കാസ്റ്റിംഗ് ഡയറക്ടറും കാസ്റ്റിംഗ് ഏജന്‍സികളും അത്രയേറെ സജീവമോ സുപരിചിതമോ അല്ലാത്ത ചലച്ചിത്ര മേഖലയാണ് മലയാളം. നടനും പരസ്യസംവിധായകനുമായ ദിനേശ് പ്രഭാകര്‍, അബു വളയംകുളം എന്നിവര്‍ കാസ്റ്റിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ കൂടി തിളങ്ങിയവരാണ്. നെറ്റ്ഫ്ളിക്സ്-ആമസോണ്‍ പ്രിമിയറുകള്‍ക്ക് പിന്നാലെ മലയാളം സിനിമകള്‍ പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടുമ്പോള്‍ ബോളിവുഡിലും തെലുങ്കിലും തമിഴിലും താരമൂല്യമുള്ള മികച്ച അഭിനേതാക്കളെ മലയാള സിനിമയുടെ ഭാഗമാക്കാന്‍ അണിയറപ്രവര്‍ത്തകരും പ്രത്യേക ശ്രദ്ധ കാട്ടാറുണ്ട്. കൊവിഡ് നിയന്ത്രണങ്ങളെ അതിജീവിച്ച് 50 കോടി ക്ലബിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' എന്ന സിനിമയിലേക്ക് ബോളിവുഡില്‍ നിന്ന് ശോഭിത ധുലിപാലയെ ഉള്‍പ്പെടെ കാസ്റ്റിംഗ് നടത്തിയത് മലയാളിയായ കാസ്റ്റിംഗ് ഡയറക്ടര്‍ ഷനീം സഈദ് ആണ്. പീരീഡ് സിനിമയായതിനാല്‍ ഉദ്ദേശിച്ച് ലുക്ക് കൂടിയുള്ളവരെ കണ്ടെത്തുക എന്നതായിരുന്നു കുറുപ്പ് എന്ന സിനിമയുടെ കാസ്റ്റിംഗില്‍ നേരിട്ട വെല്ലുവിളിയെന്ന ഷനീം സെയ്ദ്. അരവിന്ദ് സ്വാമി വീണ്ടും മലയാളത്തില്‍ നായകനായെത്തുന്ന ഒറ്റ് എന്ന സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടറും ഷനീം ആണ്. പുതിയ സിനിമയുടെ ചര്‍ച്ചയ്ക്കായി ഷാരൂഖ് ഖാന്‍ ആഷിക് അബുവുമായും ശ്യാംപുഷ്‌കരനുമായും കൂടിക്കാഴ്ച നടത്തിയപ്പോള്‍ അണിയറയില്‍ ഷാരൂഖിനൊപ്പമുണ്ടായിരുന്നത് ഷനീം ആയിരുന്നു. ബോളിവുഡിലെ സുഹൃത്തുക്കള്‍ക്കൊപ്പം സീത എന്ന ഹ്രസ്വചിത്രവും ഷനീം സഈദ് നിര്‍മ്മിച്ചിരുന്നു.
കുറുപ്പിലെ ഓരോ കഥാപാത്രങ്ങളെയും കൃത്യമായ ലുക്ക് ടെസ്റ്റുകള്‍ നടത്തിയാണ് തിരഞ്ഞെടുത്തതെന്ന് കാസ്റ്റിങ്ങ് ഡയറക്ടര്‍ ഷനീം സഈദ് ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.
കുറുപ്പിനും കൂട്ടര്‍ക്കും ലുക്ക് ടെസ്റ്റ്
2018ല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മ്മാതാവുമായി കുറുപ്പിലേക്ക് വന്നപ്പോള്‍ തന്നെ മറ്റ് കഥാപാത്രങ്ങള്‍ക്കായി ഞങ്ങള്‍ തിരച്ചില്‍ തുടങ്ങിയിരുന്നു. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനുമായി ചര്‍ച്ചകള്‍ എല്ലാം നടത്തിയ ശേഷമാണ് സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും തീരുമാനിച്ചത്. കൃഷ്ണദാസായി ആദ്യം തന്നെ ഞങ്ങളുടെ മനസില്‍ ഇന്ദ്രജിത്ത് ആയിരുന്നു. പിന്നീടുള്ള ഓരോ കഥാപാത്രങ്ങളെയും കൃത്യമായ ലുക്ക് ടെസ്റ്റുകള്‍ നടത്തിയാണ് തിരഞ്ഞെടുത്തത്. ലുക്ക് ടെസ്റ്റ് തന്നെയാണ് പ്രധാനമായും നമ്മള്‍ കാസ്റ്റിങ്ങിന് വേണ്ടി ചെയ്തിരുന്നത്. നമ്മള്‍ ഉദ്ദേശിച്ച ലുക്കുമായി ചേരാത്ത താരങ്ങളെ വേണ്ടെന്ന് വെക്കുകയായിരുന്നു. സിനിമയില്‍ ഒരുപാട് പുതുമുഖങ്ങളുണ്ട്. അവരെയെല്ലാം കൃത്യമായി ഓഡീഷന്‍ നടത്തിയാണ് തിരഞ്ഞെടുത്തത്. മലയാളത്തില്‍ മുമ്പെങ്ങുമില്ലാത്തൊരു കാസ്റ്റിംഗ് ചിത്രത്തിനുണ്ടാകണമെന്ന് ശ്രീനാഥിന് നിര്‍ബന്ധമുണ്ടായിരുന്നു.
ശോഭിതയുടെയും ഷൈനിന്റെയും കാസ്റ്റിങ്ങ്
2019ലാണ് ശോഭിത ധൂലിപാലയോട് ഞങ്ങള്‍ കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ തന്നെ അവര്‍ക്ക് ഇഷ്ടപ്പെട്ടു. ഡെയിറ്റും തന്നു. ഞങ്ങള്‍ ശാരദ എന്ന കഥാപാത്രത്തെ കുറിച്ച് സങ്കല്‍പിച്ച അതേ രൂപമായിരുന്നു ശോഭിതയുടേത്. രമണ്‍ രാഘവ് ഞാനും ശ്രീനാഥും കണ്ടപ്പോഴാണ് ശാരദാമ്മയുടെ റോളിന് ശോഭിത ഇണങ്ങുമെന്ന് മനസിലാക്കിയത്. ശാലിനി എന്റെ കൂട്ടുകാരിയിലെ ശോഭയെ പോലെ ഒരാളെയായിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. സ്‌ക്രിപ്റ്റ് കേട്ടപാടെ ശോഭിത സമ്മതിച്ചു. ഒരു ബോളിവുഡ് പ്രൊജക്ട് ഒഴിവാക്കിയാണ് ശോഭിത കുറുപ്പിന്റെ ഭാഗമായത്. പിന്നെ പ്രിയങ്ക ചോപ്രയെ വരെ കൈകാര്യം ചെയ്യുന്ന വലിയൊരു കാസ്റ്റിങ്ങ് ഏജന്‍സിയുടെ ഭാഗമാണ് ശോഭിത. ശോഭിതയുമായി സംസാരിക്കുന്നത് വരെ ആ ഏജന്‍സി വഴിയാണ്. അതെല്ലാം മലയാള സിനിമയെ സംബന്ധിച്ച് പുതിയ കാര്യമാണ്. ഷൈന്‍ ടോം ചാക്കോ ഭാസി പിള്ള എന്ന കഥാപാത്രത്തിന് വളരെ അനുയോജ്യനായിരുന്നു. ഷൈനിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ വരുന്നതില്‍ വലിയ സന്തോഷമുണ്ട്. അവസരം കിട്ടിയാല്‍ കൊത്താന്‍ കാത്തിരിക്കുന്ന ഒരു പാമ്പിനെ പോലെയാണ് ഭാസി പിള്ള. അത് നല്ല രീതിയില്‍ തന്നെ ഷൈന്‍ ചെയ്തിട്ടുണ്ട്. സെറ്റില്‍ മുഴുവനും ഷൈന്‍ ഭാസി പിള്ള തന്നെയായിരുന്നു.
ഡേറ്റ് ക്ലാഷുകളെ മറികടന്നുള്ള ഷൂട്ടിംഗ്
കുറുപ്പ് പല ഷെഡ്യൂളുകളായതിനാല്‍ അതിന് സാധിക്കുന്ന വിധം ഓരോ താരങ്ങളുടെ ഡേറ്റ് ഉറപ്പിക്കല്‍ കടമ്പയായിരുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍ മറ്റ് ചില സിനിമകളുടെ ഷൂട്ടിംഗ് മൂലം ഡേറ്റ് ക്ലാഷ് വരുമെന്ന സാഹചര്യം വരുമെന്നായപ്പോള്‍ കൃഷ്ണദാസായി അരവിന്ദ് സ്വാമിയെ ആലോചിച്ചിരുന്നു. അദ്ദേഹത്തോട് കഥ പറയുകയും ചെയ്തു. അദ്ദേഹത്തിനും ഡേറ്റ് ആയിരുന്നു തടസം. പിന്നീട് അനുരാഗ് കശ്യപ് നിര്‍ദേശിച്ചതനുസരിച്ച് കെ കെ മേനോനെ ആലോചിച്ചു. അക്ഷയ് ഖന്നയെ സമീപിച്ചു. കെ.കെ മേനോനെ ഉറപ്പിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഇന്ദ്രജിത്ത് നേരത്തെ തീരുമാനിച്ച് ഒരു സിനിമ നീട്ടിവച്ചതായി അറിയിച്ചത്.
ദുല്‍ഖറിന്റെ സീനിയര്‍ ഓഫീസറായി ചിത്രത്തിലെത്തുന്ന സത്യനാരായണനെ ശ്രദ്ധിച്ചാല്‍ അറിയാം. അദ്ദേഹം തമിഴില്‍ അജിത്, വിജയ് ചിത്രങ്ങളിലൂടെ സുപരിചിതനായ മലയാളിയാണ്. മലയാളവും തമിഴും ഇംഗ്ലീഷും നല്ല പോലെ സംസാരിക്കുന്ന ഒരാളെ തേടിയപ്പോഴാണ് അദ്ദേഹത്തിലെത്തിയത്.
മലയാള സിനിമയില്‍ ഇനിയും കാസ്റ്റിങ്ങ് ഏജന്‍സികള്‍ ഉണ്ടാവും
മലയാളത്തില്‍ കാസ്റ്റിങ്ങ് ഡയറക്ടര്‍ എന്ന പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങള്‍ മാത്രമെ ആയിട്ടുള്ളു. പണ്ടൊക്കെ സംവിധായകന്‍ ആരാണ് പ്രധാന കഥാപാത്രമെന്ന് തീരുമാനിക്കും അതിന് ശേഷം പ്രൊഡക്ഷന്‍ കണ്ട്രോളറോ, ക്യാമറ മാനോ ഒക്കെയായിരിക്കും മറ്റ് താരങ്ങളെ തീരുമാനിക്കുന്നത്. ഹോളിവുഡിലും ബോളിവുഡിലുമെല്ലാം കാസ്റ്റിങ്ങ് ഏജന്‍സി എന്നത് വലിയൊരു തൊഴില്‍ മേഖലയാണ്. അത്തരത്തില്‍ മലയാള സിനിമയ്ക്കും ഒരു മാറ്റം സമയം എടുത്താണെങ്കിലും ഉണ്ടാവും. അങ്ങനെയൊരു മാറ്റത്തിനാണ് കുറുപ്പ് പോലൊരു സിനിമ തുടക്കമിട്ടിരിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വേളയില്‍ തന്നെ സ്‌ക്രിപ്റ്റ് പൂര്‍ണരൂപത്തില്‍ വായിക്കാന്‍ അവസരം ലഭിക്കുന്നവരില്‍ ഒരാള്‍ കാസ്റ്റിംഗ് ഡയറക്ടര്‍ ആണ്. ലീഡ് ആക്ടര്‍ മുതല്‍ ചെറു റോളുകളിലേക്ക് വരെ ചിലപ്പോള്‍ കാസ്റ്റിംഗ് നടത്തേണ്ടി വന്നേക്കാം.
ഷാരൂഖ് ഖാന്‍-ആഷിക് അബു ചിത്രം
2019ലാണ് ശ്യാം പുഷ്‌കരനും ആഷിക് അബുവും ഷാരൂഖ് ഖാനെ കണ്ട് വണ്‍ ലൈന്‍ പറയുന്നത്. അന്ന് അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. പിന്നെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിട്ട് ഇരിക്കാമെന്ന് പറഞ്ഞു. ഇനിയെന്തായാലും ഷാറൂഖിന്റെ പഥാന്‍, അറ്റ്‌ലീയുമായുള്ള സിനിമയെല്ലാം പൂര്‍ത്തിയായിട്ടെ അടുത്ത മീറ്റിങ്ങ് ഉണ്ടാവു. 2022ല്‍ അദ്ദേഹവുമായി ചര്‍ച്ച നടത്താനാവുമെന്നാണ് പ്രതീക്ഷ. സ്‌ക്രിപ്പ്റ്റ് വായിച്ച് ഷാരൂഖിന് ഇഷ്ടപ്പെട്ടാല്‍ സിനിമ സംഭവിക്കും.