ്കല്പത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു പഴയ കഥ പറഞ്ഞു തുടങ്ങി, ആ കഥയെ കൊച്ചിയിലെ ഒരു കമ്മ്യൂണിറ്റിയുമായി കണക്ട് ചെയ്തിരിക്കുകയാണ് ഞങ്ങള്‍. നഗരത്തിന്റെ പോളിഷ്ഡ് അല്ലാത്ത ഒരു ഭാഗമുണ്ടല്ലോ. അവിടെയുള്ള ജനങ്ങള്‍ക്കിടയിലൂടെയാണ് ഞങ്ങള്‍ കഥ പറഞ്ഞു പോകുന്നത്. ഒരു കഥ പറയുകയാണ് എന്നത് കൊണ്ട് തന്നെ കഥാപാത്രങ്ങള്‍ക്കൊക്കെ ഒരു ഫിക്ഷണല്‍ സ്വഭാവമുണ്ട്. 'പണ്ട് പണ്ട് കൊച്ചിയില്‍ മെട്രോ ഒക്കെ ഉണ്ടായിരുന്ന കാലത്ത്...' എന്നൊക്കെ പറയുന്നത് ആലോചിച്ചു നോക്കൂ. ഒരു കാലഘട്ടം, അതില്‍ നടന്ന ഒരു കഥ. കഥാപാത്രങ്ങളുടെയും, സ്ഥലങ്ങളുടെയും, കടകളുടെയും ഒക്കെ പേരുകള്‍ അങ്ങനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഉദാഹരണത്തിന് ഒരു പോലീസ് സ്റ്റേഷന്റെ പേര് പൊന്നീച്ചപ്പടി പോലീസ് സ്റ്റേഷന്‍ എന്നാണ്, ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കൊടുത്തിരിക്കുന്ന പേര് അരക്കില്ലം ബില്‍ഡേഴ്സ് എന്നും, കോളനിയിലെ ഒരു ഗ്രൗണ്ടിന്റെ പേര് മഗധ എന്നാണ്. കൊച്ചിയാണ് സ്ഥലം എങ്കിലും, മഹാഭാരതവും മറ്റു കഥകളുമൊക്കെ ബേസ് ചെയ്തിട്ടുള്ള പേരുകളാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.
കൊച്ചിയുടെ ഇതു വരെ കാണാത്ത മുഖം
ബാലു വര്‍ഗ്ഗീസിന്റെ കഥാപാത്രത്തിന്റെ പേര് രവി എന്നാണ്. രവി താമസിക്കുന്നത് പനമ്പിള്ളി നഗറിലെ എല്‍ഐജി കോളനിയിലാണ്. അവിടെ ഒരു വീടിന്റെ ചുമര്‍ തന്നെയാണ് മറ്റൊരു വീടും. ഒരു വീട്ടില്‍ ഒരു കുഞ്ഞു കരഞ്ഞാല്‍ അപ്പുറത്തെയാള്‍ക്ക് ഉറങ്ങാന്‍ കഴിയില്ല, ഒരു വീട്ടില്‍ ഒരു പാത്രം വീണാല്‍, അത് സ്വന്തം വീട്ടില്‍ ആണ് വീണത് എന്ന് തോന്നും. ഞാനീ കോളനിയുടെ പരിസരത്ത് തന്നെയാണ് താമസിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് മുഴുവന്‍ ഞാനീ കോളനിക്കുള്ളില്‍ തന്നെയായിരുന്നു. ആ ഇടത്തിന് വേറെ തന്നെ ശബ്ദവും, അന്തരീക്ഷവുമാണ്.
അതേപോലെ വാത്തുരുത്തി കോളനിയില്‍ നിന്നാണ് കലൈയരസന്റെ കഥാപാത്രം വരുന്നത്. ഇതിന് മുന്‍പ് വാത്തുരുത്തി കോളനിയില്‍ വച്ച് ഷൂട്ട് ചെയ്തത് സിറ്റി ഓഫ് ഗോഡ് മാത്രമാണ്. ഈ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്ല, വാത്തുരുത്തി കോളനയിലെ ആളുകള്‍ തന്നെയാണ് പല കഥാപാത്രങ്ങളെയും ചെയ്തിരിക്കുന്നത്. കോളനിയില്‍ ഉള്ളവരെല്ലാം ചിത്രീകരണത്തിന് നല്ല രീതിയില്‍ സഹകരിച്ചിട്ടുണ്ട്. അന്‍പത്തേഴോളം അഭിനേതാക്കളുണ്ട് ചിത്രത്തില്‍. അവരെല്ലാവരും അവിടെ തന്നെയായിരുന്നു. ഉര്‍വശി ചേച്ചിയൊന്നും ക്യാരവാന്‍ പോലും ഉപയോഗിച്ചിട്ടില്ല. കോളനിയില്‍ ചിത്രീകരിക്കുമ്പോള്‍ മഴ പെയ്തിരുന്നു. അവിടെയുള്ള വീടുകളിലാണ് എല്ലാവരും കയറി നിന്നിരുന്നത്. അത്ര കോപ്പറേറ്റീവ് ആയിരുന്നു അവിടെയുള്ള ജനങ്ങള്‍.
ഉര്‍വശി ചിത്രത്തിലേക്ക്
ചിത്രത്തിന് ഒരു സറ്റയര്‍ സ്വഭാവമുണ്ട്. ചില ആളുകള്‍ ഭക്തിയെ സമീപിക്കുന്നത് യുക്തി കൊണ്ട് കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു സറ്റയര്‍ ഉണ്ടല്ലോ, അതാണ് ചിത്രത്തില്‍ ഉള്ളത്. സിനിമ കൃത്യമായി ഒരു രാഷ്ട്രീയം പറഞ്ഞു വയ്ക്കുന്നുണ്ട്. ഉര്‍വശി ചേച്ചിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, ചേച്ചിക്ക് ഓപ്പോസിറ്റ് വരുന്നത് അഭിജ ശിവകലയാണ്. ഈ രണ്ട് സ്ത്രീകഥാപാത്രങ്ങളാണ് സിനിമയെ ലീഡ് ചെയ്യുന്നത്.
ഉര്‍വശി ചേച്ചിയോട് യാദൃശ്ചികമായി കഥ പറയുകയായിരുന്നു. അന്ന് തന്നെ ഞാന്‍ കഥ അയച്ചു കൊടുത്തു. നീ അതില്‍ വര്‍ക്ക് ചെയ്യ്, കഥാപാത്രങ്ങള്‍ക്ക് നില്‍ക്കാനും, ഇരിക്കാനും, സംസാരിക്കാനുമുള്ള അവസരം കൊടുക്ക്, എന്നിട്ട് നമുക്ക് നോക്കാമെന്നാണ് പറഞ്ഞത്. പിന്നീട് ഉര്‍വശി ചേച്ചി ഒരു ദിവസം കൊല്ലത്ത് ഉണ്ട്, കഥ പറയാന്‍ വരാന്‍ പറഞ്ഞു. ചേച്ചിയുടെ വീട്ടില്‍ ഒരു പ്ലാവിന്റെ ചുവട്ടില്‍ ഇരുന്ന് കഥ പറഞ്ഞു. അന്നാണ് ഉര്‍വശി എന്നയാളുടെ അഭിനയപരിചയം മനസ്സിലായത്. ചേച്ചി ജീവിതത്തില്‍ ഭക്തയാണ്, പക്ഷെ സിനിമയിലേക്ക് വരുമ്പോള്‍ ചേച്ചി കഥാപാത്രമാണ്.
ജോയ് മൂവി പ്രൊഡക്ഷന്‍സിലേക്ക്
കര്‍ക്കിടകം വന്നാല്‍ പല പ്രൊഡ്യൂസര്‍മാരും നമുക്ക് അഡ്വാന്‍സ് തരില്ല. ചിങ്ങം ആകട്ടെ എന്ന് പറയും. അങ്ങനെ ചിങ്ങം ഒന്നിന് പല തവണ കാത്തു നിന്നിട്ടുണ്ട് ഞാന്‍. പ്രൊഡ്യൂസറിനെ അന്വേഷിച്ച് നടക്കവെയാണ് ജോയ് മൂവി പ്രൊഡക്ഷന്‍സിലേക്ക് എത്തിപ്പെടുന്നത്. ഡോ.അജിത് ജോയ് ആണ് നിര്‍മ്മാതാവ്. അദ്ദേഹം ഇതിന് മുന്‍പ് പ്രൊഡ്യൂസ് ചെയ്ത സിനിമകള്‍ മുകുന്ദനുണ്ണി അസ്സോസിയേറ്റ്‌സും, വിചിത്രവുമാണ്. കഥ പറഞ്ഞപ്പോഴേ അദ്ദേഹവും തയ്യാറായി. അദ്ദേഹത്തിന് ചിത്രത്തെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ട്. അദ്ദേഹം നിര്‍മ്മിച്ച നാല് സിനിമകളും പുതിയ സംവിധായകര്‍ ചെയ്തതാണ്. ആര്‍ടിസ്റ്റിനെ തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. ഇരുപത്തിയൊന്നോളം വരുന്ന നാടക കലാകാരന്മാരെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കലൈയരസന്‍ ആദ്യമായി
കലൈയരസന്‍ ആദ്യമായി മലയാളത്തില്‍ വരുന്നത് ഈ സിനിമയിലൂടെയാണ്. ഒരു തമിഴ് നടനെ വേണമെന്ന് പറഞ്ഞപ്പോള്‍ ആദ്യ ചോയ്‌സ് കലൈയരസന്‍ ആയിരുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ കലൈയരസനുമായി കണക്ട് ചെയ്തു തന്നു. ഞാന്‍ ഗൂഗിള്‍ മീറ്റില്‍ കഥ പറയുകയും ചെയ്തു. അന്ന് മുതല്‍ ഇന്ന് വരെ അദ്ദേഹം ഈ സിനിമക്കൊപ്പമുണ്ട്. ഈ സിനിമ പറയുന്ന രാഷ്ട്രീയം പോലെ തന്നെയുള്ള രാഷ്ട്രീയം സിനിമയുടെ ലൊക്കേഷനിലുമുണ്ടായിരുന്നു. അതില്‍ അദ്ദേഹത്തിന്റെ പ്രസന്‍സ് വളരെ പ്രധാനപ്പെട്ടതാണ്. ഗുരു ആയാലും, കലൈ ആയാലും കലയെയും, മനുഷ്യരെയും കാണുന്ന രീതി സെറ്റില്‍ കാണാമായിരുന്നു. അത് സിനിമയിലും കാണുമെന്ന് പ്രതീക്ഷിക്കുന്നു.
'ഭക്തീം കലേം തമ്മിലുള്ള ഒരു പോരാട്ടമാണത്'
രവിയുടെ അമ്മയാണ്, അതായത് ഉര്‍വശി ചേച്ചിയാണ് ഭക്തി, ഗുരു സോമസുന്ദരം അവതരിപ്പിക്കുന്ന അച്ഛനാണ്, ആര്‍ട്. അച്ഛന്‍ ഒരു സിനിമ ബാക്ക്ഗ്രൗണ്ട് ഉള്ള മനുഷ്യനാണ്, അമ്മയാണെങ്കില്‍ ഒരു ഭക്തയും. ഇവര്‍ തമ്മിലുള്ള പോരാട്ടമാണ് ഇത് എന്നാണ് എന്നാണ് രവി പറയുന്നത്. അതിന് പല മാനങ്ങളുണ്ട് ചിത്രത്തില്‍.
രവിക്ക് നിശാന്ധതയുണ്ട്. അത് ചികിത്സിക്കാന്‍ കഴിയാത്ത അസുഖമാണ്. മെഡിക്കല്‍ സയന്‍സിന് രക്ഷപ്പെടുത്താന്‍ കഴിയാതെ ആകുമ്പോള്‍ ഉര്‍വശിയുടെ കഥാപാത്രം മിറക്കിളില്‍ വിശ്വസിക്കയാണ്. ആ മിറക്കിള്‍ അവര്‍ക്ക് ഭക്തിയാണ്.
ഭാഷയുടെ രാഷ്ട്രീയം
ചിത്രത്തില്‍ എഴുപത് ശതമാനം ആളുകളും മലയാളമാണ് സംസാരിക്കുന്നത്. വാത്തുരുത്തി കോളനിയില്‍ ഉള്ളവരെ കൊണ്ട് മലയാളം പറയിപ്പിച്ചിട്ടില്ല. ഇതിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് 'കാക്കാമുട്ടൈ'യുടെ സംഭാഷണങ്ങള്‍ എഴുതിയ ആനന്ദ് കുമരേശനാണ്. പാട്ടുകള്‍ ആയാലും തമിഴിലുണ്ട്. പാട്ടുകളെഴുതിയ നാച്ചിയെയും, ആനന്ദ് കുമരേശനെയും കൊച്ചി കൊണ്ട് വന്ന് കാണിച്ച ശേഷമാണ് അവര്‍ അവരുടെ ജോലി തുടങ്ങിയത്. രാവിലെ കടവന്ത്ര ജംഗ്ഷനില്‍ വന്ന് നിന്ന് ഞാന്‍ അവിടെ വരുന്ന തമിഴ് തൊഴിലാളികളോട് സംസാരിക്കും, അവര്‍ സംസാരിക്കുന്നത് തമിഴിലാണ്. പിന്നെ നമ്മള്‍ എന്തിനാണ് മലയാളത്തില്‍ ഡയലോഗ് എഴുതുന്നത്?
തൊഴിലാളികളെ, അഥവാ മനുഷ്യരെ നമ്മള്‍ ഏതു രീതിയിലാണ് ഐഡന്റിഫൈ ചെയ്യേണ്ടത് എന്നു പറയുന്ന ഒരു രാഷ്ട്രീയം സിനിമ പറഞ്ഞു വയ്ക്കുന്നുണ്ട്. ഭാഷയും, അതിര്‍ത്തിയുമെല്ലാം വച്ച് മനുഷ്യരെ വേര്‍തിരിക്കുന്നതിനെ പറ്റി ചിത്രം സംസാരിക്കുന്നുണ്ട്. തമിഴരെ അണ്ണാച്ചി എന്ന വാക്ക് വച്ച് വിളിക്കാറുണ്ട്. മലയാളി കളിയാക്കി വിളിക്കുന്നതും, തമിഴര്‍ പരസ്പരം സ്‌നേഹത്തോടെ വിളിക്കുന്നതും ആ ഒരേ വാക്ക് കൊണ്ടാണ്. ഭാഷക്കതീതമായി പറയാവുന്ന ഒരുപാട് തലങ്ങളും, രാഷ്ട്രീയവുമുണ്ട് ഈ സിനിമക്ക്.
പാട്ടുകള്‍
വളരെ സ്ട്രോങ് ആയ ഒരു ടീമാണ് ഈ ചിത്രത്തിന്റേത്. അതാണ് എന്നെ സഹായിച്ചത്. സംഗീത സംവിധായകന്‍ സുബ്രഹ്‌മണ്യന്‍ കെ.വി, പാട്ടുകള്‍ എഴുതിയ നാച്ചി, സംഗീത, അന്‍വറിക്ക എല്ലാവരും വളരെ സ്ട്രോങ് ആയുള്ള ആളുകളാണ്. അന്‍വര്‍ ഇക്ക സിനിമ കണ്ട ശേഷമാണ് പാട്ടെഴുതിയത്. സീന്‍ കൊറിയോഗ്രാഫി പാട്ടിലും വേണം എന്നുള്ളത് കൊണ്ട്, പാട്ടെഴുതുന്നവരുമായുള്ള കമ്മ്യൂണിക്കേഷന്‍ വളരെ കൃത്യമായിരുന്നു. നാച്ചിയോട് ആണെങ്കിലും അത് സ്പഷ്ടമായിരുന്നു. ഞാന്‍ പാട്ടെഴുതിയത് അപ്രതീക്ഷിതമായാണ്. ഇങ്ങനെയൊരു പാട്ടാണ് വേണ്ടത് എന്നു പറഞ്ഞ് കുറച്ച് വരികള്‍ എഴുതി കൊടുത്തതാണ്, അവര്‍ അത് പിറ്റേന്ന് പാട്ടാക്കി മാറ്റി. ഇതു മതിയെന്ന് പറഞ്ഞ് അത് ഫിക്‌സ് ചെയ്യുകയായിരുന്നു. അങ്ങനെയാണ് 'ലോകമേ കാലമേ' ഉണ്ടായത്.
ഇതൊരു ഗണപതിക്കഥയാണ്
ഇതൊരു നഗരപശ്ചാത്തലത്തിലുള്ള കഥയാണ്. ഒരു നാഗരികഗണപതിയുടെ കഥയാണ് എന്ന് വേണമെങ്കില്‍ പറയാം. നമ്മുടെ ടൈറ്റില്‍ പോസ്റ്ററില്‍ ഗണപതി ആയിരുന്നു. അന്ന് ഒരുപാട് പേര്‍ വന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു, ഗണപതിയെ കൊണ്ട് വന്ന് ഫ്രീക്കാനാക്കി എന്ന് പറഞ്ഞിട്ട്. ഈ കഥക്ക് എവിടെയും പ്രസക്തിയുണ്ട്. കഥ ഡിമാന്റ് ചെയ്ത സ്‌പേസിലേക്ക് കൊണ്ട് വയ്ക്കുകയായിരുന്നു.