ഈ വര്‍ഷത്തെ ഐ.എഫ്.എഫ്.കെയില്‍ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് ബാക്കി വന്നവര്‍. മഹാരാജാസ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികളായിരുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം പറയുന്നത് തൊഴിലാളി പ്രശ്‌നങ്ങളാണ്. അമല്‍ പ്രസിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമാ മോഹമുള്ളവരും അത് ഇല്ലാതെ തന്നെ സിനിമയുടെ ആവശ്യം മനസ്സിലാക്കി സിനിമയുടെ നിര്‍മ്മാണത്തിന് ആദ്യാവസാനം കൂടെ നിന്നവരും ചേര്‍ന്നാണ് ബാക്കി വന്നവര്‍ എന്ന സിനിമയെ യാഥാര്‍ഥ്യമാക്കിയതെന്ന് സംവിധായകന്‍ അമല്‍ പ്രസി പറയുന്നു. സ്വന്തം ജീവിതങ്ങളിലേയ്ക്ക് തൊഴില്‍ പ്രശ്നങ്ങള്‍ വരാനും ആക്രമിക്കാനും തുടങ്ങിയ സമയത്താണ് ഇങ്ങനെയൊരു സിനിമ എടുത്തേ മതിയാകൂ എന്ന് തീരുമാനിച്ചതെന്നും, കൂട്ടായ്മയുടെ ശക്തി കൊണ്ട് ഉണ്ടായ സിനിമയാണ് ബാക്കി വന്നവരെന്നും സംവിധായകന്‍ ദ ക്യൂവിനോട് പറഞ്ഞു.
തൊഴിലാളി പ്രശ്നം ആണ് സിനിമ സംസാരിക്കുന്നത്
ബാക്കി വന്നവർ’ ഒരു ഡെലിവറി ബോയുടെ കഥയാണ്.തൊഴിലാളി പ്രശ്നം ആണ് സിനിമ സംസാരിക്കുന്നത്. സ്വിഗ്ഗി ആയാലും സൊമോറ്റോ ആയാലും, ഇതില്‍ പണിയെടുക്കുന്നവര്‍ അവരുടെ തൊഴിലാളികള്‍ ആണോ എന്ന് ചോദിച്ചാല്‍ ആണ്, എന്നാല്‍ അല്ല. അങ്ങനെയൊരു മാനസികാവസ്ഥ അവര്‍ നേരിടുന്നുണ്ട്. പണ്ട് നിലനിന്നിരുന്ന തൊഴിലാളി പ്രശനങ്ങളേക്കാൾ മോശം അവസ്ഥയാണ് ഇപ്പോൾ നമ്മുടെ രാജ്യം നേരിട്ടുകൊണ്ട് ഇരിക്കുന്നത്. പല പ്രശ്നങ്ങളും പരോക്ഷമായാണ് തൊഴിലാളികൾ നേരിടുന്നത്. ആരും അവരെ ഓര്‍മ്മിക്കുന്നില്ല. കവര്‍ കൈമാറിയില്‍ നമ്മളും അവരെ ഓര്‍ക്കണം എന്നില്ല. ഒരു ഡെലിവറി ബോയുടെ മോണോലോഗ് ആണ് 'ബാക്കി വന്നവര്‍'. അങ്ങനെയാണ് എങ്ങനെയെങ്കിലും ഈ സിനിമ ചെയ്യണം എന്ന തോന്നല്‍ ഉണ്ടാകുന്നത്. തൊഴില്‍ പ്രശ്നത്തിനൊപ്പെം മറ്റു പല വിഷയങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ടവരുടെ വിശപ്പിന്റെയും നിലനിൽപ്പിന്റെയും രാഷ്ട്രീയം സംസാരിക്കാനാണ് നമ്മൾ ശ്രമിച്ചത്.
സിനിമ മൊത്തത്തില്‍ പരീക്ഷണം ആയിരുന്നു
ഞങ്ങള്‍ എല്ലാവരും മഹാരാജാസ് കോളേജില്‍ പല ക്ലാസുകളിലായി പഠിച്ചിരുന്നവരാണ്. 2016 -19 ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്നു എല്ലാവരും. 4 -5 മാസം മുന്നേ തുടങ്ങിയ പ്ലാന്‍ ആയിരുന്നു.
40 ശതമാനം ഭാഗങ്ങള്‍ ഷൂട്ട് ചെയ്തതും കോളേജ് ഹോസ്റ്റലിലാണ്, ബാക്കി ഔട്ട് ഡോറും. ഐ.എഫ്.എഫ് .കെയ്ക്ക് അയക്കുമ്പോള്‍ സെലക്ടാവും എന്നുള്ള പ്രതീക്ഷ ഒട്ടും ഉണ്ടായിരുന്നില്ല. ഈ സിനിമ മൊത്തത്തില്‍ പരീക്ഷണം ആയിരുന്നു. ടെക്നിക്കലിയും, കഥ പറയുന്ന രീതിയിലും ഒക്കെ വ്യത്യാസം വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
തിരക്കഥ എഴുത്ത് താരതമ്യേന എളുപ്പമായിരുന്നു.
ഞങ്ങളടക്കം പലരുടെയും അനുഭവത്തിൽ നിന്നു വന്ന സിനിമ ആയതുകൊണ്ട് തിരക്കഥ എഴുതുന്നത് ഒരു പരിധി വരെ എളുപ്പമായിരുന്നു.
കളക്ടീവ് സിനിമ എന്ന പേര് ആയിരിക്കും ഇതിന് ചേരുക. ഇന്‍ഡിപെന്‍ഡന്റ് സിനിമ എന്നു വിളിച്ചാലും തെറ്റാവില്ല. കൂട്ടായ്മയുടെ എഫേര്‍ട്ട് തന്നെയാണ് ഇതിന് പിന്നില്‍. സ്വതന്ത്ര സിനിമ എന്ന് നമ്മള്‍ പറയുമ്പോള്‍ ഉദ്ദേശിക്കുന്ന ഫോര്‍മാറ്റിനോട് ചേര്‍ന്ന് നില്‍ക്കുമോ എന്ന് അറിയില്ല. പക്ഷേ, സിനിമയില്‍ ഒരു ഫ്രഷ് അവതരണം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. എക്സ്ട്രീം റിയാലിറ്റിയാണ് സിനിമയില്‍ ഉള്ളത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കന്ന സല്‍മാന്‍ തന്നെയാണ് സിനിമയുടെ തിരക്കഥാകൃത്തും പ്രൊഡ്യൂസറും. ഒപ്പം അനേകൻ, ലെജീഷ് എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിൽ എല്ലാവർക്കും അതിന്റെതായ ഡെപ്ത് ഉണ്ട്.
പൈസ ചെലവായത് പെട്രാളിനും ഫുഡിനും ആണ്,
ബഡ്ജറ്റിന്റെ മുക്കാൽ ഭാഗവും ചെലവായത് പെട്രോളിനും ഭക്ഷണത്തിനനുമാണ്. ഓടിക്കൊണ്ടിരിക്കുകയാണല്ലോ നമ്മള്‍. നാച്ചുറല്‍ വെളിച്ചത്തില്‍ ഷൂട്ട് ചെയ്യാനാണ് ഞങ്ങള്‍ തീരുമാനിച്ചിരുന്നത്. എക്സ്ട്രാ ലൈറ്റ്സ് ഒന്നും ഉപയോഗിച്ചിട്ടില്ല. എല്ലവരും അതിനു വേണ്ടി ഒന്നിച്ചു നിന്നു. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി ക്യാമറാമാൻ റഹീം ഇക്കയുടെ അടുത്ത് ചെന്നപ്പോള്‍ തന്നെ ക്യാമറ ചെയ്യാമെന്ന് സമ്മതിച്ചു. സിനിമ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ഫൈസല്‍ റാസി സംഗീതം ചെയ്തു തരുന്നത്., സിനിമയുടെ മ്യൂസിക് മുഴുവൻ പ്രോഗ്രാമഡ് ആണ്. ലൈവ് സൗണ്ട് ടെക്നിക് ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. തംജീദാണ് സിനിമയുടെ എഡിറ്ററും കളറിസ്റ്റും.
മഹാരാജാസില്‍ സിനിമയുടെ ഒരു കൈവഴി എപ്പോഴും ഒഴുകുന്നുണ്ടാകും
മഹാരാജാസില്‍ സിനിമയുടെ ഒരു കൈവഴി എപ്പോഴും ഒഴുകുന്നുണ്ടാകും. നേരത്തെ പറഞ്ഞപോലെ, പ്രശ്നങ്ങള്‍ വ്യക്തിപരമാകുമ്പോള്‍ ആണ് നമ്മള്‍ക്ക് അത് കൂടുതല്‍ മനസ്സിലാകുക. അപ്പോള്‍ മിണ്ടാതിരിക്കാന്‍ പറ്റില്ല. സിനിമ ഫെസ്റ്റിവലില്‍ തെരഞ്ഞെടുക്കപ്പെട്ടത് വലിയ സന്തോഷം തരുന്ന വാര്‍ത്തയാണ്. ഞാന്‍ ഫെസ്റ്റിവലിനു സ്ഥിരം പോകുന്ന ആളാണ്. ആ വേദിയുടെ മൂല്യം എന്താണെ് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. ഞങ്ങള്‍ ആകാംക്ഷയുണ്ട്. സിനിമ ഇഷ്ടപ്പെടുമോ ഇല്ലയോ എന്നത് രണ്ടാമത്തെ വിഷയമാണ്. സിനിമ എല്ലാവരിലേയ്ക്കും എത്തുക എന്നതിനാണ് മുൻഗണന.
20-25 സുഹൃത്തുക്കൾ അടങ്ങുന്ന ഒരു ടീം ആയിരുന്നു
ഞങ്ങളില്‍ കുറച്ച് പേര്‍ വിദ്യാര്‍ത്ഥികളാണ്. കുറച്ചു പേര്‍ ജോലി എടുക്കുന്നുണ്ട്. ചിലര്‍ ഫ്രീലാന്‍സായി ഒക്കെ ജോലി ചെയ്യുന്നു. ചിലരുടെ ജോലി പോയ അവസ്ഥയാണ്. ഷോര്‍ട്ട് ഫിലിംസും , ഫീച്ചര്‍ ഫിലിം ഒക്കെ ആലോചനയിലുണ്ട്. സാമ്പത്തിക പ്രശ്നം തന്നെയാണ് എല്ലാത്തിലും ഉള്ളത്. ഞങ്ങള്‍ 20-25 പേര്‍ അടങ്ങുന്ന ഒരു ടീം ആയിരുന്നു. പക്ഷേ, അത് എല്ലാ സമയത്തും ആ എണ്ണം തന്നെ നിലനിര്‍ത്താന്‍ പറ്റിയിട്ടില്ല. ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് നിന്നും ഒന്നോ രണ്ടോ പേര്‍ അസിസ്റ്റന്റ് ആയി ജോയിന്‍ ചെയ്യും. അവരൊക്കെ സിനിമയില്‍ അഭിനയിച്ചിട്ടും ഉണ്ട്. എല്ലാവരും എല്ലാ പണിയും ചെയ്തിട്ടുണ്ട്.
കോളേജ് തന്ന ധൈര്യം ഉറപ്പായും ഉണ്ട്.
കോളേജ് തന്ന ധൈര്യം ഉറപ്പായും ഉണ്ട്. പക്ഷേ, അത് അവിടുത്തെ മാത്രം കാര്യമായി ചുരുക്കാന്‍ കഴിയില്ല. കോളേജ് കഴിഞ്ഞ് വെളിയില്‍ വരുന്ന സമയത്ത്, നമുക്ക് വേറെയൊരു ജീവിതമുണ്ട്. അവിടെയും ആള്‍ക്കാരുണ്ട്. ക്യാംപസ് തന്ന കണക്ഷന്‍സ് തീര്‍ച്ചയായിട്ടും ഉണ്ട്. എന്നു കരുതി അത് ഒറ്റ സ്ഥലത്തേയ്ക്ക് മാത്രം ചുരുക്കുന്നില്ല. സിനിമ സ്വപ്നം കാണുവരും , അങ്ങനെയൊരു ആഗ്രഹമില്ലാത്തവരും ഒക്കെ ഈ സിനിമയ്ക്ക് വേണ്ടി ഒപ്പം നിന്നിട്ടുണ്ട്. അങ്ങനെ എല്ലാവരുടെയും എഫേര്‍ട്ടാണ് ഈ സിനിമ.